Friday, 19 May, 2017

' Stranger on the bridge'


രണ്ടാഴ്ച മുമ്പാണ് ഫേസ്ബുക്കിൽ പലരും ഷെയർ ചെയ്ത  നൈജൽ ഹൊവാർഡ് എന്ന ഫോട്ടോഗ്രാഫറുടെ ഫോട്ടോകള്‍ ആദ്യമായി കാണുന്നത്ലണ്ടൻ ബ്രിഡ്ജിൽ നിന്ന് തെംസ് നദിയിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിക്കുന്ന ഒരു ചെറുപ്പക്കാരനെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയാണ് ഒരാൾക്കൂട്ടം. അക്ഷരാർത്ഥത്തിൽ കെഞ്ചികൊണ്ടും സാന്ത്വനിപ്പിച്ചും അയാളെ ജീവിതത്തിലേക്ക് തിരിച്ചു വിളിച്ചു കൊണ്ടിരുന്ന രണ്ട് മണിക്കൂറോളം നീണ്ട അവരുടെ ശ്രമങ്ങൾ അവസാനം വിജയിക്കുക തന്നെ ചെയ്തു. ജീവനൊടുക്കാന്‍ തീരുമാനിച്ചിറങ്ങിയ ഏതോ മനുഷ്യനെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന അജ്ഞാതരായ ലണ്ടന്‍ ബ്രിഡ്ജിലെ പ്രഭാതസവാരിക്കാരുടെ ചിത്രങ്ങള്‍ ലോകത്തെയും മനുഷ്യത്വത്തെയും കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് കൂടുതല്‍ നിറം പകരുന്നുണ്ട്


എട്ടു ലക്ഷത്തോളം പേരാണത്രേ ലോകത്ത് ഓരോ വര്‍ഷവും ആത്മഹത്യ തെരെഞ്ഞെടുക്കുന്നത്.  ഹരാകിരിയേയും സതിയേയും പോലുള്ള  ആത്മാഭിമാനവും മതശാസനകളും ബാക്കിയാക്കിയ സ്വയംഹത്യകള്‍ ഉണ്ടായിരുന്നെങ്കിലും  വിഷാദരോഗത്തിന്റെ സ്പര്‍ശമുള്ള ഉന്മാദം തന്നെയാവും ആത്മഹത്യകളുടെ മുഖ്യകാരണം. ചികിത്സയും വേണ്ടത്ര സാന്ത്വനവും ലഭിക്കാതെ മനസ്സ് പൊരിഞ്ഞ് ജീവനൊടുക്കേണ്ടി വരുന്ന ഹതഭാഗ്യരുടെ എണ്ണം ഓരോ വര്‍ഷവും കൂടികൊണ്ടേയിരിക്കുന്നു. ജീവിതത്തോട് അടങ്ങാത്ത അഭിനിവേശമുള്ളവരാണ് ആത്മഹത്യയെ വരിക്കുന്നതില്‍ അധികപേരുമെന്ന് കേട്ടിട്ടുണ്ട്. ആത്മഹത്യയേയും സര്‍ഗാത്മഗതയേയും കുറിച്ച് ചര്‍ച്ച ചെയ്ത ഒരു പുസ്തകത്തിന്റെ പേര് ഓര്‍മ വരുന്നു. ' ആത്മഹത്യ : ജീവിതം കൊണ്ട് മുറിവേറ്റവന്റെ വാക്ക്ലണ്ടന്‍ ബ്രിഡ്ജിലെ ആത്മഹത്യാശ്രമത്തില്‍ പരാജയപ്പെട്ട ചെറുപ്പക്കാരന് പിന്നീടെന്ത് സംഭവിച്ചിരിക്കും എന്നറിയാനുള്ള ആകാംഷയില്‍ ഇന്റര്‍നെറ്റില്‍ പരതുമ്പോഴാണ്  ലണ്ടനില്‍ വേറെയും നല്ല സമരിയക്കാരുണ്ട് എന്ന് അറിയുന്നത്. സ്കിസോഫ്രനിക് ആയിരുന്നു ജോണി ബെഞ്ചമിന്‍ എന്ന ചെറുപ്പക്കാരന്‍. ജീവിതം അത്രമേൽ ദുസ്സഹമായി അനുഭവപ്പെട്ടതു കൊണ്ടാവണം അയാൾ സ്വയം ജീവനൊടുക്കുക എന്ന തീരുമാനത്തിലേക്കെത്തിയത്. പക്ഷേ ചാടുന്നതിന് തൊട്ടു മുമ്പ് അയാളെ ഏതോ ഒരപരിചിതൻ തടഞ്ഞു. കാര്യങ്ങളെല്ലാം ശരിയാവുമെന്ന് ബെഞ്ചമിനോട്  അയാള്‍  ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. അയാളുടെ മുഖത്തേക്ക് ഉറ്റു നോക്കിയ ബെഞ്ചമിന്  എന്തു കൊണ്ടോ താഴേക്ക് ചാടാന്‍ തോന്നിയില്ല. ബെഞ്ചമിനെ പാലത്തില്‍ നിന്ന് സുരക്ഷിതനായി ഇറക്കിയ അപരിചിതന്‍ അയാളെ ഒരു കാപ്പിക്ക് ക്ഷണിച്ചു. കാപ്പി കുടിക്കുമ്പോഴും ബെഞ്ചമിനോട് ഒന്നും അന്വേഷിക്കാന്‍ മിനക്കെടാതിരുന്ന അപരിചിതന്‍ കാര്യങ്ങളെല്ലാം ശരിയാവുമെന്ന് വീണ്ടും ആശ്വസിപ്പിച്ചിട്ടാണ് മടങ്ങിയത്. ആത്മഹത്യാശ്രമം താല്‍ക്കാലികമായി ഉപേക്ഷിച്ച ബെഞ്ചമിന്‍ ഒരു മാനസികാരോഗ്യകേന്ദ്രത്തിലേക്കായിരുന്നു നേരെ പോയത്.

2012ല്‍ മാനസിക സൌഖ്യം വീണ്ടെടുത്ത ബെഞ്ചമിന് തന്റെ ജീവന്‍ രക്ഷിച്ച അപരിചിതനെ ഒന്നു കൂടി കാണണമെന്ന് തോന്നി. രണ്ടു വര്‍ഷം നീണ്ട സോഷ്യല്‍ മീഡിയാ കാമ്പയിനൊടുവില്‍ ബെഞ്ചമിന്‍ വാട്ടര്‍ലൂ ബ്രിഡ്ജിനടുത്ത് വെച്ച് കണ്ടുപിരിഞ്ഞ നീല്‍ ലൈബൂണ്‍ എന്ന തന്റെ രക്ഷകനെ വീണ്ടും കണ്ടുമുട്ടിഒരു ടീമായി ഓടിയ നീലും ബെഞ്ചമിനുമായിരുന്നു  മനോദൌര്‍ബല്യമുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന Headstogether എന്ന സന്നദ്ധസംഘടന   ഇക്കഴിഞ്ഞ ഏപ്രില്‍ 23ന് നടത്തിയ ലണ്ടന്‍ മെന്റല്‍മാരത്തോണിന്റെ ആകര്‍ഷണങ്ങളിലൊന്ന്. അഞ്ച് മണിക്കൂര്‍ സമയമെടുത്ത് മാരത്തോണ്‍ ഓടി പൂര്‍ത്തിയാക്കിയ നീലും ബെഞ്ചമിനും  മുപ്പതിനായിരം പൌണ്ട് സംഭരിക്കുകയും ചെയ്തു. (വീഡിയോ കാണുക)

നേരെത്തെ പറഞ്ഞ പോലെ മനുഷ്യരിലുള്ള വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നത് തന്നെയാണ് ബെഞ്ചമിന്റെയും നീലിന്റെയും പുന:സമാഗമം. പക്ഷേ കുറിപ്പ് എഴുതുമ്പോള്‍ സെന്‍സേഷണല്‍ വാര്‍ത്തയുണ്ടാക്കാനുള്ള മാധ്യമങ്ങളുടെ ശ്രമത്തിനിടയില്‍ അപമാനിതയായി എന്ന് തോന്നിയ ഒരു കൌമാരക്കാരി ജീവന്‍ വെടിഞ്ഞിരിക്കുന്നു എന്ന വാര്‍ത്ത വന്നിട്ടുണ്ട്. പ്ലസ് ടു പരീക്ഷയില്‍ 1200ല്‍ 1180 മാര്‍ക്ക് വാങ്ങിയ മിടുക്കിയായിരുന്നുഎന്റെ ജീവിതം എനിക്കുള്ളതാണ്എന്ന ആത്മഹത്യാകുറിപ്പെഴുതിയത്. കൂട്ട ആത്മഹത്യകളുടെ വാര്‍ത്തകളും അപകടരംഗങ്ങളും പങ്കുവെക്കാനിഷ്ടപ്പെടുന്ന ഒരു നാട്ടില്‍ ഇത് ഒരു വെറും വാര്‍ത്ത മാത്രമാണെന്നറിയാം. എന്നാലും...