Saturday, 30 December, 2006

മസാല ദോശമുപ്പത്താറുവയസ്സുള്ള,പൊതുമരാമത്ത്‌ വകുപ്പില്‍ ജോലി ചെയ്യുന്ന ഒരു എന്‍ജിനീയറാണ്‌ നമ്മുടെ കഥാനായകന്‍. ഒരു കൊച്ചു പട്ടണത്തിലെ സാമാന്യം തിരക്കുള്ള ഒരു തെരുവില്‍ വെച്ചാണ്‌ നാമയാളെ കണ്ടുമുട്ടുന്നത്‌. പട്ടണത്തിലെ പഴയതും എന്നാല്‍ പ്രശസ്തവുമായ ഒരു ഹോട്ടല്‍ ഉന്നം വെച്ചാണ്‌ അയാള്‍ നടക്കുന്നത്‌ എന്നു തോന്നുന്നു. എന്തായാലും നമുക്കയാളെ പിന്തുടരാം.
അന്ചു മിനിറ്റേ ആവുന്നുണ്ടായിരുന്നുള്ളു അയാള്‍ നടത്തം തുടങ്ങിയിട്ട് ,അപ്പോഴേക്കും അയാളുടെ ഷര്‍ട്ടിന്റെ പിന്‍ഭാഗം വിയര്‍പ്പില്‍ കുതിര്‍ന്നിരുന്നു. അയാള്‍ ഹോടലിന്റെ ഉള്ളിലേക്ക് നടന്ന്‌ മുകള്‍തട്ടിലേക്ക്‌ കോണി കയറി. അവിടം ആധുനിക രീതിയില്‍ സജ്ജീകരിച്ച ഐസ്ക്രീം പാര്‍ലറായിരുന്നു. വെയ്റ്റര്‍ അയാളില്‍ നിന്ന്‌ ഒരു മില്‍ക്ക് ഷേക്കിന്റെ ഓര്‍ഡര്‍ സ്വീകരിച്ചു.
അയാള്‍ രാവിലെ ഒപ്പിട്ട ശേഷം ഓഫീസില്‍ നിന്ന്‌ ഇറങ്ങിയതായിരുന്നു.
ഒന്നു രണ്ടു സുഹൃത്തുക്കളെ കാണേണ്ടതുണ്ടായിരുന്നു. ആ പട്ടണത്തിലെ പ്രശസ്തമായ ഒരു ബിസിനസ്സ് കുടുംബത്തിലെ ഇളയ സഹോദരങ്ങളായിരുന്നു അവര്‍. അവിടെ അടുത്തു തന്നെ വരാന്‍ പോകുന്ന ബസ്സ്റ്റാന്റിന്റെ പ്രവേശന കവാടം അവരുടെ ഒരു സ്ഥാപനത്തിന്‌ എതിര്‍വശത്തായി വരണം. അതായിരുന്നു അവരുടെ ആവശ്യം. അയാള്‍ക്കാണ്‌ ആ പ്രോജക്റ്റിന്റെ ചുമതല. അയാള്‍ക്ക് ആ കാര്യത്തില്‍ എന്തു ചെയ്യാനാവുമെന്ന്‌ അവര്‍ക്കും അവരുടെ ആവശ്യത്തിന്റെ 'മൂല്യം'അയാള്‍ക്കും നന്നായി അറിയുന്നതു കൊണ്ട് വിലപേശലൊന്നും വേണ്ടി വന്നില്ല . ഇരുപത്തയ്യായിരം രൂപക്ക് ഉറപ്പിച്ചു. അയാളെ ആയിടെയായി ക്യാമറയുള്ള ഒരു മൊബൈല്‍ ഫോണ്‍ വല്ലാതെ പ്രലോഭിപ്പിക്കുന്നുണ്ടായിരുന്നു. " ഒരു ക്യാമറ ഫോണ്‍ , ഭാര്യയോടും മോളോടുമൊത്ത് ക്രിസ്മസ് വെക്കേഷന്‌ ഒരു ടൂര്‍.." അയാള്‍ കണക്കുകൂട്ടി.
വെയ്റ്റര്‍ അയാള്‍ ഓര്‍ഡര്‍ ചെയ്തിരുന്ന ഷേക്ക്‌ കൊണ്ടു വന്നു വച്ചു. അയാള്‍ ചുറ്റുമൊന്നു നോക്കി. ശീതികരിച്ച ഹാളായതുകൊണ്ടാവും തിരക്ക് തീരെയില്ല. നേര്‍ത്ത പിയാനോ സംഗീതം. വശങ്ങളില്‍ ഗ്ളാസ്സ് ജനലുകള്‍, താഴത്തെ ഹാളിന്റെ പകുതി പോലും വലുപ്പം മുകള്‍ത്തട്ടിനുണ്ടായിരുന്നില്ല . ജനലുകളിലൂടെ നോക്കിയാല്‍ താഴെ ഭക്ഷണം കഴിക്കുന്നവരെ കാണാം. താഴെ നല്ല തിരക്ക് കാണപ്പെട്ടു. കുറേ സ്കൂള്‍ കുട്ടികളാണ്‌. പട്ടണത്തില്‍ ഏതോ സ്കൂള്‍ കലോല്‍സവം നടക്കുന്നുണ്ടെന്ന് പത്രത്തില്‍ വായിച്ചിരുന്നു. മുഖത്ത് ചായം തേച്ച പെണ്‍കുട്ടികളേയും കൂട്ടത്തില്‍ കാണാനുണ്ട്. കുട്ടികള്‍ ശരിക്ക് ബഹളം കൂട്ടുന്നുണ്ടെന്ന്‌ അവരുടെ ചലനങ്ങളില്‍ നിന്നു തന്നെ അറിയാം. മിക്കവരുടെയും കൂടെ അച്ഛനമ്മമാരുമുണ്ട്‌. രണ്ട് ആണ്‍ കുട്ടികള്‍ ഒരു ടേബിളൊഴിയുന്നതും കാത്ത്‌ നില്‍ക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടു. പരിചയമില്ലാത്ത ഏതോ സ്ഥലത്ത് എത്തിപ്പെട്ടതിന്റെ പകപ്പ് അവരുടെ മുഖത്തുണ്ട്‌. മുഷിഞ്ഞ യൂണിഫോം..ചെരിപ്പിടാത്ത കാലുകള്‍.ഗ്രാമത്തില്‍ നിന്ന്‌ കലോല്‍സവം കാണാന്‍ വന്നതാണെന്ന്‌ കണ്ടാല്‍ തന്നെ അറിയാം.ഒരു കുട്ടി ലേശം തടിച്ചിട്ടാണ്‌. അവരെ തന്നെ ശ്രദ്ധിച്ച്‌ പതുക്കെ ഷേക്ക്‌ നുണഞ്ഞു കൊണ്ടിരുന്നു. അവസാനം ആ കുട്ടികള്‍ക്ക് രണ്ട്‌ സീറ്റ് ഒഴിവായി കിട്ടി. പെട്ടെന്നു തന്നെ ഓര്‍ഡര്‍ മുന്നിലെത്തുന്നതും കണ്ടു.
മസാല ദോശയാണ്‌.. വല്ലാത്ത ആര്‍ത്തിയോടെയായിരുന്നു ആ കുട്ടികള്‍ കഴിക്കാന്‍ തുടങ്ങിയത്. അയാള്‍ക്ക് എന്തോ പെട്ടന്ന്‌ ഇരുപത്തിരണ്ട്‌ വര്‍ഷം മുമ്പത്തെ ഒരു എട്ടാം ക്ളാസ്സുകാരനെ ഓര്‍മ്മ വന്നു..
..ഒരിക്കല്‍ ശാസ്ത്രമേള കാണാന്‍ ആ നഗരത്തിലേക്ക് വന്നപ്പോഴായിരുന്നു ആ കുട്ടി ജീവിതത്തിലാദ്യമായി ഒരു ഹോട്ടലില്‍ കയറുന്നത്. അന്നു കഴിച്ച മസാല ദോശ അവനൊരു കൊതിപ്പിക്കുന്ന ഓര്‍മ്മയായി മാറി. അവന്‍ മിക്കവാറും രാത്രികളില്‍ മസാലദോശ തിന്നുന്നത് സ്വപ്നം കാണാന്‍ തുടങ്ങി. അങ്ങനെയാണ്` അമ്മയോട് ആദ്യമായി കളവ് പറഞ്ഞത്. പാഠപുസ്തകം വാങ്ങിക്കാനണെന്നൊ മറ്റോ അമ്മയോട്‌ നുണ പറഞ്ഞ് പതിനന്ച് രൂപ വാങ്ങി ടൌണിലേക്ക് ബസ്സ് കയറി. അമ്മയോട് നുണ പറയുന്നത് അന്നും തന്നെ വിഷമിപ്പിക്കാറില്ലായിരുന്നു.അടുത്ത വീട്ടിലെ അടുക്കളയുടെ പുറകില്‍, മുന്നില്‍ കുന്നു കൂടിയിരുന്ന പാത്രങ്ങള്‍ക്ക് മീതെക്കൂടി ആ മുഷിഞ്ഞ നോട്ടുകള്‍ നീട്ടുമ്പോള്‍ ഇങ്ങനെ പറഞ്ഞിരുന്നു. " ...ന്നാ ...നി ബുക്ക്‌ല്ലാച്ചിട്ട് ഇന്റെ മോന്‍ പടിക്കാണ്ടിരിക്കണ്ട..!"
കോളേജില്‍ ചേര്‍ന്ന്, അവളെ പരിചയപ്പെട്ട ശേഷമുള്ള ആദ്യത്തെ ജന്‍മദിനത്തിന്‌ സമ്മാനം വാങ്ങി കൊടുക്കാന്‍ കാശിനു വേണ്ടി അമ്മയോട്‌ എന്തു നുണയാണ് പറഞ്ഞത്?....അന്നു തന്ന നോട്ടുകള്‍ക്ക് ഏത് സോപ്പുപൊടിയുടെ മണമായിരുന്നു ? ..ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല.


അയാള്‍ വീണ്ടും കുട്ടികളെ നോക്കി. മസാലദോശ കഴിച്ചു കഴിഞ്ഞ് കുട്ടികള്‍ ബില്ലടക്കാന്‍ വേണ്ടി ചില്ലറ പെറുക്കികൂട്ടുകയാണ്‌. തടിച്ച കുട്ടി നാണയങ്ങള്‍ എണ്ണി തിട്ടപ്പെടുന്നുണ്ട്. അയാള്‍ക്കെന്തോ അപ്പോള്‍ വീണ്ടും അമ്മയെ ഓര്‍മ്മ വന്നു. അമ്മ ഇപ്പോള്‍ എവിടെയായിരിക്കും? അവസാനമായി എന്നാണ്‌ അമ്മയെ കണ്ടത്‌? കണ്ണുകളടച്ച് അയാള്‍ അമ്മയെ അവസാനം കണ്ട നാള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. തനിക്ക് ഒന്നും ഓര്‍ത്തെടുക്കാനാകുന്നില്ലെന്ന് അയാള്‍ പരിഭ്രാന്തിയോടെ മന്സ്സിലാക്കി. അയാള്‍ കണ്ണുകള്‍ ഇറുകെയടച്ചു...ഇരുട്ട്..പിന്നെ തീക്ഷ്ണമായ ഒരു ചുവപ്പു നിറം...അത്ര മാത്രം..അല്ല എന്തോ ഒരു ശബ്ദവും കേള്‍ക്കുന്നുണ്ട്. ഒരു മുരള്‍ച്ച പോലത്തെ എന്തോ ഒരു ശബ്ദം. ഇപ്പോള്‍ ആ ശബ്ദം തൊട്ടടുത്തു നിന്നാണ്‌..അതൊരു മുരള്‍ച്ചയല്ലെന്നും തനിക്ക് പരിചിതമായ ഒരു ശബ്ദമാണെന്നും അയാള്‍ക്ക് തോന്നി. പതുക്കെ പതുക്കെ ആ ശബ്ദത്തിന്റെ ആവൃത്തി വര്‍ദ്ധിക്കുന്നു. ..ഇപ്പോള്‍ കര്‍ണ്ണപുടങ്ങളെ തകര്‍ക്കും വിധം തൊട്ടടുത്തുനിന്നാണ്‌ അത്‌. ഒന്നും തന്റെ തോന്നലല്ലെന്നും അമ്മ പാത്രം മോറുന്ന ശബ്ദമാണ്‌ താനിപ്പോള്‍ കേള്‍ക്കുന്നതെന്നും അയാള്‍ക്ക് മനസ്സിലായി. ആ ശബ്ദം അയാള്‍ക്ക് സഹിക്കാന്‍ കഴിയുന്നതിലും ഉച്ചത്തിലായി .. അയാള്‍ക്ക് കരച്ചില്‍ വന്നു. ഒന്നും കാണാനാവുന്നില്ല..ഭ്രാന്തമായ ശബ്ദം മാത്രം...


മുഖത്ത് വെള്ള നനവ് തട്ടിയപ്പോഴാണ്‍ എണീറ്റത് . ചുറ്റും അപരിചിതരായ ആളുകള്‍ .


"എന്തു പറ്റി സര്‍, ഹോസ്പിറ്റലില്‍ പോകണോ? "


എന്താണ്‌ തനിക്ക് പറ്റിയത്‌?


"ഒന്നുമില്ല, ഒന്നു തല ചുറ്റി."


അയാള്‍ തന്റെ ചുറ്റും കൂടിയ ആളുകളെ വകഞ്ഞു മാറ്റി പുറത്തു കടന്നു. പതുക്കെ റോഡിലെ ജനതിരക്കിലേക്ക് ചേരുന്ന ആ മനുഷ്യനെ നമുക്കിനി ഉപേക്ഷിക്കാം. അല്ലെങ്കിലും മറ്റുള്ളവരുടെ പുറകെ പോയിട്ട് നമുക്കെന്താണ്‌?

Friday, 22 December, 2006

നോവിന്റെ ഒരു ഗസല്‍ 


അമാനത്ത് അലി ഖാന്‍ ..


ലാഹോറിലെ ഏതൊ മുഷായിരയില്‍


താങ്കള്‍ പാടിയ ഗസലിന്റെ പ്രതിധ്വനികള്‍


ഇവിടെ ഇപ്പോഴും ഒടുങ്ങിയിട്ടില്ല.


ഒന്നു കരഞ്ഞു തീരാന്‍ മോഹിച്ച


ഏതോ നോവിനെയാവും


താങ്കള്‍ സ്വരങ്ങളായി പുറത്തു വിട്ടത് .


" നിലാവ് വീണുടയുന്ന കല്‍പ്പടവുകള്‍ ...


കണ്ണുനീരുക്കൊണ്ടുറഞ്ഞു പോയ സ്മൃതിപഥങ്ങള്‍..."


ഉള്ളിലടുക്കിവെച്ച ഓര്‍മ്മചിത്രങ്ങള്‍..


ഉള്ളിലടക്കിയ തേങ്ങലുകള്‍...


"വിഷാദം നിറഞ്ഞ മന്ദഹാസങ്ങളും ....


നിശ്ശബ്ദാമായ പ്രാര്‍ഥനകളും ..."


നോവിന്റെ ചരണങ്ങള്‍...


ഓര്‍മ്മകളുടെ ചരണമുദ്രകള്‍....


നഷ്ടപ്പെട്ടത്എത്ര മേലെനിക്ക് പ്രിയങ്കരമായിരുന്നെന്നാണ്‌താങ്കളെന്നെയോര്‍മിപ്പിച്ചത്...ഈ രാത്രിക്ക്


നിലാവിന്റെ തൊങ്ങലുകളുണ്ട്..


അയഞ്ഞു വീശുന്ന കാറ്റിന്റെ അകമ്പടിയുണ്ട്..


ഭീതിതമായ നിശബ്ദാതയും ..


മേം ഭീ ബുലാദൂ..


തും ഭീ ബുലാദൂ...


ഞാന്‍ മറന്നു കൊള്ളാം ...


നീയും മറന്നേക്കുക...


എല്ലാം ......


  • അമാനത് അലി ഖാന്‍ സാഹിബിന്റെ ഗസല്‍ കേട്ടപ്പോള്‍ എഴുതാന്‍ തോന്നിയത്..

Tuesday, 19 December, 2006

മാ..പ്രണാമങ്ങള്‍ ..

“ Whenever death may surprise us,
let it be welcome if our battle cry has reached even one
receptive ear and another hand reaches out to take up our arms. ”

Ernesto ' CHE 'guevara.ശ്രീമതി മന്ദാകിനി നാരായണന്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 16 ന്‌ രാവിലെ 8 30 ന്‌ അന്തരിച്ചു.
അവരെ കുറിച്ച് എഴുതേണ്ടത് ഒരു കടമയാണെന്നു കരുതുന്നു. ഇടതുപക്ഷാഭിമുഖ്യം കൊണ്ടല്ല,
അവരെ കുറിച്ച് കൂടുതല്‍ അറിയാവുന്നതു കൊണ്ടുമല്ല. ആദര്‍ശവും സ്ഥൈര്യവും ജീവിതകാലം മുഴുവന്‍
കെടാതെ കോണ്ടു നടന്ന്‌ അവസാനം ചരിത്രത്തിന്റെ ഭാഗമായി മാറിയ ഒരു മഹതിക്ക് കുറച്ചു വാക്കുകള്‍
കൊണ്ടെങ്കിലും അര്‍ച്ചനയര്‍പ്പിക്കണമെന്നുള്ള ആഗ്രഹം . അത്ര മാത്രം .
" My dear daughter AJi...Red salute to you.. "
മുപ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ ജനറല്‍ വാര്‍ഡില്‍
ആസ്ത്മ പിടിപ്പെട്ട്
അത്യന്നാസ നിലയിലായിരുന്ന ഒരു സ്ത്രീ ആശുപത്രി കിടക്കയില്‍ വെച്ച് തന്റെ മകള്‍ക്കയച്ച
ഒരു കത്തിന്റെ
തുടക്കം ഇങ്ങനെയായിരുന്നു. മന്ദാകിനി നവീന്‍ ചന്ദ്ര ഓസ എന്നായിരുന്നു ആഅമ്മയുടെ പേര്. മകള്‍
കെ. അജിത. ആ അമ്മയാണിപ്പോള്‍ ഒരോര്‍മ്മ മാത്രമായിരിക്കുന്നത്‌. മകള്‍ തടവറയിലും ഭര്‍ത്താവ്
ഒളിവിലും, താന്‍ ആസ്ത്മ ബാധിച്ച് ജീവച്ഛവവും ...എന്നിട്ടു പോലും മകളെ പ്രചോദിപ്പിക്കുന്ന അത്തരം
എഴുത്തകളെഴുതാന്‍ ആ വിപ്ളവകാരിക്കു മാത്രമേ കഴിയുമായിരുന്നുള്ളൂ. അതാണ്‌ അവരുടെ
മഹത്വവും .ജീവിതത്തില്‍ നിരവധി തിരിച്ചടികളുണ്ടായിട്ടും താന്‍ വിശ്വസിച്ച ആദര്‍ശത്തില്‍
നിന്നു കടുകിട തെറ്റാതെ ജീവിക്കുകയും അതൊരു കെടാവിളക്കായി മരണം വരെ
കൊണ്ടു നടക്കുകയും ചെയ്ത 'സ്ഥൈര്യതയുടെ' സ്ത്രീ രൂപം .
കേരളത്തിന്റെ വിപ്ളവ ചരിത്രത്തില്‍ അവരര്‍ഹിച്ച പ്രധാന്യം അവര്‍ക്കു ലഭിക്കാതെ പോയി എന്നു തോന്നുന്നു. കേരളീയര്‍ക്ക് അവര്‍ അജിതയുടെ അമ്മ മാത്രമായിരുന്നു. അല്ലെങ്കില്‍ കുന്നിക്കല്‍ നാരായണന്റെ ഭാര്യ മാത്രമായിരുന്നു. വയാലാര്‍ റാണി പോലും സ്വന്തം സ്വീകരണ മുറിയിലെ മാതാ അമൃതാനന്ദമയിയുടെ ഫോട്ടോക്ക് കീഴിലെ സോഫാസെറ്റിയിലിരുന്ന്‌ പഴയ വിപ്ളവസ്മരണകള്‍ അയവിറക്കുന്ന ഈ കാലഘട്ടത്തിലാണ്‌ കൂടെയുണ്ടായിരുന്നവരെല്ലാം വ്യതിചലിച്ചപ്പോഴും തന്റെ ആദര്‍ശത്തില്‍ തന്നെ
ആ സ്ത്രീ മരിച്ചത്‌.
അജിതക്ക് അഭിമാനിക്കാം ..വസന്തതിന്റെ ഇടിമുഴക്കം തേടിയവര്‍ക്ക് പ്രത്യാശയുടെ
മാതൃസാന്നിദ്ധ്യമായിരുന്നു തന്റെ അമ്മ എന്നതില്‍...
കേരളീയര്‍ക്കും അഭിമാനിക്കാം ..ഇങ്ങനത്തെ ഒരു 'മാ' യെ കടമായി ലഭിച്ചതില്‍ ..
ഈ മണ്ണിനും പുളകം കൊള്ളാം ..ഒരു ധീരവിപ്ളവകാരിയുടെ കര്‍മ മണ്ഡലമായതില്‍..
ഒരു പാട് മൌനങ്ങള്‍ ബാക്കി വെച്ച്‌ ചരിത്രതിന്റെ ഭാഗമായി മാറിയ
ധീരയായ സഖാവിന്‌ ലാല്‍ സലാം ...
പിന്‍ കുറി: വിപ്ളവ വനിതകള്‍ ഈ തലമുറയിലുമുണ്ട്‌. സിന്ധു ജോയിയെ പോലുള്ളവര്‍.
(...തീപ്പൊരി വാക്കുകള്‍ ....പക്ഷെ ഏ എസ് ഫൈ ക്കെതെതിരായാണെന്നു മാത്രം.
അല്ലെങ്കിലും വിപ്ളവം ഇപ്പോള്‍ എസ്സെമെസ്സുകളിലൂടെയാണല്ലോ?)
സഖാക്കള്‍ ഈ നാട്ടില്‍ ഇപ്പോഴുമുണ്ട്..വി എസ്., പിണറായി 'സഖാവ്' , വെളിയന്‍ ...
( സഖാക്കളുടെ വംശം കുറ്റിയറ്റു പോയിട്ടൊന്നുമില്ല..! ഇടക്കൊക്കെ തല്ലു കൂടും .അതു
ഗ്രൂപ്പിസവുമല്ല.പ്രത്യയശാസ്ത്രപരമായ അഭിപ്രായ വ്യത്യാസം മാത്രം!).
കമ്യൂണിസവും മരിച്ചിട്ടില്ല..
(അതിന്റെ പേരില്‍ മാത്രം ചെറിയൊരു വ്യത്യാസം! ' കോര്‍പ്പറേറ്റ് കമ്യൂണിസം !' അത്ര മാത്രം .)

Wednesday, 13 December, 2006

ചാക്രികം 


ഓരോ ജലകണികയും


നീരാവിയാകുന്നതിന്റെയും


മേഘമായി മാറുന്നതിന്റെയും


പെയ്തിറങ്ങുന്നതിന്റെയും


ശാസ്ത്രം പറഞ്ഞു തന്നത് ലീലാവതിട്ടീച്ചറായിരുന്നു.
പക്ഷേ..ഓരോരുത്തരെയായി


സൂര്യന്‍ വിളിച്ചതും


വിളി കേട്ട് കൂടെ പോയതും


മേഘമാക്കിയപ്പോള്‍ സ്വയം മറന്നതും


സ്വയം മറന്നു പറന്നു നടന്നതും


ഒടുവില്‍‍മാനം ഇടി മുഴക്കി പേടിപ്പിച്ചതുംപേടിച്ചു താഴോട്ടു വീണു പോയതും.......അതിനെ കുറിച്ചൊന്നുംആരും പറഞ്ഞില്ല.

കണ്ടില്ലേ..?താഴോട്ട് വീഴാന്‍ മടിച്ച്..


ചേമ്പിലയില്‍ കാട്ടികൂട്ടുന്ന


ഈ സന്ത്രാസം ..?


ഞാനിപ്പോള്‍ വിചാരിക്കുന്നത്


ഇക്കാണുന്ന മഷിതണ്ടുകളല്ലാം


സൂര്യന്‍ വീണ്ടും വിളിച്ചപ്പോള്‍


‍കൂടെ പോകാന്‍ മടിച്ച് രൂപം മാറി


ഒളിച്ചിരിക്കുന്ന ജലകണികകളാണെന്നാണ്‌ .

Wednesday, 6 December, 2006

വ്യഥിതം 
The heighest pleasure for a drop is to get merged in river ;

when pain crosses the bound of endurance ,

it becomes its own relief.

Mirza Ghalib

ആത്മവിശ്വാസത്തിന്റെ മാപിനി വീണ്ടും താഴുകയാണ്‌.


പകല്‍ മുഴുവന്‍ അലഞ്ഞു നടക്കും .


വ്യര്‍ത്ഥവും നിരര്‍ത്ഥവും തീരെ സൃഷ്ടിപരവുമല്ലാത്ത വ്യായാമങ്ങള്‍...


പിന്നെ..


വീട് എന്ന പുതപ്പിനുള്ളിലേക്ക് ചുരുണ്ടു കയറും .


അപ്പോള്‍...


തോല്‍വികളെ കുറിച്ചുള്ള ഓര്‍മകളും

നിഷേധ ചിന്തകളും

എന്നെ കീഴടക്കാനെത്തും .


ഞാന്‍ തളരും .


ശൂന്യതാബോധം എന്റെ ഉറക്കത്തെ

സമയത്തിന്റെ അങ്ങേയറ്റത്തെത്തിക്കും .

പിന്നെ തളര്‍ന്നു മയങ്ങും.


ആകുലതകളോടെ വീണ്ടും ഉണരും .

'ആധി'കളുടെ വേറൊരു ദിവസം കൂടി...


July 16I'm ashamed that love has devastated

everything that i possessed,


nothing left with me except an unfulfilled desire

to rehabilitate myself .

Friday, 1 December, 2006

ബാംഗ്ളൂര്‍..

October 15 Sunday
Bangalore


1

Message

recieved.

....

Memories play a very confusing role.

They make u laugh when u remember the time u cried !

But make u cry when u remember the time u laughed..!

GuD MoRnInG !

Sender:

+919986777378

Sent:14-Oct-2006

13:27:35


വീണ്ടും ബാം ഗ്ളൂരില്..


സോഫ്റ്റി ഐസ്ക്രീം പോലെ ജീവിതം
ആസ്വദിച്ചു തീര്‍ക്കാനിഷ്ടപ്പെടുന്നവരുടെ നഗരം.


ധ്രുതഗതിയില്‍ ഉടുപ്പുകള്‍ മാറികൊണ്ടിരിക്കുന്ന നഗരം

തണുപ്പുള്ള രാത്രികള്‍ ...
ഓര്‍മ്മകളുടെ ശേഷിപ്പുകളുള്ള നഗരം ..

ഈ നഗരത്തില്‍ വെച്ചാണ്‌ എന്റെ ഭൂതകാലവും

ഭാവിയും കൈകുമ്പിളിലൂടെ ചോര്‍ന്നു പോയത് .

ഈ വഴികളിലൂടെയാണ്‌ ഞാന്‍

ഒരു 'സ്വപ്ന'ത്തിന്റെ കൈപിടിച്ച് നടന്നു പോയത്‌...
വീണ്ടും അതേ വഴികള്‍ ...

ഒരു മുറിപ്പാടിനെ ഓര്‍മ്മപ്പെടുത്തുന്ന വഴികള്‍ ...


ഇവിടെ ഇപ്പോഴും മഴമരങ്ങളുണ്ട്


'കബ്ബന്‍ പാര്‍ക്ക്' അതേ പടി തന്നെയുണ്ട്‌ ..


അവിടെ സുന്ദരികളും സുന്ദരന്‍മാരും ഇപ്പോഴുമുണ്ട്...

Monday, 27 November, 2006

ഗ്രൌണ്ട്

ഉരുണ്ടു വീര്‍ത്ത

ഒരു തുകല്‍പ്പന്തിനു പിന്നാലെ

ഞങ്ങള്‍ ഓടിയോടി വര്‍ഷങ്ങള്‍ പിന്നിട്ടു

ഓരോ മണല്‍ത്തരിയിലും

അനേകങ്ങളുടെ കാലുകള്‍

അനേകവട്ടം പതിഞ്ഞു

എന്നിട്ടും ആ

അറുപതു സെന്റിന്റെ യാത്രാവിവരണം

ആരും എഴുതിയില്ല.

പി എന്‍ ഗോപീകൃഷ്ണന്‍

പണ്ട് അതൊരു വിരിപ്പുകണ്ടമായിരുന്നു.
പിന്നീടെപ്പോഴോ ചെമ്മണ്ണിട്ടു നികത്തി.

പന്തുകള്‍ക്കു പിറകേ പാഞ്ഞ ഒരുപാട് കാലുകള്‍
പൊങ്ങി നിന്നിരുന്ന ചരല്‍കല്ലുകളെ നിരപ്പാക്കി തീര്‍ത്തു.
അങ്ങനെ ഉണ്ടായി തീര്‍ന്നതാണ്‌ ഞങ്ങളുടെ ഗ്രൌണ്ട്.ഫ്രാങ്ക് ലാംപാര്‍ഡ് ചെല്‍സിക്കു വേണ്ടി ചാമ്പ്യന്‍സ് ലീഗില്‍

സീറോ ആംഗിളില്‍ നിന്നു ഗോളടിക്കുന്നത് ഈ എസ് പി എന്നില്‍ കണ്ട്

അതിശയപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ,

'ഷൈജു' യുവശക്തി കൊച്ചനൂരിനു വേണ്ടി അതേ ആംഗിളില്‍

ഇടങ്കാലു കൊണ്ട് ഗോളടിച്ചു കയറ്റിയത് ഞാന്‍ കണ്ടിട്ടുണ്ട്.


ഈ മഹേന്ദ്രസിങ് ധോനിയൊക്കെ വരുന്നതിനും മുമ്പ്
ബൌളര്‍ റണ്ണപ്പ് തുടങ്ങിയാല്‍

'പിച്ചിന്റെ ' മധ്യത്തിലേക്ക് നടന്നു ചെന്നു ഫ്രണ്ട്ഫൂട്ടില്‍ സിക്സറടിച്ചിരുന്ന

ഹാര്‍ഡ് ഹിറ്റര്‍ 'ഫക്രു'...

അതെ..


ഞങ്ങള്‍ക്ക് ' വെംബ്ളിയും' ' ഈഡന്‍ഗാര്‍ഡന്‍സും '


എല്ലാം ആ ചരല്‍ മൈതാനമായിരുന്നു.


മീന ചൂടേറ്റ് വാടികരിഞ്ഞ നട്ടുച്ചകള്‍ ...


ഓരോ വിജയങ്ങളിലും ഞങ്ങള്‍ ഹര്‍ഷപുളകിതരായി.


പരാജയങ്ങളില്‍ വ്യസനപ്പെട്ടു.
ഞങ്ങളുടെ ഗ്രൌണ്ടിന്‌ ഒരു ആത്മാവുണ്ടാവുമായിരുന്നെങ്കില്‍

എന്തായിരിക്കും അതിന്റെ ഓര്‍മ്മകളില്‍ ബാക്കിയുണ്ടാവുക?

കളിച്ചു 'വിരമിച്ച' ഓരോ തലമുറയുടെയും കാലടിപ്പാടുകള്‍ ..?

നെഞ്ഞിലേറ്റ് വാങ്ങിയ വീഴ്ചകള്‍ ...?

നിലക്കാത്ത ആരവങ്ങള്‍ .....?
...ആധാരമോ പട്ടയമോ വേണ്ടാതെ


ഞങ്ങളുടെ മൈതാനത്തിന്റെ ഉടമസ്ഥതയില്‍


ഒരു ആകാശമുണ്ടായിരുന്നു


പന്തുകള്‍ കൂടണഞ്ഞാല്‍


മലര്‍ന്നു കിടന്നു നോക്കാവുന്നത്‌ അനുഭവിക്കാവുന്നത്‌ഗ്രൌണ്ടില്‍ രാത്രി മഞ്ഞു വീണു നനഞ്ഞ കറുകപ്പുല്ലുകള്‍ക്ക് മീതെ


മലര്‍ന്നു കിടന്നാല്‍ കാണുന്ന ആകാശം ...


അതിരുകളില്ലാത്ത ആ ആകാശത്തിനു കീഴെ അനുഭവിച്ച സുരക്ഷിതത്വം...


അവിടെ മിന്നി മിന്നി നിന്നിരുന്ന നക്ഷത്രങ്ങളെ


എണ്ണിതീര്‍ക്കാന്‍ നോക്കിയ രാത്രികള്‍ ..
ഇപ്പോള്‍


സൂര്യനേക്കാളും


ചന്ദ്രനേക്കാളും


ദൂരത്തായ


കൂട്ടുകാരെ,


ഞാനേ..


കൈപ്പുണ്യമുള്ള ഒരു അമ്മൂമ്മയെ പ്പോലെ


ജനത


പാചകം ചെയ്തെടുത്ത


ആ മൈതാനം


ഇപ്പോഴും


അവിടെയുണ്ടോ?


...ഗോപീ കൃഷ്ണന്‌ നന്ദി.

Monday, 6 November, 2006

അബ്ര

അബ്ര


ധര്‍മസങ്കടങ്ങളുടെ മനുഷ്യജാഥകള്‍ കടന്നു പോകുന്ന
കടലിടുക്ക്‌ 
നിന്റെ ജലശയ്യകള്‍ക്കുമേല്‍ 
വിയര്‍പ്പു മഞ്ചലുകളില്‍
സ്വപ്നങ്ങളും 
സങ്കടങ്ങളും
കുത്തിനിറച്ച മന്ത്രവാഹിനികള്‍ 
തീയണയാത്ത ചക്രവാളം നോക്കി
സ്വന്തം നെഞ്ചില്‍നങ്കൂരമിട്ടിരിക്കുന്ന
കപ്പലോട്ടക്കാര്‍ക്കു മുന്നിലെ 
ഉപ്പുതോട്‌ - അബ്ര
                              : ജോയ്‌ മാത്യു

മൂന്നു മാസങ്ങള്‍ മാത്രം ദീര്‍ഘിച്ച ഹ്ര്വസ്വമായ പ്രവാസ ജീവിതത്തില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച കാഴ്ചയായിരുന്നു അബ്ര. ബര്‍ദുബായ്‌, ദേര എന്നീ ദേശങ്ങളെ വേര്‍തിരിക്കുന്ന കടലിടുക്ക്‌. നാട്ടിലെ കലഹിക്കുന്ന കടലിനെ മാത്രം കണ്ടു ശീലിച്ച എനിക്ക്‌ ദുബായിലെ ശാന്തമായ കടല്‍ ഒരു അത്ഭുതമായിരുന്നു. അതു കൊണ്ടു തന്നെ ആരോ കീറിയിട്ട പോലെ കിടക്കുന്ന ആ കടല്‍ ചാലിന്റെ ഭൂമിശാസ്ത്രവും എനിക്ക്‌ മനസ്സിലാവാന്‍ സമയമെടുത്തു. 'അന്‍പത്‌' ഫില്‍സ്‌ ഈടാക്കി യാത്രക്കാരെ അക്കരെ എത്തിക്കുന്ന 'ചങ്ങാട'ക്കാരിലധികവും ഇറാനികളോ ബംഗ്ലാദേശുകാരോ ആയിരുന്നു. വളരെ നിസ്സംഗരായ നാവികര്‍. ആദ്യ യാത്രയില്‍ തന്നെ അബ്ര എന്നെ വശീകരിച്ചു. ഒരു വ്യാഴാഴ്ച്ച വൈകുന്നേരം ദേരയില്‍ നിന്ന് ബര്‍ദുബായിലേക്ക്‌… അംബരചുംബിയായ ഒരു കെട്ടിടത്തിന്റെ പിന്നില്‍ നിന്നിറങ്ങി വന്നിരുന്ന പൂര്‍ണചന്ദ്രനെ ഒരു മായകാഴ്ച്ച പോലെ അബ്ര എനിക്ക്‌ കാട്ടി തന്നു. അപ്പോള്‍ നിലാവില്‍ വെട്ടിതിളങ്ങി കിടക്കുകയായിരുന്നു അബ്ര. ആരോ തുറന്നു വെച്ച ഒരു റേഡിയോയിലെ അമാനത്ത് അലിയുടെ മനോഹരമായ ഗസലിലേക്ക്‌ ചെവി തുറന്നായിരുന്നു ബര്‍ദുബായില്‍ ഞാന്‍ കടവിറങ്ങിയത്‌. ഉര്‍ദുവും പഷ്തൂണും കൊടിയത്തൂര്‍ മലയാളവും ഇടകലരുന്ന വാണിഭ സംഘങ്ങള്‍. പുരാവസ്തുക്കളും കരകൗശലവസ്‌തുക്കളും വില്‍ക്കുന്ന ഒന്നു രണ്ട്‌ അറബി വൃദ്ധരേയും അക്കൂട്ടത്തില്‍ കണ്ടു.അവര്‍, വ്യാപാരത്തിനായി കടലുകള്‍ താണ്ടിയിരുന്ന അവരുടെ പിതാമഹന്മാരുടെ പ്രച്ഛന്ന വേഷങ്ങളെ ഓര്‍മ്മിപ്പിച്ചു.

 അബ്ര മുറിച്ചു കടന്ന കുറേയധികം യാത്രകള്‍… എന്റെ സഹയാത്രികരിലധികവും ഒരേമുഖഭാവമുള്ളവരായിരുന്നു. ആകുലതകള്‍ മുഖചിത്രമാക്കിയവര്‍, ഇരുതീരങ്ങളിലുമുള്ള കാഴകളിലേക്ക്‌ കണ്ണുനട്ടാണിരിപ്പെങ്കിലും അവര്‍ക്കൊന്നും കാണാനാവുമായിരുന്നില്ല. ചിന്തകളില്‍ സ്വയം നഷ്ടപ്പെടുന്ന രണ്ടു മിനിറ്റിലെ യാത്രക്കു ശേഷം ഓരോരുത്തരും തന്താങ്ങളുടെ ജീവിതങ്ങളിലേക്ക്‌പിടഞ്ഞെണീറ്റ്‌ ആധികളുടെ യാത്ര തുടരുന്നു..

 ഓരോ യാത്രകളിലും അബ്രയെ പറ്റി കൂടുതലറിഞ്ഞു. അബ്രയുടെ അടിത്തട്ടിന്റെ ആഴമളന്ന നിര്‍ഭാഗ്യവാന്മാരെ കുറിച്ച്‌ കേട്ടു, അബ്രയിലെ പരപ്പില്‍ കീറിയെറിഞ്ഞ പ്രണയലേഖനങ്ങള്‍കണ്ടു, വെള്ളത്തിലൊഴുകി മഷി പരന്ന അവയിലെ അക്ഷരങ്ങളിലെ നിശ്വാസങ്ങള്‍ വായിച്ചു.. എത്രയെത്ര നിര്‍ഭാഗ്യവാന്മാരായ പ്രവാസികളുടെ കണ്ണുനീര്‍ ആ ലവണ ജലരാശിയില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ടാവും..?ഓര്‍മ്മകളാല്‍ വേട്ടയാടപ്പെട്ട,
പരാജയങ്ങളാല്‍ മനം തകര്‍ന്ന ദിനങ്ങളായിരുന്നു എനിക്ക്‌ ആ നാളുകള്‍..
ഒരിക്കലും മറക്കാനാവാത്ത ദിവസങ്ങള്‍........
 അവയെ കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ കണ്ണുനീര്‌ പാട കെട്ടിയ ആ കടല്‍ചാലിനെ കുറിച്ചും ഓര്‍ക്കാതിരിക്കുന്നതെങ്ങനെയാണ്‌ ?


 (ഭാഷാപോഷിണിയില്‍ വന്ന ജോയ് മാത്യുവിന്റെ കവിത വായിച്ച് മാസങ്ങള്‍ക്കകമായിരുന്നു ആദ്യമായി അബ്ര കണ്ടത്. കവിത വായിച്ച ഓര്‍മയില്‍ എഴുതിയത്. പിന്നീട് പടങ്ങളെടുത്തു തന്നത് ബിക്കി..)

Monday, 30 October, 2006

യൂത്ത് ഫെസ്റ്റിവല്‍

" ജഡ്ജസ് പ്ലീസ് നോട്ട്...
യൂ പി വിഭാഗം മലയാളം പദ്യം ചൊല്ലലില്‍
അടുത്തതായി ചെസ്റ്റ് നമ്പര്‍ 'ഇരുപത്തി രണ്ട് '.. കമറുദ്ദീന്‍ എട്ടാന്തറയില്‍ .. ഏഴ് ബി.."
നാമിപ്പോള്‍ കോളാമ്പി മൈക്കിലൂടെ കേട്ട ഈ സ്ത്രൈണത മുറ്റിയ ശബ്ദം ചെറിയാന്‍ മാഷുടേതാണ്‌ . വേദി കൊച്ചനൂര്‍ ഹൈസ്കൂള്‍ യുവജനോല്‍സവം . വര്‍ഷം 1989..
............ .................. ................ ................ ...............
കമറു മൈക്കിനു മുമ്പില്‍ ചെന്നു നിന്നു. സ്റ്റേജിലാകെ ഒരു തരം ചുവന്ന വെളിച്ചം .
മുന്നിലെ കര്‍ട്ടന്‍ ഭീമാകാരമായ ഒരു കോട്ട പൊലെ കമറുവിനനുഭവപ്പെട്ടു.
" ചെറുതായി വിറയലനുഭവപ്പെടുന്നുണ്ടോ ? " ...ഏയ്‌ ഇല്ല അതൊരു തോന്നല്‍ മാത്രമാണ്‌ .
കര്‍ട്ടന്‍ പൊക്കുവാന്‍ ചെറിയാന്‍ മാഷ് ആംഗ്യം കാട്ടി. ചുവന്ന കര്‍ട്ടന്‍ പതുക്കെ പൊങ്ങും തോറും കമറുവിന്റെ നെഞ്ഞിടിപ്പും ധ്രുതഗതിയിലായി. പുറത്ത് കത്തുന്ന പകല്‍ വെളിച്ചം . മഞ്ഞളിച്ചു പോയ കണ്ണുകള്‍ കമറു സദസ്സിലേക്ക് തുറന്നു.
...റബ്ബേ...എന്താണിത്‌?..മുന്നിലൊരു കടല്‍ ..എണ്ണമറ്റ തലകള്‍ ..എല്ലാവരും എന്നെ തെന്നെയാണല്ലൊ നോക്കുന്നത്?
മുന്നിലുള്ള തലകളുടെ കടല്‍ ഇരമ്പുന്നുണ്ട്..
ഇരു കാല്‍മുട്ടുകളെയും ശരിക്ക് വിറയല്‍ ബാധിച്ചിരിക്കുന്നു...തൊണ്ട വരളുന്നുമുണ്ട്.
വെറൊരു കാര്യം കൂടി കമറു ഞെട്ടലൊടെ മനസ്സിലാക്കി...താന്‍ ചൊല്ലേണ്ട പദ്യത്തിന്റെ ആദ്യത്തെ വരി തന്നെ മറന്നു പോയിരിക്കുന്നു... മൈക്കിനു മുമ്പില്‍ അന്തം വിട്ടു നില്‌ക്കുന്ന കമറുവിനെ അധികനേരമൊന്നും ക്ഷമയോടെ നോക്കിനില്ക്കാന്‍ കുട്ടികള്‍ക്കാവുമായിരുന്നില്ല. അവര്‍ അവനെ കളിയാക്കി ചിരിക്കാന്‍ തുടങ്ങി, അതു പിന്നെ കൂവലുകളായി മാറാന്‍ അധികം താമസമുണ്ടായില്ല.
ഹാവൂ...വിശപ്പില്ലേ..
കാച്ചിയ പാലിതാ...
തൂവെള്ളി കിണ്ണത്തില്‍ ....
അവസാനം കമറുവിന്റെ 'കിളിക്കൂറ്റ് ' കുട്ടികള്‍ക്കു മുന്നില്‍ ചിന്നം വിളിച്ചു.
തൂവെള്ളി കിണ്ണത്തില്‍ ....
തൂവെള്ളി കിണ്ണത്തില്‍ ....
തൂവെള്ളി കിണ്ണത്തില്‍ എന്താണ്`?
നാശം..
പദ്യത്തിന്റെ വണ്ടി എവിടെയോ ഇടിച്ചു നിന്നിരിക്കുന്നു..
കാലുകള്‍ക്കു ചുറ്റു നിന്നും ഒരു ആവിയെടുക്കുന്നതായി കമറുവിനനുഭവപ്പെട്ടു..
പുതിയ ഇളം പച്ച ഷര്‍ട്ട് വിയര്‍പ്പില്‍ കുതിര്‍ന്നിരിക്കുന്നു.
കമറു ഒരു ആശ്രയത്തിനായി ചുറ്റും പരതി.
സൈദാബി ടീച്ചര്‍ ചിരിയടക്കാന്‍ പാടുപെടുന്നു.
റബ്ബേ... നിന്ന നില്‍പ്പില്‍ അങ്ങു താഴ്ന്നു പോകാന്‍ പറ്റിയിരുന്നെങ്കില്‍ .. എത്റ നന്നായിരുന്നു...
കമറു ആശിച്ചു.
ഇവിടുന്നൊന്ന് ഓടിരക്ഷപ്പെടണമെന്നുണ്ട്. പക്ഷെ കാലുകള്‍ തറയില്‍ ഒടിപ്പിടിച്ചിരിക്കുന്ന പോലെ..
കുട്ടികളുടെ കൂക്കുവിളികളും ചിരികളും കാതില്‍ വന്നലക്കുന്നു. ദയനീയമായി അങ്ങോട്ട് മുഖം തിരിച്ച
കമറു മുന്നില്‍ കണ്ട കാഴ്ച മനസ്സ് പിളര്‍ക്കുന്നതായിരുന്നു.
ഏറ്റവും മുന്നിലെ ബന്ചിലിരുന്ന് 'സിമി' തന്നെ കളിയാക്കി തലതല്ലി ചിരിക്കുന്നു.
"ദുഷ്ട.."
അവള്‍ക്കു വേണ്ടി 'ലാങ്കി' പൂ പൊട്ടിക്കാന്‍ കയറിയപ്പോള്‍ മരകൊമ്പ് കൊണ്ട് കീറിയാണ്‌
കാലിന്റെ അടിവശത്ത് നീളെനെയുള്ള ഈ മുറിവ് കിട്ടിയത്.
എന്നിട്ടാണ്...
കമറുവിന്‌ സങ്കടം ചങ്കില്‍ വന്ന്‌ മുട്ടി.
മഞ്ഞച്ചു പോയ കണ്ണിലൂടെ മുന്നില്‍ കാണുന്നതെല്ലാം അവ്യക്തമാവുന്നു.
ചെവിക്കു ചുറ്റും ഇപ്പോള്‍ ഒരു മൂളിച്ച മാത്രം.
"ഹാവൂ..വിശപ്പില്ലേ..
കാച്ചിയ പാലിതാ...

തൂവെള്ളി കിണ്ണത്തില്‍...
തൂവെള്ളി കിണ്ണത്തില്‍...
.....കിണ്ണത്തില്‍...
പിന്നെ ഒറ്റ കരച്ചില്‍ ..

Sunday, 22 October, 2006

ഉസ്‌കൂള്‍......


മഞ്ഞ പെയിന്റടിച്ച ഒരു കെട്ടിടം ,
എല്ലാ ജൂണ്‍ മാസവും അത് മഴയത്ത് കുളിച്ചൊരുങ്ങി നില്‍പ്പുണ്ടാവും
ഞങ്ങളെ വീണ്ടും വരവേല്‍ക്കാന്‍...
സ്കൂള്‍ മുറ്റത്തെ വാക മരവും മാവും കൂടെയുണ്ടാവും...
പഴയ ഇലകളെല്ലാം പൊഴിച്ചു കളഞ്ഞ് , തളിരിലകള്‍ ചൂടി സുന്ദരികളായി...
നനഞ്ഞ് ചോരുന്ന ക്ലാസ് മുറികള്‍ ..

മഴയുടെ ശബ്ദത്തോട്‌ കലരുന്ന രണ്ടു മാസമായി പറയാന്‍ ബാക്കിയുള്ള ' വിശേഷങ്ങള്‍ '

പുത്തന്‍ പുസ്തകങ്ങളുടെ മണം ..

പുതിയ ശബ്ദങ്ങളോടെ പഴയ പ്രാര്‍ത്ഥന...
രണ്ടു മാസമായി ശബ്ദം നഷ്ടപ്പെട്ട് മൂകരായിരുന്ന ക്ലാസ് മുറികളും വരാന്തയും

ഇനി ശബ്ദം വീണ്ടെടുക്കും .

.ഓരൊ ഇടവേളകള്‍ക്കും മണിയടിക്കുമ്പോള്‍ ആരവമുയര്‍ത്തും ...

ഓരോ ബെന്ചിനും ഓരോ ഡെസ്കിനും


എത്രെയെത്ര ശരീരഭാഷകളെ കുറിച്ചറിയാമായിരിക്കും ....


ബ്ലാക് ബോര്‍ഡുകള്‍ക്ക് എത്രെയെത്ര പാഠങ്ങള്‍ മന:പാഠമായിരിക്കും


ഓരൊ ക്ലാസ് മുറിക്കും എത്രെയെത്രെ കഥകള്‍ പറയാനുണ്ടാവും ?"

........

"ഞാന്‍ നിനക്കൊരു മഷിത്തണ്ടു തരാം ...

പകരം നീയെനിക്ക് മുടിയില്‍ ചൂടിയ ആ ചെമ്പക പൂവ് തരുമോ? "


Wednesday, 18 October, 2006

ഓര്‍മ്മചെപ്പ്

" ഇവിടെ ഉണ്ട് ഞാനെന്നറിയിക്കുവാന്‍
വെറുമൊരു കൂവല്‍ മാത്രം മതി. ...
ഇവിടെയുണ്ടായിരുന്നെന്നതിന്‍ സാക്ഷ്യമായ്
അടയിരുന്നതിന്‍ ചൂടു മാത്രം മതി ..
ഇതിലും ലളിതമായെങ്ങിനെ കിളികളാവിഷ്കരിക്കുന്നു ജീവനെ? "
പി. പി. രാമചന്ദ്രന്‍
19 Oct 2006, Bangalore

ഓര്‍മ്മകള്‍ പലതും നെഞ്ഞിനെയിട്ട് നീറ്റും ..
...എന്നാലും ചില നല്ല ഓര്‍മ്മകള്‍ .. .... മറന്നു പോയവ,
ചിലപ്പൊഴൊക്കെ കണ്‍മുന്നില്‍ വീണ്ടും തെളിഞ്ഞു വരും ...
പ്രസാദമധുരമായ ഓര്‍മ്മകള്‍ ..മറന്നു തുടങ്ങിയ ചില ഗന്ധങ്ങള്‍ ...ദൃശ്യങ്ങള്‍ ..
അവയിലൂടെയെല്ലാം... ഭൂതകാലത്തെ സ്പര്‍ശിക്കാനാവുന്നുണ്ട്.
ഉമ്മ മടിയിലിരുത്തി വാരി തന്നിരുന്ന,
വെളിച്ചെണ്ണ ചേര്‍ത്തു കുഴച്ച ചോറുരുളയുടെ ഗന്ധം ...
ആ ഒറ്റ ഗന്ധത്തിന്റെ ഓര്‍മ്മയിലൂടെ
ഒരു കുട്ടിക്കാലത്തെ മുഴുവനായി വാസനിച്ചെടുക്കാന്‍ എനിക്ക് കഴിയുന്നുണ്ട്..
മഴച്ചാലുകളിലെ കടലാസുതോണികള്‍..,

തോര്‍ത്തുവലയില്‍ പിടയുന്ന പരല്‍ മീന്‍ തിളക്കം... ....

വേനലിലെ പുന്ചപ്പാടം,

....പനന്തത്തകള്‍ക്കൊരുക്കുന്ന ഓലക്കെണികള്‍..

ഓരോരോ ദൃശ്യങ്ങളും ബാല്യകൂതൂഹലങ്ങളിലേക്ക് മനസ്സിനെ വീണ്ടും വലിച്ചടുപ്പിക്കുന്നു.

ഇവിടെ ഈ പുകപടലങ്ങള്‍ക്കിടയിലും


ഒരു വൈക്കോല്‍ മണം എനിക്ക് വാസനിച്ചെടുക്കാന്‍ കഴിയുന്നുണ്ട്‌.


ഉറക്കം വരാതെ ഈ തണുത്ത വെളുപ്പാന്‍ കാലത്തിരുന്ന് ..


എന്റെ വീടിന്റെ മുറ്റത്ത് , മണലില്‍ മാങ്കൊമ്പുകളുടെ ചിത്രം വരച്ചിടുന്ന


ധനു മാസ നിലാവിനെ കുറിച്ചോര്‍ത്തു പോവുന്നു...

Saturday, 7 October, 2006

ആത്മലിഖിതങ്ങള്‍ ...

15 Oct 2006
Bangalore,

" മറന്നു പോകാത്തതെന്തെങ്കിലും ബാക്കി വെച്ചാല്‍

വീണ്ടും കണ്ടുമുട്ടുമ്പോള്‍ പറഞ്ഞിരിക്കാമായിരുന്നു.

എന്റെയൊരു വാക്കും , നിന്റെയൊരു നോക്കും

പണ്ടു കണ്ട കിനാവും അയവിറക്കാമായിരുന്നു."

:സുപര്‍ണ വാര്യര്‍. (വഴി)

ഓരോ ദിവസവും പുതുതായി കാണുന്ന കിനാവുകളാണ്‌

ജീവിതത്തെ വീണ്ടും ആര്‍ത്തിയോടെ പുണരാന്‍ നമ്മെ പഠിപ്പിക്കുന്നത് .

സ്വപ്നങ്ങള്‍ ജീവിതത്തിന്‌ ഇന്ധനമാവുന്നു..

എന്റെ ജീവിതം ഒരു സ്വപ്നാടനം മാത്രമായിരുന്നു....നഷ്ടങ്ങളും , കളഞ്ഞു പോയ പ്രണയത്തിന്റെ തുണ്ടുകളും എന്റെ വര്‍ത്തമാന ജീവിതത്തെ സങ്കടം നിറഞ്ഞ ഭൂതകാലത്തിന്റെ വെറുമൊരു തുടര്‍ച്ച മാത്രമാക്കി തീര്‍ക്കുന്നു....

ഇതെന്റെ ആത്മലിഖിതങ്ങളാണ്‌......

ഗൃഹാതുരതത്തിന്റെ...

പ്രണയത്തിന്റെ .....

നിഷേധ ചിന്തകളുടെ......

അസഹ്യമായ ശൂന്യതയുടെ.....

ഏകാന്ത രേഖകള്‍ ......