Monday, 6 November, 2006

അബ്ര

അബ്ര


ധര്‍മസങ്കടങ്ങളുടെ മനുഷ്യജാഥകള്‍ കടന്നു പോകുന്ന
കടലിടുക്ക്‌ 
നിന്റെ ജലശയ്യകള്‍ക്കുമേല്‍ 
വിയര്‍പ്പു മഞ്ചലുകളില്‍
സ്വപ്നങ്ങളും 
സങ്കടങ്ങളും
കുത്തിനിറച്ച മന്ത്രവാഹിനികള്‍ 
തീയണയാത്ത ചക്രവാളം നോക്കി
സ്വന്തം നെഞ്ചില്‍നങ്കൂരമിട്ടിരിക്കുന്ന
കപ്പലോട്ടക്കാര്‍ക്കു മുന്നിലെ 
ഉപ്പുതോട്‌ - അബ്ര
                              : ജോയ്‌ മാത്യു

മൂന്നു മാസങ്ങള്‍ മാത്രം ദീര്‍ഘിച്ച ഹ്ര്വസ്വമായ പ്രവാസ ജീവിതത്തില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച കാഴ്ചയായിരുന്നു അബ്ര. ബര്‍ദുബായ്‌, ദേര എന്നീ ദേശങ്ങളെ വേര്‍തിരിക്കുന്ന കടലിടുക്ക്‌. നാട്ടിലെ കലഹിക്കുന്ന കടലിനെ മാത്രം കണ്ടു ശീലിച്ച എനിക്ക്‌ ദുബായിലെ ശാന്തമായ കടല്‍ ഒരു അത്ഭുതമായിരുന്നു. അതു കൊണ്ടു തന്നെ ആരോ കീറിയിട്ട പോലെ കിടക്കുന്ന ആ കടല്‍ ചാലിന്റെ ഭൂമിശാസ്ത്രവും എനിക്ക്‌ മനസ്സിലാവാന്‍ സമയമെടുത്തു. 'അന്‍പത്‌' ഫില്‍സ്‌ ഈടാക്കി യാത്രക്കാരെ അക്കരെ എത്തിക്കുന്ന 'ചങ്ങാട'ക്കാരിലധികവും ഇറാനികളോ ബംഗ്ലാദേശുകാരോ ആയിരുന്നു. വളരെ നിസ്സംഗരായ നാവികര്‍. ആദ്യ യാത്രയില്‍ തന്നെ അബ്ര എന്നെ വശീകരിച്ചു. ഒരു വ്യാഴാഴ്ച്ച വൈകുന്നേരം ദേരയില്‍ നിന്ന് ബര്‍ദുബായിലേക്ക്‌… അംബരചുംബിയായ ഒരു കെട്ടിടത്തിന്റെ പിന്നില്‍ നിന്നിറങ്ങി വന്നിരുന്ന പൂര്‍ണചന്ദ്രനെ ഒരു മായകാഴ്ച്ച പോലെ അബ്ര എനിക്ക്‌ കാട്ടി തന്നു. അപ്പോള്‍ നിലാവില്‍ വെട്ടിതിളങ്ങി കിടക്കുകയായിരുന്നു അബ്ര. ആരോ തുറന്നു വെച്ച ഒരു റേഡിയോയിലെ അമാനത്ത് അലിയുടെ മനോഹരമായ ഗസലിലേക്ക്‌ ചെവി തുറന്നായിരുന്നു ബര്‍ദുബായില്‍ ഞാന്‍ കടവിറങ്ങിയത്‌. ഉര്‍ദുവും പഷ്തൂണും കൊടിയത്തൂര്‍ മലയാളവും ഇടകലരുന്ന വാണിഭ സംഘങ്ങള്‍. പുരാവസ്തുക്കളും കരകൗശലവസ്‌തുക്കളും വില്‍ക്കുന്ന ഒന്നു രണ്ട്‌ അറബി വൃദ്ധരേയും അക്കൂട്ടത്തില്‍ കണ്ടു.അവര്‍, വ്യാപാരത്തിനായി കടലുകള്‍ താണ്ടിയിരുന്ന അവരുടെ പിതാമഹന്മാരുടെ പ്രച്ഛന്ന വേഷങ്ങളെ ഓര്‍മ്മിപ്പിച്ചു.

 അബ്ര മുറിച്ചു കടന്ന കുറേയധികം യാത്രകള്‍… എന്റെ സഹയാത്രികരിലധികവും ഒരേമുഖഭാവമുള്ളവരായിരുന്നു. ആകുലതകള്‍ മുഖചിത്രമാക്കിയവര്‍, ഇരുതീരങ്ങളിലുമുള്ള കാഴകളിലേക്ക്‌ കണ്ണുനട്ടാണിരിപ്പെങ്കിലും അവര്‍ക്കൊന്നും കാണാനാവുമായിരുന്നില്ല. ചിന്തകളില്‍ സ്വയം നഷ്ടപ്പെടുന്ന രണ്ടു മിനിറ്റിലെ യാത്രക്കു ശേഷം ഓരോരുത്തരും തന്താങ്ങളുടെ ജീവിതങ്ങളിലേക്ക്‌പിടഞ്ഞെണീറ്റ്‌ ആധികളുടെ യാത്ര തുടരുന്നു..

 ഓരോ യാത്രകളിലും അബ്രയെ പറ്റി കൂടുതലറിഞ്ഞു. അബ്രയുടെ അടിത്തട്ടിന്റെ ആഴമളന്ന നിര്‍ഭാഗ്യവാന്മാരെ കുറിച്ച്‌ കേട്ടു, അബ്രയിലെ പരപ്പില്‍ കീറിയെറിഞ്ഞ പ്രണയലേഖനങ്ങള്‍കണ്ടു, വെള്ളത്തിലൊഴുകി മഷി പരന്ന അവയിലെ അക്ഷരങ്ങളിലെ നിശ്വാസങ്ങള്‍ വായിച്ചു.. എത്രയെത്ര നിര്‍ഭാഗ്യവാന്മാരായ പ്രവാസികളുടെ കണ്ണുനീര്‍ ആ ലവണ ജലരാശിയില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ടാവും..?ഓര്‍മ്മകളാല്‍ വേട്ടയാടപ്പെട്ട,
പരാജയങ്ങളാല്‍ മനം തകര്‍ന്ന ദിനങ്ങളായിരുന്നു എനിക്ക്‌ ആ നാളുകള്‍..
ഒരിക്കലും മറക്കാനാവാത്ത ദിവസങ്ങള്‍........
 അവയെ കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ കണ്ണുനീര്‌ പാട കെട്ടിയ ആ കടല്‍ചാലിനെ കുറിച്ചും ഓര്‍ക്കാതിരിക്കുന്നതെങ്ങനെയാണ്‌ ?


 (ഭാഷാപോഷിണിയില്‍ വന്ന ജോയ് മാത്യുവിന്റെ കവിത വായിച്ച് മാസങ്ങള്‍ക്കകമായിരുന്നു ആദ്യമായി അബ്ര കണ്ടത്. കവിത വായിച്ച ഓര്‍മയില്‍ എഴുതിയത്. പിന്നീട് പടങ്ങളെടുത്തു തന്നത് ബിക്കി..)

1 comment:

  1. This comment has been removed by the author.

    ReplyDelete