Monday 30 October 2006

യൂത്ത് ഫെസ്റ്റിവല്‍

" ജഡ്ജസ് പ്ലീസ് നോട്ട്...
യൂ പി വിഭാഗം മലയാളം പദ്യം ചൊല്ലലില്‍
അടുത്തതായി ചെസ്റ്റ് നമ്പര്‍ 'ഇരുപത്തി രണ്ട് '.. കമറുദ്ദീന്‍ എട്ടാന്തറയില്‍ .. ഏഴ് ബി.."
നാമിപ്പോള്‍ കോളാമ്പി മൈക്കിലൂടെ കേട്ട ഈ സ്ത്രൈണത മുറ്റിയ ശബ്ദം ചെറിയാന്‍ മാഷുടേതാണ്‌ . വേദി കൊച്ചനൂര്‍ ഹൈസ്കൂള്‍ യുവജനോല്‍സവം . വര്‍ഷം 1989..
............ .................. ................ ................ ...............
കമറു മൈക്കിനു മുമ്പില്‍ ചെന്നു നിന്നു. സ്റ്റേജിലാകെ ഒരു തരം ചുവന്ന വെളിച്ചം .
മുന്നിലെ കര്‍ട്ടന്‍ ഭീമാകാരമായ ഒരു കോട്ട പൊലെ കമറുവിനനുഭവപ്പെട്ടു.
" ചെറുതായി വിറയലനുഭവപ്പെടുന്നുണ്ടോ ? " ...ഏയ്‌ ഇല്ല അതൊരു തോന്നല്‍ മാത്രമാണ്‌ .
കര്‍ട്ടന്‍ പൊക്കുവാന്‍ ചെറിയാന്‍ മാഷ് ആംഗ്യം കാട്ടി. ചുവന്ന കര്‍ട്ടന്‍ പതുക്കെ പൊങ്ങും തോറും കമറുവിന്റെ നെഞ്ഞിടിപ്പും ധ്രുതഗതിയിലായി. പുറത്ത് കത്തുന്ന പകല്‍ വെളിച്ചം . മഞ്ഞളിച്ചു പോയ കണ്ണുകള്‍ കമറു സദസ്സിലേക്ക് തുറന്നു.
...റബ്ബേ...എന്താണിത്‌?..മുന്നിലൊരു കടല്‍ ..എണ്ണമറ്റ തലകള്‍ ..എല്ലാവരും എന്നെ തെന്നെയാണല്ലൊ നോക്കുന്നത്?
മുന്നിലുള്ള തലകളുടെ കടല്‍ ഇരമ്പുന്നുണ്ട്..
ഇരു കാല്‍മുട്ടുകളെയും ശരിക്ക് വിറയല്‍ ബാധിച്ചിരിക്കുന്നു...തൊണ്ട വരളുന്നുമുണ്ട്.
വെറൊരു കാര്യം കൂടി കമറു ഞെട്ടലൊടെ മനസ്സിലാക്കി...താന്‍ ചൊല്ലേണ്ട പദ്യത്തിന്റെ ആദ്യത്തെ വരി തന്നെ മറന്നു പോയിരിക്കുന്നു... മൈക്കിനു മുമ്പില്‍ അന്തം വിട്ടു നില്‌ക്കുന്ന കമറുവിനെ അധികനേരമൊന്നും ക്ഷമയോടെ നോക്കിനില്ക്കാന്‍ കുട്ടികള്‍ക്കാവുമായിരുന്നില്ല. അവര്‍ അവനെ കളിയാക്കി ചിരിക്കാന്‍ തുടങ്ങി, അതു പിന്നെ കൂവലുകളായി മാറാന്‍ അധികം താമസമുണ്ടായില്ല.
ഹാവൂ...വിശപ്പില്ലേ..
കാച്ചിയ പാലിതാ...
തൂവെള്ളി കിണ്ണത്തില്‍ ....
അവസാനം കമറുവിന്റെ 'കിളിക്കൂറ്റ് ' കുട്ടികള്‍ക്കു മുന്നില്‍ ചിന്നം വിളിച്ചു.
തൂവെള്ളി കിണ്ണത്തില്‍ ....
തൂവെള്ളി കിണ്ണത്തില്‍ ....
തൂവെള്ളി കിണ്ണത്തില്‍ എന്താണ്`?
നാശം..
പദ്യത്തിന്റെ വണ്ടി എവിടെയോ ഇടിച്ചു നിന്നിരിക്കുന്നു..
കാലുകള്‍ക്കു ചുറ്റു നിന്നും ഒരു ആവിയെടുക്കുന്നതായി കമറുവിനനുഭവപ്പെട്ടു..
പുതിയ ഇളം പച്ച ഷര്‍ട്ട് വിയര്‍പ്പില്‍ കുതിര്‍ന്നിരിക്കുന്നു.
കമറു ഒരു ആശ്രയത്തിനായി ചുറ്റും പരതി.
സൈദാബി ടീച്ചര്‍ ചിരിയടക്കാന്‍ പാടുപെടുന്നു.
റബ്ബേ... നിന്ന നില്‍പ്പില്‍ അങ്ങു താഴ്ന്നു പോകാന്‍ പറ്റിയിരുന്നെങ്കില്‍ .. എത്റ നന്നായിരുന്നു...
കമറു ആശിച്ചു.
ഇവിടുന്നൊന്ന് ഓടിരക്ഷപ്പെടണമെന്നുണ്ട്. പക്ഷെ കാലുകള്‍ തറയില്‍ ഒടിപ്പിടിച്ചിരിക്കുന്ന പോലെ..
കുട്ടികളുടെ കൂക്കുവിളികളും ചിരികളും കാതില്‍ വന്നലക്കുന്നു. ദയനീയമായി അങ്ങോട്ട് മുഖം തിരിച്ച
കമറു മുന്നില്‍ കണ്ട കാഴ്ച മനസ്സ് പിളര്‍ക്കുന്നതായിരുന്നു.
ഏറ്റവും മുന്നിലെ ബന്ചിലിരുന്ന് 'സിമി' തന്നെ കളിയാക്കി തലതല്ലി ചിരിക്കുന്നു.
"ദുഷ്ട.."
അവള്‍ക്കു വേണ്ടി 'ലാങ്കി' പൂ പൊട്ടിക്കാന്‍ കയറിയപ്പോള്‍ മരകൊമ്പ് കൊണ്ട് കീറിയാണ്‌
കാലിന്റെ അടിവശത്ത് നീളെനെയുള്ള ഈ മുറിവ് കിട്ടിയത്.
എന്നിട്ടാണ്...
കമറുവിന്‌ സങ്കടം ചങ്കില്‍ വന്ന്‌ മുട്ടി.
മഞ്ഞച്ചു പോയ കണ്ണിലൂടെ മുന്നില്‍ കാണുന്നതെല്ലാം അവ്യക്തമാവുന്നു.
ചെവിക്കു ചുറ്റും ഇപ്പോള്‍ ഒരു മൂളിച്ച മാത്രം.
"ഹാവൂ..വിശപ്പില്ലേ..
കാച്ചിയ പാലിതാ...

തൂവെള്ളി കിണ്ണത്തില്‍...
തൂവെള്ളി കിണ്ണത്തില്‍...
.....കിണ്ണത്തില്‍...
പിന്നെ ഒറ്റ കരച്ചില്‍ ..

Sunday 22 October 2006

ഉസ്‌കൂള്‍......


മഞ്ഞ പെയിന്റടിച്ച ഒരു കെട്ടിടം ,
എല്ലാ ജൂണ്‍ മാസവും അത് മഴയത്ത് കുളിച്ചൊരുങ്ങി നില്‍പ്പുണ്ടാവും
ഞങ്ങളെ വീണ്ടും വരവേല്‍ക്കാന്‍...
സ്കൂള്‍ മുറ്റത്തെ വാക മരവും മാവും കൂടെയുണ്ടാവും...
പഴയ ഇലകളെല്ലാം പൊഴിച്ചു കളഞ്ഞ് , തളിരിലകള്‍ ചൂടി സുന്ദരികളായി...
നനഞ്ഞ് ചോരുന്ന ക്ലാസ് മുറികള്‍ ..

മഴയുടെ ശബ്ദത്തോട്‌ കലരുന്ന രണ്ടു മാസമായി പറയാന്‍ ബാക്കിയുള്ള ' വിശേഷങ്ങള്‍ '

പുത്തന്‍ പുസ്തകങ്ങളുടെ മണം ..

പുതിയ ശബ്ദങ്ങളോടെ പഴയ പ്രാര്‍ത്ഥന...
രണ്ടു മാസമായി ശബ്ദം നഷ്ടപ്പെട്ട് മൂകരായിരുന്ന ക്ലാസ് മുറികളും വരാന്തയും

ഇനി ശബ്ദം വീണ്ടെടുക്കും .

.ഓരൊ ഇടവേളകള്‍ക്കും മണിയടിക്കുമ്പോള്‍ ആരവമുയര്‍ത്തും ...

ഓരോ ബെന്ചിനും ഓരോ ഡെസ്കിനും


എത്രെയെത്ര ശരീരഭാഷകളെ കുറിച്ചറിയാമായിരിക്കും ....


ബ്ലാക് ബോര്‍ഡുകള്‍ക്ക് എത്രെയെത്ര പാഠങ്ങള്‍ മന:പാഠമായിരിക്കും


ഓരൊ ക്ലാസ് മുറിക്കും എത്രെയെത്രെ കഥകള്‍ പറയാനുണ്ടാവും ?"

........

"ഞാന്‍ നിനക്കൊരു മഷിത്തണ്ടു തരാം ...

പകരം നീയെനിക്ക് മുടിയില്‍ ചൂടിയ ആ ചെമ്പക പൂവ് തരുമോ? "


Wednesday 18 October 2006

ഓര്‍മ്മചെപ്പ്

" ഇവിടെ ഉണ്ട് ഞാനെന്നറിയിക്കുവാന്‍
വെറുമൊരു കൂവല്‍ മാത്രം മതി. ...
ഇവിടെയുണ്ടായിരുന്നെന്നതിന്‍ സാക്ഷ്യമായ്
അടയിരുന്നതിന്‍ ചൂടു മാത്രം മതി ..
ഇതിലും ലളിതമായെങ്ങിനെ കിളികളാവിഷ്കരിക്കുന്നു ജീവനെ? "
പി. പി. രാമചന്ദ്രന്‍
19 Oct 2006, Bangalore

ഓര്‍മ്മകള്‍ പലതും നെഞ്ഞിനെയിട്ട് നീറ്റും ..
...എന്നാലും ചില നല്ല ഓര്‍മ്മകള്‍ .. .... മറന്നു പോയവ,
ചിലപ്പൊഴൊക്കെ കണ്‍മുന്നില്‍ വീണ്ടും തെളിഞ്ഞു വരും ...
പ്രസാദമധുരമായ ഓര്‍മ്മകള്‍ ..മറന്നു തുടങ്ങിയ ചില ഗന്ധങ്ങള്‍ ...ദൃശ്യങ്ങള്‍ ..
അവയിലൂടെയെല്ലാം... ഭൂതകാലത്തെ സ്പര്‍ശിക്കാനാവുന്നുണ്ട്.
ഉമ്മ മടിയിലിരുത്തി വാരി തന്നിരുന്ന,
വെളിച്ചെണ്ണ ചേര്‍ത്തു കുഴച്ച ചോറുരുളയുടെ ഗന്ധം ...
ആ ഒറ്റ ഗന്ധത്തിന്റെ ഓര്‍മ്മയിലൂടെ
ഒരു കുട്ടിക്കാലത്തെ മുഴുവനായി വാസനിച്ചെടുക്കാന്‍ എനിക്ക് കഴിയുന്നുണ്ട്..
മഴച്ചാലുകളിലെ കടലാസുതോണികള്‍..,

തോര്‍ത്തുവലയില്‍ പിടയുന്ന പരല്‍ മീന്‍ തിളക്കം... ....

വേനലിലെ പുന്ചപ്പാടം,

....പനന്തത്തകള്‍ക്കൊരുക്കുന്ന ഓലക്കെണികള്‍..

ഓരോരോ ദൃശ്യങ്ങളും ബാല്യകൂതൂഹലങ്ങളിലേക്ക് മനസ്സിനെ വീണ്ടും വലിച്ചടുപ്പിക്കുന്നു.

ഇവിടെ ഈ പുകപടലങ്ങള്‍ക്കിടയിലും


ഒരു വൈക്കോല്‍ മണം എനിക്ക് വാസനിച്ചെടുക്കാന്‍ കഴിയുന്നുണ്ട്‌.


ഉറക്കം വരാതെ ഈ തണുത്ത വെളുപ്പാന്‍ കാലത്തിരുന്ന് ..


എന്റെ വീടിന്റെ മുറ്റത്ത് , മണലില്‍ മാങ്കൊമ്പുകളുടെ ചിത്രം വരച്ചിടുന്ന


ധനു മാസ നിലാവിനെ കുറിച്ചോര്‍ത്തു പോവുന്നു...

Saturday 7 October 2006

ആത്മലിഖിതങ്ങള്‍ ...

15 Oct 2006
Bangalore,

" മറന്നു പോകാത്തതെന്തെങ്കിലും ബാക്കി വെച്ചാല്‍

വീണ്ടും കണ്ടുമുട്ടുമ്പോള്‍ പറഞ്ഞിരിക്കാമായിരുന്നു.

എന്റെയൊരു വാക്കും , നിന്റെയൊരു നോക്കും

പണ്ടു കണ്ട കിനാവും അയവിറക്കാമായിരുന്നു."

:സുപര്‍ണ വാര്യര്‍. (വഴി)

ഓരോ ദിവസവും പുതുതായി കാണുന്ന കിനാവുകളാണ്‌

ജീവിതത്തെ വീണ്ടും ആര്‍ത്തിയോടെ പുണരാന്‍ നമ്മെ പഠിപ്പിക്കുന്നത് .

സ്വപ്നങ്ങള്‍ ജീവിതത്തിന്‌ ഇന്ധനമാവുന്നു..

എന്റെ ജീവിതം ഒരു സ്വപ്നാടനം മാത്രമായിരുന്നു....നഷ്ടങ്ങളും , കളഞ്ഞു പോയ പ്രണയത്തിന്റെ തുണ്ടുകളും എന്റെ വര്‍ത്തമാന ജീവിതത്തെ സങ്കടം നിറഞ്ഞ ഭൂതകാലത്തിന്റെ വെറുമൊരു തുടര്‍ച്ച മാത്രമാക്കി തീര്‍ക്കുന്നു....

ഇതെന്റെ ആത്മലിഖിതങ്ങളാണ്‌......

ഗൃഹാതുരതത്തിന്റെ...

പ്രണയത്തിന്റെ .....

നിഷേധ ചിന്തകളുടെ......

അസഹ്യമായ ശൂന്യതയുടെ.....

ഏകാന്ത രേഖകള്‍ ......