ഉരുണ്ടു വീര്‍ത്ത
ഒരു തുകല്‍പ്പന്തിനു പിന്നാലെ
ഞങ്ങള്‍ ഓടിയോടി വര്‍ഷങ്ങള്‍ പിന്നിട്ടു
ഓരോ മണല്‍ത്തരിയിലും
അനേകങ്ങളുടെ കാലുകള്‍
അനേകവട്ടം പതിഞ്ഞു
എന്നിട്ടും ആ
അറുപതു സെന്റിന്റെ യാത്രാവിവരണം
ആരും എഴുതിയില്ല.
പി എന്‍ ഗോപീകൃഷ്ണന്

പണ്ട് അതൊരു വിരിപ്പുകണ്ടമായിരുന്നു.
പിന്നീടെപ്പോഴോ ചെമ്മണ്ണിട്ടു നികത്തി.
പന്തുകള്‍ക്കു പിറകേ പാഞ്ഞ ഒരുപാട് കാലുകള്‍
പൊങ്ങി നിന്നിരുന്ന ചരല്‍കല്ലുകളെ നിരപ്പാക്കി തീര്‍ത്തു.
അങ്ങനെ ഉണ്ടായി തീര്‍ന്നതാണ് ഞങ്ങളുടെ ഗ്രൌണ്ട്.
ഫ്രാങ്ക് ലാംപാര്‍ഡ് ചെല്‍സിക്കു വേണ്ടി ചാമ്പ്യന്‍സ് ലീഗില്‍
സീറോ ആംഗിളില്‍ നിന്നു ഗോളടിക്കുന്നത് ഈ എസ് പി എന്നില്‍ കണ്ട്
അതിശയപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ,
'ഷൈജു' യുവശക്തി കൊച്ചനൂരിനു വേണ്ടി അതേ ആംഗിളില്‍
ഇടങ്കാലു കൊണ്ട് ഗോളടിച്ചു കയറ്റിയത് ഞാന്‍ കണ്ടിട്ടുണ്ട്.
ഈ മഹേന്ദ്രസിങ് ധോനിയൊക്കെ വരുന്നതിനും മുമ്പ്
ബൌളര്‍ റണ്ണപ്പ് തുടങ്ങിയാല്‍
'പിച്ചിന്റെ ' മധ്യത്തിലേക്ക് നടന്നു ചെന്നു ഫ്രണ്ട്ഫൂട്ടില്‍ സിക്സറടിച്ചിരുന്ന
ഹാര്‍ഡ് ഹിറ്റര്‍ 'ഫക്രു'...
അതെ..
ഞങ്ങള്‍ക്ക് ' വെംബ്ളിയും' ' ഈഡന്‍ഗാര്‍ഡന്‍സും '
എല്ലാം ആ ചരല് മൈതാനമായിരുന്നു.
മീന ചൂടേറ്റ് വാടികരിഞ്ഞ നട്ടുച്ചകള്‍ ...
ഓരോ വിജയങ്ങളിലും ഞങ്ങള്‍ ഹര്‍ഷപുളകിതരായി.
പരാജയങ്ങളില്‍ വ്യസനപ്പെട്ടു.
ഞങ്ങളുടെ ഗ്രൌണ്ടിന് ഒരു ആത്മാവുണ്ടാവുമായിരുന്നെങ്കില്‍
എന്തായിരിക്കും അതിന്റെ ഓര്‍മ്മകളില്‍ ബാക്കിയുണ്ടാവുക?
കളിച്ചു 'വിരമിച്ച' ഓരോ തലമുറയുടെയും കാലടിപ്പാടുകള്‍ ..?
നെഞ്ഞിലേറ്റ് വാങ്ങിയ വീഴ്ചകള്‍ ...?
നിലക്കാത്ത ആരവങ്ങള്‍ .....?
...ആധാരമോ പട്ടയമോ വേണ്ടാതെ
ഞങ്ങളുടെ മൈതാനത്തിന്റെ ഉടമസ്ഥതയില്‍
ഒരു ആകാശമുണ്ടായിരുന്നു
പന്തുകള്‍ കൂടണഞ്ഞാല്‍
മലര്‍ന്നു കിടന്നു നോക്കാവുന്നത് അനുഭവിക്കാവുന്നത്

ഗ്രൌണ്ടില് രാത്രി മഞ്ഞു വീണു നനഞ്ഞ കറുകപ്പുല്ലുകള്‍ക്ക് മീതെ
മലര്‍ന്നു കിടന്നാല്‍ കാണുന്ന ആകാശം ...
അതിരുകളില്ലാത്ത ആ ആകാശത്തിനു കീഴെ അനുഭവിച്ച സുരക്ഷിതത്വം...
അവിടെ മിന്നി മിന്നി നിന്നിരുന്ന നക്ഷത്രങ്ങളെ
എണ്ണിതീര്‍ക്കാന്‍ നോക്കിയ രാത്രികള്‍ ..
ഇപ്പോള്‍
സൂര്യനേക്കാളും
ചന്ദ്രനേക്കാളും
ദൂരത്തായ
കൂട്ടുകാരെ,
ഞാനേ..
കൈപ്പുണ്യമുള്ള ഒരു അമ്മൂമ്മയെ പ്പോലെ
ജനത
പാചകം ചെയ്തെടുത്ത
ആ മൈതാനം
ഇപ്പോഴും
അവിടെയുണ്ടോ?
...ഗോപീ കൃഷ്ണന് നന്ദി.