Wednesday, 10 January, 2007

പാഠഭേദം


എനിക്കൊരു കൂട്ടുകാരിയുണ്ടായിരുന്നു.
ഇണങ്ങിയും പിണങ്ങിയും
ആത്മാവുകള്‍ പരസ്പരം കോര്‍ത്തെടുത്തും
ഞങ്ങള്‍ പ്രണയിച്ചു പോന്നു.
ജീവിതത്തെ പഠിക്കാന്‍ ശ്രമിച്ച് ഞാന്‍
നിരന്തരം പരാജയപ്പെടുന്നതിനിടക്കെന്നോ
അവള്‍ വൈദ്യശാസ്ത്രം പഠിക്കാന്‍ പോയി.
ഞങ്ങള്‍ക്കിടയിലെ പ്രണയത്തിന്റെ രസതന്ത്രം
തലച്ചോറിലെ ഏതോ ഹോര്‍മോണിന്റെ
വിക്രിയകള്‍ മാത്രമായിരുന്നെന്ന്‌
ബയോകെമിസ്ട്രി ടെക്‌സ്റ്റ് പുസ്തകത്തില്‍ നിന്ന്‌
ഒരു ദിവസം അവള്‍ തിരിച്ചറിഞ്ഞു.
അപ്പോഴവള്‍ അവളെ വരിഞ്ഞു മുറുക്കിയിരുന്ന
എന്തൊ ഒന്നിന്റെ ചുറ്റുകള്‍
ഓരോന്നോരോന്നായി അഴിച്ചെടുത്തു.
അതൊരു ബന്ധനമായിരുന്നെന്നും
ഞാന്‍ നിന്നില്‍ നിന്നും
സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നുവെന്നും
അവള്‍ എന്നെയറിയിച്ചു.
അതോടെ,
ഞാന്‍ അവള്‍ക്കു മുമ്പിലെ സര്‍ജറിമേശയിലെ
കെഡാവറായി മാറി.
വിറങ്ങലിച്ചു കഴിഞ്ഞിരുന്ന എന്റെ ഹൃദയത്തെ
അവളൊരു കത്തി കൊണ്ട് കീറിമുറിച്ചു.
എന്നിട്ടതില്‍ നിന്ന്‌ ,
തന്ന സ്വപ്നങ്ങളെയെല്ലാം അവള്‍ തിരിച്ചെടുത്തു.
പക്ഷേ..
ഓര്‍മ്മകളുടെ സന്ദേശങ്ങളെ വഹിക്കുന്ന
ഞരമ്പുകളെ മുറിച്ചിടാന്‍
അവള്‍ മറന്നു പോയതുകൊണ്ടായിരിക്കണം
എനിക്കിപ്പോഴും അവളെ ഓര്‍മ്മ വരുന്നുണ്ട്.

19 comments:

 1. സുനില്‍ കൃഷ്ണന്‍10 January 2007 at 9:05 PM

  ആദ്യം കണ്ടപൂച്ച ഒടുവില്‍ പുലിയായി എന്നെ തിന്നു.

  ReplyDelete
 2. നല്ല അനുഭവം,നല്ല ഭാഷ,അഭിനന്ദനങ്ങള്‍

  ReplyDelete
 3. അവള്‍ ഹൃദയത്തിന് മാത്രം അടി തന്നതുകൊണ്ടാവും. തലയ്ക്കടിക്കാന്‍ അവള്‍ മറന്നു. അതുകൊണ്ട് ഓര്‍മ്മകള്‍ ഓടിപ്പോയില്ല.

  നന്നായിട്ടുണ്ട് മംസീ :)

  ReplyDelete
 4. പക്ഷേ..
  ഓര്‍മ്മകളുടെ സന്ദേശങ്ങളെ വഹിക്കുന്ന
  ഞരമ്പുകളെ മുറിച്ചിടാന്‍
  അവള്‍ മറന്നു പോയതുകൊണ്ടായിരിക്കണം
  എനിക്കിപ്പോഴും അവളെ ഓര്‍മ്മ വരുന്നുണ്ട്.
  മനോഹരം

  ReplyDelete
 5. മംസീ... ഇതു നല്ല കഥ.. അവള്‍ ഓര്‍മ്മകള്‍ എങ്കിലും ബാക്കിവെച്ചില്ലെ.. സന്തോഷിക്ക്..അതുകൂടി ഇല്ലാരുന്നേല്‍ ..ആ തന്മാത്ര യിലെ മോഹന്‍ലാലിനെ പോലെ..കാര്യം കഷ്ടായേനെ....മാത്രമല്ല്ല ഇപ്പൊ ഇതു എഴുതാന്‍ ഒക്കുമാരുന്നോ... ഈ ഓര്‍മ്മകളും അവള്‍ തന്നതല്ലെ...ഏത് :)

  ReplyDelete
 6. സുനില്‍ കൃഷ്ണന്‍,വല്ല്യമ്മായി,സൂ ചേച്ചി,അത്തിക്കുര്‍ശി, ഇട്ടിമാളു, സന്ദര്‍ശിച്ചതിനും അഭിപ്രായങ്ങള്‍ എഴുതിയതിനും നന്ദി..

  ReplyDelete
 7. മംസി വരാന്‍ വൈകി
  എന്നും ഞാനങ്ങനെയാ സദ്യകഴിഞ്ഞിട്ടേ എവിടേയും എത്തൂ
  എത്ര നന്നായിരിക്കുന്നു
  വാക്കുകള്‍ക്ക് മൂര്‍ച്ച
  സ്നേഹം മസ്തിഷ്ക്കത്തിന്‍റെ വെറും വികൃതികളാണന്ന തിരിച്ചറിവില്‍ തകരുന്നത് താജ്മഹള്‍ അല്ലേ
  ലൈലയും മജ്നുവുമെല്ലാം നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ജീവിച്ചുമരിച്ചത് നന്നായി .. ഈ കാലത്തായിരുന്നെങ്കില്‍ നമ്മുക്കീ കഥകള്‍ അന്യമാവുമായിരുന്നു .. ഉമ്പായിയുടെ ഗസലുകള്‍ക്ക് മാധുര്യം ഉണ്ടാവുമായിരുന്നില്ല
  എത്ര ഹൃദ്യമാണ് മംസിന്‍റെ വരികള്‍
  ഹൃദരാഗങ്ങള്‍ ഇനിയും പെയ്തിറങ്ങട്ടെ...

  ReplyDelete
 8. ആ ഓര്‍മ്മ ഒരിക്കല്‍ പോലും അവളെ നോവിക്കാതിരുന്നെങ്കില്‍...

  നന്നായിരിക്കുന്നു.

  ReplyDelete
 9. വിചാരം ,നല്ല വാക്കുകള്‍ക്ക് നന്ദി. വീണ്ടും വരിക.. ഇത്തിരിവെട്ടം നന്ദി..
  താങ്കളെ പോലുള്ള ഒരു സീനിയറിന്റെ അഭിനന്ദനം ഒരു അംഗീകാരമായി കരുതുന്നു.

  ReplyDelete
 10. മുജീബ്.. പാഠഭേദം ഒരു നല്ല അനുഭവം.
  ഒരു സംശയം.
  താങ്കള്‍ മുജീബ് പെരുമ്പറമ്പ് ആണൊ??
  ആണെങ്കില്‍ താങ്കളെ എനിക്കറിയാം. എന്നെ താങ്കള്‍ക്കും.

  ReplyDelete
 11. സന്ദര്‍ശിച്ചതിന്‍ നന്ദി ഇരിങ്ങല്‍..
  എനിക്ക് നിങ്ങളെ അറിയാം. എങ്ങനെയാണെന്നു വച്ചാല്‍,
  ഞാന്‍ താങ്കളുടെ ബ്ളോഗ് താല്‍പര്യപൂര്‍വ്വം ശ്രദ്ധിക്കാറുണ്ട്.
  താങ്കള്‍ ഉദ്ദേശിച്ച ആള്‍ എന്റെ നാട്ടുകാരനായ മുസ്തഫ പെരുമ്പറമ്പത്ത് ആണെന്നു തോന്നുന്നു.

  ReplyDelete
 12. മുസ്തഫ് പെരുമ്പറമ്പിനെ കൂടാതെ മുജീപ് പെരുമ്പറമ്പെന്ന ഒരു സുഹൃത്ത് ഉണ്ടായിരുന്നു.

  10 വര്‍ഷം മുമ്പ് ആയിരുന്നു. അന്ന് ഞങ്ങള്‍
  അഷറഫ് ആഡൂര്‍ (കുറുങ്കഥകളില്‍ കേരളത്തില്‍ ഇന്ന് അറിയപ്പെടുന്ന കഥകൃത്ത്), ഒ. എം. രാമകൃഷണന്‍ (കവി)നാസര്‍ കൂടാളി (കഥയും കവിതയും എഴുതും. ഇപ്പോള്‍ ഒമാനില്‍)പിന്നെയും കുറേ കൂട്ടുകാ‍ര്‍ സാഹിത്യ ചര്‍ച്ചകളില്‍ ഒത്തുകൂടുമായിരുന്നു.

  അന്ന് മുജീബിന്‍റെയും എന്‍റെയും കഥകള്‍ ദേശാഭിമാനിയില്‍ പലപ്പോഴും ഒരോ സമയം വരാറുണ്ട്. പിന്നെ പ്രവാസത്തിലേക്ക് കുടിയേറിയപ്പോള്‍ പല സൌഹൃദ കൂട്ടായ്മകളും നഷ്ടപ്പെട്ടു.

  താങ്കളുടെ പേര്‍ മുജീബ് എന്നും പെരുമ്പറമ്പ് ആണെന്നും അറിഞ്ഞപ്പോള്‍ ചോദിച്ചതാണ്.

  എന്തായാലും സന്തോഷം. ഒരാളെ പരിചയപ്പെടാന്‍ സാധിച്ചല്ലൊ. കൂടാതെ എന്‍റെ ബ്ലോഗ് വായിക്കാറുണ്ടെന്നറിയുന്നതില്‍ സന്തോഷം.

  വല്യ കാര്യമായൊന്നും എഴുത്തില്ല. വല്ലപ്പോഴും കുത്തിക്കുറിക്കുമെന്നുമാത്രം. അത് തന്നെ പലപ്പോഴും കമ്മ്യൂണിക്കേറ്റ് ചെയ്യാറുമില്ല. എങ്കിലും ജീവിച്ചിരിക്കുന്നുവെന്നതിന്‍റെ തെളിവായി എഴുതുന്നു. അഭിപ്രായം പറയുന്നു.

  ReplyDelete
 13. mumsy,
  നല്ല ഭാഷ.
  നന്നായി എഴുതിയിരിക്കുന്നു.

  ReplyDelete
 14. നന്നായിരിക്കുന്നു മുംസി..എത്ര ഭംഗിയായാണു നിങ്ങള്‍ എഴുതുന്നത്..

  ReplyDelete
 15. മുംസി.... എനിക്കിഷ്ടായി..ഈ വരികള് എനിക്കും ചേരുന്നു...
  ഷെമി.

  ReplyDelete
 16. അഭിനന്ദനങ്ങള്‍...നന്നായിട്ടുണ്ട്

  ReplyDelete
 17. onnum parayanilla muji..ellam nallathinanu..iniyum ezhuthuka

  ReplyDelete