Tuesday, 27 February, 2007

അമിട്ട്

തീചൂട്ട് പകര്‍ന്നു കഴിഞു..
ഇനി,
ഒരു തീനാളം വന്ന്‌ നെറ്റിയിലുമ്മ വെക്കുന്ന
സമയത്തിനായുള്ള കാത്തിരിപ്പ് മാത്രം.
അലോസരപ്പെടുത്തുന്ന ഈ മരണം
ഇഷ്ടമുണ്ടായിട്ടല്ല
പക്ഷേ..
ഒരുപാട്‌ അസ്വസ്ഥകളെ
ഒന്നിച്ചുള്ളിലൊതുക്കിയവന്‌
വിധിലിഖിതം വേറെയെന്താണ്‌?
തീ കത്തിച്ചാതാരെന്നോ?
അറിയില്ല
ആരായാലും സാരമില്ല
അല്ലെങ്കിലും അവരോട് പരിഭവിച്ചിട്ടെന്താണ്‌
ഒന്നുമില്ലെങ്കിലും ഉള്ളില്‍ വീര്‍പ്പുമുട്ടുന്ന
ഈ ഗന്ധകക്കൂട്ടുകളുടെ അസ്വസ്ഥകളെങ്കിലും
ഒന്ന്‌ തീര്‍ന്നുകിട്ടുമല്ലോ

Wednesday, 14 February, 2007

ഒരു യാത്രയുടെ ഓര്‍മ

നാളെ ഫെബ്രുവരി 14.. വലന്റൈന്‍സ് ഡേ ..


( എന്താണ്‌ ഈ പ്രണയദിനത്തില്‍ ഞാന്‍ എഴുതുക? )


ഇങ്ങനെ തുടങ്ങിയാലോ...?


" നിന്നെ കുറിച്ചുള്ള ഓര്‍മകളും നിന്റെ സ്നേഹം നിറഞ്ഞ ശബ്ദവും


ഞാന്‍ മറന്നു തുടങ്ങിയിരിക്കുന്നു.


എങ്കിലും ...ഇപ്പോഴും ജീവിതത്തിന്റെ ഓരോരോ ജാലകങ്ങളിലും


നിന്റെയൊരു ക്ഷണികദര്‍ശനം എനിക്ക് ലഭിക്കുന്നുണ്ട്. "മൂന്ന് വര്‍ഷം മുമ്പത്തെ ഒരു വലന്റൈന്‍ ഡേ..


തിരുപ്പതിയിലേക്ക് പോകുകയായിരുന്ന ഒരു പാസന്ചര്‍ ട്രെയിനിലെ വിന്‍ഡോ സീറ്റില്‍ ഞാന്‍...


എന്റെ മടിയില്‍ അരുമയായി തല വെച്ചുറങ്ങുന്നുണ്ടായിരുന്ന ഒരു കിളികുഞ്ഞ്...


അതിന്റെ കയ്യില്‍ ഉറക്കത്തിലും പിടിയയക്കാതെ രണ്ടുമൂന്ന് ചുവന്ന ട്യൂലിപ് പൂക്കള്‍ ..


(...അത് അന്ന്‌ രാവിലെ വളരെ നാടകീയമായി ഞാനവള്‍ക്ക് സമ്മാനിച്ചതായിരുന്നു. ഏതോ സിനിമയിലെ
ഷാറൂഖ്‌ ഖാന്റെ പ്രകടനത്തിന്റെ ഓര്‍മ്മയില്‍..)


...അവള്‍ എല്ലാം മറന്നുറങ്ങുകയായിരുന്ന ആ രണ്ടു മണിക്കൂര്‍ നേരം ഞാനായിരുന്നു ലോകത്തിലെ ഏറ്റവും വലിയ അഭിമാനിയായ മനുഷ്യന്‍ .....


നഷ്ട സ്മൃതികള്‍ വല്ലാതെ വേട്ടയാടുന്നതു കൊണ്ടാവണം കലണ്ടറിലെ ചില അക്കങ്ങളില്‍ മനസ് അറിയാതെ തടഞ്ഞു നില്‍ക്കുന്നത്. നാളെ വീണ്ടുമൊരു പ്രണയദിനം. നിറയെ പൂപ്പാടങ്ങളുള്ള, കരിമ്പാറക്കെട്ടുകളും പനമരങ്ങളും അതിരിടുന്ന,മഞ്ഞള്‍ മെഴുകിയ തെരുവുകളുള്ള ആ കൊച്ചു പട്ടണത്തില്‍ അവളുണ്ട്...
ഇപ്പോള്‍ ...
ചുരുണ്ട് കിടന്നുറങ്ങുന്നുണ്ടാവും എന്റെ കിളികുഞ്ഞ്....നാളെവീണ്ടുമൊരു പ്രണയദിനം.

ഞാനിവിടെ ഒറ്റക്കാണ്‌.

ആള്‍ക്കൂട്ടങ്ങളില്‍... ബഹളങ്ങളില്‍ ...മരുയാത്രകളില്‍...

എല്ലായിടത്തും നീ കൂട്ടിനില്ലാതെ തനിച്ച്..

വേവും വേനലും നിറഞ്ഞ നിരാര്‍ദ്രമായ ഈ ലോകത്തേക്കാണ്‌ നിയെന്നെ ഉപേക്ഷിച്ചത്.


ഇത്‌ നീ ഒരിക്കലും വായിക്കില്ലന്നറിയാം...
എങ്കിലും.. ഇത്രയും നിനക്കായി കുറിക്കാതിരിക്കാന്‍ ആവുന്നില്ല.
നന്ദി

സഹനത്തിന്...

കാരുണ്യത്തിന്‌...

സ്വപ്നങ്ങളില്‍ മാലാഖയായി വന്ന്‌

ഇന്നും ആത്മാവിന്‌ സൌഖ്യം പകരുന്നതിന്‌...


മാപ്പ്...

പിന്‍കഴുത്തിലുമ്മവെച്ച്
ചുട്ടുപൊള്ളിച്ചതിന്‌..
നിന്റെ ഓര്‍മകളില്‍ നിന്ന്‌

എത്ര ചുരണ്ടി കളഞ്ഞിട്ടും

മായാത്ത കറുത്ത വടുവായി

ഇന്നും

ജീവിക്കുന്നതിന്‌.....

Thursday, 1 February, 2007

ചെടിയും ഇലയും

അറിയാമോ
ചെടിയും ഇലയും
വേറെ വേറെത്തന്നെയെന്ന്‌...?
ഉള്ളിലെപ്പച്ച
മങ്ങി മങ്ങി
മഞ്ഞയായായി തുടങ്ങുമ്പോള്‍
ഒരോ ഇലയും വ്യസനിക്കും;
കൈവിടല്ലേയെന്ന്‌
ചെടിയോട് കേഴും..
ഓജസ്സ് വറ്റി
ആര്‍ക്കും വേണ്ടാതാവുമ്പോഴും
വീഴാതെ അള്ളിപ്പിടിക്കും
ഒരു കാറ്റ് വന്ന്‌
കൊഴിച്ചിടും വരെ.
ചെടിയാവട്ടെ
പോകുന്നവര്‍
പോവട്ടെയെന്നും കരുതി
പുതിയവര്‍ തളിരിട്ടു
വരുന്നതും കാത്തിരിക്കും.