Wednesday, 14 February, 2007

ഒരു യാത്രയുടെ ഓര്‍മ

നാളെ ഫെബ്രുവരി 14.. വലന്റൈന്‍സ് ഡേ ..


( എന്താണ്‌ ഈ പ്രണയദിനത്തില്‍ ഞാന്‍ എഴുതുക? )


ഇങ്ങനെ തുടങ്ങിയാലോ...?


" നിന്നെ കുറിച്ചുള്ള ഓര്‍മകളും നിന്റെ സ്നേഹം നിറഞ്ഞ ശബ്ദവും


ഞാന്‍ മറന്നു തുടങ്ങിയിരിക്കുന്നു.


എങ്കിലും ...ഇപ്പോഴും ജീവിതത്തിന്റെ ഓരോരോ ജാലകങ്ങളിലും


നിന്റെയൊരു ക്ഷണികദര്‍ശനം എനിക്ക് ലഭിക്കുന്നുണ്ട്. "മൂന്ന് വര്‍ഷം മുമ്പത്തെ ഒരു വലന്റൈന്‍ ഡേ..


തിരുപ്പതിയിലേക്ക് പോകുകയായിരുന്ന ഒരു പാസന്ചര്‍ ട്രെയിനിലെ വിന്‍ഡോ സീറ്റില്‍ ഞാന്‍...


എന്റെ മടിയില്‍ അരുമയായി തല വെച്ചുറങ്ങുന്നുണ്ടായിരുന്ന ഒരു കിളികുഞ്ഞ്...


അതിന്റെ കയ്യില്‍ ഉറക്കത്തിലും പിടിയയക്കാതെ രണ്ടുമൂന്ന് ചുവന്ന ട്യൂലിപ് പൂക്കള്‍ ..


(...അത് അന്ന്‌ രാവിലെ വളരെ നാടകീയമായി ഞാനവള്‍ക്ക് സമ്മാനിച്ചതായിരുന്നു. ഏതോ സിനിമയിലെ
ഷാറൂഖ്‌ ഖാന്റെ പ്രകടനത്തിന്റെ ഓര്‍മ്മയില്‍..)


...അവള്‍ എല്ലാം മറന്നുറങ്ങുകയായിരുന്ന ആ രണ്ടു മണിക്കൂര്‍ നേരം ഞാനായിരുന്നു ലോകത്തിലെ ഏറ്റവും വലിയ അഭിമാനിയായ മനുഷ്യന്‍ .....


നഷ്ട സ്മൃതികള്‍ വല്ലാതെ വേട്ടയാടുന്നതു കൊണ്ടാവണം കലണ്ടറിലെ ചില അക്കങ്ങളില്‍ മനസ് അറിയാതെ തടഞ്ഞു നില്‍ക്കുന്നത്. നാളെ വീണ്ടുമൊരു പ്രണയദിനം. നിറയെ പൂപ്പാടങ്ങളുള്ള, കരിമ്പാറക്കെട്ടുകളും പനമരങ്ങളും അതിരിടുന്ന,മഞ്ഞള്‍ മെഴുകിയ തെരുവുകളുള്ള ആ കൊച്ചു പട്ടണത്തില്‍ അവളുണ്ട്...
ഇപ്പോള്‍ ...
ചുരുണ്ട് കിടന്നുറങ്ങുന്നുണ്ടാവും എന്റെ കിളികുഞ്ഞ്....നാളെവീണ്ടുമൊരു പ്രണയദിനം.

ഞാനിവിടെ ഒറ്റക്കാണ്‌.

ആള്‍ക്കൂട്ടങ്ങളില്‍... ബഹളങ്ങളില്‍ ...മരുയാത്രകളില്‍...

എല്ലായിടത്തും നീ കൂട്ടിനില്ലാതെ തനിച്ച്..

വേവും വേനലും നിറഞ്ഞ നിരാര്‍ദ്രമായ ഈ ലോകത്തേക്കാണ്‌ നിയെന്നെ ഉപേക്ഷിച്ചത്.


ഇത്‌ നീ ഒരിക്കലും വായിക്കില്ലന്നറിയാം...
എങ്കിലും.. ഇത്രയും നിനക്കായി കുറിക്കാതിരിക്കാന്‍ ആവുന്നില്ല.
നന്ദി

സഹനത്തിന്...

കാരുണ്യത്തിന്‌...

സ്വപ്നങ്ങളില്‍ മാലാഖയായി വന്ന്‌

ഇന്നും ആത്മാവിന്‌ സൌഖ്യം പകരുന്നതിന്‌...


മാപ്പ്...

പിന്‍കഴുത്തിലുമ്മവെച്ച്
ചുട്ടുപൊള്ളിച്ചതിന്‌..
നിന്റെ ഓര്‍മകളില്‍ നിന്ന്‌

എത്ര ചുരണ്ടി കളഞ്ഞിട്ടും

മായാത്ത കറുത്ത വടുവായി

ഇന്നും

ജീവിക്കുന്നതിന്‌.....

12 comments:

 1. പുതിയ പോസ്റ്റ്..

  ReplyDelete
 2. മുംസീ നന്നായിരിക്കുന്നു.

  “മാപ്പ്...
  ഉമ്മ വെച്ചുമ്മവെച്ച്
  പുറങ്കഴുത്ത്‌ പൊള്ളിച്ചതിന്`...“

  -സുല്‍

  ReplyDelete
 3. "അരുത്
  നീ വീണ്ടുമെന്നില്‍ വിളിച്ചുണര്‍ത്തരുത്..."
  (ചുള്ളിക്കാട്)

  ReplyDelete
 4. മുംസിയുടെ കവിത വായിച്ചപ്പോള്‍ ഓര്‍ത്തത് ചുള്ളിക്കാടിന്റെ വരികളാണ്.

  കത്തുന്ന ചുംബനം കൊണ്ടു നീ പണ്ടെന്റെ കയ്ക്കുന്ന പ്രാണനെ ചുട്ടുപൊള്ളിച്ചതും,
  കണ്ണിന്റെ നക്ഷത്രജാലകത്തില്‍കൂടി ജന്മാന്തരങ്ങളെ കണ്ടു മൂര്‍ച്ചിച്ചതും...

  ReplyDelete
 5. മുംസി എന്നാണല്ലേ?

  ഓര്‍മ്മകളിലെ ആ കറുത്ത വടുവിനെ അവളിടയ്ക്ക് തലോടുന്നതിനും ഒരു നന്ദി പറയാമായിരുന്നു.

  ReplyDelete
 6. വിരഹം അങ്ങിനെയാണ്‌.
  ഹൃദയം പറിച്ചെടുക്കുന്ന വേദന...

  ReplyDelete
 7. സുല്‍ ഇക്ക, സൂ ചേച്ചി, കണ്ണൂരാന്‍ , സുനില്‍ , ഇട്ടിമാളു, പടിപ്പുര, ....
  വായിച്ചതിനും അഭിപ്രായങ്ങളെഴുതിയതിനും നന്ദി...

  ReplyDelete
 8. പ്രണയവും കത്തുന്ന ചുംബനങ്ങളും..
  വിരഹവും മായാത്ത കറുത്ത വടുക്കളും..
  ഓറ്മ്മകളും!!

  ReplyDelete
 9. ആമി വന്നതിന്‌ നന്ദി.
  സുനില്‍ , ഞാനിപ്പോള്‍ എഴുതണമെന്ന്‌ വിചാരിച്ച പലതുമാണ്‌ ചുള്ളിക്കാട് കാല്‍നൂറ്റാണ്ട്‌ മുമ്പ് എഴുതി തീര്‍ത്തത്.
  പ്രണയം വേദനാജനകമാണ്‌..അതോടൊപ്പം ... ചുള്ളിക്കാട് എഴുതിയ പോലെ..
  "ചില നിമിഷത്തിലേകാകിയാം മനം
  അലയുമാര്‍ത്തനായ്‌ ഭൂതായനങ്ങളില്‍..
  ഇരുളിലപ്പോഴുദിക്കുന്നു നിന്‍ മുഖം
  കരുണ തന്‍ ജനനാന്തര സ്വാന്തനം"

  ReplyDelete
 10. മാപ്പ്...
  പിന്‍കഴുത്തിലുമ്മവെച്ച്
  ചുട്ടുപൊള്ളിച്ചതിന്‌..
  നിന്റെ ഓര്‍മകളില്‍ നിന്ന്‌
  എത്ര ചുരണ്ടി കളഞ്ഞിട്ടും
  മായാത്ത കറുത്ത വടുവായി
  ഇന്നും ജീവിക്കുന്നതിന്‌.....

  ഒരുപാടു ഗഹനം!!
  ഒരാത്മാര്‍ഥ ക്ഷമാപണം!!

  വളരെ പഴയ പോസ്റ്റ്.... എന്നാലും പറയാതിരിക്കാന്‍ കഴിഞ്ഞില്ല... ഒന്നഭിനന്ദിക്കാന്‍ കഴിയാതിരുന്നില്ല..

  ReplyDelete