Friday, 11 May, 2007

അവ്വ


                                               "ജീവിതം ഒരു മഹാത്ഭുതമാണ്‌ .
ഒരിക്കലും പ്രതീക്ഷിക്കാത്ത എന്തോ ഒന്നിനെ
അത്‌ നിങ്ങള്‍ക്കായി എപ്പോഴും കരുതി വെച്ചിട്ടുണ്ടാവും"

                                                                                 : ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ (ചിദംബരസ്മരണ)

ചില ജീവിതങ്ങള്‍ നമ്മെ അതിശയപ്പെടുത്തുന്നവയാണ്‌. ചില ഓര്‍മ്മകളും.
താഴെ കുറിച്ചിടുന്നതും അത്തരത്തിലുള്ള ഒന്നാണ്‌. അതൊരു സ്ത്രീയെക്കുറിച്ചാണ്‌. തന്റെ ജീവിതം
മുഴുവന്‍ അവസാനിക്കാത്ത കൊടുങ്കാറ്റുകള്‍ ചേക്കേറിയിട്ടും ഉലയാതെ പിടിച്ചു നിന്ന ഒരു സ്ത്രീ.
"തിരുനെല്ലിയില്‍ , കഴിഞ്ഞ നാല്‍പ്പത്‌ വര്‍ഷമായി കാട്ടില്‍ തനിച്ചു
താമസിക്കുന്ന ഒരു വൃദ്ധയുണ്ടെത്രേ. നീ പോകുന്നതിന്‌ മുമ്പ് നമുക്ക് അത്‌ ഷൂട്ട് ചെയ്താലോ..?
മീനങ്ങാടി കോളേജില്‍ എന്റെകൂടെ പടിച്ചിരുന്ന രാജന്‍ പറഞ്ഞതാണ്‌, അവനിപ്പൊ ഫോറസ്റ്റിലാണ്‌.
വേണ്ട ഹെല്‍പ്പൊക്കെ അവന്‍ ചെയ്തുതരും. വയനാട്ടിലേക്കൊരു ട്രിപ്പ്. നിന്റെയീ വെടക്ക് മൂഡും മാറിക്കിട്ടും...നോക്കിയാലോ?"

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ്‌ ജിബു ഇത്‌ പറയുന്നത്.
എനിക്ക് ദുബായിലേക്ക് പോകാനുള്ള വിസിറ്റ് വിസ വന്നിട്ടുണ്ട്. പോകാനിനി അധികം
ദിവസമില്ല.അതിനിടയില്‍ ഒരു യാത്ര... ഞാന്‍ സംശയത്തിലായി. പക്ഷേ വയനാടന്‍ കാടുകളിലെ ഷൂട്ട്,
കാട്ടില്‍ തനിയെ താമസിക്കുന്ന ഒരു വൃദ്ധ.. കൌതുകമുണ്ട്. പറഞ്ഞ പോലെ മൂഡും ഒന്ന്‌ ചെയ്‌ന്ചായിക്കിട്ടും. പോകുക തന്നെ.
അങ്ങനെയാണ്‌ ഞങ്ങള്‍ തിരുനെല്ലിയിലേക്ക് പോയത്‌.

ജിബുവിന്റെ സ്നേഹിതന്‍ രാജന്‍ അപ്പപാറ ഫോറസ്റ്റ് സ്റ്റേഷനില്‍ ഞങ്ങളെ കാത്തിരുപ്പുണ്ടായിരുന്നു. രാജന്‍ ഞങ്ങളുടെ 'കാരക്ടറിനെ' പറ്റി പറഞ്ഞു തുടങ്ങി.

"ലക്ഷ്മി അവ്വ എന്നാണ്‌ അവരുടെ പേര് , ഇവിടെ ഗാര്‍ഡായി ജോലി ചെയ്തിരുന്ന ദാസന്‍ ഷെട്ടി എന്നയാളുടെ ഭാര്യ. അയാള്‍ പത്തുവര്‍ഷം മുമ്പ് മരിച്ചുപോയി. അയാള്‍ക്ക് കാട്ടില്‍ ഒരൊന്നര ഏക്കര്‍ വനം പട്ടയമായി കിട്ടിയിരുന്നു. അയാളും ഭാര്യയും അവിടെയാണ്‌ താമസിച്ചിരുന്നത്‌, ഈ സ്ത്രീ തനിച്ചായിട്ടിപ്പോള്‍ പത്ത് വര്‍ഷമാവുന്നു.നാല്‍പ്പത്‌ എന്ന്‌ എനിക്ക് തെറ്റിയതാണ്‌. ഇടെക്കിടെ ഓഫീസില്‍ വരും അവര്‍ക്ക് ഭൂമിയില്‍ ആകെകൂടിയുള്ള ബന്ധുക്കള്‍ ഞങ്ങള്‍ ഫോറസ്റ്റുകാരാണെന്നാണ്‌ പറയുക.ഇവിടെനിന്ന്‌ ഒരു ഒന്നര കിലോമീറ്റര്‍ ഉള്‍ക്കാട്ടിലേക്ക്‌ പോവണം അവരുടെ വീട്‌ നില്‍ക്കുന്ന സ്ഥലത്തേക്ക്‌. കേരളത്തില്‍ കാണപ്പെടുന്ന ഒരുവിധം എല്ലാ വന്യജീവികളും കാണപ്പെടുന്ന വനപ്രദേശമാണ്‌ ഇത്‌.രസകരമായ ഒരു വസ്തുതയെന്താണെന്താല്‍ അവരെ ഇതുവരെ ഒരു വന്യമൃഗങ്ങളും ഇത്രകാലമായി ഉപദ്രവിച്ചിട്ടില്ല. മാത്രമല്ല അവര്‍ ആനകളോടും മാനുകളോടും സംസാരിക്കാറുണ്ടത്രെ! ശരിയാണോ എന്ന്‌ എനിക്കറിയില്ല.എന്തായാലും ഇവര്‍ നിങ്ങളുടെ പ്രോഗ്രാമിന്‌ ഉപകാരപ്പെടുമെന്നു തോന്നുന്നു.കൂടുതല്‍ വിശദമായി പറഞ്ഞു തരാന്‍ കഴിയുക മനോജിനാണ്‌, ഇവിടുത്തെ ഡ്രൈവര്‍. മനോജിനെ സ്വന്തം മകനെപ്പോലെയാണ്‌ അവര്‍ക്ക്. രാജന്‍ പറഞ്ഞു നിറുത്തി.


ലക്ഷ്മി അവ്വയുടെ കഥ ബാക്കി പറഞ്ഞു തന്നത്‌ മനോജാണ്‌,


ഇടുക്കി 'തൊമ്മന്‍കുത്ത്‌' സ്വദേശി. "അവ്വ എന്നാല്‍ അമ്മ എന്നാണ്‌. ഇവിടുത്തെ ആദിവാസികള്‍ അവരെ സ്നേഹത്തോടെ വിളിക്കുന്നതാണ്‌. അവര്‍ മലയാളിയല്ല. മൈസൂരിനടുത്ത് എച്ച് ഡീ കോട്ടയിലാണ്‌ ശരിക്കും വീട്‌. ഷെട്ടി ഇങ്ങോട്ട്‌ കല്യാണം കഴിച്ചു കൊണ്ടുവന്നതാണ്‌.ജീവിതത്തില്‍ പലതും സഹിച്ചിട്ടുള്ളവരാണ്‌. ഏതോ പകര്‍ച്ച വ്യാധി അവരെ ചെറുപ്പതിലേ അനാഥയാക്കി. അപ്പ, അമ്മ,സഹോദരങ്ങള്‍ എല്ലാവരെയും ചെറുപ്പത്തിലെ തന്നെ നഷ്ടമായി. അവ്വയെയും മുത്തശ്ശിയെയും മാത്രമാണ്‌ രോഗം ബാക്കി വെച്ചത്‌. പിന്നെ അവ്വയും മുത്തശ്ശിയും ഒരു അകന്ന ബന്ധുവിന്റെ ആശ്രയത്തിലായിരുന്നു.

ഒരുപാട്‌ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു കുട്ടികാലമെന്ന്‌ അവ്വ പറഞ്ഞു കേട്ടിട്ടുണ്ട്‌. വളര്‍ന്നപ്പോള്‍അവരുടെ ഒരകന്ന ബന്ധുവിന്‌ കല്യാണം നിശ്‌ചയിച്ചു.അയാള്‍ കല്യാണത്തിനു കുറച്ചു ദിവസം മുമ്പ് മദ്രാസിലേക്ക് പോയതായിരുന്നു. മൃതദേഹമാണ്‌ തിരികെ വീട്ടിലെത്തിയത്‌. അയാള്‍ക്ക് കോളറയായിരുന്നു. അതു കൂടിയായപ്പോള്‍ ഒരു ശാപജന്‍മത്തിന്റെ പേരും അവ്വക്ക് ചാര്‍ത്തികിട്ടിയിരിക്കണം. പിന്നെയാരും കല്യാണം കഴിക്കാന്‍ വന്നില്ല. ആകെയുണ്ടായിരുന്ന മുത്തശ്ശി മരണകിടക്കയിലുമായി.


.... അങ്ങനെയിരിക്കെയാണ്‌ ഒരിക്കല്‍ മൈസൂരിലുള്ള ബന്ധുവിനെ കാണാന്‍ പോയ ദാസന്‍ ഷെട്ടിയുടെ കണ്ണില്‍ അവ്വ പെടുന്നത്‌.അയാളവരെ കല്യാണമാലോചിച്ചുചെന്നു. തന്റെ കാലം കഴിഞ്ഞാല്‍ ലക്ഷ്മിക്ക് ആരാണ്‌ ഉണ്ടാവുക എന്നോര്‍ത്ത് ആധി പിടിച്ച്‌ കിടന്നിരുന്ന മുത്തശ്ശിക്ക് ദാസന്‍ ഷെട്ടി വിവാഹിതനാണെന്നോ ഒരു മധ്യവയസ്കനാണെന്നോ ഉള്ളത്‌ ഒരു പ്രശ്നമായി തോന്നിയില്ല.അവര്‍ക്ക് ലക്ഷ്മിയെ ആരുടെയെങ്കിലും കയ്യില്‍ ഭദ്രമായി ഏല്‍പ്പിച്ചാല്‍ സമാധാനമായി കണ്ണടക്കാമായിരുന്നു.അങ്ങനെയാണ്‌ മുത്തശ്ശിയുടെ നിര്‍ബന്ധപ്രകാരം ഇരുപത്തെട്ടാം വയസ്സില്‍ ദാസന്‍ഷെട്ടിയുടെ രണ്ടാം ഭാര്യയായി ഈ കാട്ടില്‍ വന്നത്‌.

...എനിക്കിവിടെ ഡ്രൈവറായി താല്‍ക്കാലിക നിയമനം കിട്ടിയിട്ടിപ്പോള്‍ മൂന്നു വര്‍ഷമായി.ഓഫീസില്‍ ഇടക്കിടെ വരാറുള്ള അവ്വയെ ശ്രദ്ധിക്കുമായിരുന്നു. അത്ഭുതം തോന്നിയിട്ടുണ്ട് അവര്‍ ഒറ്റക്ക് കാട്ടില്‍ കഴിയുന്നതെങ്ങനെയെന്നോര്‍ത്ത്. അങ്ങനെയാണ്‌ ഒരു ദിവസം കാട്‌ കയറി അവരുടെ വീട്ടില്‍ പോയി.അന്ന്‌ മനസ്സിലായി അവരുടെ അവസ്ഥ.അവര്‍ ഭക്ഷണം കഴിച്ചിട്ട് മൂന്നു ദിവസമായിരുന്നു. നമ്മളൊക്കെ മനുഷ്യന്‍മാരല്ലേ? എനിക്ക് എന്റെ അമ്മച്ചിയെയാണ്‌ ഓര്‍മ്മ വന്നത്‌.ഞാന്‍ അപ്പപാറ പോയി കുറച്ച് അരിയും സാധനങ്ങളും വാങ്ങി വന്നു.ഞാനന്നവര്‍ക്ക് ചോറു വെച്ചു കൊടുത്തു.അത്‌ നിര്‍ബന്ധിച്ച് കഴിപ്പിച്ചു. ..അതിനു ശേഷം മിക്കവാറും എല്ലാ ദിവസവും അവിടെ പോകും, ഭക്ഷണ സാധനങ്ങള്‍ വാങ്ങികൊടുക്കു . വലിയ അഭിമാനിയാണ്‌, ആദ്യമൊന്നും കൂട്ടാക്കിയിരുന്നില്ല ഞാന്‍ കൊടുക്കുന്നത്‌ വാങ്ങിക്കാന്‍. പിന്നെ പിന്നെ അവരെന്നെ ഒരു മകനായി അംഗീകരിച്ചു തുടങ്ങി.മനു എന്നാണ്‌ എന്നെ വിളിക്കാറ്.."
രാജനും മനോജിനും അന്ന്‌ ജോലിതിരക്കുണ്ടായിരുന്നു. അവര്‍ 'താമ' എന്ന ഒരു ആദിവാസിയെ അവ്വയുടെ വീടിലേക്കുള്ള വഴി കാണിച്ചുതരാന്‍ ഏര്‍പ്പാടാക്കി. പോകും വഴിക്ക്‌ ചൂടു മാറാത്ത ആനപിണ്ടികള്‍ കണ്ടു. ആയിടെ അപ്പപാറ അങ്ങാടി വരെ ആനയിറങ്ങിയത്രേ. അവ്വയുടെ വീടിന്‌ കുറച്ചടുത്തുവച്ച്‌ ചുള്ളി പെറുക്കുവാന്‍ പോയ ഒരു കുറുമ സ്ത്രീയെ ആന ചവിട്ടി കൊന്നുവെന്നും താമ പറഞ്ഞു. "അവ്വയെ എന്താണ്‌ ആന ഒന്നും ചെയ്യാത്തത്‌?" ഞങ്ങള്‍ ചോദിച്ചു. ആനകള്‍ക്ക് അവ്വയെ ഇഷ്ടമാണെന്ന്‌ താമ മറുപടി പറഞ്ഞു.അവ്വ 'ഗണേശന്‍ എന്നു പേരിട്ടിട്ടുള്ള ഒരാനയുണ്ടത്റെ.ആ ആന അവ്വ വിളിച്ചാല്‍ വിളി കേള്‍ക്കുമത്രേ!ആനകള്‍ വെള്ളം കുടിക്കാന്‍ വരുന്ന തടാകത്തിനടുത്താണ്‌ അവ്വയുടെ വീട്‌.ചിലപ്പോള്‍ ആനകള്‍ അവ്വ വെള്ളമെടുക്കുമ്പോള്‍ വരും.അവ്വ വെള്ളെമെടുത്ത് കഴിയും വരെ ആനകള്‍ കാത്ത് നില്‍ക്കുമത്രേ.! താമ കണ്ടിട്ടില്ല. പറയുന്നത്‌ കേട്ടതാണ്‌, വീടെത്തി. മുറ്റത്ത് ഒരു മാന്‍ക്കൂട്ടം. ഞങ്ങളെ കണ്ട പാടെ അവ സ്ഥലം വിട്ടു. വീട്‌ പൂട്ടിയിട്ടിരിക്കുന്നു. അവ്വ സാധാരണ എങ്ങോട്ടും പോവാറില്ലെന്ന്‌ പറഞ്ഞിട്ട്?എന്തായാലും കാത്തിരിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. ഉച്ചക്ക് ഭക്ഷണവുമായി വരാമെന്ന്‌ പറഞ്ഞ് താമ സ്ഥലം വിട്ടു.

നടത്തത്തിന്റെ ക്ഷീണമുണ്ടായിരുന്നു.ഞങ്ങള്‍ കാട്ടിലെ പുല്ലില്‍ മയങ്ങാന്‍ കിടന്നു. ഉച്ചയായിക്കാണണം ഞങ്ങള്‍ വന്ന വഴിക്കു നിന്ന്‌ അസ്‌പഷ്ടമായ സംസാരവും പാട്ടും കേള്‍ക്കുന്നു. " മുഗുതിയിട്ടാ സരവല്ല ഹേനപ്പാ ഹനുജാ" 'കന്നഡയാണ്‌' രാമായണമാണെന്നു തോന്നുന്നു. പൂച്ചക്കണ്ണുകളുള്ള മെലിഞ്ഞ ഒരു വൃദ്ധ!. അത്‌ അവ്വയായിരുന്നു. കിളികളോടായിരുന്നിരിക്കണം സംസാരിച്ചിരുന്നത്‌. അവ്വ ഞങ്ങളുടെ വരവിനെ കുറിച്ച്‌ താഴെ അപ്പപാറയില്‍ നിന്നേ അറിഞ്ഞിരുന്നു.മാസത്തിലൊരിക്കലുള്ള ഷോപ്പിങ്ങിന്‌ അപ്പപാറ അങ്ങാടിയിലേക്ക്‌ പോയതാണ്‌.അവിടെ നിന്നാണ്‌ അറിഞ്ഞത്‌ "ഫോട്ടോ എടുക്കുന്ന 'ഹുഡുഗര്‍'(കുട്ടികള്‍) ബന്ദത്‌!.കന്നടവും മലയാളവും കലര്‍ന്ന സംസാരം."ഫോട്ടോ പിടിക്കുന്നത്‌ ഏതായലും ഇവത്തു ബേഡ (ഇന്നു വേണ്ട)." "നടന്ന്‌ നടന്ന്‌ തീരെ വയ്യ ". "അമേലെ 'ബരി"(പിന്നീട് വാ ). കാലില്‍ നീര്‍ക്കെട്ടിയത്‌ ഞങ്ങള്‍ക്ക് കാട്ടി തന്നു. എന്തായാലും ഞങ്ങള്‍ വീട്‌ വരെ കൂടെ വരാമെന്ന്‌ പറഞ്ഞ് പിന്ന്നലെക്കൂടി . നടക്കാന്‍ പ്രയാസമുണ്ട്‌. വടി കുത്തിപ്പിടിച്ചിട്ടും നടക്കാന്‍ ബുദ്ധിമുട്ടുണ്ട്‌. ഞാനും ഷിജിയും (ക്യാമറാമാന്‍) താങ്ങി. കന്നഡത്തിലുള്ള ശ്ളോകങ്ങള്‍ ചൊല്ലുന്നുണ്ട്‌.അറിയാവുന്ന കന്നഡ ഞാനും പ്രയോഗിച്ചു. അശോകവനത്തിലെ സീതയെ കുറിച്ച്‌, ഇടക്ക്‌ നടത്തം നിര്‍ത്തി ശ്ളോകത്തിന്റെ അര്‍ത്ഥം വിശദീകരിക്കുന്നുമുണ്ട്‌. നിഷ്‌കളങ്കവും മനോഹരവുമായി ചിരിക്കുന്നുമുണ്ടായിരുന്നു. അവ്വയെ ഞങ്ങള്‍ താങ്ങി വീടെത്തിച്ചു.അവ്വയെകൊണ്ട്‌ അന്ന്‌ സംസാരിപ്പിക്കാനുള്ള ഞങ്ങളുടെ എല്ലാ ശ്രമവും വിഫലമായി.അവ്വ വഴങ്ങിയില്ല. അന്ന്‌ ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങി.


പിറ്റേന്ന്‌ ഞങ്ങള്‍ക്കൊപ്പം മനോജും രാജനും ഡപ്യൂട്ടി റേന്ചര്‍ ദാമോദരന്‍ സാറുമുണ്ടായിരുന്നു. അവ്വ താമസിക്കുന്ന 'കോട്ടപ്പാടി' എന്ന വനമേഘല വന്യമൃഗങ്ങളുടെ ഒരു 'പാസേജ്‌' ആണെന്ന്‌ അവര്‍ പറഞ്ഞു തന്നു."കാട്ടി, കരടി, തുടങ്ങിയ അപകടകാരികളായ ജീവിജാലങ്ങള്‍. .. അവയോട്‌ ഇഴുകി ചേര്‍ന്ന്‌ ഒരു സ്ത്രീ ഇത്രയും കാലം ജീവിക്കുക!.എനിക്കിപ്പോഴും അതൊരു അല്‍ഭുതമാണ്‌." ദാമോദരന്‍ സാര്‍ പറഞ്ഞു. രാജന്‍ ആനകള്‍ കേറി മദിച്ച മുളങ്കാടുകള്‍ കാട്ടിതന്നു.അവ്വയുടെ വീടിന്റെ തൊട്ടടുത്ത്!

മനോജിനെയും സാറന്‍മാരെയും കണ്ടപ്പോള്‍ അവ്വക്ക് സന്തോഷമായി.ഞങ്ങള്‍ ഒരുമിച്ച്‌ ഭക്ഷണം കഴിച്ചു.(മീനും ഇറച്ചിയും കഴിക്കുന്നവര്‍ അകത്തേക്ക് കയറേണ്ടെന്ന്‌ ആദ്യമേ പറഞ്ഞിരുന്നു.'മനു'വിന്‌ കുഴപ്പമില്ല.ഞാന്‍ എന്റെ പേര് മാറ്റി 'ബാബു' എന്ന പേര്സ്വീകരിച്ചു!)

ഞങ്ങള്‍ക്കുവേണ്ടി ആദ്യം മനോജ്‌ 'അഭിമുഖം' തുടങ്ങി. എന്റെ എന്തോ ഒരു ചോദ്യം കേട്ട്‌ ഇടക്കൊന്ന്‌ പ്രകോപിതയായെങ്കിലും പതുക്കെ എന്നോട്‌ സ്‌നേഹം കാണിച്ചു തുടങ്ങി.(ജിബുവിനെ ഓടിച്ചു വിട്ടു!). വളരെ നിസ്സംഗയായി അവ്വ അവരുടെ ജീവിതം പറഞ്ഞു. കുട്ടിക്കാലം , മൈസൂരിലെ ദസറ..ഉഗാദി..പട്ടം പറത്തിയത്‌,ആദ്യമായി ചുവന്ന പട്ടു ദാവണിയുടുത്തത്‌, ബാലകൃഷ്ണ എന്ന കൂട്ടുകാരനെ കുറിച്ച്‌, (അയാളാണ്‌ അവ്വയെ കല്യണം കഴിക്കാനിരുന്നത്‌.) അവരൊന്ന്‌ പുന്ചിരിച്ചു.നനുത്ത ഒരു പ്രണയത്തിന്റെ ഓര്‍മ അവരില്‍ മിന്നി...അവ്വ ചെറുപ്പത്തില്‍ സുന്ദരിയായിരുന്നു അല്ലേ?ഞാന്‍ ചോദിച്ചു. മറുപടിയായി മനോഹരമായി ഒന്നു ചിരിച്ച ശേഷം അവ്വ ഒരു കന്നഡ ശ്ളോകം ചൊല്ലി . (" നാരിഗെ ഗുണമേ ശൃംഗാര.." എന്നു തുടങ്ങുന്ന കന്നഡ ശ്ളോകമായിരുന്നെന്നാണ്‌ ഓര്‍മ്മ).അവര്‍ ആ ഒറ്റ നിമിഷം നീലക്കണ്ണുകളുണ്ടായിരുന്ന കൌമാരക്കാരിയായി മാറി!

മുത്തശ്ശി മരണകിടക്കയിലായപ്പോള്‍ അവരുടെ നിര്‍ബന്ധത്തിന്‌ വഴങ്ങിയാണ്‌ ദാസന്‍ ഷെട്ടി എന്ന മധ്യവയസ്കന്റെ രണ്ടാം ഭാര്യയായത്‌. അല്ലാതെ ഒരു ജീവിതം മോഹിച്ചല്ല. എല്ലാം സഹിക്കാനുള്ള കരുത്ത് തനിക്കുണ്ട്.എന്നിട്ടവര്‍ ദാമ്പത്ത്യജീവിതത്തെ കുറിച്ച്‌ പറഞ്ഞു. ഷെട്ടി അവ്വയെ കല്യാണം കഴിക്കുന്നതിനു മുമ്പ് വന്ധ്യംകരണശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അതയാള്‍ മറച്ചു വെച്ചു. അവര്‍ക്ക് അതിന്‌ അയാളോട്‌ പരാതിയില്ല.ഭര്‍ത്താവിനെ അവര്‍ ദൈവമായിതന്നെ കണ്ട്‌ സ്നേഹിച്ചു.തന്റെ യൌവ്വനത്തിലേ കിടപ്പിലായിപോയ അയാളെ അവര്‍ ശുശ്റൂഷിച്ചു.താന്‍ പൂവിടാതെ പടുപെട്ടു പോയ ഒരു കള്ളിമുള്‍ചെടിയായി പോവേണ്ടി വന്നതിന്‌ കാരണക്കാരന്‍ ആ മനുഷ്യനായിട്ടും അവര്‍ക്ക് അയാളോട്‌ ക്ഷമിക്കാനായി. അതാണ്‌ അവ്വ! കുറ്റബോധത്താല്‍ നീറിയാണ്‌ ദാസന്‍ ഷെട്ടി മരിച്ചത്‌. അവരുടെ മടിയില്‍ കിടന്നു തന്നെ.

(ദാമോദരന്‍ സാറിന്‌ ഇപ്പോഴും ഓര്‍മ്മയുണ്ട്‌ .ഷെട്ടി മരിച്ച ദിവസംചൂട്ടും കത്തിച്ചു പിടിച്ച്‌ കാടിറങ്ങി വന്ന അവ്വയെ.) ഷെട്ടി മരിച്ച ശേഷം ഡിപ്പാര്‍ട്ട്‌മെന്റ്‌ പറഞ്ഞതാണ്‌ കാട്ടില്‍ നിന്ന്‌ മാറി താമസീക്കാന്‍. കാടിന്‌ പുറത്ത് വീട്‌ വെച്ചു തരാമെന്നും പറഞ്ഞതാണ്‌.സമ്മതിച്ചില്ല.ഭര്‍ത്താവിന്റെ ഓര്‍മ്മകളുള്ള ഈ കാട്‌ വിട്ട്‌ എങ്ങോട്ടും പോകണ്ട. തനിക്ക്‌ മൃഗങ്ങളും കിളികളുമുണ്ട്‌ മക്കളായി.. അവരോട്‌ സംസാരിക്കാം. പിന്നെ മനോജ് ,ഫോറസ്റ്റിലെ സാറന്‍മാര്‍...അവരൊക്കെയില്ലേബന്ധുക്കളായി?ഒരു ദിവസം ഭഗവാന്‍ വിളിക്കും .അന്നു വരെ ഈ വനവാസം തുടരും.

ഒരു തരിപ്പോടെയാണ്‌ അവരുടെ വാക്കുകള്‍ മുഴുവന്‍ കേട്ടിരുന്നത്‌. കെട്ടുകഥയേക്കാള്‍ അവിശ്വസനീയമായ ജീവിതകഥ. അവ്വ ഞങ്ങള്‍ക്ക് കുറേ പാട്ടുകള്‍ കൂടി പാടിതന്നു. മനോജ്‌ അകത്തുപോയി കട്ടന്‍ തിളപ്പിച്ചു. വൈകുന്നേരമാവുമ്പോഴേക്ക് ഞങ്ങള്‍ക്കും അവരോട്` ഒരാത്മബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നു. എന്നെ അവര്‍ 'മോനൂ' എന്നു വിളിച്ചു. വൈകുന്നേരമായി . ഞങ്ങള്‍ക്ക് കാടിറങ്ങണം. ഇനി വൈകുന്തോറും അപകടമാണ്‌.ഞങ്ങള്‍ അവരോട്‌ യാത്ര പറഞ്ഞു. പ്രൊഡക്ഷന്റെ ചെലവില്‍ അന്ന്‌ ബാക്കി വന്ന പൈസ ഞാനവരുടെ കയ്യില്‍ വെച്ചുകൊടുത്തു.ആദ്യം വാങ്ങിക്കാന്‍ കൂട്ടാക്കിയില്ല.പിന്നെ വാങ്ങി.അവര്‍ എന്റെ മുടിയില്‍ വിരലോടിച്ചു. എനിക്ക് പെട്ടെന്ന്‌ എന്റെ 'പെറ്റമ്മയെ'(വല്യുമ്മ)ഓര്‍മ്മ വന്നു. പരൂര് ഞാലില്‍ പള്ളി ഖബര്‍സ്ഥാനില്‍ മയിലാന്ചി ചെടികള്‍ക്കു കീഴെ കിടക്കുന്ന അവരാണ്‌ എന്നെ തൊടുന്നത്` എന്ന്‌ തോന്നിപ്പോയി.

തിരിയെ കാടിറങ്ങുമ്പോള്‍ മനോജ് പറഞു. കുറേ നിര്‍ബന്ധിച്ചതാണ്‌ അവ്വയെ, നാട്ടില്‍ അമ്മച്ചിയുടെ അടുത്ത് കൊണ്ടുപോകാന്‍.അമ്മച്ചിക്കും സന്തോഷമായിരുന്നു അവ്വ വരുന്നത്‌.എന്തോ അവ്വ അതിന്‌ സമ്മതിച്ചില്ല. ഞാനയാളെ നോക്കി അത്ഭുതാദരങ്ങളോടെ തന്നെ! മനുഷ്യസ്‌നേഹത്തിന്റെ വറ്റാത്ത ഉറവയെ. ഡിപ്പാര്‍ട്ട്മെന്റില്‍ ദിവസക്കൂലിക്കാരനായ ആ യുവാവാണ്‌ ഒരു ലാഭേച്ഛയും കൂടാതെ സ്‌നേഹം സംരക്ഷണവും നല്‍കുന്നത്‌.ആ ഓഫിസിലെ ജീവനക്കാരുടെ പെരുമാറ്റവും പ്രവര്‍ത്തനങ്ങളും ഒരു സര്‍ക്കാര്‍ മിഷിണറിയെ കുറിച്ചുള്ള എന്റെ എല്ലാ ധാരണയും തെറ്റിക്കുന്നതായിരുന്നു.

കല്‍പ്പറ്റക്ക് തിരിച്ചുള്ള യാത്രയില്‍ ആരും ഒന്നും മിണ്ടിയില്ല. ഷിജി ഇടക്കിടെ സിഗരറ്റ് കത്തിച്ചു കൊണ്ടിരുന്നു. ഞാന്‍ ജീവിതത്തെ കുറിച്ചു ഓര്‍ക്കുകയായിരുന്നു. അത്ഭുതപ്പെടുത്തുന്ന ജീവിതങ്ങളെ, സ്‌നേഹത്തെ, വിധിയോട്‌ ഒരു തരി പോലും പരാതി പറയാതെ ജീവിക്കുന്ന സ്ഥൈര്യത്തിന്റെ ആ സ്ത്രീ രൂപത്തെ, പിന്നെ ഒരു ചെറിയ കാറ്റില്‍ പോലും ഉലഞ്ഞു പോവുന്ന എന്നെ കുറിച്ച്..എനിക്ക് പിന്നെ കരച്ചിലടക്കാനായില്ല.

ഒരാഴ്‌ച്ച കഴിഞ്ഞ് ഞാന്‍ ദുബായിലേക്ക് പോയി.പിന്നെ ഞാന്‍ അവരെ പറ്റി ചിന്തിച്ചിരുന്നില്ല. തിരികെ നാട്ടിലെത്തിയിട്ടും.ഇക്കഴിഞ്ഞ ദിവസം വരെ. കഴിഞ്ഞ ദിവസം ഞാനവരെ സ്വപ്നം കണ്ടു. അതോടെഎന്റെ സ്വസ്ഥത നഷ്ടപ്പെട്ടു.പിറ്റേന്ന് രാവിലെ തന്നെ മനോജിന്റെ നമ്പറില്‍ വിളിച്ചു നോക്കി.ആ നമ്പര്‍ ഇപ്പോള്‍ നിലവിലില്ല. അവ്വ ഇപ്പോള്‍ എങനെയുണ്ടാവും? അവ്വ കഴിഞ്ഞ മഴക്കാലം അതിജീവിച്ചിരിക്കുമോ?.എനിക്ക് ആത്മനിന്ദ തോന്നുന്നുണ്ട്‌ അവരെ അന്വേഷിക്കാതിരുന്നതിലല്ല,അവരെ വെറുതെയെങ്കിലും ഒന്ന്‌ ഓര്‍ക്കാന്‍ പോലും കഴിയാഞ്ഞതില്‍,

                                                             മനുവിന്‌ ഒരുമ്മ!ഞാനും ഷിജിയും അവ്വയുടെ വീടിനടുത്ത്‌ ( ഒരു ടോപ്പ് ആംഗിളാണ്‌ ഉന്നം!)

എനിക്കും കിട്ടി ഒരുമ്മ!


രാജനും മനോജും അവ്വയോടോത്ത്‌.