Saturday 20 January 2007

ഫോട്ടോ മറന്നു പോയേക്കുമോ
 എന്നു പേടിച്ചിട്ടാവണം 
 എല്ലാവരും
ഓര്‍മ്മകള
ഇടക്കിടക്ക്
പൊടിതട്ടിയെടുക്കുന്നത് .
എടുത്തുനോക്കി,
തുടച്ചുമിനുക്കി,
വിരലോടിച്ച്,
സങ്കടപ്പെട്ട്,
അതേപടി തിരികെ വെക്കുന്നത്..

Thursday 18 January 2007

ചന്ദ്രസേനന്റെ ഒരു ദിവസം..

ചന്ദ്രസേനന്‍,
നാല്‍പ്പത്തിയെട്ടു വയസ്സ്,
നാലു കുട്ടികള്‍,
ജലസേചന വകുപ്പില്‍ സൂപ്രണ്ട്.
എന്നും രാവിലെ കുറ്റുമുക്കമ്മയെ തൊഴുത് ,
ചോറ്റുപൊതിയുമായി
ഒമ്പത് മണിയുടെ മയില്‍വാഹനത്തില്‍ കയറും.
എത്ര തിരക്കുണ്ടെങ്കിലും
ഊളിയിട്ട് മുന്നിലെത്താനറിയാം,
പലതരം ഷാമ്പൂമണങ്ങള്‍ ഇഷ്ടമാണ്‌.
സ്പര്‍ശനങ്ങള്‍,
സാരിത്തലപ്പുകളുടേതായാലും ധന്യനാവും.

ഓഫീസില്‍,

പതിനൊന്നരയുടെ ചായവരും വരെ ഒപ്പുകള്‍..
പിന്നെ ഗ്രാജുവിറ്റി , പി എഫ് ആവലാതികള്‍..
അപ്പോഴേക്കും നേരം ഉച്ചയാവും.
ഉച്ചക്ക് ,
ഭാര്യ കൊടുത്തുവിട്ട
ഉപ്പും പുളിയും പിടിക്കാത്ത കറികള്‍ കൂട്ടി ഊണ്‌ .
അല്‍പ്പം മധുരം ,
ഒരു പകുതി വില്‍സ്, ഇവയും പതിവുണ്ട്.
ശേഷം രാഷ്ട്രീയചര്‍ച്ചകള്‍..
വലത്തോട്ട് ചായുന്ന ഇടതുപക്ഷത്താണ്‌ സ്ഥാനം.
എന്നാലും ജി സുധാകരനെ ഇഷ്ടമല്ല.
ചെറിയ മയക്കം വിട്ടുണരുമ്പോഴേക്ക്
വീണ്ടും ചായ വരും.
വീണ്ടും ഒപ്പുകളിടാന്‍ തുടങ്ങുമ്പോള്‍
ഓഫീസ് സമയം കഴിയും.

ബസ്റ്റോപ്പില്‍,

പ്ളസ് ടു ട്യൂഷന്‍ ക്ളാസ്സ് വിടുന്ന സമയം അറിയാം
കാരണം,
ആ സമയത്താണ്‌ ചേറൂര്‍ക്കുള്ള ബസ്സ്.
ചുവപ്പില്‍ ചെറിയ കറുത്ത കള്ളികളുള്ള
കോണ്‍വെന്റ് യൂണിഫോം ഇഷ്ടമാണ്‌.
കൂടുതലിഷ്ടം അതിന്റെ മുന്‍വശമാണ്‌.
(എത്ര പെട്ടെന്നാണ്‌ പെണ്കുട്ടികള്‍ വളരുന്നത്?)

തിരികെ വീട്ടില്‍,

സന്ധ്യക്ക് മുടങ്ങാതെ ഭാഗവതം വായിക്കും
മുത്തശ്ശി പഠിപ്പിച്ച ശീലമാണ്‌.
ടി വി കാണും..
'അളകനന്ദ'യുണ്ടെങ്കില്‍ വാര്‍ത്ത
അല്ലെങ്കില്‍ 'ചിരിക്കും തളിക'.
(ആരും അടുത്തില്ലെങ്കില്‍ 'മ്യൂട്ടാക്കി' എഫ് ടിവി)
അത്താഴത്തിന്` ചപ്പാത്തി,
കുറുമ,
കൂടെ പാട കളഞ്ഞ പാലും

കിടപ്പറയില്‍,

വിമ്മും അരിമാവും കൂടിക്കുഴഞ്ഞ ഒരു മണം അടുത്ത് വരും.
( ഒന്നു കുളിച്ചിട്ടു വരാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല.)
ഓക്കാനം വരും.
തിരിഞ്ഞു കിടക്കും
കിടന്നപാടെ കൂര്‍ക്കം വലിക്കും.

Wednesday 17 January 2007

കൂര്‍മ്മാവതാരം

ഏറ്റവും നല്ല അവതാരമേതെന്ന്‌
ആരെങ്കിലും ചോദിച്ചാല്‍
ഞാന്‍ പറയും കൂര്‍മ്മാവതാരമെന്ന്‌.
എന്താണെന്നല്ലേ..
ആമയാവുമ്പോള്‍
തല ഉള്ളിലേക്ക് വലിക്കാം
ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടല്ലോ?
കൂടാതെ,
നല്ല ഉറപ്പുണ്ട് ഈ പുറന്തോടിന്‌ .
കൂര്‍ത്ത വാക്കുകള്‍ക്ക്
അത്ര പെട്ടെന്നൊന്നും എന്നെയിനി
മുറിപ്പെടുത്താന്‍ പറ്റില്ല.
..മാത്രമല്ല
തണുപ്പനായി പോയതു കൊണ്ട്
മിടുക്കന്‍മാര്‍ക്കൊപ്പമിനി
ഓട്ടമത്സരങ്ങളില്‍ ഓടുകയും വേണ്ട.
ഒരു 'പതി' കണ്ടെത്തിയിട്ടുണ്ട്.
സ്വസ്ഥമായി
ഒരിടത്തിനി ഒളിച്ചിരിക്കാം.

Wednesday 10 January 2007

പാഠഭേദം


എനിക്കൊരു കൂട്ടുകാരിയുണ്ടായിരുന്നു.
ഇണങ്ങിയും പിണങ്ങിയും
ആത്മാവുകള്‍ പരസ്പരം കോര്‍ത്തെടുത്തും
ഞങ്ങള്‍ പ്രണയിച്ചു പോന്നു.
ജീവിതത്തെ പഠിക്കാന്‍ ശ്രമിച്ച് ഞാന്‍
നിരന്തരം പരാജയപ്പെടുന്നതിനിടക്കെന്നോ
അവള്‍ വൈദ്യശാസ്ത്രം പഠിക്കാന്‍ പോയി.
ഞങ്ങള്‍ക്കിടയിലെ പ്രണയത്തിന്റെ രസതന്ത്രം
തലച്ചോറിലെ ഏതോ ഹോര്‍മോണിന്റെ
വിക്രിയകള്‍ മാത്രമായിരുന്നെന്ന്‌
ബയോകെമിസ്ട്രി ടെക്‌സ്റ്റ് പുസ്തകത്തില്‍ നിന്ന്‌
ഒരു ദിവസം അവള്‍ തിരിച്ചറിഞ്ഞു.
അപ്പോഴവള്‍ അവളെ വരിഞ്ഞു മുറുക്കിയിരുന്ന
എന്തൊ ഒന്നിന്റെ ചുറ്റുകള്‍
ഓരോന്നോരോന്നായി അഴിച്ചെടുത്തു.
അതൊരു ബന്ധനമായിരുന്നെന്നും
ഞാന്‍ നിന്നില്‍ നിന്നും
സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നുവെന്നും
അവള്‍ എന്നെയറിയിച്ചു.
അതോടെ,
ഞാന്‍ അവള്‍ക്കു മുമ്പിലെ സര്‍ജറിമേശയിലെ
കെഡാവറായി മാറി.
വിറങ്ങലിച്ചു കഴിഞ്ഞിരുന്ന എന്റെ ഹൃദയത്തെ
അവളൊരു കത്തി കൊണ്ട് കീറിമുറിച്ചു.
എന്നിട്ടതില്‍ നിന്ന്‌ ,
തന്ന സ്വപ്നങ്ങളെയെല്ലാം അവള്‍ തിരിച്ചെടുത്തു.
പക്ഷേ..
ഓര്‍മ്മകളുടെ സന്ദേശങ്ങളെ വഹിക്കുന്ന
ഞരമ്പുകളെ മുറിച്ചിടാന്‍
അവള്‍ മറന്നു പോയതുകൊണ്ടായിരിക്കണം
എനിക്കിപ്പോഴും അവളെ ഓര്‍മ്മ വരുന്നുണ്ട്.