Thursday, 22 March, 2007

പൈലി ചേട്ടന്‍: നന്‍മയുടെ ഒരു ഒറ്റമരം

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഒരു ദിവസമാണ്‌ സ്റ്റുഡിയോയുടെ
പുറകുവശത്തു കിടന്നിരുന്ന ഹാന്‍കുക്കിന്റെ നാല്‌ ടയറുകള്‍ കണ്ണില്‍പ്പെട്ടത്‌.
പ്രത്യേകിച്ച് ഉപയോഗമൊന്നുമില്ലാതെ കൊതുകു വളര്‍ത്തല്‍ കേന്ദ്രം മാത്രമായിട്ടാണല്ലോ കിടപ്പ്...!പിന്നെയൊന്നും ആലോചിച്ചില്ല . പെട്ടിയോട്ടോ വിളിച്ച് സാധനം പട്ടാളം മാര്‍ക്കറ്റിലെത്തിച്ചു.
പട്ടാളം മാര്‍ക്കറ്റ് അറിയില്ലേ? തൃശൂരിന്റെ സ്വന്തം ഗുജ്‌രി..!
ടയറുകള്‍ക്ക് നല്ല വില തരുന്നത്‌ പൈലി എന്ന ആളാണെന്ന്‌ ഒരു ഗഡ്ഡി ഞങ്ങളോട് പറഞ്ഞു. അങ്ങനെ പൈലിയുടെ കട തപ്പി കണ്ടുപിടിച്ചു. 32 ആം നമ്പര്‍ കട .
'പട്ടാളം പൈലി '..!
ഒരു ബാലപ്രസിദ്ധീകരണത്തില്‍ കണ്ടിട്ടുണ്ട് .
"എന്ത്‌ട്ടാ ഗഡ്ഡികളേ വേണ്ടേ..?"
തനി തൃശൂര്‍ സ്ളാങ്ങില്‍ ഒരു ആജാനബാഹു ! ആവശ്യം അറിയിച്ചപ്പോള്‍ ആള്‍ക്ക് സമയമില്ല.
ഒരിടത്ത് പോവാനുണ്ട്.
"ചേട്ടാ ഇതൊന്ന്‌ നോക്കിയിട്ട് പോവാം .."
"ഒരു രക്ഷീല്ല മക്കളേ ശുശ്രൂഷ വിട്ടുള്ള ഒരു കളില്ല.. പോയിട്ട് നാളെ ഉച്ചക്ക് വാ.. ഒരു ടാവിനെ ന്ന്‌ പാലക്കാട്ടെക്ക് കൊണ്ടാക്കണം.. അതിന്‌ പൈസ സംഘടിപ്പിക്കണം... ന്ന്‌ ഫുള്‍ ബിസ്യാ..!
ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ല. എന്താണ്‌ 'ശുശ്രൂഷ'..? ഞങ്ങള്‍ രണ്ടും മിഴിച്ചു നിന്നു.
"ഇങ്ങളെന്തൂട്ടാള്‍ക്കാരാണ്‌?
പൈലിചേട്ടന്റെ ശുശ്രൂഷേനെ പറ്റി അറില്ലെ..?
..മെഡിക്കകോളേജിലെ രോഗ്യേള്‍ടെ ദൈവാണ്‌ ഈ ഗഡ്ഡി..!"
അടുത്ത കടയിലെ ചേട്ടനാണ്‌. ഞാനും ജിബുവും മുഖത്തോട്‌ മുഖം നോക്കി .
ഞങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ ഉണര്‍ന്നു.
"പൈലി ചേട്ടാ എങ്ങോട്ടാണ്‌ യാത്ര? "ഞങ്ങള്‍ പുറകെക്കൂടി
"നുമ്മക്കീ മെഡിക്കല്‍ കോളേജില്‌ ഒരു ചെറിയ ശുശ്രൂഷണ്ടേ.. ആരുല്ലാത്ത മക്കളെ നമ്മളെകൊണ്ടാവുന്ന പോലെ സഹായിക്ക..! അത്ത്രന്നെ..പത്തിരുപത്‌ വര്‍ഷായി അതിങ്ങനെ മുടക്കാണ്ട് കൊണ്ടട്ക്ക്ണ്ട്‌.. "
ഞങ്ങള്‍ക്ക് താല്‍പര്യം കൂടി.
"ഞങ്ങളും വരുന്നു പൈലിചേട്ടന്റെ കൂടെ,
ടയര്‍ നമുക്ക് നാളെ നോക്കാം..."
ഞങ്ങള്‍ പൈലിചേട്ടനോടൊപ്പം എത്തിപ്പെട്ടത് മുളങ്കുന്നത്ത് കാവ്‌ മെഡിക്കല്‍ കോളെജിലാണ്‌. പട്ടാളം മാര്‍ക്കറ്റിലെ ആ സാധാരണ കച്ചവടക്കാരനെയും കാത്ത് ആശുപത്രി സൂപ്രണ്ടടക്കം കുറേപേര്‍ നില്‍ക്കുന്നുണ്ടായിരുന്നു. ആശുപത്രിയില്‍ നിന്ന്‌ ഒരു രോഗിയെ ഡിസ്‌ചാര്‍ജ് ചെയ്യുകയാണ്‌ . ബന്ധുക്കളാരുമില്ലാത്ത ഒരു വൃദ്ധന്‍. അയാളെ പാലക്കാടുള്ള ഒരു അഗതി മന്ദിരത്തില്‍ കൊണ്ടാക്കുന്നു. ആ വൃദ്ധന്‍ കാറില്‍ കേറാന്‍ നേരം പൈലിചേട്ടനെ കെട്ടിപിടിച്ച്‌ കരഞ്ഞു.
"ഞാനും കൂടെ പോവ സാറെ.. "
പൈലിചേട്ടനും കാറില്‍ കയറി...
ഞങ്ങള്‍ പൈലി ചേട്ടനെ കുറിച്ച് കൂടുതലറിഞ്ഞു. തറയില്‍ അന്തോണി മകന്‍ പൈലി..
അമ്പത്‌ വര്‍ഷത്തോളമായി പട്ടാളം മാര്‍ക്കറ്റില്‍ കച്ചവടം , ബെന്‍സ് , ലെയ്‌ലണ്ട്, തുടങ്ങിയ വണ്ടികളില്‍ സ്പെഷലൈസേഷന്‍, രാവിലെ ആറു മണീക്ക് തൃശൂര്‍ ചേറൂരിലെ വീട്ടില്‍നിന്നിറങ്ങും.പുത്തന്‍പ്പള്ളിയിലെ ആദ്യ കുര്‍ബ്ബാനക്ക് തന്നെ കൂടും.എന്നിട്ട് പോയി കട തുറന്നിടും പിന്നെ പാണ്ടിസമൂഹം റോഡിലെ നളന്ദ ഹോട്ടലിലേക്കാണ്‌.. കുറഞ്ഞത്‌ മുപ്പത്‌ പേര്‍ക്കുള്ള ഭക്ഷണം വാങ്ങും. നേരെ മോപ്പഡിലും ബസ്സിലുമായി മുളങ്കുന്ന്ത്തുകാവിലേക്ക് ..രോഗികള്‍ക്കുള്ള പ്രാതലാണ്` അത്‌. എല്ലാവര്‍ക്കും ഭക്ഷണം വിതരണംചെയ്യും..ഊട്ടേണ്ടവരെ ഊട്ടും..അതുകഴിഞ്ഞ് രോഗികളെ പ്രാഥമിക കൃത്യങ്ങള്‍ക്ക് സഹായിക്കും, കുളിപ്പിക്കും. ഉച്ചയോടെ അവിടെനിന്ന്‌ കടയിലേക്ക് മടങ്ങും പട്ടാളത്തിലേക്ക്.. പിന്നെ പട്ടാളം പൈലിയായി മാറും.ഇരുപത്‌ വര്‍ഷമായി ഇതാണ്‌ ദിനസരി.
രോഗികളോടുള്ള ഒരു ശുശ്രൂഷകന്റെ ബന്ധത്തിന്റെ അടയാളമായിരുന്നു
അല്‍പം മുമ്പ് ഞങ്ങള്‍ കണ്ടത്‌.
കച്ചവടത്തില്‍ നിന്ന്‌ കിട്ടുന്ന കാശുകൊണ്ട്‌ വേണം തന്റെ കുടുംബം പോറ്റാനും ആരുമില്ലാത്ത 'മക്കളെ' തീറ്റിപോറ്റാനും! ഇപ്പോഴും വാടകവീട്ടില്‍ താമസിക്കുന്ന, ഒരു പക്കാ കച്ചവടക്കാരനായ ഇയാള്‍ പഴയൊരു ക്വട്ടേഷന്‍ ഗുണ്ട കൂടെയായിരുന്നു എന്നു കൂടി കേട്ടപ്പോള്‍ ഞങ്ങള്‍ ഉറപ്പിച്ചു ഇയാള്‍ ഒരു വേറിട്ടകാഴ്ച തന്നെയെന്ന്‌. അയാളെ 'ഡോക്യുമെന്റ്' ചെയ്യേണ്ടത്‌ ഒരു ആവശ്യമാണെന്ന്` തോന്നി. ക്യാമറയും കൊണ്ട്‌ അദ്ധേഹത്തിന്റെ ഒരു ദിവസം ഞങ്ങള്‍ ഒപ്പിയെടുത്തു.
നന്‍മയുടെ ഒറ്റമരം പോലുള്ള ആ മനുഷ്യനെ
ഇന്ന്‌ (വ്യാഴാഴ്ച) രാത്രി പത്തുമണിക്ക് ( ഇന്ത്യന്‍ സമയം) കൈരളിയിലെ വേറിട്ടകാഴ്ചകളില്‍ കാണാം ..
മറക്കരുത്‌ ഇന്ന്‌ രാത്രി പത്തുമണിക്ക്‌..

സംവിധാനം വി കെ ശ്രീരാമന്‍ ,
ആഖ്യാനപാഠം കെ എ മോഹന്‍ദാസ്‌.

  • പൈലി ചേട്ടന്‍
  • : മുകളിലെ ഫോട്ടോയില്‍ കാണുന്നത്‌ സത്യ എന്ന ആന്ധ്രാക്കാരനായ കുട്ടി .. ട്രെയിനില്‍ പോപ്‌കോണ്‍വില്‍ക്കലായിരുന്നു ജോലി. ട്രെയിനില്‍ നിന്ന്‌ വീണ്‌ പരിക്കേറ്റു . കഴിഞ്ഞ മൂന്ന്‌ മാസമായി പൈലി ചേട്ടന്‍ സ്വന്തം മോനെ പോലെ ഈ കുട്ടിയെ സംരക്ഷിക്കുന്നു.