Tuesday, 18 November, 2008

വിവാ ക്യൂബ....


" Playing rock n'roll, listen to the beat.. this is a war... and there's no end in sight "
:Habana Blues
കഴിഞ്ഞ മാസമാണ്‌ റോക്ക് ഓണ്‍ എന്ന ഹിന്ദി സിനിമ കണ്ടത്. സുഹൃത്തും സഹപ്രവര്‍ത്തകനുമായ വിപിനും കൂടെയുണ്ടായിരുന്നു. ഇന്ത്യന്‍ സിനിമയുടെ, പ്രത്യേകിച്ച് ബോളിവുഡ് സിനിമക്ക് വന്നുകൊണ്ടിരിക്കുന്ന മാറ്റത്തിന്റെ തുടര്‍ച്ചയായിട്ടാണ്‌ എനിക്കാ സിനിമ അനുഭവപ്പെട്ടത് .അടുത്തിടെ പതിവു ഹിന്ദി മസാലപ്പടങ്ങളില്‍ നിന്ന് വേറിട്ട കുറച്ച് സിനിമകള്‍ കാണാനിടയായിരുന്നു.ആമിര്‍, മുംബേ മേരി ജാന്‍, എന്നിവ . മള്‍ട്ടിപ്ളക്സ് പ്രേക്ഷകരെ ഉന്നം വെച്ചുള്ളവയായിരുന്നുവെങ്കിലും കൊള്ളാവുന്ന സിനിമകളായിരുന്നു അവ. ഫര്‍ഹാന്‍ അക്തര്‍ എന്ന പ്രതിഭയുള്ള സംവിധായകന്‍ എങ്ങനെ അഭിനയിക്കുന്നു എന്നറിയാനുള്ള ആകാംഷയായിരുന്നു റോക്ക് ഓണ്‍ കാണാന്‍ പ്രേരിപ്പിച്ചത്. മോശമില്ലാത്ത സിനിമയായിരുന്നു അത്. .ആദിത്യ, ജോ, റോബ്, കേഡി എന്നീ സുഹൃത്തുക്കളുടെയും അവരുടെ സംഗീതത്തിന്റെയും കഥയാണ്‌ റോക്ക് ഓണ്‍. യഥാക്രമം ഫര്‍ഹാന്‍ അക്തര്‍, അര്‍ജുന്‍ രാംപാല്‍, ആംഗ്ലോ ഇന്ത്യന്‍ സംഗീതഞ്ജനായ ലൂക്ക് കെന്നി , വീഡിയോ ജോക്കി പുരബ് കോഹ്‌ലി എന്നിവരാണ്‌ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ആദിത്യ ഷ്‌റോഫ് (ഫര്‍ഹാന്‍ അക്തര്‍) ഒരു ധനകാര്യ സ്ഥാപനത്തില്‍ എക്സിക്യൂട്ടിവ് ആയി ജോലി നോക്കുന്നു. സാക്ഷി (പ്രചി ദേശായ്) ആണ്‌ ഭാര്യ. തന്റെ ഭര്‍ത്താവിന്റെ പരുക്കന്‍ സ്വഭാവത്തില്‍ ദുഖിതയായ സാക്ഷി യാദൃശ്ഛികമായി ഭര്‍ത്താവിന്റെ പഴയ സുഹൃത്തിനെ കണ്ടു മുട്ടുന്നു. കേഡി (കില്ലര്‍ ഡ്രമ്മര്‍) എന്ന ഈ സുഹൃത്തില്‍ നിന്നാണ്‌ തന്റെ ഭര്‍ത്താവ് പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു റോക്ക് ബാന്‍ഡിന്റെ പ്രധാന ഗായകനായിരുന്നു എന്ന് സാക്ഷി മനസ്സിലാക്കുന്നത്. തന്റെ ഭര്‍ത്താവിന്റെയും സുഹൃത്തുക്കളുടെയും പുനസമാഗമത്തിനായി സാക്ഷി ശ്രമിക്കുന്നു.


അഭിഷേക് കപൂര്‍ ആണ്‌ റോക്കോണിന്റെ സംവിധായകന്‍. തന്റെ ആദ്യചിത്രത്തില്‍ നിന്ന് (ആര്യന്‍) വ്യത്യസ്ഥമായി ഇത്തവണ അഭിഷേക് നന്നായി ഗൃഹപാഠം ചെയ്തിട്ടുണ്ട്. കഥ പറഞ്ഞിരിക്കുന്ന രീതി കൊള്ളാം. കാസ്റ്റിങ്ങ് ആണ്‌ സംവിധായകന്റെ കൊയ്യൊപ്പ് പതിഞ്ഞിരിക്കുന്ന വേറൊരു മേഖല. ജേസണ്‍ വെസ്റ്റ് എന്ന ഹോളിവുഡ് ക്യാമറമാന്റെ ഫ്രെയിമുകളും ദീപ ഭാട്ട്യയുടെ എഡിറ്റിങ്ങും മനോഹരം. ഷങ്കര്‍ എഹ്സാന്‍ ലോയ്‌മാരുടെ സംഗീതവും നന്നായിട്ടുണ്ട്. എടുത്തുപറയേണ്ട വേറൊരു കാര്യം നാല്‌ പാട്ടുകള്‍ പാടിയത് നായകനായ ഫര്‍ഹാന്‍ അക്തര്‍ ആണെന്നുള്ളതാണ്‌. അഭിനേതാക്കളും തങ്ങളുടെ റോള്‍ ഭംഗിയാക്കിയിട്ടുണ്ട്. അതില്‍തന്നെ പ്രത്യേകം പരാമര്‍ശിക്കേണ്ടത് അര്‍ജുന്‍ രാംപാലിന്റെ ഭാര്യയായി അഭിനയിച്ച ഷഹാന ഗോസ്വാമിയെയാണ്‌. സിനിമ അവസാനത്തോടടുക്കുമ്പോള്‍ തനി ഹിന്ദി സിനിമയുടെ സ്വഭാവം കാണിക്കുന്നു (ഉദാ: റോബിന്റെ മരണം) എന്നതൊഴിച്ചാല്‍ വേറെ കുറ്റമൊന്നും ചൂണ്ടികാണിക്കാനില്ല. ഭാരതീയ സംഗീതസംസ്കാരത്തില്‍ അധികമൊന്നും വേരോടിയിട്ടില്ലാത്ത റോക്ക് സംഗീതത്തെ കുറിച്ച് വിശ്വസനീയമായ രീതിയില്‍ ഒരു സിനിമ നിര്‍മ്മിച്ചു എന്നതു തന്നെയാണ്‌ സംവിധായകന്റെ വിജയം.
സിനിമ കണ്ട് തിരിച്ചു പോകുമ്പോഴാണ്‌ വിപിന്‍ ഈ സിനിമക്ക് വേറൊരു സിനിമയുമായുള്ള സാദൃശ്യത്തെ പറ്റി സൂചിപ്പിച്ചത്. വിപിന്റെ അഭിപ്രായത്തില്‍ അത് കേവലം യാദൃശ്ച്ഛികമായിരുന്നില്ല. "അഡാപ്റ്റേഷന്‍ എന്നു പറയാമെന്നു തോന്നുന്നു. ഹബാന ബ്ലൂസ് എന്ന ക്യൂബന്‍ പടം , ഞാനത് തിരുവനന്തപുരം ഫെസ്റ്റിവലിന്‌ കണ്ടിരുന്നു. തീം അതില്‍ നിന്ന്‌ അടിച്ചുമാറ്റിയതാണെന്നു വ്യക്തം ! " അങ്ങനെയാണ്‌ ഞാന്‍ ഹബാന ബ്ലൂസ് കണ്ടത്. അതു കണ്ടപ്പോള്‍ റോക്ക് ഓണ്‍ എന്റെ മനസ്സില്‍ നിന്നേ മാഞ്ഞു പോയി. അത്രമേല്‍ ആ സിനിമ എന്നെ കീഴടക്കി കളഞ്ഞു. കാരണം അതില്‍ സംഗീതമുണ്ടായിരുന്നു, ജീവിതമുണ്ടായിരുന്നു കൂടാതെ പോരാട്ടവും ! ഈ കുറിപ്പ് ആ സിനിമയെ കുറിച്ചാണ്‌ , ഒരു നിരൂപണമല്ല ഉദ്ദേശം മറിച്ച് ഒരു നല്ല സിനിമയെ പരിചയപ്പെടുത്തുക എന്നതുമാത്രം .
സിഗാറും കാമവും വിപ്ലവവും മണക്കുന്ന ക്യൂബന്‍ തെരുവുകളിലൂടെ സഞ്ചരിക്കുന്ന ഒരു അമ്പത്തിരണ്ട് മോഡല്‍ ഷെവര്‍ലെ ഡീലക്സ് കാറിന്റെ ദൃശ്യങ്ങളില്‍ നിന്നാണ്‌ സിനിമ തുടങ്ങുന്നത്. റൂയിയും ടിറ്റോയുമാണ്‌ ആ കാറില്‍. സംഗീതമാണ്‌ ഈ സുഹൃത്തുക്കളെ ഒന്നിപ്പിക്കുന്ന ഒരു ഘടകം.നല്ല സംഗീതം ചെയ്യണമെന്നും അങ്ങനെ ലോകമെമ്പാടും അറിയപ്പെടണമെന്നും അവര്‍ക്ക് മോഹമുണ്ട്. ക്യൂബയിലെ ദാരിദ്ര്യമാണ്‌ അവരുടെ മോഹങ്ങള്‍ക്ക് തടസ്സമാകുന്നത്. ഒരു മുളാറ്റയായ നായകന്‍ റൂയ്(ആല്‍ബെര്‍ട്ടോ യോയെല്‍) വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്‌. സംഗീതത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ചിരിക്കുന്ന ദരിദ്രനായ റൂയിയുടെ കുടുംബം പുലര്‍ന്നു പോകുന്നത് ഭാര്യ കാരിഡാഡ് (യെലീന സൈര) അധ്വാനിക്കുന്നത് കൊണ്ടാണ്‌. ഭര്‍ത്താവിന്റെ സംഗീതം ഇഷ്ടമാണെങ്കിലും അയാളുടെ നിരുത്തരവാദപരമായ സമീപനത്തില്‍ മനംനൊന്ത് അയാളില്‍ നിന്ന് പിരിയാന്‍ തീരുമാനിക്കുന്നു.സിനിമയുടെ കഥാപശ്ചാത്തലം ഇതാണ്‌.
ശക്തമായ തിരക്കഥയാണ്‌ ഹബാന ബ്ലൂസിന്റെ ഏറ്റവും വലിയ പ്രത്യേകത. റൂയി ടിറ്റോമാരുടെ ബാന്‍ഡിന്റെ റെക്കോര്‍ഡിങ്ങ് മുഴുവനാകും മുമ്പ് വൈദ്യുതി നിലക്കുന്ന ഒരു ദൃശ്യം സിനിമയുടെ തുടക്കത്തിലേ കാണിക്കുന്നുണ്ട്. ക്യൂബയുടെ യഥാര്‍ത്ഥ അവസ്ഥ , ദാരിദ്ര്യം ഇതല്ലാം കാണിക്കുവാന്‍ പറ്റിയ വേറൊരു സീന്‍ പിന്നെ നമുക്ക് സങ്കല്‍പ്പിക്കാനാവില്ല തന്നെ.
ഈ സിനിമക്ക് ഒന്നിലധികം പ്രകേതങ്ങള്‍ (aspects) അവകാശപ്പെടാം. പ്രണയം, വേര്‍പാട്, സൌഹൃദം, സംഗീതം..അങ്ങനെയങ്ങനെ. എന്നിരുന്നാലും ഈ സിനിമ മുന്നോട്ട് വെക്കുന്ന രാഷ്‌ട്രീയമാണ്‌ ഏറ്റവും ആകര്‍ഷകവും മുഖ്യവും. സ്വയംപ്രകാശനത്തിന്‌ വേദികളില്ലാതെ ബുദ്ധിമുട്ടുകയായിരുന്ന ഈ സുഹൃത്തുക്കള്‍ യാദൃശ്ഛികമായി ഒരു സ്പാനിഷ് റെക്കോര്‍ഡിങ്ങ് കമ്പനിയുടെ പ്രതിനിധികളുടെ ശ്രദ്ധയില്‍ പെടുന്നു. ക്യൂബന്‍ തെരുവുകളില്‍ നിന്ന് തങ്ങള്‍ക്ക് ലഭിച്ച പ്രതിഭകളെ ആ സ്പാനിഷ് കമ്പനി ആവേശ പൂര്‍വം സ്വീകരിക്കുന്നു. അവര്‍ റുയിയേയും കൂട്ടുകാരേയും യൂറോപ്പിലേക്ക് ക്ഷണിക്കുന്നു. ഇതിനിടെ റെക്കോര്‍ഡിങ്ങ് കമ്പനി പ്രതിനിധികളിലൊരാളായ മാര്‍തയുമായി റുയി പ്രണയത്തിലാകുന്നുണ്ട്. പക്ഷേ യാത്രക്കൊരുങ്ങും മുമ്പ് റുയ് കമ്പനിയുടെ താല്‍പര്യങ്ങള്‍ തന്റെ നാടിനും തന്റെ വിശ്വാസപ്രമാണങ്ങള്‍ക്കും എതിരാണെന്ന് മന്സ്സിലാക്കുന്നു. അവിടെ റുയ് പിന്തിരിയുന്നു. കൂട്ടുകാരനായ ടിറ്റോ പോലും അയാള്‍ക്കെതിരാവുന്നുണ്ട്. കാരിഡാഡ് കുട്ടികളെയും കൂട്ടി വാഗ്ദത്തഭൂമിയായ അമേരിക്കയിലേക്ക് കുടിയേറാന്‍ തീരുമാനിക്കുന്നു. കുട്ടികളേയും കാരിഡാഡിനേയും പിരിയാന്‍ വയ്യെങ്കിലും അയാള്‍ക്ക് ഹവാനയിലെ തെരുവുകള്‍ വിട്ട് എങ്ങും പോകാന്‍ വയ്യ. അയാള്‍ ഒറ്റക്കാവുന്നു. മുതലാളിത്തത്തിന്റെയും ആഗോളവത്കരണത്തിന്റെയും എതിര്‍വശത്താണ്‌ ഈ സിനിമ നിലകൊള്ളുന്നത്. കല എന്നാല്‍ വിലക്ക് വാങ്ങാന്‍ കിട്ടുന്ന ഒന്നല്ല എന്ന് സിനിമ പ്രഖ്യാപിക്കുന്നുണ്ട്. സംവിധായകനായ ബെനീറ്റൊ സംബ്രാനോയുടെ കഥപറച്ചിലും അഭിനേതാക്കളുടെ പ്രകടനവും ഹബാന ബ്ലൂസിനെ ഒരനുഭവമാക്കുന്നു. അഭിനേതാക്കളില്‍ കാരിഡാഡിനെ അവതരിപ്പിച്ച യെലിന സൈരയാണ്‌ എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്. ഒരു നിസ്സഹായായ വീട്ടമ്മയായും കടുത്ത തീരുമാനമെടുക്കേണ്ടി വരുന്ന പ്രണയിനിയായും അവസാനം ധൈര്യവും ആശ്വാസവും പകരുന്ന സ്ത്രീഭാവമായും അവര്‍ ജീവിച്ചു എന്നു പറയുന്നതാവും ശരി. ഈ കഥാപാത്രത്തെ അതേ പടി പകര്‍ത്തിവച്ചിട്ടുണ്ട് റോക്ക് ഓണില്‍, ഷഹാന ഗോസ്വാമി അവതരിപ്പിക്കുന്ന കഥാപാത്രമായി.ഈ ഒരു സാദൃശ്യവും ക്ലൈമാക്സടക്കമുള്ള ചില സീനുകളുടെ സാമ്യതയും ഒഴിച്ചാല്‍ കേവലം പ്രചോദനം മാത്രമാകും ഹബാന ബ്ലൂസും റോക്ക് ഓണും തമ്മിലുള്ള ബന്ധം. മാത്രമല്ല രണ്ടു സിനിമകളും നിലകൊള്ളുന്നത് വിരുദ്ധ ചേരികളിലുമാണ്‌. റോക്ക് ഓണില്‍ ഫര്‍ഹാന്‍ അക്തര്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഓഫീസിലേക്ക് വരുമ്പോള്‍ ഓഫിസിലെ സെക്യുരിറ്റി ഗാര്‍ഡ് അഭിവാദ്യം ചെയ്യുന്നുണ്ട്. പക്ഷേ അയാള്‍ അത് ഗൌനിക്കുന്നേയില്ല. ഗാര്‍ഡ് ഇളിഭ്യനാകുന്നു. അത് കണ്ട് തിയേറ്ററിലെ പല ഭാഗങ്ങളില്‍ നിന്നും ചിരി ഉയര്‍ന്നു.ആ ചിരികളില്‍ ഉയര്‍ന്നു കേട്ട പുച്ഛരസം തന്നെയാണ്‌ നമ്മള്‍ ഭൂരിഭാഗം വരുന്ന ഇന്ത്യാക്കാരുടെ രാഷ്ട്രീയം. ഹബാന ബ്ലൂസിലൂടെ റുയി എനിക്ക് കാണിച്ചു തന്നത് ജീവിതം എന്നത് നിരന്തരമായ ഒരു സമരം തന്നെയാണ്‌ എന്നായിരുന്നു. സിനിമയുടെ രാഷ്ട്രീയം, അത് പൂര്‍ണമാകുന്നത് പ്രേക്ഷകരിലാണെന്ന് ബെനിറ്റൊ സംബ്രാനോ എന്ന സംവിധായകനും. എന്തുകൊണ്ടാണ്‌ നമ്മുടെ ഭാഷയില്‍ നല്ല സിനിമകള്‍ വരാത്തത് ? ഞാന്‍ സ്വയം ചോദിച്ചു. മറുപടിയും സ്വയം കണ്ടുപിടിച്ചു..തീക്ഷണമായ അനുഭവങ്ങളുള്ള സമൂഹത്തിലേ നല്ല സിനിമ ഉണ്ടാവുകയുള്ളൂ. നമ്മുടേത് അതിവേഗം അരാഷ്ട്രീയവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സമൂഹമാണ്‌. ഞാന്‍ സ്വയം ആശ്വസിപ്പിച്ചു.

പിന്‍കുറി: ഏതാണ്ട് ഇതേ വിഷയം കൈകാര്യം ചെയ്ത ഒരു സിനിമ കഴിഞ്ഞ വര്‍ഷം മലയാളത്തിലും വന്നിരുന്നു. ഇപ്പോള്‍ പദ്മരാജന്‌ പഠിച്ചുകൊണ്ടിരിക്കുന്ന ആ സംവിധായകനോട് ഒന്നേ പറയാനുള്ളു...
" കാതറേ....കൂതറയാവരുത് !"

Saturday, 30 August, 2008

പാതാളത്തില്‍ നിന്നുള്ള ശത്രുക്കള്‍

"Being frightened is an experience you can't buy."-
--- Anthony Price -

രജനി. എസ്. ആനന്ദ് മരിക്കാന്‍ കാരണം ഒരു എസ് എഫ് ഐ നേതാവാണെന്ന യുവമോര്‍ച്ച നേതാവ് സുരേന്ദ്രന്റെ പ്രസ്താവനയാണ്‌. വീണ്ടും അയാളെ ഓര്‍മിക്കാനിടയാക്കിയത്. അയാളെന്നു പറഞ്ഞാല്‍ 'കമ്പ്യൂട്ടര്‍ പരമന്‍' എന്ന പരമേശ്വരന്‍ നായര്‍.

മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് രജനിയുടെ മരണത്തിനെ കുറിച്ച് അന്ന് പത്രങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന വിവാദങ്ങളില്‍നിന്നെല്ലാം വ്യത്യസ്ഥമായിരുന്ന ഒരഭിപ്രായമായിരുന്നു പരമേട്ടന്റേത്. അതിപ്രകാരമായിരുന്നു.

" കുട്ടി മരിക്കാന്‍ കാരണം കോളേജുകാര്‍ തന്നെ. കാരണെന്താച്ചാ..ആരും ശ്രദ്ധിക്കാഞ്ഞ ഒരു കാര്യണ്ട്,
ആ കുട്ടീടെ ക്ലാസ്സ് മൂന്നാം നെലേലായിരുന്നു. ക്ലാസ്സ് നടക്കുമ്പൊ കുട്ടിക്കെന്തോ പങ്കപ്പാട് തോന്നി. പെങ്കുട്ട്യോളെല്ലേ..? അവരെ മനസ്സ് അങ്ങനത്തതല്ലേ..ചാടി. അത്രന്നെ..! അതോണ്ടാ ഞാമ്പറഞ്ഞെ, പെങ്കുട്ട്യോള്‍ടെ ക്ലാസ്സ് മൂന്നാനെലേല്‌ കൊണ്ടോയി വെച്ച കോളേജ് തന്ന്യാ കുറ്റക്കാര്.

കമ്പ്യൂട്ടര്‍ പരമന്റെ അഭിപ്രായത്തില്‍ ഉയരങ്ങളില്‍ നിന്ന് താഴേക്ക് ചാടുവാനുള്ള ത്വര എല്ലാ പെണ്‍കുട്ടികള്‍ക്കും ജന്‍മസഹജമായി കിട്ടിയിട്ടുള്ളതാണ്!

'വേറിട്ടകാഴ്ച്ചകള്‍ക്ക്' വേണ്ടി സഹസംവിധായകനായി ജോലിചെയ്യുന്ന കാലം. ഞാനും എന്റെ കൂട്ടുകാരനും സഹപ്രവര്‍ത്തകനുമായിരുന്ന ജിബുവും കൂടെ നടത്താറുണ്ടായിരുന്ന 'റിസര്‍ച്ച്' എന്ന അലച്ചിലുകള്‍ക്കിടയിലാണ്‌ പരമേട്ടനെ കണ്ടത്.ഷൊര്‍ണൂര്‍ ബസ് സ്റ്റാന്റില്‍ അലഞ്ഞു നടക്കുന്ന കന്നുകാലികളെ ആട്ടി തെളിക്കുകയായിരുന്നു അയാള്‍. അതൊരു വേറിട്ടതരം ജീവിതമാണെന്ന് ആദ്യത്തെ ആ കാഴ്‌ച്ചയിലേ തോന്നിയിരുന്നു.
ഷൊര്‍ണൂരിലെ പച്ചക്കറി മാര്‍ക്കറ്റില്‍ സഹായിയായി ജോലി നോക്കൂകയാണ്‌ കമ്പ്യൂട്ടര്‍ പരമന്‍ എന്ന് നാട്ടുകാര്‍ക്കിടയില്‍ അറിയപ്പെടുന്ന വേമ്പലത്തും പാടത്ത് അടിയാട്രി വീട്ടില്‍ പരമന്‍. കമ്പ്യൂട്ടര്‍ പരമന്‍ എന്ന പേര്‍ നാട്ടുകാര്‍ അയാള്‍ക്ക് ചാര്‍ത്തി കൊടുത്തതാണ്‌. അയാള്‍ അത് ആസ്വദിക്കുന്നുമുണ്ട്. സ്വയം വിശേഷണങ്ങളിലും തന്റെ ഔദ്യോഗികരേഖകളിലുമെല്ലാം അയാള്‍ കമ്പ്യൂട്ടര്‍ പരമനെന്ന സി.പരമനാണ്‌.

കഷ്ടിച്ച് അന്ചടിയോളം ഉയരം. ഏതോ ബഷീറിയന്‍ കഥാപാത്രത്തിന്റെ മാനറിസങ്ങളോര്‍മിപ്പിക്കുന്ന രൂപം. നാട്ടുകാരുടെ സമരഭടനാണ്‌ പരമന്‍. എല്ലാ സാമൂഹികപ്രശ്നങ്ങളിലും അയാള്‍ സജീവമായി ഇടപെടും. രാവിലെ പത്തു മണി വരെയേ ചന്തയില്‍ അയാള്‍ക്ക് ജോലിയുള്ളൂ. അതു കഴിഞ്ഞാല്‍ പത്രവായനയാണ്‌. അഞ്ചു പത്രങ്ങള്‍ സ്ഥിരമായി അരിച്ചുപെറുക്കും. ഇഷ്ടപത്രം ചന്ദ്രികയും ഇഷ്ടമിലാത്ത പത്രം മനോരമയുമാണ്‌. അതു കഴിഞ്ഞാല്‍ തന്റെ മുഖ്യ പ്രവര്‍ത്തനമേഖലയിലെക്ക് ഇറങ്ങുകയായി. പോലീസ് സ്റ്റേഷനും പത്രമോഫീസുകളുമാണവ. പരാതികളുണ്ടാവും കയ്യില്‍. മിക്കവാറും ഒരേ സ്വഭാവമുള്ള പരാതികളായതു കൊണ്ട്‌ ആരും അതത്ര ഗൌനിക്കാറില്ല. അന്ന്‌ സമര്‍പ്പിക്കാനുദ്ദേശിക്കുന്ന സ്വന്തം കൈപ്പടയില്‍ എഴുതിയ ഒരു പരാതി പരമന്‍ ഞങ്ങള്‍ക്ക് കാട്ടിതന്നു.അന്ചോ ആറോ പേജുകളിലുള്ള വിശദമായ പരാതി തുടങ്ങുന്നത് ഇപ്രകാരമാണ്‌..

"18 കൊല്ലകാലമായി നമ്മുടെ ജന്‍മനാടായ ഇന്ത്യാരാജ്യത്തേയും മുഖ്യമായി കെരളത്തേയും ഇരുട്ടിലാക്കി ശവക്കോട്ടയാക്കി മാറ്റിയ ക്രിമിനല്‍ദേശ ചണ്ടാലന്‍മാരുടെ ഈ എഴുതുന്നതായ വാചകത്തില്‍ ഉള്‍കൊള്ളിക്കുന്നു.താഴെ പറയുന്ന ടിയാന്‍മാരുടെ ദുഷ്ടപ്രവര്‍ത്തികള്‍ അറിയുന്ന ഒരേ ഒരാള്‍ ഇപ്പോള്‍ ഷൊറണൂര്‍ റയില്‍വേ സ്റ്റേഷനിനടുത്തുള്ള സി ഐ ടി യു ഓഫീസിന്റെ കോണിച്ചോട്ടില്‍ താമസിക്കുന്ന കമ്പ്യൂട്ടര്‍ പരമന്‍ എന്ന ഞാനാകുന്നു. അതു കൊണ്ട് അവര്‍ എന്റെ കുടുംബത്തെ നശിപ്പിച്ച് താറുമാറാക്കി.ഇപ്പോള്‍ എന്റെ ജീവന്‌ ഭീഷണീയും ഉണ്ട്.....
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പരമന്‍ അധികാരികള്‍ക്ക് മുമ്പില്‍ നിരന്തരമായി സമര്‍പ്പിച്ചു കൊണ്ടിരിക്കുന്ന പരാതിയാണിത്. അതിന്റെ രത്നചുരുക്കം അയാളുടെ ജീവിതം തന്നെയാണ്‌. രാജ്യത്തെ നശിപ്പിക്കുന്ന പതിനന്ചംഗ സംഘമടങ്ങിയ വിധ്വംസക ശക്തികള്‍ അയാളുടെ ഭാര്യയെ കൊന്നു കളഞ്ഞതും അയാളുടെ ജീവിതം നശിപ്പിച്ചതും വിവരിക്കുന്ന രേഖകളാണവ. ഈ ശക്തികളുടെ കേന്ദ്രം ഭൂമിക്കടിയില്‍ ആണെന്നാണ്‌ പരമന്‍ വിശ്വസിക്കുന്നത്.അവിടെ നിന്ന്‌ അവര്‍ കംപ്യൂട്ടറുകളുപയോഗിച്ചാണ്‌ രാജ്യത്തെ തകര്‍ക്കുന്നത്.നാട്ടില്‍ നടമാടുന്ന കൊല,കൊള്ളി വെപ്പുകള്‍ തുടങ്ങി എല്ലാ അരക്ഷിതാവസ്ഥകള്‍ക്കും കാരണം അവര്‍ തന്നെ. പ്രതികളില്‍ ചിലര്‍ തമിഴ്നാട്ടുകാരായതിനാല്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്കും പരാതി അയച്ചിട്ടുണ്ട്. ഇവരുടെ ഗൂഢനീക്കങ്ങള്‍ അറിഞ്ഞു പൊയി എന്നതാണ്‌ താനും തന്റെ ഭാര്യയും ചെയ്ത കുറ്റം! അതിനെ എതിര്‍ത്തു. അതിന്റെ പ്രതികാരം ഭീകരമായിരുന്നു. താന്‍ വീട്ടിലില്ലാതിരുന്ന സമയത്ത് ഭാര്യയെ മര്‍ദ്ദിച്ചു.
.......... മര്‍ദ്ദനം സഹിക്കവയ്യാതെ ആ പാവം വീടു വിട്ടോടി പോയി. പക്ഷേ പതിഞ്ചംഗ സംഘം അവരെ പിന്തുടരുകയും എറണാകുളം റയില്‍വേ സ്റ്റേഷനില്‍ വച്ച് പിടികൂടി കൊന്നുകളയുകയും ചെയ്തു.ശരീരം കഷ്ണങ്ങളാക്കി ഒരു അട്ടപെട്ടിയിലിട്ട് ഒരു ഗുഡ്സ് ട്രെയിനില്‍ ഷൊര്‍ണൂര്‍ റയില്‍വേസ്റ്റേഷനിലേക്കയച്ചു. ഇന്ത്യാ മഹാരാജ്യത്തിന്റെ ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഇത്തരമൊരു ദാരുണ സംഭവം.ഈ സംഭവം റയില്‍വേ പോലീസും ഉദ്യോഗസ്ഥരും മറച്ചുവച്ചു. അതിന്റെ ഭാഗമായിട്ടണ്‌ പെരുമണ്‍ ദുരന്തവും മറ്റും അവര്‍ ഉണ്ടാക്കിയത്. ( ജനശ്രദ്ധ തിരിച്ചു വിടാന്‍ )
പരമുവിന്റെ ജീവിതത്തെ തകര്‍ത്തുകളഞ്ഞ്‌ അയാളുടെ ഭീഷനി ഇല്ലാതാക്കിയ ശേഷം അവരിപ്പോള്‍ അവരുടെ പദ്ധതികള്‍ ഓരോന്നായി നടപ്പിലാക്കി വരികയാണ്‌. .......
"അതെങ്ങനെ?"
വായിക്കുന്നതിനിടക്ക് ഞാന്‍ ചോദിച്ചു.
"ഇപ്പോ ഉദാഹരണത്തിന്‌ പെട്രോളിന്റെ വില കുതിച്ച് കേറ്വല്ലേ..?കാരണമെന്താ..? ഇവറ്റ തന്നെ. ഇവര്‍ ഭൂമിക്കടിയില്‍ വച്ചിട്ടുള്ള പൈപ്പ് ഉപയോഗിച്ച് പെട്രോളല്ലാം ഊറ്റുകയാണ്‌. അപ്പോ പമ്പുകാര്‍ക്ക് ആവശ്യത്തിന്‌ പെട്രോള്‌ കിട്ടാണ്ടാവും അങ്ങനെ വെല കൂടും.!
അതേ പോലെ സിനിമാ പ്രതിസന്തി! ഇവറ്റ ഭൂമിക്കടിയില്‌ സാറ്റലൈറ്റ് ഫിറ്റ് ചെയ്ത് വലിച്ചെടുത്ത് സീഡിയടിച്ചെറക്കല്ലേ? പിന്നെങ്ങനെ തീയറ്ററിലാള്‌ കൂടും? "

സാറ്റലൈറ്റ് ഭൂമിക്കടിയിലോ? ജിബുവിന്‌ സംശയം.
ഭൂമിക്കടീല്‍ താമസിക്കുന്നോര്‍ക്ക് അവടെ സാറ്റലൈറ്റ് ഫിറ്റ് ചെയാനാണോ പാട്‌? നിനക്കറിയാണ്ടാ മോനേ അവരെ പറ്റി!
പരമുവേട്ടന്‍ ആ സംശയത്തെ നിസ്സാരമാക്കി തള്ളികളഞ്ഞു.

ഷൊര്‍ണൂരടുത്ത് കയിലിയാടായിരുന്നു പരമുവേട്ടന്റെ തറവാട്‌. അടാട്രി വീട്ടില്‍ രാമന്‍ നായരുടെയും ചിന്നമ്മുവമ്മയുടെയും ഇളയ മകന്‍ .ആറാം ക്ളാസ്സ് വരെ പഠിച്ചു. ആറാം ക്ലാസ്സിലെ തോല്‍വിയെ തുടര്‍ന്ന്‌ നാടുവിട്ടു. ആദ്യം മദ്രാസിലേക്കായിരുന്ന്. അവിടെനിന്ന്‌ വിജയവാഡക്ക്. അവിടെ ചായക്കടയിലും പിന്നീട് പാല്‍വിതരണക്കാരനായും ജോലി നോക്കി. വര്‍ഷങ്ങള്‍ മുമ്പെന്നോ കണ്ട മേലേകാവിലെ താലപൊലി ഒരു ദിവസം സ്വപ്നത്തില്‍ വീണ്ടും കണ്ടപ്പോഴാണ്‌ അയാള്‍ക്ക് പിന്നീട് നാടിനെ കുറിച്ചോര്‍മ്മ വന്നത്. അപ്പോഴേക്കും അയാള്‍ക്ക് മുപ്പത്തിരണ്ട് വയസ്സായി കഴിഞ്ഞിരുന്നു. അയാള്‍ ഷൊര്‍ണൂര്‍ റയില്‍വേസ്റ്റേഷനില്‍ തിരിച്ചെത്തി. അങ്ങനെ അയാളെ കുറിച്ചാധിപിടിച്ചുള്ള ഓര്‍മ്മകളുമായി കഴിഞ്ഞിരുന്ന അച്ഛനും അമ്മക്കും അവരുടെ മരണത്തിനു മുമ്പേ അയാളെ വീണ്ടും കാണാന്‍ പറ്റി. തിരിച്ചെത്തിയ വര്‍ഷം തന്നെ അയാള്‍ വിവാഹം കഴിഞ്ഞു. മുണ്ടായ കുണ്ടത്ത് വീട്ടില്‍ തങ്കമണിയായിരുന്നു വധു.അവര്‍ക്ക് രണ്ട് കുട്ടികളുണ്ടായി. ഗായത്രിയും സാവിത്രിയും. സന്തുഷ്ടകരമായിരുന്നു അവരുടെ ദാമ്പത്ത്യമെന്ന്‌ അയല്‍ക്കാരോര്‍ക്കുന്നു. എന്താണ്‌ സംഭവിച്ചതെന്ന്‌ ആര്‍ക്കുമറിയില്ല സന്തോഷകരമായ കുടുംബജീവിതത്തിനിടക്കപ്പോഴോ തങ്കമണിയുടെ മനസ്സിന്റെ താളം തെറ്റി. അവര്‍ വീടുവിട്ടു പോയി. അതോടെ പരമന്റെയും ആ കുടുംബത്തിന്റെയും താളം നഷ്ടമായി.ഷൊര്‍ണൂര്‍ റയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിനില്‍ ആയിടക്കെന്നോ കാണപ്പെട്ട ഒരുസ്ത്രീയുടെ ശരീരഭാഗങ്ങള്‍ തന്റെ ഭാര്യയുടേതാണെന്ന്‌ അയാള്‍ തീര്‍ച്ചപ്പെടുത്തി. അത് ചെയ്തത് തന്റെ ശത്രുക്കളായ പതിനഞ്ച് പേരടങ്ങിയ അഞ്ജാതസംഘമാണെന്നും. ഭയമുണ്ടായിരുന്നുവെങ്കിലും പിന്നീടയാളുടെ ജീവിതം ആ സംഘത്തിനെതിരെയുള്ള പോരാട്ടമായിരുന്നു.ലോക്കല്‍ പോലീസ് സ്റ്റേഷന്‍ മുതല്‍ ഇന്ത്യന്‍ പ്രസിഡണ്ടു വരെയുള്ളവര്‍ക്ക് അയാള്‍ നിരന്തരമായി പരാതികളയച്ചുകൊണ്ടേയിരിക്കുന്നു. കൂടാതെ ആത്മരക്ഷക്കായി വ്യായാമമുറകളും അയാള്‍ ശീലിക്കുന്നുണ്ട്.വളരെ വിചിത്രമാണതിന്റെ രീതികള്‍. വേദി ഷൊര്‍ണൂരിലെ പഴയ റെയില്‍വേ പാലവും.

"പരമുവേട്ടന്‍ ഈ അയക്കാറുള്ള പരാതികള്‍ക്ക് എന്തെങ്കിലും ഫലമുണ്ടാവാറുണ്ടോ?
"പോലീസുകാര്‍ അന്വേഷിക്കാറില്ല അവര്‍ക്ക് തമാശയാണ്‌. ഞാനപ്പോ അവര്‍ക്കെതിരെ ചുമരഴെത്തെഴുതി. എന്നിട്ടവരൊന്നും ചെയ്തില്ലേ?
ഇല്ല. സ്റ്റേഷനീക്ക് വിളിപ്പിച്ചു. പേടിപ്പിച്ചിട്ട് വിട്ടു. പക്ഷേ ഞാനിപ്പോളും പോസ്റ്ററെഴുതാറുണ്ട്.
ഇന്നലെക്കൂടി ഒന്നെഴുതി ട്രാന്‍സ്പ്പോര്‍ട്ട് ബസ്സിന്റെ പൊറകിലൊട്ടിച്ചു.
'ഇനി ഉണ്ടാകുന്നതല്ല. മരണം മാത്രം പ്രതീക്ഷിച്ചാല്‍ മതി' എന്ന്`.
"അധികാരികള്‍ ഇതൊന്നും ശ്രദ്ധിക്കുന്നില്ലെങ്കില്‍ ഈ പരാതി അയക്കല്‍ നിര്‍ത്തിക്കൂടെ?
എങ്ങന്യാ നിര്‍ത്താ..എതെന്നെ മാത്രം ബാധിക്കുന്ന കാര്യല്ലല്ലൊ? നാടിനെ മൊത്തം ബാധിക്കുന്നതല്ലേ? ഞാനവരുടെ മുഖ്യശത്രുവായി പോയീന്നുമാത്രം.
അവരുടെ പുതിയ തന്ത്രം കേള്‍ക്കണോ? ബസ്റ്റാന്റീക്ക് കന്നുകാലികളെ അഴിച്ചു വിടുക.
നമ്മളെ ട്രാന്‍സ്‌പ്പോര്‍ട്ട് സിസ്റ്റം തകര്‍ക്കാനാ..ഞാനതോണ്ടല്ലേ അവറ്റോളെ ബസ്റ്റാണ്ടീന്ന് ഓടിച്ച് വിടുന്നത്.

ബസ് സ്റ്റാന്റില്‍ നിന്ന്‌ കാലികളെ ഓടിക്കുന്നത് നല്ല കാര്യം തന്നെ.
ഞാന്‍ പറഞ്ഞു.

ഷൊര്‍ണൂരില്‍നിന്ന് കുറച്ചു കിലോമീറ്ററുകള്‍ അകലെയുള്ള പരമേട്ടന്റെ സ്വന്തം വീട്ടിലേക്ക് ഞങ്ങള്‍ പോയി. അതൊരു പൌരാണികാവശിഷ്ടം പോലെ തോന്നിപ്പിച്ചു.അവിടെ അങ്ങിനെയൊരു വീടുണ്ടായിരുന്നു എന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി.ഒരിക്കല്‍ പൂവിട്ടു തളിര്‍ത്തു നിന്നിരുന്ന ഒരു വീടാണ്‌ ആകെ ഇടിഞ്ഞു വീണ്‌ കാടും പടലയും പിടിച്ച് കിടക്കുന്നത് .
"നല്ല കൂട്യ ഇനം വള്ളിജാതിണ്ട്‌ , നോക്കി നടന്നോളൂട്ടോ.."
അടുത്ത വീട്ടിലെ ചേച്ചിയാണ്‌.
ഞങ്ങള്‍ അവിടെ നിന്ന്‌ ഒരു ഇന്റര്‍വ്യൂ എടുക്കാനുള്ള പുറപ്പാടിലായിരുന്നു.
പരമേട്ടന്‍ പക്ഷേ അസ്വസ്ഥനായി കാണപ്പെട്ടു.
"മഴ വരും നമുക്ക് പൂവ്വാ..?
"മഴയോ..? ഈ ജാതി കത്തുന്ന വേനല്‍ക്കോ?" ഞാന്‍ ചോദിച്ചു.
" അത് മൂപ്പര്‍ക്കിവിടെ വന്നാ പതിവാ ..ഇങ്ങട്ട് വന്നാ പിന്നെ നിക്കില്ല.
എപ്പഴും മഴ വരുന്നൂന്ന് പറഞ്ഞിട്ട് പോയിക്കളയും.
..എനിക്കാ കുട്ട്യോള്‍ടെ കാര്യലോചിച്ചിട്ടാ.. "
"ആരെ..? ഗായത്രിയും സാവിത്രിയുമോ? ആ കുട്ടികളെവിടെയാണ്‌? ഞാവരോടന്വേഷിച്ചു.
"രണ്ടു പേരും ഓരോ ഗള്‍ഫാര്ടെ വീട്ടില്‍പണിക്ക് നിക്ക്വാ.."

ഇന്ത്യാരാജ്യത്തെ അപായപ്പെടുത്താന്‍ ഛിദ്രശക്തികള്‍ ശ്രമിക്കുന്നതിനെ കുറിച്ചോര്‍ത്ത് വ്യാകുലപ്പെടുന്ന ആ മനുഷ്യന്‌ തന്റെ കുഞ്ഞുമക്കളെ കുറിച്ചോര്‍ത്തുമാത്രം വിഷമമൊന്നുമില്ല. കുട്ടികളെ കുറിച്ചന്വേഷിച്ചപ്പോള്‍ അവരെ അവര്‍ വേലക്ക് നില്‍ക്കുന്ന വീട്ടിലെ ആളുകള്‍ പൊന്നുപോലെ നോക്കുന്നുണ്ടെന്നായിരുന്നു മറുപടി.

എങ്ങനെയാണ്‌ അയാളുടെ ജീവിതം ഈ വിധമൊരു ദുരന്തമായി തീര്‍ന്നു പോയതെന്നറിയില്ല.തന്റെ ജീവിതം ദുരന്തപുര്‍ണമാക്കിയതിന്റെ ഉത്തരവാദിത്വം അന്യരില്‍ ആരോപിക്കുന്നതിന്റെ സാംഗത്യവും മനസ്സിലായില്ല.ഒരിക്കല്‍ ജീവിതം അയാളെ ഭയപ്പെടുത്തി ആ ഭയപ്പാടിന്റെ നിഴലില്‍ നിന്ന്‌ ഒരിക്കലും അയാള്‍ക്ക് പുറത്തുകടക്കാനുമായില്ല.

"മഴയെ പേടിയാണോ? "
ഉവ്വ്.
"എന്തിനാണ്‌ ഇത്രക്ക് പേടിക്കുന്നത്?"
പേടിയില്ലാതെ ആര്‍ക്കും ജിവിക്കാമ്പറ്റില്ല.
മനുഷ്യമാര്‍ക്ക് ദൈവത്തെ പേട്യല്ലേ?
അമേരിക്കക്ക് ബിന്‍ലാദനെ പേടിയല്ലേ..?
തനിക്ക് പേടില്ലേ...
ജോലി പോവും എന്ന പേടി..?
ആള്‍ക്കാര്‍ എന്തു വിചാരിക്കുന്നുള്ള പേടി..?.
..ഒന്നുമില്ലെങ്കിലും മരിക്കുമെന്നുള്ള പേടി...?.
...അയാളുടെ കണ്ണില്‍ എനിക്കൊരു ഉന്മാദത്തിന്റെ തിളക്കം കാണാനായി.
അയാള്‍ അന്നു പറഞ്ഞത് ഒരു ഉന്മാദത്തിലാണെന്നാണ്‌ തോന്നിപ്പിച്ചതെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം അതിന്റെ തുടര്‍ച്ച എനിക്ക് വേറൊരിടത്തുനിന്ന്‌ കേള്‍ക്കാനിടയായി. അത് ജെ കൃഷ്ണമൂര്‍ത്തിയുടെ വാക്കുകളായിരുന്നു.....
" മരണത്തെ പറ്റി ഭയമുളവാകാതെ ചിന്തിക്കാന്‍ കഴിയുമോ? മരണം എന്ന വാക്ക് തന്നെ ഭയപ്പെടുത്തുന്നുവല്ലേ? അതേ പോലെ നിങ്ങളുടെ ഓര്‍മ്മകളിലുള്ള അനേകം മരണങ്ങളും? സ്നേഹമെന്ന വാക്കിന്‌ അതിന്റേതായ ഉദ്വേഗവും സങ്കല്‍പ്പവും ഉള്ള പോലെ മരണം എന്ന വാക്കും നിങ്ങളെ ഭയപ്പെടുത്തുവല്ലേ? അന്ത്യമെന്ന സങ്കല്‍പ്പത്തിനു പകരം അന്ത്യത്തില്‍ എത്തുന്നു എന്നുള്ളതാണോ നിങ്ങളെ ഭയപ്പെടുത്തുന്നത്? മരണമെന്ന വാക്കാണോ അതോ യഥാര്‍ത്ഥ മരണമണോ നിങ്ങളെ ഭയപ്പെടുത്തുന്നത്? വാക്കോ ഓര്‍മ്മകളോ ആണ്‌ നിങ്ങളെ ഭയപ്പെടുത്തുന്നത് എങ്കില്‍ അത് ഭയമേ അല്ല.കാലാന്തരത്തില്‍ വരാന്‍ പോകുന്ന ഒന്നിനെ ഭൂതകാലത്തിലെ ഓര്‍മ്മകളിലൂടെ നാം വെറുതെ ബന്ധിപ്പിച്ച് പീഡയനുഭവിക്കുന്നു...........
Freedom From The KNown : J. Krishnamurti

Thursday, 7 August, 2008

പാതാളത്തില്‍ നിന്നുള്ള ശത്രുക്കള്‍

"Being frightened is an experience you can't buy."-

--- Anthony Price -

രജനി. എസ്. ആനന്ദ് മരിക്കാന്‍ കാരണം ഒരു എസ് എഫ് ഐ നേതാവാണെന്ന യുവമോര്‍ച്ച നേതാവ് സുരേന്ദ്രന്റെ പ്രസ്താവനയാണ്‌. വീണ്ടും അയാളെ ഓര്‍മിക്കാനിടയാക്കിയത്. അയാളെന്നു പറഞ്ഞാല്‍ 'കമ്പ്യൂട്ടര്‍ പരമന്‍' എന്ന പരമേശ്വരന്‍ നായര്‍.

മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് രജനിയുടെ മരണത്തിനെ കുറിച്ച് അന്ന് പത്രങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന വിവാദങ്ങളില്‍നിന്നെല്ലാം വ്യത്യസ്ഥമായിരുന്ന ഒരഭിപ്രായമായിരുന്നു പരമേട്ടന്റേത്. അതിപ്രകാരമായിരുന്നു.

" കുട്ടി മരിക്കാന്‍ കാരണം കോളേജുകാര്‍ തന്നെ. കാരണെന്താച്ചാ..ആരും ശ്രദ്ധിക്കാഞ്ഞ ഒരു കാര്യണ്ട്, ആ കുട്ടീടെ ക്ലാസ്സ് മൂന്നാം നെലേലായിരുന്നു. ക്ലാസ്സ് നടക്കുമ്പൊ കുട്ടിക്കെന്തോ പങ്കപ്പാട് തോന്നി. പെങ്കുട്ട്യോളെല്ലേ..? അവരെ മനസ്സ് അങ്ങനത്തതല്ലേ..ചാടി. അത്രന്നെ..! അതോണ്ടാ ഞാമ്പറഞ്ഞെ, പെങ്കുട്ട്യോള്‍ടെ ക്ലാസ്സ് മൂന്നാനെലേല്‌ കൊണ്ടോയി വെച്ച കോളേജ് തന്ന്യാ കുറ്റക്കാര്.

കമ്പ്യൂട്ടര്‍ പരമന്റെ അഭിപ്രായത്തില്‍ ഉയരങ്ങളില്‍ നിന്ന് താഴേക്ക് ചാടുവാനുള്ള ത്വര എല്ലാ പെണ്‍കുട്ടികള്‍ക്കും ജന്‍മസഹജമായി കിട്ടിയിട്ടുള്ളതാണ്!

വേറിട്ടകാഴ്ച്ചകള്‍ക്ക് വേണ്ടി സഹസംവിധായകനായി ജോലിചെയ്യുന്ന കാലം. ഞാനും എന്റെ കൂട്ടുകാരനും സഹപ്രവര്‍ത്തകനുമായിരുന്ന ജിബുവും കൂടെ നടത്താറുണ്ടായിരുന്ന റിസര്‍ച്ച് എന്ന യാത്രകള്‍ക്കിടയിലാണ്‌ പരമേട്ടനെ കണ്ടത്.ഷൊര്‍ണൂര്‍ ബസ് സ്റ്റാന്റില്‍ അലഞ്ഞു നടക്കുന്ന കന്നുകാലികളെ ആട്ടി തെളിക്കുകയായിരുന്നു അയാള്‍. അതൊരു വേറിട്ടതരം ജീവിതമാണെന്ന് ആദ്യത്തെ ആ കാഴ്‌ച്ചയിലേ തോന്നിയിരുന്നു. ഷൊര്‍ണൂരിലെ പച്ചക്കറി മാര്‍ക്കറ്റില്‍ സഹായിയായി ജോലി നോക്കൂകയാണ്‌ കമ്പ്യൂട്ടര്‍ പരമന്‍ എന്ന് നാട്ടുകാര്‍ക്കിടയില്‍ അറിയപ്പെടുന്ന വേമ്പലത്തും പാടത്ത് അടിയാട്രി വീട്ടില്‍ പരമന്‍. കമ്പ്യൂട്ടര്‍ പരമന്‍ എന്ന പേര്‍ നാട്ടുകാര്‍ അയാള്‍ക്ക് ചാര്‍ത്തി കൊടുത്തതാണ്‌. അയാള്‍ അത് ആസ്വദിക്കുന്നുമുണ്ട്. സ്വയം വിശേഷണങ്ങളിലും തന്റെ ഔദ്യോഗികരേഖകളിലുമെല്ലാം അയാള്‍ കമ്പ്യൂട്ടര്‍ പരമനെന്ന സി.പരമനാണ്‌.

കഷ്ടിച്ച് അന്ചടിയോളം ഉയരം. ഏതോ ബഷീറിയന്‍ കഥാപാത്രത്തിന്റെ മാനറിസങ്ങളോര്‍മിപ്പിക്കുന്ന രൂപം. നാട്ടുകാരുടെ സമരഭടനാണ്‌ പരമന്‍. എല്ലാ സാമൂഹികപ്രശ്നങ്ങളിലും അയാള്‍ സജീവമായി ഇടപെടും.രാവിലെ പത്തു മണി വരെയേ ചന്തയില്‍ അയാള്‍ക്ക് ജോലിയുള്ളൂ. അതു കഴിഞ്ഞാല്‍ പത്രവായനയാണ്‌. അന്ചു പത്രങ്ങള്‍ സ്ഥിരമായി അരിച്ചുപെറുക്കും. ഇഷ്ടപത്രം ചന്ദ്രികയും ഇഷ്ടമിലാത്ത പത്രം മനോരമയുമാണ്‌. അതു കഴിഞ്ഞാല്‍ തന്റെ മുഖ്യ പ്രവര്‍ത്തനമേഖലയിലെക്ക് ഇറങ്ങുകയായി. പോലീസ് സ്റ്റേഷനും പത്രമോഫീസുകളുമാണവ. പരാതികളുണ്ടാവും കയ്യില്‍.മിക്കവാറും ഒരേ സ്വഭാവമുള്ള പരാതികളായതു കൊണ്ട്‌ ആരും അതത്ര ഗൌനിക്കാറില്ല.അന്ന്‌ സമര്‍പ്പിക്കാനുദ്ദേശിക്കുന്ന സ്വന്തം കൈപ്പടയില്‍ എഴുതിയ ഒരു പരാതി പരമന്‍ ഞങ്ങള്‍ക്ക് കാട്ടിതന്നു.അന്ചോ ആറോ പേജുകളിലുള്ള വിശദമായ പരാതി തുടങ്ങുന്നത് ഇപ്രകാരമാണ്‌..

"18 കൊല്ലകാലമായി നമ്മുടെ ജന്‍മനാടായ ഇന്ത്യാരാജ്യത്തേയും മുഖ്യമായി കെരളത്തേയും ഇരുട്ടിലാക്കി ശവക്കോട്ടയാക്കി മാറ്റിയ ക്രിമിനല്‍ദേശ ചണ്ടാലന്‍മാരുടെ ഈ എഴുതുന്നതായ വാചകത്തില്‍ ഉള്‍കൊള്ളിക്കുന്നു.താഴെ പറയുന്ന ടിയാന്‍മാരുടെ ദുഷ്ടപ്രവര്‍ത്തികള്‍ അറിയുന്ന ഒരേ ഒരാള്‍ ഇപ്പോള്‍ ഷൊറണൂര്‍ റയില്‍വേ സ്റ്റേഷനിനടുത്തുള്ള സി ഐ ടി യു ഓഫീസിന്റെ കോണിച്ചോട്ടില്‍ താമസിക്കുന്ന കമ്പ്യൂട്ടര്‍ പരമന്‍ എന്ന ഞാനാകുന്നു. അതു കൊണ്ട് അവര്‍ എന്റെ കുടുംബത്തെ നശിപ്പിച്ച് താറുമാറാക്കി.ഇപ്പോള്‍ എന്റെ ജീവന്‌ ഭീഷണീയും ഉണ്ട്.....

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പരമന്‍ അധികാരികള്‍ക്ക് മുമ്പില്‍ നിരന്തരമായി സമര്‍പ്പിച്ചു കൊണ്ടിരിക്കുന്ന പരാതിയാണിത്. അതിന്റെ രത്നചുരുക്കം അയാളുടെ ജീവിതം തന്നെയാണ്‌. രാജ്യത്തെ നശിപ്പിക്കുന്ന പതിനന്ചംഗ സംഘമടങ്ങിയ വിധ്വംസക ശക്തികള്‍ അയാളുടെ ഭാര്യയെ കൊന്നു കളഞ്ഞതും അയാളുടെ ജീവിതം നശിപ്പിച്ചതും വിവരിക്കുന്ന രേഖകളാണവ.ഈ ശക്തികളുടെ കേന്ദ്രം ഭൂമിക്കടിയില്‍ ആണെന്നാണ്‌ പരമന്‍ വിശ്വസിക്കുന്നത്.അവിടെ നിന്ന്‌ അവര്‍ കംപ്യൂട്ടറുകളുപയോഗിച്ചാണ്‌ രാജ്യത്തെ തകര്‍ക്കുന്നത്.നാട്ടില്‍ നടമാടുന്ന കൊല,കൊള്ളി വെപ്പുകള്‍ തുടങ്ങി എല്ലാ അരക്ഷിതാവസ്ഥകള്‍ക്കും കാരണം അവര്‍ തന്നെ. പ്രതികളില്‍ ചിലര്‍ തമിഴ്നാട്ടുകാരായതിനാല്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്കും പരാതി അയച്ചിട്ടുണ്ട്. ഇവരുടെ ഗൂഢനീക്കങ്ങള്‍ അറിഞ്ഞു പൊയി എന്നതാണ്‌ താനും തന്റെ ഭാര്യയും ചെയ്ത കുറ്റം! അതിനെ എതിര്‍ത്തു. അതിന്റെ പ്രതികാരം ഭീകരമായിരുന്നു.താന്‍ വീട്ടിലില്ലാതിരുന്ന സമയത്ത് ഭാര്യയെ മര്‍ദ്ദിച്ചു. മര്‍ദ്ദനം സഹിക്കവയ്യാതെ ആ പാവം വീടു വിട്ടോടി പോയി. പക്ഷേ പതിഞ്ചംഗ സംഘം അവരെ പിന്തുടരുകയും എറണാകുളം റയില്‍വേ സ്റ്റേഷനില്‍ വച്ച് പിടികൂടി കൊന്നുകളയുകയും ചെയ്തു.ശരീരം കഷ്ണങ്ങളാക്കി ഒരു അട്ടപെട്ടിയിലിട്ട് ഒരു ഗുഡ്സ് ട്രെയിനില്‍ ഷൊര്‍ണൂര്‍ റയില്‍വേസ്റ്റേഷനിലേക്കയച്ചു.ഇന്ത്യാ മഹാരാജ്യത്തിന്റെ ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഇത്തരമൊരു ദാരുണ സംഭവം.ഈ സംഭവം റയില്‍വേ പോലീസും ഉദ്യോഗസ്ഥരും മറച്ചുവച്ചു. അതിന്റെ ഭാഗമായിട്ടണ്‌ പെരുമണ്‍ ദുരന്തവും മറ്റും അവര്‍ ഉണ്ടാക്കിയത്.( ജനശ്രദ്ധ തിരിച്ചു വിടാന്‍ ) പരമുവിന്റെ ജീവിതത്തെ തകര്‍ത്തുകളഞ്ഞ്‌ അയാളുടെ ഭീഷനി ഇല്ലാതാക്കിയ ശേഷം അവരിപ്പോള്‍ അവരുടെ പദ്ധതികള്‍ ഓരോന്നായി നടപ്പിലാക്കി വരികയാണ്‌. "അതെങ്ങനെ?"ഇപ്പോ ഉദാഹരണത്തിന്‌ പെട്രോളിന്റെ വില കുതിച്ച് കേറ്വല്ലേ..?കാരണമെന്താ ഇവറ്റ തന്നെ. ഇവര്‍ ഭൂമിക്കടിയില്‍ വച്ചിട്ടുള്ള പൈപ്പ് ഉപയോഗിച്ച് പെട്രോളല്ലാം ഊറ്റുകയാണ്‌. അപ്പോ പമ്പുകാര്‍ക്ക് ആവശ്യത്തിന്‌ പെട്രോള്‌ കിട്ടാണ്ടാവും അങ്ങനെ വെല കൂടും.! അതേ പോലെ സിനിമാ പ്രതിസന്തി! ഇവറ്റ ഭൂമിക്കടിയില്‌ സാറ്റലൈറ്റ് ഫിറ്റ് ചെയ്ത് വലിച്ചെടുത്ത് സീഡിയടിച്ചെറക്കല്ലേ? പിന്നെങ്ങനെ തീയറ്ററിലാള്‌ കൂടും?

സാറ്റലൈറ്റ് ഭൂമിക്കടിയിലോ? ജിബുവിന്‌ സംശയം.

ഭൂമിക്കടീല്‍ താമസിക്കുന്നോറ്ക്ക് അവടെ സാറ്റലൈറ്റ് ഫിറ്റ് ചെയാനാണോ പാട്‌?നിനക്കറിയാണ്ടാ മോനേ അവരെ പറ്റി!

പരമുവേട്ടന്‍ ആ സംശയത്തെ നിസ്സാരമാക്കി തള്ളികളഞ്ഞു.

ഷൊര്‍ണൂരടുത്ത് കയിലിയാടായിരുന്നു പരമുവേട്ടന്റെ തറവാട്‌. അടാട്രി വീട്ടില്‍ രാമന്‍ നായരുടെയും ചിന്നമ്മുവമ്മയുടെയും ഇളയ മകന്‍ .ആറാം ക്ളാസ്സ് വരെ പഠിച്ചു. ആറാം ക്ലാസ്സിലെ തോല്‍വിയെ തുടര്‍ന്ന്‌ നാടുവിട്ടു. ആദ്യം മദ്രാസിലേക്കായിരുന്ന്. അവിടെനിന്ന്‌ വിജയവാഡക്ക്. അവിടെ ചായക്കടയിലും പിന്നീട് പാല്‍വിതരണക്കാരനായും ജോലി നോക്കി. വര്‍ഷങ്ങള്‍ മുമ്പെന്നോ കണ്ട മേലേകാവിലെ താലപൊലി ഒരു ദിവസം സ്വപ്നത്തില്‍ വീണ്ടും കണ്ടപ്പോഴാണ്‌ അയാള്‍ക്ക് പിന്നീട് നാടിനെ കുറിച്ചോര്‍മ്മ വന്നത്. അപ്പോഴേക്കും അയാള്‍ക്ക് മുപ്പത്തിരണ്ട് വയസ്സായി കഴിഞ്ഞിരുന്നു. അയാള്‍ ഷൊര്‍ണൂര്‍ റയില്‍വേസ്റ്റേഷനില്‍ തിരിച്ചെത്തി. അങ്ങനെ അയാളെ കുറിച്ചാധിപിടിച്ചുള്ള ഓര്‍മ്മകളുമായി കഴിഞ്ഞിരുന്ന അച്ഛനും അമ്മക്കും അവരുടെ മരണത്തിനു മുമ്പേ അയാളെ വീണ്ടും കാണാന്‍ പറ്റി.തിരിച്ചെത്തിയ വര്‍ഷം തന്നെ അയാള്‍ വിവാഹം കഴിഞ്ഞു. മുണ്ടായ കുണ്ടത്ത് വീട്ടില്‍ തങ്കമണിയായിരുന്നു വധു.അവര്‍ക്ക് രണ്ട് കുട്ടികളുണ്ടായി. ഗായത്രിയും സാവിത്രിയും. സന്തുഷ്ടകരമായിരുന്നു അവരുടെ ദാമ്പത്ത്യമെന്ന്‌ അയല്‍ക്കാരോര്‍ക്കുന്നു.എന്താണ്‌ സംഭവിച്ചതെന്ന്‌ ആര്‍ക്കുമറിയില്ല സന്തോഷകരമായ കുടുംബജീവിതത്തിനിടക്കപ്പോഴോ തങ്കമണിയുടെ മനസ്സിന്റെ താളം തെറ്റി. അവര്‍ വീടുവിട്ടു പോയി. അതോടെ പരമന്റെയും ആ കുടുംബത്തിന്റെയും താളം നഷ്ടമായി.ഷൊര്‍ണൂര്‍ റയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിനില്‍ ആയിടക്കെന്നോ കാണപ്പെട്ട ഒരുസ്ത്രീയുടെ ശരീരഭാഗങ്ങള്‍ തന്റെ ഭാര്യയുടേതാണെന്ന്‌ അയാള്‍ തീര്‍ച്ചപ്പെടുത്തി. അത് ചെയ്തത് തന്റെ ശത്രുക്കളായ പതിനഞ്ച് പേരടങ്ങിയ അഞ്ജാതസംഘമാണെന്നും. ഭയമുണ്ടായിരുന്നുവെങ്കിലും പിന്നീടയാളുടെ ജീവിതം ആ സംഘത്തിനെതിരെയുള്ള പോരാട്ടമായിരുന്നു.ലോക്കല്‍ പോലീസ് സ്റ്റേഷന്‍ മുതല്‍ ഇന്ത്യന്‍ പ്രസിഡണ്ടു വരെയുള്ളവര്‍ക്ക് അയാള്‍ നിരന്തരമായി പരാതികളയച്ചുകൊണ്ടേയിരിക്കുന്നു.കൂടാതെ ആത്മരക്ഷക്കായി വ്യായാമമുറകളും അയാള്‍ ശീലിക്കുന്നുണ്ട്.വളരെ വിചിത്രമാണതിന്റെ രീതികള്‍. വേദി ഷൊര്‍ണൂരിലെ പഴയ റെയില്‍വേ പാലവും.

"പരമുവേട്ടന്‍ ഈ അയക്കാറുള്ള പരാതികള്‍ക്ക് എന്തെങ്കിലും ഫലമുണ്ടാവാറുണ്ടോ?

"പോലീസുകാര്‍ അന്വേഷിക്കാറില്ല അവര്‍ക്ക് തമാശയാണ്‌. ഞാനപ്പോ അവര്‍ക്കെതിരെ ചുമരഴെത്തെഴുതി.എന്നിട്ടവരൊന്നും ചെയ്തില്ലേ?ഇല്ല. സ്റ്റേഷനീക്ക് വിളിപ്പിച്ചു. പേടിപ്പിച്ചിട്ട് വിട്ടു. പക്ഷേ ഞാനിപ്പോളും പോസ്റ്ററെഴുതാറുണ്ട്.ഇന്നലെക്കൂടി ഒന്നെഴുതി ട്രാന്‍സ്പ്പോര്‍ട്ട് ബസ്സിന്റെ പൊറകിലൊട്ടിച്ചു.'ഇനി ഭരണം ഉണ്ടാകുന്നതല്ല മരണം മാത്രം പ്രതീക്ഷിച്ചാല്‍ മതി' എന്ന്`.

"അധികാരികള്‍ ഇതൊന്നും ശ്രദ്ധിക്കുന്നില്ലെങ്കില്‍ ഈ പരാതി അയക്കല്‍ നിര്‍ത്തിക്കൂടെ?

എങ്ങന്യാ നിര്‍ത്താ..എതെന്നെ മാത്രം ബാധിക്കുന്ന കാര്യല്ലല്ലൊ? നാടിനെ മൊത്തം ബാധിക്കുന്നതല്ലേ? ഞാനവരുടെ മുഖ്യശത്രുവായി പോയീന്നുമാത്രം. അവരുടെ പുതിയ തന്ത്രം കേള്‍ക്കണോ? ബസ്റ്റാന്റീക്ക് കന്നുകാലികളെ അഴിച്ചു വിടുക. നമ്മളെ ട്രാന്‍സ്‌പ്പോര്‍ട്ട് സിസ്റ്റം തകര്‍ക്കാനാ..ഞാനതോണ്ടല്ലേ അവറ്റോളെ ബസ്റ്റാണ്ടീന്ന് ഓടിച്ച് വിടുന്നത്.

ബസ് സ്റ്റാന്റില്‍ നിന്ന്‌ കാലികളെ ഓടിക്കുന്നത് നല്ല കാര്യം തന്നെ.

ഞാന്‍ പറഞ്ഞു.

ഷൊര്‍ണൂരില്‍നിന്ന് കുറച്ചു കിലോമീറ്ററുകള്‍ അകലെയുള്ള പരമേട്ടന്റെ സ്വന്തം വീട്ടിലേക്ക് ഞങ്ങള്‍ പോയി. അതൊരു പൌരാണികാവശിഷ്ടം പോലെ തോന്നിപ്പിച്ചു.അവിടെ അങ്ങിനെയൊരു വീടുണ്ടായിരുന്നു എന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി.ഒരിക്കല്‍ പൂവിട്ടു തളിര്‍ത്തു നിന്നിരുന്ന ഒരു വീടാണ്‌ ആകെ ഇടിഞ്ഞു വീണ്‌ കാടും പടലയും പിടിച്ച് കീടക്കുന്നത്.

"നല്ല കൂട്യ ഇനം വള്ളിജാതിണ്ട്‌ , നോക്കി നടന്നോളൂട്ടോ.."

അടുത്ത വീട്ടിലെ ചേച്ചിയാണ്‌.

ഞങ്ങള്‍ അവിടെ നിന്ന്‌ ഒരു ഇന്റര്‍വ്യൂ എടുക്കാനുള്ള പുറപ്പാടിലായിരുന്നു.പരമേട്ടന്‍ പക്ഷേ അസ്വസ്ഥനായി കാണപ്പെട്ടു.

"മഴ വരും നമുക്ക് പൂവ്വാ..?

"മഴയോ..? ഈ ജാതി കത്തുന്ന വേനല്‍ക്കോ?" ഞാന്‍ ചോദിച്ചു.

" അത് മൂപ്പര്‍ക്കിവിടെ വന്നാ പതിവാ ..ഇങ്ങട്ട് വന്നാ പിന്നെ നിക്കില്ല.എപ്പഴും മഴ വരുന്നൂന്ന് പറഞ്ഞിട്ട് പോയിക്കളയും.

എനിക്കാ കുട്ട്യോള്‍ടെ കാര്യലോചിച്ചിട്ടാ..

"ആരെ..? ഗായത്രിയും സാവിത്രിയുമോ? ആ കുട്ടികളെവിടെയാണ്‌?ഞാവരോടന്വേഷിച്ചു.

"രണ്ടു പേരും ഓരോ ഗള്‍ഫാര്ടെ വീട്ടില്‍പണിക്ക് നിക്ക്വാ.."

ഇന്ത്യാരാജ്യത്തെ അപായപ്പെടുത്താന്‍ ഛിദ്രശക്തികള്‍ ശ്രമിക്കുന്നതിനെ കുറിച്ചോര്‍ത്ത് വ്യാകുലപ്പെടുന്ന ആ മനുഷ്യന്‌ തന്റെ കുഞ്ഞുമക്കളെ കുറിച്ചോര്‍ത്തുമാത്രം വിഷമമൊന്നുമില്ല. കുട്ടികളെ കുറിച്ചന്വേഷിച്ചപ്പോള്‍ അവരെ അവര്‍ വേലക്ക് നില്‍ക്കുന്ന വീട്ടിലെ ആളുകള്‍ പൊന്നുപോലെ നോക്കുന്നുണ്ടെന്നായിരുന്നു മറുപടി.

എങ്ങനെയാണ്‌ അയാളുടെ ജീവിതം ഈ വിധമൊരു ദുരന്തമായി തീര്‍ന്നു പോയതെന്നറിയില്ല.തന്റെ ജീവിതം ദുരന്തപുര്‍ണമാക്കിയതിന്റെ ഉത്തരവാദിത്വം അന്യരില്‍ ആരോപിക്കുന്നതിന്റെ സാംഗത്യവും മനസ്സിലായില്ല.ഒരിക്കല്‍ ജീവിതം അയാളെ ഭയപ്പെടുത്തി ആ ഭയപ്പാടിന്റെ നിഴലില്‍ നിന്ന്‌ ഒരിക്കലും അയാള്‍ക്ക് പുറത്തുകടക്കാനുമായില്ല.

"മഴയെ പേടിയാണോ? "

ഉവ്വ്.

"എന്തിനാണ്‌ ഇത്രക്ക് പേടിക്കുന്നത്?"

പേടിയില്ലാതെ ആര്‍ക്കും ജിവിക്കാമ്പറ്റില്ല.

മനുഷ്യമാര്‍ക്ക് ദൈവത്തെ പേട്യല്ലേ?

അമേരിക്കക്ക് ബിന്‍ലാദനെ പേടിയല്ലേ..?

തനിക്ക് പേടില്ലേ...

ജോലി പോവും എന്ന പേടി..?

ആള്‍ക്കാര്‍ എന്തു വിചാരിക്കുന്നുള്ള പേടി..?.

..ഒന്നുമില്ലെങ്കിലും മരിക്കുമെന്നുള്ള പേടി...?.

...അയാളുടെ കണ്ണില്‍ എനിക്കൊരു ഉന്മാദത്തിന്റെ തിളക്കം കാണാനായി.

അയാള്‍ അന്നു പറഞ്ഞത് ഒരു ഉന്മാദത്തിലാണെന്നാണ്‌ തോന്നിപ്പിച്ചതെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം അതിന്റെ തുടര്‍ച്ച എനിക്ക് വേറൊരിടത്തുനിന്ന്‌ കേള്‍ക്കാനിടയായി. അത് ജെ കൃഷ്ണമൂര്‍ത്തിയുടെ വാക്കുകളായിരുന്നു.....

" മരണത്തെ പറ്റി ഭയമുളവാകാതെ ചിന്തിക്കാന്‍ കഴിയുമോ? മരണം എന്ന വാക്ക് തന്നെ ഭയപ്പെടുത്തുന്നുവല്ലേ? അതേ പോലെ നിങ്ങളുടെ ഓര്‍മ്മകളിലുള്ള അനേകം മരണങ്ങളും? സ്നേഹമെന്ന വാക്കിന്‌ അതിന്റേതായ ഉദ്വേഗവും സങ്കല്‍പ്പവും ഉള്ള പോലെ മരണം എന്ന വാക്കും നിങ്ങളെ ഭയപ്പെടുത്തുവല്ലേ? അന്ത്യമെന്ന സങ്കല്‍പ്പത്തിനു പകരം അന്ത്യത്തില്‍ എത്തുന്നു എന്നുള്ളതാണോ നിങ്ങളെ ഭയപ്പെടുത്തുന്നത്? മരണമെന്ന വാക്കാണോ അതോ യഥാര്‍ത്ഥ മരണമണോ നിങ്ങളെ ഭയപ്പെടുത്തുന്നത്? വാക്കോ ഓര്‍മ്മകളോ ആണ്‌ നിങ്ങളെ ഭയപ്പെടുത്തുന്നത് എങ്കില്‍ അത് ഭയമേ അല്ല.കാലാന്തരത്തില്‍ വരാന്‍ പോകുന്ന ഒന്നിനെ ഭൂതകാലത്തിലെ ഓര്‍മ്മകളിലൂടെ നാം വെറുതെ ബന്ധിപ്പിച്ച് പീഡയനുഭവിക്കുന്നു...........

Freedom From The KNown : J. Krishnamurti

Wednesday, 9 July, 2008

മാളിയേക്കല്‍ മറിയുമ്മ എലിയാസ് ഇംഗ്ലീഷ് മറിയുമ്മ

...ഞങ്ങള്‍ 'ചോദിച്ചു ചോദിച്ചാണ്`' പൊയ്കൊണ്ടിരുന്നത്‌. ലഭ്യമായ അറിവു വെച്ച് തലശ്ശേരി ഓവര്‍ ബ്രിഡ്ജ്ന്റെ ഇടതുവശത്തെ ഒരു റോഡിലേക്കിറങ്ങി.പ്രശസ്തമായ പാരീസ് ഹോട്ടല്‍ കണ്ടു. അല്‍പ്പം മുന്നോട്ട്, ചെറിയ കനാല്‍ അതിന്റെ വലതു വശത്തായി ഒരു രണ്ടുനില കെട്ടിടം. കോളിങ്ങ് ബെല്‍ പരതുന്നതിനിടെ അകത്തു നിന്ന്‌ ആരോ ഉറക്കെ വായിക്കുന്നത് കേട്ടു. ഇംഗ്ളീഷാണ്‌, നല്ല ആക്സന്റ്.
....സ്ഥലം തെറ്റിയിട്ടില്ല. ഇതു തന്നെ ഇംഗ്ളീഷ് മറിയുമ്മയുടെ വീട്. തെറ്റിയിട്ടില്ല.!
വാതില്‍ തുറന്നത് തലയില്‍ തട്ടമിട്ട , കാച്ചിമുണ്ടുടുത്ത ഒരു മുസ്ലീം വൃദ്ധ. കയ്യില്‍ ഭഗവദ് ഗീതയുടെ ഇംഗ്ളീഷ് പരിഭാഷ. അതായിരിക്കണം അവര്‍ വായിച്ചു കൊണ്ടിരുന്നത്. ആഗമനോദ്ദേശ്യം അറിയിച്ചു. ഇരിക്കാന്‍ പറഞ്ഞ് അവര്‍ അകത്തേക്ക് പോയി. അകത്തു നിന്ന്` ആരോടോ ഫോണില്‍ പറയുന്നത് കേട്ടു.

" കൈരളി ടീവിക്കാര്‍ വന്നിനി...ഓല്ക്കെന്തോ ഇന്റര്‍വ്യൂ വേണം പോലും.."
ക്യാമറയെ അഭിമുഖീകരിക്കാന്‍ തയ്യാറെടുത്താണ്‌ അവര്‍ തിരിച്ചുവന്നത്. ആഭരണങ്ങളെല്ലാം അണിഞ്ഞ് മൊന്ചത്തിയായി!

"പേരെന്താണ്?"
" ടി സി എ പി എം മറിയുമ്മ..." തച്ചറാക്കെല്‍ കണ്ണോത്ത് പുതിയ മാളിയേക്കല്‍ മറിയുമ്മ" ഒറ്റശ്വാസത്തിലാണ്‌ മറുപടി!
ഇവിടെ തനിച്ചാണോ താമസിക്കുന്നത്?
"അതെ, ഇതെന്റെ മോന്‍ എനിക്ക് വെച്ചുതന്ന പൊരേണ്‌..പൊറത്ത് കണ്ടില്ലേ 'മറിയ മഹല്‍'.."
"ഉമ്മാക്ക് ഒരുപാട് പ്രായമായില്ലേ..ഏതെങ്കിലും വേലക്കാരെ നിര്‍ത്തിക്കൂടെ ? ഒരു സഹായത്തിന്‌ ? "
ജിബു ചോദിച്ചു.
"എന്തിന്‌ ? കണ്ടില്ലെ ഞാനിപ്പളും നല്ല എനര്‍ജറ്റിക്കാ...പിന്നെ..ഇബടെ അയിനും മാത്രം ജോല്യൊന്നൂല്ല..രാവിലെ വല്ല നാസ്തണ്ടാക്കണം .ഉച്ചക്ക് ചോറും രണ്ടുകൂട്ടം കറിം..വല്ല ഉപ്പേര്യും , ഞാനൊറ്റക്കല്ലെ ഉള്ളൂ.
" ഏതു വരെ പഠിച്ചു?"
"ഫിഫ്ത് ഫോം വരെ. നാലാം ക്ളാസ് വരെ എലമന്ററി സ്കൂളില്‍ . നാലാം ക്ളാസ് കഴിഞ്ഞ് ഫിഫ്ത് ഫോം വരെ തലശ്ശേരി സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റില്‍..യൂ നോ..ഐ വാസ് ദ ഒന്‍ലി മുസ്ലീം സ്റ്റുഡന്റ് വെന്‍ ഐ വാസ് ജോയിനിങ്ങ് ദേര്‍.. റ്റീച്ചേഴ്സൊക്കെ മംഗലാപുരത്ത്‌ന്ന്‌ള്ള നണ്‍സാര്ന്നു. ഏറ്റവും വലിയ ബാപ്പ സപ്പോര്‍ട്ട് തന്നെയാര്ന്ന്. ഹി വാസ് എ പയസ് മാന്‍."
അന്നത്തെ കാലത്ത്‌ ആളുകള്‍ എങ്ങെനെയാണ്‌ റിയാക്ട് ചെയ്തത്‌?
"വല്ലാണ്ടൊക്കെ മക്കാറാക്കിനി..! മൊയ്‌ലാരെ മോള്‌ സ്കൂളീപ്പോണ്‌ എന്നൊക്കെ പറഞ്ഞ്‌. വൈന്നാരം സ്കൂളിന്ന്‌ ഓവീ റോഡ് വഴിക്ക് വേണം മടങ്ങാന്‍..ന്റെ ജഡ്ക്ക വണ്ടി കാണുന്നേരം രണ്ട് സൈഡീന്നുള്ള ഷോപ്പ്‌കളീന്ന് ആള്‍ക്കാര്‍ എറങ്ങി വരും. കാര്‍ക്കിച്ച് തുപ്പാന്‍! "
                                         ഇത് മാളിയേക്കല്‍ മറിയുമ്മ, തലശ്ശേരിയിലെ പുരാതനമായ മാളിയേക്കല്‍ തറവാട്ടിലെ അംഗം. തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ റോഡിലെ മറിയമഹല്‍ എന്ന വീട്ടില്‍ ഒറ്റക്ക് താമസിക്കുന്ന ഈ എണ്‍പത്തന്ന്ചുകാരിയാണ്‌ വടക്കേമലബാറില്‍ നിന്ന്‌ ആദ്യമായി കോണ്‍വെന്റ് സ്കൂളില്‍ പോയി ഇംഗ്ളീഷ് പഠിച്ചത്. തലശ്ശേരിയിലെ ആഢ്യകുടുംബമായ വാഴയില്‍ തറവാട്ടിലെ അംഗമായിട്ടും ഒരു ഉത്പതിഷ്ണുവായിരുന്നു അവരുടെ പിതാവ് ഒ വി അബ്ദുള്ള. പഠിക്കാന്‍ മിടുക്കിയായിരുന്ന മകളെ സമുദായത്തിന്റെ എതിര്‍പ്പുകള്‍ വകവെക്കാതെ അദ്ദേഹം സ്കൂളിലയച്ചു. അതൊരു വിപ്ലവകരമായ തുടക്കം തന്നെയായിരുന്നു. അതിനു ശേഷം മുസ്ലീം പെണ്‍കുട്ടികള്‍ സ്കൂളില്‍ പോയി തുടങ്ങി. തലശ്ശേരിയിലെ യാഥാസ്ഥികരായ മുസ്ലീംപ്രമാണികള്‍ക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു ഇത്. യാഥാസ്ഥികമനസ്ഥിതിയോടുള്ള മറിയുമ്മയുടെ സുദീര്‍ഘമായ പോരാട്ടത്തിന്റെ തുടക്കം മാത്രമായിരുന്നു അത്. സ്ത്രീകളെ വെറും ലൈംഗിക ഉപകരണങ്ങള്‍ മാത്രമായി കരുതിയിരുന്ന സമുദായത്തിന്റെ ആണ്‍കോയ്മക്കെതിരെ അവര്‍ സ്വന്തം തറവാട്ടിലെ പെണ്‍പടയേയും കൂട്ടി ആഞ്ഞടിച്ചു.
                               അല്ലെങ്കിലും മാളിയേക്കലിലെ പെണ്ണുങ്ങള്‍ക്ക് ആര്‍ജ്ജവം ആപേക്ഷികേനേ കൂടുതലായിരുന്നു. അങ്ങനെയാണ്‌ 1935 ല്‍ മറിയുമ്മയുടെ മാതാമഹി ടീ സി കുഞ്ഞായിശുമ്മ അധ്യക്ഷയായി തലശ്ശേരി മുസ്ലീം മഹിളാ സമാജം രൂപം കൊണ്ടത്.
എന്തൊക്കെയായിരുന്നു മഹിളാ സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍? ഞാന്‍ അന്വേഷിച്ചു.
"സാക്ഷരതാ ക്ലാസ്, തയ്യല്‍ ക്ലാസ്. വിധവാ പെന്‍ഷന്‍ അഗതി പെന്‍ഷന്‍ തുടങ്ങിയവക്കുള്ള പേപ്പറുകള്‍ ശരിയാക്കി കൊടുക്കല്‍ ഇതൊക്കെയായിരുന്നു മെയിന്‍ ആക്റ്റിവിറ്റീസ്. അന്നൊക്കെ വിധവാ പെന്‍ഷന്റെ പേപ്പര്‍ ശരിയാക്കി കിട്ടാന്‍ വേണ്ടി തറവാടിന്റെ മുറ്റം നെറച്ച് പെണ്ണുങ്ങളാര്ന്ന്.സാക്ഷരതാ ക്ലാസ് ഇനോഗ്രേറ്റ് ചെയ്തത് പീയെന്‍ പണിക്കരാര്ന്ന്.! തയ്യല്‍ ക്ലാസിന്‍ റ്റീച്ചേഴ്സുണ്ടായിനി. ഓലെ ഫീസെല്ലാം ഞങ്ങള്‍ തറവാട്ടിലെ പെണ്ണുങ്ങളായിരുന്ന് കൊട്ത്തത്! പിന്നെ ഫാമിലി പ്ലാനിങ്ങ് ക്ലാസ്. ബെനഫിറ്റ്സൊക്കെ എല്ലാവര്‍ക്കും ഈക്വലായിട്ടായിരുന്നു . നോ കാസ്റ്റ് ബാര്‍..!
(എനിക്കത്ഭുതം തോന്നിയത് 1930കളില്‍ ഒരു മുസ്ലീം തറവാട്ടുമുറ്റത്ത് കുടുംബാസൂത്രണ ക്ലാസ് നടന്നിരുന്നു എന്നു കേട്ടപ്പോഴായിരുന്നു. ! )

" ഞ്ഞി തറവാട് കണ്ടിട്ടില്ലാലോ...? വാ നമക്ക് തറവാട്ടിലേക്ക് പോകാം .
അന്ന്‌ സമുദായത്തിന്റെ പ്രതികരണമെങ്ങിനെയായിരുന്നു ?
മാളിയേക്കലിലേക്ക് നടക്കും വഴി ഞാന്‍ ചോദിച്ചു.
"സമുദായൊക്കെ എതിര്‍ത്തിനി ! ഞങ്ങളൊന്നും വകവെക്കാമ്പൊയില്ല."
ഞങ്ങള്‍ മാളിയേക്കലിലെത്തി.


കാലപഴക്കം ചുമരുകളിലേക്ക് കാളിമ പടര്‍ത്തിയിരിക്കുന്നു. ഉമ്മറത്തിരുന്ന് അവര്‍ ഞങ്ങളോട് മാളിയേക്കല്‍ തറവാടിന്റെ ചരിത്രം വിവരിച്ചു. മറിയുമ്മയുടെ മാതാമഹന്‍ കാടാങ്കണ്ടി കുട്ട്യാമു ഹ്യാജി തന്റെ പെണ്‍മക്കള്‍ക്കായി 1919ല്‍ പണികഴിപ്പിച്ചതായിരുന്നത്ത്രേ മുപ്പത് മുറികളുള്ള ആ മാളിക. ഒരു കുടുംബങ്ങള്‍ കുടിപാര്‍ത്തിട്ടുള്ള തറവാട്ടില്‍ ഇപ്പോള്‍ മൂന്ന് കുടുംബങ്ങളാണുള്ളത്. ( 'അറ സമ്പ്രദായം' വടക്കേമലബാറില്‍ ഇന്നും പരക്കെ നിലവിലുണ്ട്. )
ഉമ്മയുടെ കല്യാണം എന്നായിരുന്നു.?
"പതിനെട്ടാമത്തെ വയസ്സില്‍. പുതിയാപ്പിള വി കെ മായന്‍ അലി. ആര്‍മിയില്‍ റിക്രൂട്ടിങ്ങ് ഓഫീസറാര്ന്ന്. 1975ല്‍ മരിച്ചു. "
              ഉയര്‍ന്ന ചിന്തയും ധിഷണാശേഷിയുമുണ്ടായിരുന്ന മറിയുമ്മയുടെ ഭര്‍ത്താവ്‌ മായന്‍അലി അവരുടെ ഓരോ പ്രവര്‍ത്തനങ്ങളേയും പിന്തുണച്ചു. നാലുമക്കളില്‍ മസൂദും സാറയും മരണപ്പെട്ടു. ബാക്കിയുള്ള മക്കളില്‍ അബ്ബാസ് ഷാര്‍ജയിലും അയിഷ കുടുംബമായി പെരുമ്പാവൂരിലും താമസിക്കുന്നു. മസൂദ് ചെറുപ്പത്തിലെ മരണപ്പെട്ടിരുന്നു. കിഷോര്‍കുമാറിന്റെ പാട്ടുകള്‍ ജീവനായിരുന്ന ആ ചെറുപ്പക്കാരനായിരുന്നു തലശ്ശേരിയിലെ പഴയ ബ്ലൂജാക്സ് ഓര്‍ക്കസ്ട്രയുടെ അമരക്കാരന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്ലൂജാക്സ് സംഘടിപ്പിച്ച സംഗീതമേളയില്‍ പാടാന്‍ വന്നത് മലയാളത്തിലെ ഇന്നത്തെ പ്രശസ്തനായ ഒരു ഗായകനായിരുന്നു. തനിക്ക് തരാമന്നേറ്റ പണം മുഴുവന്‍ ഗാനമേള തുടങ്ങും മുമ്പ് കയ്യില്‍ തരാതെ പാടാനാവില്ലെന്ന് അദ്ദേഹം ശഠിച്ചു. ഇതറിഞ്ഞ മറിയുമ്മ സ്റ്റേജിലേക്ക് വന്ന് തന്റെ കഴുത്തിലെ പത്തുപവനോളം വരുന്ന മാല ഊരി ഗായകന്‌ നല്‍കി ഗാനമേള എത്രയും വേഗം തുടങ്ങാനാവശ്യപ്പെട്ടു. അന്ധാളിച്ചു പോയ ഗായകന്‍ ഒരു വിധേന ഗാനമേള മുഴുവനാക്കി രക്ഷപ്പെടുകയായിരുന്നത്രേ !
ഉമ്മാക്ക് ഇപ്പോഴത്തെ തലമുറയിലെ പെണ്‍കുട്ടികളുടെ വിദ്യാഭാസനിലവാരത്തെപ്പറ്റി എന്താണ്‌ പറയാനുള്ളത്‌ ?
"കുട്ട്യേളൊക്കെ ഇപ്പം നല്ലൊം പഠിക്കണോരാ..അതോണ്ടന്നെ വരുന്ന ഭര്‍ത്താക്കന്‍മാരെയൊന്നും അവര്ക്ക് പറ്റ്ന്നില്ല ! ന്റെ സാറാടെ മോള്‍ ഡോക്ടറാ. എം ബി ബീ എസ്സ് ബോംബ്ബെ നായിക്ക് ഹോസ്പിറ്റലീന്ന്, എംഡി കഴിഞ്ഞ് റിസര്‍ച്ച് ബാംഗ്ളൂര്‍ നിംമാന്‍സിന്ന് ഓളായിരുന്ന് ആ വര്‍ഷത്തെ ബെസ്റ്റ് ഔട്ട് ഗോയിങ്ങ് സ്റ്റുഡന്റ് . ഇന്ത്യന്‍ പ്രസിഡണ്ട് കലാമിന്റെ കയ്യീന്ന് അവാര്‍ഡൊക്കെ കിട്ടിനി ! ഇപ്പോ അമേരിക്കേലാ.. ഓള്‌ ഡിവോഴ്സ്യാ..കാരണം ഓന്‌ ഓളത്ര പഠിപ്പും വിവരോം ഉണ്ടായിരുന്നില്ല. പിന്നെ പൊരുത്തപ്പെട്ട് പോവാമ്പറ്റണ്ടേ.. ഞാനും ഓളെ സപ്പോര്‍ട്ട് ചെയ്തിനി. ഓള്‌ അവടെ ഒറ്റക്കാ..പക്ഷേ അതോള്‌ മാനേജ് ചെയ്തോളും."
ഉമ്മ സിനിമയിലും അഭിനയിച്ചു എന്ന്‌ കേട്ടല്ലോ? അതെങ്ങെനെയായിരുന്നു ?
" അതോ.. അതീ ദൈവനാമത്തില്‍ സിനിമടെ ഷൂട്ടിങ്ങ് ന്റെ മാമാടെ വീട്ടിലാര്ന്ന്. അപ്പോ മാമാടെ മോള്ന്നെ വിളിച്ച്.. മറിയതാത്താ...ഇങ്ങള്‌ വാ ഷൂട്ടിങ്ങ് കാണാന്നു്‌ പറ്ഞ്ഞ്...അങ്ങനേ ആടെ പോയത്, പോയപ്പോ അന്ന് പ്രിത്തീരാജിന്റിം ഭാവനിന്റിം നിക്കാഹാര്ന്ന്. നല്ല ഉഷാറുള്ള മൈലാഞ്ചി ! നമ്മളെ തറവാട്ടിലെ പെങ്കുട്ട്യേളെ പാട്ടും ഒക്കെ കൂടി ശരിക്കും ഒരു മങ്കലപൊര തന്നെ ! ഞാനന്ന് ഓള്‍ക്ക് മൈലാഞ്ചി ഇട്ട്‌കൊട്‌ക്കുന്നത് അഭിനയിച്ച്. പിറ്റേന്ന് കണ്ട് ഷൌക്കത്ത് (ആര്യാടന്‍ ഷൌക്കത്ത്) വിളിക്ക്‌ന്ന് ! ഉമ്മാ... ഇങ്ങളൊന്ന് വരണം.. ഇങ്ങളെ ഒരു ഡയലോഗ് നമക്ക് വേണൊംന്നൊക്കെ പറഞ്ഞ്...! ആവൂല്ലാന്നൊക്കെ പറഞ്ഞ് നോക്കി. പിന്നെ എന്താക്കാനാണ്‌, ഇങ്ങനെ നിര്‍ബന്ധിക്കുന്നേരം ? അങ്ങനേണ്‌ അഭിനയിച്ചത്‌ . ഭാവനോടൊപ്പം , ...ഡയലോഗൊന്നും ഓര്‍മ്മയില്ല.
ഉമ്മ ആ സിനിമ കണ്ടിരുന്നോ?
" ഇല്ല. ആ സിനിമക്ക് പോയപ്പൊ ടിക്കറ്റ് കിട്ടിയില്ല."
സിനിമയൊക്കെ കാണാന്‍ പോവാറുണ്ടോ?
" നല്ലതാന്നേരം പോയി കാണും. സീരിയലൊന്നും കാണാറില്ല. എനിക്കീ കരയുന്ന സീരിയലൊന്നും ഇഷ്ടല്ല. സിനിമാന്ന്‌ള്ളത്‌ സന്തോഷിക്കാനുള്ളതല്ലേ.? ഇതിങ്ങനെ ഏറിയ നേരോം കരഞ്ഞിട്ട്....
ഇടക്ക് അവര്‍ ളുഹര്‍ നമസ്കരിക്കാന്‍ പോയി. അതിനു ശേഷം കുറച്ചു സമയം ഖുര്‍ ആന്‍ ഓതാനിരുന്നു. ആ സമയത്ത് ഞങ്ങള്‍ പാരീസ് ഹോട്ടലില്‍ പോയി തലശ്ശേരി ബിരിയാണി കഴിച്ചു വന്നു. തിരിച്ചു വരുമ്പോള്‍ നല്ല തിരക്കിട്ട എഴുത്തിലാണ്‌ പുള്ളിക്കാരി. ടേപ്പ് റിക്കോര്‍ഡറില്‍ വെസ്റ്റേണ്‍ ക്ലാസിക്കല്‍ വെച്ചിരിക്കുന്നു .
എന്താണ്` എഴുതുന്നത്?
"ഹിന്ദു പത്രത്തിന്റെ എഡിറ്റര്‍ക്ക് ഒരു കത്തയക്കണം. ദെയാര്‍ അണ്‍നെസസ്സറി പ്രമോട്ടിങ്ങ് നരേന്ദ്ര മോഡി , വികസനനായകനാത്രേ ... ! ..ആളേളെ ഇങ്ങനെ കൊന്നൊടുക്കീട്ട് എന്തു വികസനം ..? "
എന്‍ റാം അതിനെന്ത് മറുപടിയാണ്‌ നല്‍കിയത് എന്നറിയില്ല!
ഞാനവരുടെ കാസറ്റ് ശേഖരം പരിശോധിച്ചു.അതില്‍ പാശ്ചാത്യ ക്ലാസിക്കല്‍ മ്യൂസിക് തൊട്ട് ആബിദ പര്‍വീന്റെ ഖവാലികളും തുടങ്ങി എരഞ്ഞോളി മൂസയുടെ മാപ്പിളപ്പാട്ടുകള്‍ വരെയുണ്ട് ! അവരുടെ രസനകളും അവരുടെ ജീവിതം പോലെ വൈവിധ്യം നിറഞ്ഞതാണ്‌. വ്യവസ്ഥിതിയുടെ ഉള്ളില്‍ നിന്നുകൊണ്ടു തന്നെ അതിനെ എതിര്‍ക്കുകയും തിരുത്തുകയും ചെയ്യുന്ന സവിശേഷത നിറഞ്ഞ ഒരു ജീവിതം . മതേതരമായ ഒരു ജ്ഞാനാസക്തി അവര്‍ക്കിപ്പോഴും പുലര്‍ത്താന്‍ സാധിക്കുന്നത് അവരുടെ ഉള്ളിലുള്ള ഇത്തരം വൈവിധ്യം കൊണ്ടുതന്നെയായിരിക്കണം .
                                വൈകുന്നേരത്തോടെ ഞങ്ങള്‍ക്കാവശ്യമായ ഷോട്ടുകളും ബൈറ്റുകളും ലഭിച്ചു. ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങി. ചായക്ക് മുട്ടമാല പോലുള്ള വടക്കേമലബാര്‍ പലഹാരങ്ങള്‍ ഉണ്ടായിരുന്നു. കൊടുന്നുവെച്ച പലഹാരങ്ങള്‍ മുഴുവന്‍ തീറ്റിച്ചിട്ടേ അവര്‍ ഞങ്ങളെ വിട്ടുള്ളൂ.

പിന്‍കുറി: മാളിയേക്കല്‍ മറിയുമ്മ കേരളത്തിലെ മുസ്ലീം ചരിത്രത്തില്‍ എവിടെയാണ്‌ സ്ഥാനം പിടിച്ചിട്ടുള്ളത് എന്നെനിക്കറിയില്ല. അല്ലെങ്കിലും കേരളത്തിലെ മുസ്‌ലീം സ്ത്രീകളില്‍ ആരെങ്കിലും ചരിത്രം കുറിച്ചവരായുണ്ടോ എന്നും എനിക്ക് വലിയ തിട്ടമില്ല. ഒരു ജസ്റ്റിസ് ഫാതിമാബീവിയോ ബിയെം സുഹ്‌റയോ അപവാദമായുണ്ടാവണം. അല്ലെങ്കിലും 'മെയില്‍ ഷോവനിസം' കൂടുതലുള്ള എന്റെ സമുദായത്തിന്റെ ഐക്കണുകള്‍ ബെന്‍സ് കാറുകളില്‍ പായുന്ന ഔലിയാക്കളും തങ്ങന്‍മാരുമൊക്കെയല്ലേ ? അവരുടെയൊക്കെ മുമ്പില്‍ ഈ സ്ത്രീ ആരാണ്‌? സ്ത്രീകളെ പര്‍ദ്ദക്കുള്ളില്‍ ഒളിപ്പിക്കാന്‍ യാഥാസ്ഥികരും പുരോഗമനക്കാരും അക്ഷീണം പരിശ്രമിക്കുന്നുണ്ട്. അതില്‍ അവര്‍ വിജയിക്കുന്നുമുണ്ട്. ..പെണ്ണുങ്ങളേ നിങ്ങളെ പടച്ചവന്‍ തന്നെ രക്ഷിക്കട്ടെ.

Tuesday, 25 March, 2008

പുനര്‍ജന്‍മം

ഇനിയൊരു ജന്‍മമുണ്ടെങ്കില്‍,
എന്തായിട്ടായിരിക്കും ഞാന്‍ പുനര്‍ജനിക്കുക?
പാമ്പായിട്ടാണെങ്കില്‍,
പകയോടെ ഇഴഞ്ഞു വന്ന് നിന്നെ കൊത്തും,തീര്‍ച്ച.
നായാണെങ്കില്‍,
തന്ന സ്നേഹത്തിന്‌ നന്ദിയോടെ വാലാട്ടും
ഇതേ ‍ജന്‍മം തന്നെയാണെങ്കിലോ?
നിന്നെ സ്നേഹിക്കുക എന്ന മണ്ടത്തരം ഞാന്‍ വീണ്ടും ആവര്‍ത്തിച്ചേക്കും !

Thursday, 20 March, 2008

ഉറുമ്പുകള്‍പറഞ്ഞു വന്നത് ഞങ്ങള്‍ ഉറുമ്പുകളെ കുറിച്ചായിരുന്നല്ലോ

നിര തെറ്റാതെ നടക്കും

ചതഞ്ഞരയുമെന്നറിഞ്ഞിട്ടും

ഭയക്കാതെ,

(കയ്യൂരു തൊട്ട് കണ്ണൂരു വരെ നിങ്ങളുമത് കണ്ടതല്ലേ?)

നിറമൊട്ടു മങ്ങിയെങ്കിലും

ഞങ്ങളിപ്പോഴും ചുവപ്പാണ്‌.

ഞങ്ങള്‍ നെയ്യുറുമ്പുകളെ ചോണനുറുമ്പുകള്‍ നയിക്കും.

അപൂര്‍വ്വം ചില പുളിയുറുമ്പുകളും ഉണ്ട്.

അവ മധുരം ഇഷ്ടപ്പെടാത്ത വയസ്സന്‍മാരാണ്.

അവരുടെ കഴുത്തില്‍ ചോണനുറുമ്പുകള്‍

പിടിമുറുക്കിയിട്ടുണ്ട്.

പാവങ്ങള്‍..

(മുമ്പ്‌ കൂടെയുണ്ടായിരുന്ന കട്ടുറുമ്പുകളുടെ ഗതി കണ്ടിട്ടും പഠിക്കുന്നില്ല. )

പോട്ടെ,

ദൂരെ നിന്ന് വസന്തത്തിന്റെ ഇടിമുഴക്കം കേള്‍ക്കുന്നില്ലേ...?

അവിടെയെത്തണം.
അവിടെയാണ്‌ വിപ്ലവത്തിന്റെ ചക്കരക്കുടം.

Thursday, 13 March, 2008

ലെയ്സ്

ബസ്സ് മൂന്നാമത്തെ കയറ്റം കയറിയിറങ്ങി. ഇനി ചെങ്കുത്തായ രണ്ടെണ്ണം കൂടി പിന്നിട്ടാല്‍ സമതലത്തിലേക്കെത്താം. യാത്രക്കാരേക്കാളധികം പച്ചക്കറികളും പൂക്കൂടകളുമാണ്‌ ബസ്സ് നിറയെ. ഒരു ചരക്കുലോറിയിലിരുന്ന്‌ പോകുന്ന പോലെ. മുന്‍ ഭാഗത്ത് മൂന്നുനാല്‌ സ്ത്രീകള്‍ ഉച്ചത്തില്‍ സംസാരിക്കുന്നുണ്ട്. എണ്ണമയം ഒട്ടുമില്ലാത്ത അവരുടെ മുടിയില്‍ നിന്നായിരിക്കണം ബസ്സിലാകെ വ്യാപിച്ചിരിക്കുന്ന മുല്ലപ്പൂക്കളുടെ വാടിയഗന്ധം. സമതലമായി. സൂര്യാഘാതമേറ്റ് മുരടിച്ചുപോയ കുറ്റിചെടിക്കാടുകള്‍ കടന്ന് ഗ്രാമങ്ങള്‍ കണ്ടുതുടങ്ങി.
ചോളവും സൂര്യകാന്തിപ്പൂക്കളും വിളയുന്ന അതേ വയലുകള്‍.
ഇനി അധികം ദൂരമില്ല അങ്ങോട്ട്.
ഹൃദയമിടിപ്പിന്റെ വേഗം കൂടുന്നുണ്ടോ?..
മനസ്സിനോട് പറഞ്ഞു. അരുത്‌ ശാന്തമാവുക.
മുഖത്തേക്ക് വരണ്ട കാറ്റടിക്കുന്നു. പതുക്കെ കണ്ണുകളടച്ച് പലതും ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.
കാറ്റില്‍, എന്റെ അടഞ്ഞ കണ്ണുകള്‍ക്ക് മേലെ പാറികളിക്കുന്ന ദുപ്പട്ടയുടെ തലോടല്‍ അറിയാനാവുന്നുണ്ട്.
ഉവ്വ്.. അതേ ഗന്ധം..
ഷാമ്പുവിന്റെ നേര്‍ത്ത സ്പര്‍ശമുള്ള മുടിയിഴകളുടെ ....
പതുക്കെ അവളെയൊന്ന്‌ പാളി നോക്കി. അവള്‍ എന്നെ ശ്രദ്ധിക്കാതെ പുറത്ത് ഓടിമറയുന്ന സൂര്യകാന്തിപ്പാടങ്ങളില്‍ കണ്ണ്‌ നട്ടിരിക്കുന്നു. ഒരുമണിക്കൂറിലേറെയായി അവള്‍ ആ ഇരിപ്പ് തുടങ്ങിയിട്ട്. കുറച്ച് ദിവസമായി മനസ്സിനെ വല്ലാതെ ഭയപ്പെടുത്തിയത് സംഭവിച്ചു കഴിഞ്ഞു. അവള്‍ എന്നില്‍ നിന്ന് അകന്നു തുടങ്ങിയെന്ന്‌ മനസ്സിനെ വിശ്വസിപ്പിക്കാന്‍ പേടിയായിരുന്നു.
അവളില്ലാതെ ഞാന്‍ എങ്ങനെയാണ്‌?
ഭക്ഷണം കഴിക്കാന്‍ വേണ്ടി ബസ് ഹൈവേയിലെവിടെയോ നിര്‍ത്തിയതായിരുന്നു. വയ്യെന്ന്‌ പറഞ്ഞ് അവള്‍ ഇറങ്ങിയില്ല. പാര്‍സല്‍ വാങ്ങിയ രണ്ട്ദോശ നീട്ടി.
" എനിക്ക് വേണ്ട, നിറയെ പൊടിയായിരിക്കും. ബാക്ടീരിയയും കാണും.
ലെയ്സ് വാങ്ങിതന്നാല്‍ മതി "
" ആണോ? ഞാന്‍ വാങ്ങിത്തന്നിട്ട് എന്റെ കുട്ടി ലെയ്സ് കഴിക്കില്ല.
നമ്മുടെ നാട്ടിലെ ഭൂരിഭാഗവും, അതായത് ഞാനുള്‍പ്പടെയുള്ളടെയുള്ള സാധാരണക്കാര്‍ കഴിക്കുന്നത് ഇത്തരം ഭക്ഷണമാണ്‌. നിനക്കത് മനസ്സിലാവില്ല, ബിക്കോസ് യുവാര്‍ ഫ്രം ബ്ലഡി അപ്പര്‍ മിഡില്‍ ക്ളാസ്...! "
വെറുതെയൊന്ന്‌ പ്രകോപിക്കാന്‍ പറഞ്ഞു തുടങ്ങിയതായിരുന്നുവെങ്കിലും കുറച്ച് ദിവസമായി മന്സ്സിലടക്കി വച്ച ക്ഷോഭമെല്ലാം അറിയാതെ പുറത്തുവന്നു. അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ലെയ്‌സ് വാങ്ങി വന്നു.
അവള്‍ എന്നെയൊന്ന്‌ ഉറ്റുനോക്കി. എന്നിട്ട് ശാന്തയായി.
" നമുക്ക് പിരിയാം,
നിനക്ക് ഒരു ബ്ളഡി അപ്പര്‍ ക്ളാസ് പെണ്‍കുട്ടിയെ മനസിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കും.
കോള കുടിക്കരുത്‌, ലെയ്സ് തിന്നരുത്,
കോള്‍ സെന്ററില്‍ ജോലി ചെയ്യരുത്.
എനിക്ക് മതിയായി ഈ ഡൂസും ഡോണ്ട് ഡൂസും കേട്ട്,
എനിക്കിനി നിന്റെ കൂട്ട് വേണ്ട. പിരിയാം.."
ഒറ്റ ശ്വാസത്തിലാണ്‌ അവളത് പറഞ്ഞു തീര്‍ത്തത്‌.
കേട്ടപ്പോള്‍ ഒരു തരം മരവിപ്പാണ്‌ അനുഭവപ്പെട്ടത്.
"എനിക്ക് മതിയായി.. "
ആ വാക്കിങ്ങനെ ഉള്ളില്‍ കിടന്ന്‌ മുഴങ്ങുന്നു.
ഒരപകടം പോലെ എന്തോ ഒന്ന്‌ മനസ്സിനെ ഭയപ്പെടുത്തിരുന്നുവെങ്കിലും അത് ഇതാവുമെന്ന്‌ തീരെ പ്രതീക്ഷിച്ചിരുന്നില്ല എന്നതായിരുന്നു സത്യം. എത്ര നേരം അങ്ങനെ ഇരുന്നെന്നറിയില്ല.ഞങ്ങള്‍ക്കിറങ്ങേണ്ട സ്റ്റോപ്പായി. ഒരു പരിചയവുമില്ലാത്തവരെ പോലെ ഒരുമിച്ചു നടന്നു.
...എന്താണ്‌ സംഭവിച്ചത്‌.. എന്താണ്‌ എനിക്ക് നഷ്ടമാവുന്നത്‌?
എന്നെയും അവളെയും ബന്ധിച്ചിരുന്ന ഏത് ദുര്‍ബലമായ നൂലിഴയാണ്‌ പൊട്ടിപോയത്‌?
സങ്കടം ചങ്കിലൂടെ അരിച്ചു കയറി തൊണ്ടക്കുഴിയിലെത്തി നില്‍ക്കുന്നുണ്ട്.
കരയരുത്. മനസ്സിനെ വീണ്ടും വീണ്ടും ശാസിച്ചു.
അലക്കുകാരുടെ കോളനിയെത്തി, ഒരു വളവു കൂടി കഴിഞ്ഞാല്‍ അവളുടെ ഹോസ്റ്റല്‍ കാണാം. തലേന്ന് പെയ്ത മഴ കാരണം റോഡിലാകെ ചളിയാണ്‌. റോഡിന്റെ വശങ്ങളില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ പന്നികള്‍ കുത്തിമറിയുന്നു. കൂട്ടത്തില്‍ ഒരു രണ്ടുമൂന്നുവയസ്സായ കുട്ടിയേയും കണ്ടു. അവന്‍ ഒരു പന്നിയുടെ പുറത്തുകയറാന്‍ ശ്രമിക്കുകയാണ്‌.
അലക്കുകാരുടെ കോളനി കഴിഞ്ഞു തുടങ്ങി. ഹോസ്റ്റലിന്റെ നീല ജനാലകള്‍ കണ്ടു തുടങ്ങി.
ഇനിയെന്താണ്‌ ബാക്കി...
ഔപചാരികമായ ഒരു യാത്ര പറച്ചില്‍? യാതൊരു വികാരക്ഷോഭവും കാണിക്കരുത്.

നിസ്സംഗമായി തിരിച്ചു പോരണം. പക്ഷേ, ഹോസ്റ്റല്‍ അടുക്കും തോറും ഹൃദയമിടിപ്പിന്റെ വേഗം കൂടുന്നു. എത്ര ശ്രമിച്ചിട്ടും എന്താണ്‌ മനസ്സിനെ നിയന്ത്രിക്കാനാവാത്തത്? പുറകില്‍ നിന്ന് അവളുടെ ശബ്ദം കേട്ടാണ്‌ തിരിഞ്ഞു നോക്കിയത്. പുറകില്‍ അവളെ കണ്ടില്ല.
ശബ്ദം കേള്‍ക്കുന്നത് അലക്കുകാരുടെ ചാളയില്‍ നിന്നാണ്‌. ചെന്നു നോക്കി. അവള്‍ ഒരു പൈപ്പിനു കീഴെ ഒരു കുഞ്ഞിനെ കുളിപ്പിക്കുന്നു.
പന്നികളുടെ ഇടയില്‍ കളിച്ചിരുന്ന അതേ കുട്ടി!
അവള്‍ അതിനെ ഒക്കത്തെടുത്ത് കയ്യിലെ ടവലെടുത്ത് അതിന്റെ ദേഹം തുടച്ചെടുത്തു.
" പാവം ..നമുക്കിതിനെ ഇതിന്റെ അമ്മയുടെ അടുത്താക്കാം.
അവരെ നല്ല ചീത്തയും പറയണം ..
ചെറിയ കുട്ട്യോളെ ഇങ്ങനെ ശ്രദ്ധിക്കാണ്ടിരുന്നാലോ? "
ഞാന്‍ യാന്ത്രികമായി തലയാട്ടി.
" ആ ലെയ്സ് പാക്കെന്ത്യേ..? അത് തന്നേ.."
ഞാന്‍ ബാഗ് തുറന്ന് അത് കൊടുത്തു. അവളത് പൊളിച്ച് ആ കുഞ്ഞിന്‌ കൊടുത്തു.
" മേലപ്പടി ചളിയായി.."
ശരിയാണ്‌. ചളി അവളുടെ വെളുത്ത ഉടുപ്പിലാകെ ആയിട്ടുണ്ട്.
ഏത് ദുര്‍ബലമായ നൂലിഴയാണ്‌ എന്നെയും അവളെയും ബന്ധിപ്പിച്ചിരുന്നതെന്ന്‌ എനിക്ക് മനസ്സിലായി.
എനിക്ക് കരച്ചില്‍ വന്നു.


* ****************
മാപ്പ്..വേദനിപ്പിച്ചതിന്‌
" സാര്‍..മീരു ഇക്കട ദിഗാലി..? " കണ്ടക്ടറാണ്‌.
ഞാന്‍ വീണ്ടും ഇവിടെയെത്തിയിരിക്കുന്നു. കൃഷ്ണശിലകളും പനമരങ്ങളും അതിരിടുന്ന, കള്ളനെ പോലെ മഴ ഒളിച്ചു വരുന്ന എന്റെ പ്രിയപ്പെട്ട പട്ടണത്തില്‍. ഇവിടെ അവളുണ്ട് . എന്റെ കിളിക്കുഞ്ഞ്. മൂന്നുവര്‍ഷത്തിനിപ്പുറം ഒരു തുടര്‍ച്ച പോലെ ഇപ്പോള്‍ വീണ്ടു കരഞ്ഞത് എന്തിനാണ്‌? അവളെ നഷ്ടമായതിന്റെ വേദന കൊണ്ടോ അതോ അത്മപുച്ഛം കൊണ്ടോ..
"സാര്‍...ഏക്കട ദിഗാലി?"
കാണണ്ട. അല്ലെങ്കിലും കണ്ടിട്ടെന്താണ്‌?
കണ്ണിറുക്കിയടച്ച് മറുപടി പറഞ്ഞു.

" റെയില്‍വേസ്റ്റേഷന്‍"
ഡ്രൈവര്‍ തെലുങ്കില്‍ എന്തോ പിറുപിറുത്ത് വണ്ടിയെടുത്തു.
ബസ് വീണ്ടും ഇളകി തുടങ്ങി.

Tuesday, 22 January, 2008

മസാലദോശമുപ്പത്താറുവയസ്സുള്ള,പൊതുമരാമത്ത്‌ വകുപ്പില്‍ ജോലി ചെയ്യുന്ന ഒരു എന്‍ജിനീയറാണ്‌ നമ്മുടെ കഥാനായകന്‍. ഒരു കൊച്ചു പട്ടണത്തിലെ സാമാന്യം തിരക്കുള്ള ഒരു തെരുവില്‍ വെച്ചാണ്‌ നാമയാളെ കണ്ടുമുട്ടുന്നത്‌. പട്ടണത്തിലെ പഴയതും എന്നാല്‍ പ്രശസ്തവുമായ ഒരു ഹോട്ടല്‍ ഉന്നം വെച്ചാണ്‌ അയാള്‍ നടക്കുന്നത്‌ എന്നു തോന്നുന്നു. എന്തായാലും നമുക്കയാളെ പിന്തുടരാം. അന്ചു മിനിറ്റേ ആവുന്നുണ്ടായിരുന്നുള്ളു അയാള്‍ നടത്തം തുടങ്ങിയിട്ട് ,അപ്പോഴേക്കും അയാളുടെ ഷര്‍ട്ടിന്റെ പിന്‍ഭാഗം വിയര്‍പ്പില്‍ കുതിര്‍ന്നിരുന്നു. അയാള്‍ ഹോടലിന്റെ ഉള്ളിലേക്ക് നടന്ന്‌ മുകള്‍തട്ടിലേക്ക്‌ കോണി കയറി. അവിടം ആധുനിക രീതിയില്‍ സജ്ജീകരിച്ച ഐസ്ക്രീം പാര്‍ലറായിരുന്നു. വെയ്റ്റര്‍ അയാളില്‍ നിന്ന്‌ ഒരു മില്‍ക്ക് ഷേക്കിന്റെ ഓര്‍ഡര്‍ സ്വീകരിച്ചു.

അയാള്‍ രാവിലെ ഒപ്പിട്ട ശേഷം ഓഫീസില്‍ നിന്ന്‌ ഇറങ്ങിയതായിരുന്നു. ഒന്നു രണ്ടു സുഹൃത്തുക്കളെ കാണേണ്ടതുണ്ടായിരുന്നു. ആ പട്ടണത്തിലെ പ്രശസ്തമായ ഒരു ബിസിനസ്സ് കുടുംബത്തിലെ ഇളയ സഹോദരങ്ങളായിരുന്നു അവര്‍. അവിടെ അടുത്തു തന്നെ വരാന്‍ പോകുന്ന ബസ്സ്റ്റാന്റിന്റെ പ്രവേശന കവാടം അവരുടെ ഒരു സ്ഥാപനത്തിന്‌ എതിര്‍വശത്തായി വരണം. അതായിരുന്നു അവരുടെ ആവശ്യം. അയാള്‍ക്കാണ്‌ ആ പ്രോജക്റ്റിന്റെ ചുമതല. അയാള്‍ക്ക് ആ കാര്യത്തില്‍ എന്തു ചെയ്യാനാവുമെന്ന്‌ അവര്‍ക്കും അവരുടെ ആവശ്യത്തിന്റെ 'മൂല്യം'അയാള്‍ക്കും നന്നായി അറിയുന്നതു കൊണ്ട് വിലപേശലൊന്നും വേണ്ടി വന്നില്ല . ഇരുപത്തയ്യായിരം രൂപക്ക് ഉറപ്പിച്ചു. അയാളെ ആയിടെയായി ക്യാമറയുള്ള ഒരു മൊബൈല്‍ ഫോണ്‍ വല്ലാതെ പ്രലോഭിപ്പിക്കുന്നുണ്ടായിരുന്നു. " ഒരു ക്യാമറ ഫോണ്‍ , ഭാര്യയോടും മോളോടുമൊത്ത് ക്രിസ്മസ് വെക്കേഷന്‌ ഒരു ടൂര്‍.." അയാള്‍ കണക്കുകൂട്ടി.
വെയ്റ്റര്‍ അയാള്‍ ഓര്‍ഡര്‍ ചെയ്തിരുന്ന ഷേക്ക്‌ കൊണ്ടു വന്നു വച്ചു. അയാള്‍ ചുറ്റുമൊന്നു നോക്കി. ശീതികരിച്ച ഹാളായതുകൊണ്ടാവും തിരക്ക് തീരെയില്ല. നേര്‍ത്ത പിയാനോ സംഗീതം. വശങ്ങളില്‍ ഗ്ളാസ്സ് ജനലുകള്‍, താഴത്തെ ഹാളിന്റെ പകുതി പോലും വലുപ്പം മുകള്‍ത്തട്ടിനുണ്ടായിരുന്നില്ല . ജനലുകളിലൂടെ നോക്കിയാല്‍ താഴെ ഭക്ഷണം കഴിക്കുന്നവരെ കാണാം. താഴെ നല്ല തിരക്ക് കാണപ്പെട്ടു. കുറേ സ്കൂള്‍ കുട്ടികളാണ്‌. പട്ടണത്തില്‍ ഏതോ സ്കൂള്‍ കലോല്‍സവം നടക്കുന്നുണ്ടെന്ന് പത്രത്തില്‍ വായിച്ചിരുന്നു. മുഖത്ത് ചായം തേച്ച പെണ്‍കുട്ടികളേയും കൂട്ടത്തില്‍ കാണാനുണ്ട്. കുട്ടികള്‍ ശരിക്ക് ബഹളം കൂട്ടുന്നുണ്ടെന്ന്‌ അവരുടെ ചലനങ്ങളില്‍ നിന്നു തന്നെ അറിയാം. മിക്കവരുടെയും കൂടെ അച്ഛനമ്മമാരുമുണ്ട്‌. രണ്ട് ആണ്‍ കുട്ടികള്‍ ഒരു ടേബിളൊഴിയുന്നതും കാത്ത്‌ നില്‍ക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടു. പരിചയമില്ലാത്ത ഏതോ സ്ഥലത്ത് എത്തിപ്പെട്ടതിന്റെ പകപ്പ് അവരുടെ മുഖത്തുണ്ട്‌. മുഷിഞ്ഞ യൂണിഫോം..ചെരിപ്പിടാത്ത കാലുകള്‍.ഗ്രാമത്തില്‍ നിന്ന്‌ കലോല്‍സവം കാണാന്‍ വന്നതാണെന്ന്‌ കണ്ടാല്‍ തന്നെ അറിയാം.ഒരു കുട്ടി ലേശം തടിച്ചിട്ടാണ്‌. അവരെ തന്നെ ശ്രദ്ധിച്ച്‌ പതുക്കെ ഷേക്ക്‌ നുണഞ്ഞു കൊണ്ടിരുന്നു. അവസാനം ആ കുട്ടികള്‍ക്ക് രണ്ട്‌ സീറ്റ് ഒഴിവായി കിട്ടി. പെട്ടെന്നു തന്നെ ഓര്‍ഡര്‍ മുന്നിലെത്തുന്നതും കണ്ടു. മസാല ദോശയാണ്‌.. വല്ലാത്ത ആര്‍ത്തിയോടെയായിരുന്നു ആ കുട്ടികള്‍ കഴിക്കാന്‍ തുടങ്ങിയത്. അയാള്‍ക്ക് എന്തോ പെട്ടന്ന്‌ ഇരുപത്തിരണ്ട്‌ വര്‍ഷം മുമ്പത്തെ ഒരു എട്ടാം ക്ളാസ്സുകാരനെ ഓര്‍മ്മ വന്നു..
..ഒരിക്കല്‍ ശാസ്ത്രമേള കാണാന്‍ ആ നഗരത്തിലേക്ക് വന്നപ്പോഴായിരുന്നു ആ കുട്ടി ജീവിതത്തിലാദ്യമായി ഒരു ഹോട്ടലില്‍ കയറുന്നത്. അന്നു കഴിച്ച മസാല ദോശ അവനൊരു കൊതിപ്പിക്കുന്ന ഓര്‍മ്മയായി മാറി. അവന്‍ മിക്കവാറും രാത്രികളില്‍ മസാലദോശ തിന്നുന്നത് സ്വപ്നം കാണാന്‍ തുടങ്ങി. അങ്ങനെയാണ്` അമ്മയോട് ആദ്യമായി കളവ് പറഞ്ഞത്. പാഠപുസ്തകം വാങ്ങിക്കാനണെന്നൊ മറ്റോ അമ്മയോട്‌ നുണ പറഞ്ഞ് പതിനന്ച് രൂപ വാങ്ങി ടൌണിലേക്ക് ബസ്സ് കയറി. അമ്മയോട് നുണ പറയുന്നത് അന്നും തന്നെ വിഷമിപ്പിക്കാറില്ലായിരുന്നു.അടുത്ത വീട്ടിലെ അടുക്കളയുടെ പുറകില്‍, മുന്നില്‍ കുന്നു കൂടിയിരുന്ന പാത്രങ്ങള്‍ക്ക് മീതെക്കൂടി ആ മുഷിഞ്ഞ നോട്ടുകള്‍ നീട്ടുമ്പോള്‍ ഇങ്ങനെ പറഞ്ഞിരുന്നു. " ...ന്നാ ...നി ബുക്ക്‌ല്ലാച്ചിട്ട് ഇന്റെ മോന്‍ പടിക്കാണ്ടിരിക്കണ്ട..!"
കോളേജില്‍ ചേര്‍ന്ന്, അവളെ പരിചയപ്പെട്ട ശേഷമുള്ള ആദ്യത്തെ ജന്‍മദിനത്തിന്‌ സമ്മാനം വാങ്ങി കൊടുക്കാന്‍ കാശിനു വേണ്ടി അമ്മയോട്‌ എന്തു നുണയാണ് പറഞ്ഞത്?....അന്നു തന്ന നോട്ടുകള്‍ക്ക് ഏത് സോപ്പുപൊടിയുടെ മണമായിരുന്നു ? ..ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല.
അയാള്‍ വീണ്ടും കുട്ടികളെ നോക്കി. മസാലദോശ കഴിച്ചു കഴിഞ്ഞ് കുട്ടികള്‍ ബില്ലടക്കാന്‍ വേണ്ടി ചില്ലറ പെറുക്കികൂട്ടുകയാണ്‌. തടിച്ച കുട്ടി നാണയങ്ങള്‍ എണ്ണി തിട്ടപ്പെടുന്നുണ്ട്. അയാള്‍ക്കെന്തോ അപ്പോള്‍ വീണ്ടും അമ്മയെ ഓര്‍മ്മ വന്നു. അമ്മ ഇപ്പോള്‍ എവിടെയായിരിക്കും? അവസാനമായി എന്നാണ്‌ അമ്മയെ കണ്ടത്‌? കണ്ണുകളടച്ച് അയാള്‍ അമ്മയെ അവസാനം കണ്ട നാള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. തനിക്ക് ഒന്നും ഓര്‍ത്തെടുക്കാനാകുന്നില്ലെന്ന് അയാള്‍ പരിഭ്രാന്തിയോടെ മന്സ്സിലാക്കി. അയാള്‍ കണ്ണുകള്‍ ഇറുകെയടച്ചു...ഇരുട്ട്..പിന്നെ തീക്ഷ്ണമായ ഒരു ചുവപ്പു നിറം...അത്ര മാത്രം..അല്ല എന്തോ ഒരു ശബ്ദവും കേള്‍ക്കുന്നുണ്ട്. ഒരു മുരള്‍ച്ച പോലത്തെ എന്തോ ഒരു ശബ്ദം. ഇപ്പോള്‍ ആ ശബ്ദം തൊട്ടടുത്തു നിന്നാണ്‌..അതൊരു മുരള്‍ച്ചയല്ലെന്നും തനിക്ക് പരിചിതമായ ഒരു ശബ്ദമാണെന്നും അയാള്‍ക്ക് തോന്നി. പതുക്കെ പതുക്കെ ആ ശബ്ദത്തിന്റെ ആവൃത്തി വര്‍ദ്ധിക്കുന്നു. ..ഇപ്പോള്‍ കര്‍ണ്ണപുടങ്ങളെ തകര്‍ക്കും വിധം തൊട്ടടുത്തുനിന്നാണ്‌ അത്‌. ഒന്നും തന്റെ തോന്നലല്ലെന്നും അമ്മ പാത്രം മോറുന്ന ശബ്ദമാണ്‌ താനിപ്പോള്‍ കേള്‍ക്കുന്നതെന്നും അയാള്‍ക്ക് മനസ്സിലായി. ആ ശബ്ദം അയാള്‍ക്ക് സഹിക്കാന്‍ കഴിയുന്നതിലും ഉച്ചത്തിലായി .. അയാള്‍ക്ക് കരച്ചില്‍ വന്നു. ഒന്നും കാണാനാവുന്നില്ല..ഭ്രാന്തമായ ശബ്ദം മാത്രം...
മുഖത്ത് വെള്ള നനവ് തട്ടിയപ്പോഴാണ്‍ എണീറ്റത് . ചുറ്റും അപരിചിതരായ ആളുകള്‍ .
"എന്തു പറ്റി സര്‍, ഹോസ്പിറ്റലില്‍ പോകണോ? "
എന്താണ്‌ തനിക്ക് പറ്റിയത്‌?
"ഒന്നുമില്ല, ഒന്നു തല ചുറ്റി."
അയാള്‍ തന്റെ ചുറ്റും കൂടിയ ആളുകളെ വകഞ്ഞു മാറ്റി പുറത്തു കടന്നു. പതുക്കെ റോഡിലെ ജനതിരക്കിലേക്ക് ചേരുന്ന ആ മനുഷ്യനെ നമുക്കിനി ഉപേക്ഷിക്കാം. അല്ലെങ്കിലും മറ്റുള്ളവരുടെ പുറകെ പോയിട്ട് നമുക്കെന്താണ്‌?

Monday, 7 January, 2008

രണ്ട്‌ കൊച്ചു കവിതകള്‍ഇടം
മറ്റൊരാളുടെ ഹൃദയത്തില്‍ നിന്ന്‌


നമ്മള്‍ ഒരിടം തിക്കിയെടുക്കുന്നതാണത്രേ


പ്രണയം..


സ്വാര്‍ത്ഥത തന്നെ!
സാദൃശ്യങ്ങള്‍
കൊടുത്ത ചൂല്‌ മുഴുവന്‍


വിറ്റ് തീര്‍ക്കാഞ്ഞതിന്‌ അച്ഛന്റെ കയ്യില്‍ നിന്ന്‌


കാല്‍വണ്ണക്ക് അടി വാങ്ങി


കരഞ്ഞു കരഞ്ഞുറങ്ങിയ


നല്ലമ്മ എന്ന ആന്ധ്രാക്കാരി പെണ്‍കുട്ടിയും


പോഗോ കാണാന്‍ സമ്മതിക്കാഞ്ഞതിന്‌


മമ്മിയോട് പിണങ്ങി


അത്താഴം കഴിക്കാതെ ഉറങ്ങിയ


മനു എന്ന തൃശൂരുകാരന്‍ ആണ്‍കുട്ടിക്കും


സാദൃശ്യങ്ങള്‍ ഏറെയാണ്‌..


രണ്ടു പേര്‍ക്കും വയസ്സ് പത്ത്


മനസ്സു വിഷമിച്ചാണ്‌ രണ്ടു പേരും ഉറങ്ങിപ്പോയത്‌


ഉറങ്ങിയപ്പോഴാവട്ടേ..


രണ്ടു പേരും കണ്ടത് ഒരേ സ്വപ്നവും


ചുവപ്പും നീലയും കലര്‍ന്ന ചിറകുകളുള്ള പൂമ്പാറ്റകളെ .