Tuesday, 22 January, 2008

മസാലദോശമുപ്പത്താറുവയസ്സുള്ള,പൊതുമരാമത്ത്‌ വകുപ്പില്‍ ജോലി ചെയ്യുന്ന ഒരു എന്‍ജിനീയറാണ്‌ നമ്മുടെ കഥാനായകന്‍. ഒരു കൊച്ചു പട്ടണത്തിലെ സാമാന്യം തിരക്കുള്ള ഒരു തെരുവില്‍ വെച്ചാണ്‌ നാമയാളെ കണ്ടുമുട്ടുന്നത്‌. പട്ടണത്തിലെ പഴയതും എന്നാല്‍ പ്രശസ്തവുമായ ഒരു ഹോട്ടല്‍ ഉന്നം വെച്ചാണ്‌ അയാള്‍ നടക്കുന്നത്‌ എന്നു തോന്നുന്നു. എന്തായാലും നമുക്കയാളെ പിന്തുടരാം. അന്ചു മിനിറ്റേ ആവുന്നുണ്ടായിരുന്നുള്ളു അയാള്‍ നടത്തം തുടങ്ങിയിട്ട് ,അപ്പോഴേക്കും അയാളുടെ ഷര്‍ട്ടിന്റെ പിന്‍ഭാഗം വിയര്‍പ്പില്‍ കുതിര്‍ന്നിരുന്നു. അയാള്‍ ഹോടലിന്റെ ഉള്ളിലേക്ക് നടന്ന്‌ മുകള്‍തട്ടിലേക്ക്‌ കോണി കയറി. അവിടം ആധുനിക രീതിയില്‍ സജ്ജീകരിച്ച ഐസ്ക്രീം പാര്‍ലറായിരുന്നു. വെയ്റ്റര്‍ അയാളില്‍ നിന്ന്‌ ഒരു മില്‍ക്ക് ഷേക്കിന്റെ ഓര്‍ഡര്‍ സ്വീകരിച്ചു.

അയാള്‍ രാവിലെ ഒപ്പിട്ട ശേഷം ഓഫീസില്‍ നിന്ന്‌ ഇറങ്ങിയതായിരുന്നു. ഒന്നു രണ്ടു സുഹൃത്തുക്കളെ കാണേണ്ടതുണ്ടായിരുന്നു. ആ പട്ടണത്തിലെ പ്രശസ്തമായ ഒരു ബിസിനസ്സ് കുടുംബത്തിലെ ഇളയ സഹോദരങ്ങളായിരുന്നു അവര്‍. അവിടെ അടുത്തു തന്നെ വരാന്‍ പോകുന്ന ബസ്സ്റ്റാന്റിന്റെ പ്രവേശന കവാടം അവരുടെ ഒരു സ്ഥാപനത്തിന്‌ എതിര്‍വശത്തായി വരണം. അതായിരുന്നു അവരുടെ ആവശ്യം. അയാള്‍ക്കാണ്‌ ആ പ്രോജക്റ്റിന്റെ ചുമതല. അയാള്‍ക്ക് ആ കാര്യത്തില്‍ എന്തു ചെയ്യാനാവുമെന്ന്‌ അവര്‍ക്കും അവരുടെ ആവശ്യത്തിന്റെ 'മൂല്യം'അയാള്‍ക്കും നന്നായി അറിയുന്നതു കൊണ്ട് വിലപേശലൊന്നും വേണ്ടി വന്നില്ല . ഇരുപത്തയ്യായിരം രൂപക്ക് ഉറപ്പിച്ചു. അയാളെ ആയിടെയായി ക്യാമറയുള്ള ഒരു മൊബൈല്‍ ഫോണ്‍ വല്ലാതെ പ്രലോഭിപ്പിക്കുന്നുണ്ടായിരുന്നു. " ഒരു ക്യാമറ ഫോണ്‍ , ഭാര്യയോടും മോളോടുമൊത്ത് ക്രിസ്മസ് വെക്കേഷന്‌ ഒരു ടൂര്‍.." അയാള്‍ കണക്കുകൂട്ടി.
വെയ്റ്റര്‍ അയാള്‍ ഓര്‍ഡര്‍ ചെയ്തിരുന്ന ഷേക്ക്‌ കൊണ്ടു വന്നു വച്ചു. അയാള്‍ ചുറ്റുമൊന്നു നോക്കി. ശീതികരിച്ച ഹാളായതുകൊണ്ടാവും തിരക്ക് തീരെയില്ല. നേര്‍ത്ത പിയാനോ സംഗീതം. വശങ്ങളില്‍ ഗ്ളാസ്സ് ജനലുകള്‍, താഴത്തെ ഹാളിന്റെ പകുതി പോലും വലുപ്പം മുകള്‍ത്തട്ടിനുണ്ടായിരുന്നില്ല . ജനലുകളിലൂടെ നോക്കിയാല്‍ താഴെ ഭക്ഷണം കഴിക്കുന്നവരെ കാണാം. താഴെ നല്ല തിരക്ക് കാണപ്പെട്ടു. കുറേ സ്കൂള്‍ കുട്ടികളാണ്‌. പട്ടണത്തില്‍ ഏതോ സ്കൂള്‍ കലോല്‍സവം നടക്കുന്നുണ്ടെന്ന് പത്രത്തില്‍ വായിച്ചിരുന്നു. മുഖത്ത് ചായം തേച്ച പെണ്‍കുട്ടികളേയും കൂട്ടത്തില്‍ കാണാനുണ്ട്. കുട്ടികള്‍ ശരിക്ക് ബഹളം കൂട്ടുന്നുണ്ടെന്ന്‌ അവരുടെ ചലനങ്ങളില്‍ നിന്നു തന്നെ അറിയാം. മിക്കവരുടെയും കൂടെ അച്ഛനമ്മമാരുമുണ്ട്‌. രണ്ട് ആണ്‍ കുട്ടികള്‍ ഒരു ടേബിളൊഴിയുന്നതും കാത്ത്‌ നില്‍ക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടു. പരിചയമില്ലാത്ത ഏതോ സ്ഥലത്ത് എത്തിപ്പെട്ടതിന്റെ പകപ്പ് അവരുടെ മുഖത്തുണ്ട്‌. മുഷിഞ്ഞ യൂണിഫോം..ചെരിപ്പിടാത്ത കാലുകള്‍.ഗ്രാമത്തില്‍ നിന്ന്‌ കലോല്‍സവം കാണാന്‍ വന്നതാണെന്ന്‌ കണ്ടാല്‍ തന്നെ അറിയാം.ഒരു കുട്ടി ലേശം തടിച്ചിട്ടാണ്‌. അവരെ തന്നെ ശ്രദ്ധിച്ച്‌ പതുക്കെ ഷേക്ക്‌ നുണഞ്ഞു കൊണ്ടിരുന്നു. അവസാനം ആ കുട്ടികള്‍ക്ക് രണ്ട്‌ സീറ്റ് ഒഴിവായി കിട്ടി. പെട്ടെന്നു തന്നെ ഓര്‍ഡര്‍ മുന്നിലെത്തുന്നതും കണ്ടു. മസാല ദോശയാണ്‌.. വല്ലാത്ത ആര്‍ത്തിയോടെയായിരുന്നു ആ കുട്ടികള്‍ കഴിക്കാന്‍ തുടങ്ങിയത്. അയാള്‍ക്ക് എന്തോ പെട്ടന്ന്‌ ഇരുപത്തിരണ്ട്‌ വര്‍ഷം മുമ്പത്തെ ഒരു എട്ടാം ക്ളാസ്സുകാരനെ ഓര്‍മ്മ വന്നു..
..ഒരിക്കല്‍ ശാസ്ത്രമേള കാണാന്‍ ആ നഗരത്തിലേക്ക് വന്നപ്പോഴായിരുന്നു ആ കുട്ടി ജീവിതത്തിലാദ്യമായി ഒരു ഹോട്ടലില്‍ കയറുന്നത്. അന്നു കഴിച്ച മസാല ദോശ അവനൊരു കൊതിപ്പിക്കുന്ന ഓര്‍മ്മയായി മാറി. അവന്‍ മിക്കവാറും രാത്രികളില്‍ മസാലദോശ തിന്നുന്നത് സ്വപ്നം കാണാന്‍ തുടങ്ങി. അങ്ങനെയാണ്` അമ്മയോട് ആദ്യമായി കളവ് പറഞ്ഞത്. പാഠപുസ്തകം വാങ്ങിക്കാനണെന്നൊ മറ്റോ അമ്മയോട്‌ നുണ പറഞ്ഞ് പതിനന്ച് രൂപ വാങ്ങി ടൌണിലേക്ക് ബസ്സ് കയറി. അമ്മയോട് നുണ പറയുന്നത് അന്നും തന്നെ വിഷമിപ്പിക്കാറില്ലായിരുന്നു.അടുത്ത വീട്ടിലെ അടുക്കളയുടെ പുറകില്‍, മുന്നില്‍ കുന്നു കൂടിയിരുന്ന പാത്രങ്ങള്‍ക്ക് മീതെക്കൂടി ആ മുഷിഞ്ഞ നോട്ടുകള്‍ നീട്ടുമ്പോള്‍ ഇങ്ങനെ പറഞ്ഞിരുന്നു. " ...ന്നാ ...നി ബുക്ക്‌ല്ലാച്ചിട്ട് ഇന്റെ മോന്‍ പടിക്കാണ്ടിരിക്കണ്ട..!"
കോളേജില്‍ ചേര്‍ന്ന്, അവളെ പരിചയപ്പെട്ട ശേഷമുള്ള ആദ്യത്തെ ജന്‍മദിനത്തിന്‌ സമ്മാനം വാങ്ങി കൊടുക്കാന്‍ കാശിനു വേണ്ടി അമ്മയോട്‌ എന്തു നുണയാണ് പറഞ്ഞത്?....അന്നു തന്ന നോട്ടുകള്‍ക്ക് ഏത് സോപ്പുപൊടിയുടെ മണമായിരുന്നു ? ..ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല.
അയാള്‍ വീണ്ടും കുട്ടികളെ നോക്കി. മസാലദോശ കഴിച്ചു കഴിഞ്ഞ് കുട്ടികള്‍ ബില്ലടക്കാന്‍ വേണ്ടി ചില്ലറ പെറുക്കികൂട്ടുകയാണ്‌. തടിച്ച കുട്ടി നാണയങ്ങള്‍ എണ്ണി തിട്ടപ്പെടുന്നുണ്ട്. അയാള്‍ക്കെന്തോ അപ്പോള്‍ വീണ്ടും അമ്മയെ ഓര്‍മ്മ വന്നു. അമ്മ ഇപ്പോള്‍ എവിടെയായിരിക്കും? അവസാനമായി എന്നാണ്‌ അമ്മയെ കണ്ടത്‌? കണ്ണുകളടച്ച് അയാള്‍ അമ്മയെ അവസാനം കണ്ട നാള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. തനിക്ക് ഒന്നും ഓര്‍ത്തെടുക്കാനാകുന്നില്ലെന്ന് അയാള്‍ പരിഭ്രാന്തിയോടെ മന്സ്സിലാക്കി. അയാള്‍ കണ്ണുകള്‍ ഇറുകെയടച്ചു...ഇരുട്ട്..പിന്നെ തീക്ഷ്ണമായ ഒരു ചുവപ്പു നിറം...അത്ര മാത്രം..അല്ല എന്തോ ഒരു ശബ്ദവും കേള്‍ക്കുന്നുണ്ട്. ഒരു മുരള്‍ച്ച പോലത്തെ എന്തോ ഒരു ശബ്ദം. ഇപ്പോള്‍ ആ ശബ്ദം തൊട്ടടുത്തു നിന്നാണ്‌..അതൊരു മുരള്‍ച്ചയല്ലെന്നും തനിക്ക് പരിചിതമായ ഒരു ശബ്ദമാണെന്നും അയാള്‍ക്ക് തോന്നി. പതുക്കെ പതുക്കെ ആ ശബ്ദത്തിന്റെ ആവൃത്തി വര്‍ദ്ധിക്കുന്നു. ..ഇപ്പോള്‍ കര്‍ണ്ണപുടങ്ങളെ തകര്‍ക്കും വിധം തൊട്ടടുത്തുനിന്നാണ്‌ അത്‌. ഒന്നും തന്റെ തോന്നലല്ലെന്നും അമ്മ പാത്രം മോറുന്ന ശബ്ദമാണ്‌ താനിപ്പോള്‍ കേള്‍ക്കുന്നതെന്നും അയാള്‍ക്ക് മനസ്സിലായി. ആ ശബ്ദം അയാള്‍ക്ക് സഹിക്കാന്‍ കഴിയുന്നതിലും ഉച്ചത്തിലായി .. അയാള്‍ക്ക് കരച്ചില്‍ വന്നു. ഒന്നും കാണാനാവുന്നില്ല..ഭ്രാന്തമായ ശബ്ദം മാത്രം...
മുഖത്ത് വെള്ള നനവ് തട്ടിയപ്പോഴാണ്‍ എണീറ്റത് . ചുറ്റും അപരിചിതരായ ആളുകള്‍ .
"എന്തു പറ്റി സര്‍, ഹോസ്പിറ്റലില്‍ പോകണോ? "
എന്താണ്‌ തനിക്ക് പറ്റിയത്‌?
"ഒന്നുമില്ല, ഒന്നു തല ചുറ്റി."
അയാള്‍ തന്റെ ചുറ്റും കൂടിയ ആളുകളെ വകഞ്ഞു മാറ്റി പുറത്തു കടന്നു. പതുക്കെ റോഡിലെ ജനതിരക്കിലേക്ക് ചേരുന്ന ആ മനുഷ്യനെ നമുക്കിനി ഉപേക്ഷിക്കാം. അല്ലെങ്കിലും മറ്റുള്ളവരുടെ പുറകെ പോയിട്ട് നമുക്കെന്താണ്‌?

7 comments:

 1. കഥ പോലൊന്ന് എഴുതി നോക്കി

  ReplyDelete
 2. എങ്കിലും അവസാനം ഉപേക്ഷിക്കപ്പെടാന്‍ അയാള്‍ മാത്രം ബാക്കി.
  കഥ നന്നായി ട്ടോ.

  ReplyDelete
 3. കുറച്ച് ഗ്യാപ്പിട്ടെഴുതു, പാരഗ്രാഫ് തിരിച്ചൊക്കെ എഴുതു. വായിക്കാന്‍ എളുപ്പമായിരിക്കും..

  :)

  ReplyDelete
 4. കഥ നന്നായിട്ടുണ്ട്.
  :)

  ReplyDelete
 5. KUZHAPPAMILLA...ENKILUM KUZHAMPU ROOPATHIL AYAL VAYIKKAN PRAYASAM.VAKKUKAL VITTEZHUTHI GHANDAROOPATHIL EZHUTHIYAL NANNU

  ReplyDelete