Tuesday, 25 March, 2008

പുനര്‍ജന്‍മം

ഇനിയൊരു ജന്‍മമുണ്ടെങ്കില്‍,
എന്തായിട്ടായിരിക്കും ഞാന്‍ പുനര്‍ജനിക്കുക?
പാമ്പായിട്ടാണെങ്കില്‍,
പകയോടെ ഇഴഞ്ഞു വന്ന് നിന്നെ കൊത്തും,തീര്‍ച്ച.
നായാണെങ്കില്‍,
തന്ന സ്നേഹത്തിന്‌ നന്ദിയോടെ വാലാട്ടും
ഇതേ ‍ജന്‍മം തന്നെയാണെങ്കിലോ?
നിന്നെ സ്നേഹിക്കുക എന്ന മണ്ടത്തരം ഞാന്‍ വീണ്ടും ആവര്‍ത്തിച്ചേക്കും !

Thursday, 20 March, 2008

ഉറുമ്പുകള്‍പറഞ്ഞു വന്നത് ഞങ്ങള്‍ ഉറുമ്പുകളെ കുറിച്ചായിരുന്നല്ലോ

നിര തെറ്റാതെ നടക്കും

ചതഞ്ഞരയുമെന്നറിഞ്ഞിട്ടും

ഭയക്കാതെ,

(കയ്യൂരു തൊട്ട് കണ്ണൂരു വരെ നിങ്ങളുമത് കണ്ടതല്ലേ?)

നിറമൊട്ടു മങ്ങിയെങ്കിലും

ഞങ്ങളിപ്പോഴും ചുവപ്പാണ്‌.

ഞങ്ങള്‍ നെയ്യുറുമ്പുകളെ ചോണനുറുമ്പുകള്‍ നയിക്കും.

അപൂര്‍വ്വം ചില പുളിയുറുമ്പുകളും ഉണ്ട്.

അവ മധുരം ഇഷ്ടപ്പെടാത്ത വയസ്സന്‍മാരാണ്.

അവരുടെ കഴുത്തില്‍ ചോണനുറുമ്പുകള്‍

പിടിമുറുക്കിയിട്ടുണ്ട്.

പാവങ്ങള്‍..

(മുമ്പ്‌ കൂടെയുണ്ടായിരുന്ന കട്ടുറുമ്പുകളുടെ ഗതി കണ്ടിട്ടും പഠിക്കുന്നില്ല. )

പോട്ടെ,

ദൂരെ നിന്ന് വസന്തത്തിന്റെ ഇടിമുഴക്കം കേള്‍ക്കുന്നില്ലേ...?

അവിടെയെത്തണം.
അവിടെയാണ്‌ വിപ്ലവത്തിന്റെ ചക്കരക്കുടം.

Thursday, 13 March, 2008

ലെയ്സ്

ബസ്സ് മൂന്നാമത്തെ കയറ്റം കയറിയിറങ്ങി. ഇനി ചെങ്കുത്തായ രണ്ടെണ്ണം കൂടി പിന്നിട്ടാല്‍ സമതലത്തിലേക്കെത്താം. യാത്രക്കാരേക്കാളധികം പച്ചക്കറികളും പൂക്കൂടകളുമാണ്‌ ബസ്സ് നിറയെ. ഒരു ചരക്കുലോറിയിലിരുന്ന്‌ പോകുന്ന പോലെ. മുന്‍ ഭാഗത്ത് മൂന്നുനാല്‌ സ്ത്രീകള്‍ ഉച്ചത്തില്‍ സംസാരിക്കുന്നുണ്ട്. എണ്ണമയം ഒട്ടുമില്ലാത്ത അവരുടെ മുടിയില്‍ നിന്നായിരിക്കണം ബസ്സിലാകെ വ്യാപിച്ചിരിക്കുന്ന മുല്ലപ്പൂക്കളുടെ വാടിയഗന്ധം. സമതലമായി. സൂര്യാഘാതമേറ്റ് മുരടിച്ചുപോയ കുറ്റിചെടിക്കാടുകള്‍ കടന്ന് ഗ്രാമങ്ങള്‍ കണ്ടുതുടങ്ങി.
ചോളവും സൂര്യകാന്തിപ്പൂക്കളും വിളയുന്ന അതേ വയലുകള്‍.
ഇനി അധികം ദൂരമില്ല അങ്ങോട്ട്.
ഹൃദയമിടിപ്പിന്റെ വേഗം കൂടുന്നുണ്ടോ?..
മനസ്സിനോട് പറഞ്ഞു. അരുത്‌ ശാന്തമാവുക.
മുഖത്തേക്ക് വരണ്ട കാറ്റടിക്കുന്നു. പതുക്കെ കണ്ണുകളടച്ച് പലതും ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.
കാറ്റില്‍, എന്റെ അടഞ്ഞ കണ്ണുകള്‍ക്ക് മേലെ പാറികളിക്കുന്ന ദുപ്പട്ടയുടെ തലോടല്‍ അറിയാനാവുന്നുണ്ട്.
ഉവ്വ്.. അതേ ഗന്ധം..
ഷാമ്പുവിന്റെ നേര്‍ത്ത സ്പര്‍ശമുള്ള മുടിയിഴകളുടെ ....
പതുക്കെ അവളെയൊന്ന്‌ പാളി നോക്കി. അവള്‍ എന്നെ ശ്രദ്ധിക്കാതെ പുറത്ത് ഓടിമറയുന്ന സൂര്യകാന്തിപ്പാടങ്ങളില്‍ കണ്ണ്‌ നട്ടിരിക്കുന്നു. ഒരുമണിക്കൂറിലേറെയായി അവള്‍ ആ ഇരിപ്പ് തുടങ്ങിയിട്ട്. കുറച്ച് ദിവസമായി മനസ്സിനെ വല്ലാതെ ഭയപ്പെടുത്തിയത് സംഭവിച്ചു കഴിഞ്ഞു. അവള്‍ എന്നില്‍ നിന്ന് അകന്നു തുടങ്ങിയെന്ന്‌ മനസ്സിനെ വിശ്വസിപ്പിക്കാന്‍ പേടിയായിരുന്നു.
അവളില്ലാതെ ഞാന്‍ എങ്ങനെയാണ്‌?
ഭക്ഷണം കഴിക്കാന്‍ വേണ്ടി ബസ് ഹൈവേയിലെവിടെയോ നിര്‍ത്തിയതായിരുന്നു. വയ്യെന്ന്‌ പറഞ്ഞ് അവള്‍ ഇറങ്ങിയില്ല. പാര്‍സല്‍ വാങ്ങിയ രണ്ട്ദോശ നീട്ടി.
" എനിക്ക് വേണ്ട, നിറയെ പൊടിയായിരിക്കും. ബാക്ടീരിയയും കാണും.
ലെയ്സ് വാങ്ങിതന്നാല്‍ മതി "
" ആണോ? ഞാന്‍ വാങ്ങിത്തന്നിട്ട് എന്റെ കുട്ടി ലെയ്സ് കഴിക്കില്ല.
നമ്മുടെ നാട്ടിലെ ഭൂരിഭാഗവും, അതായത് ഞാനുള്‍പ്പടെയുള്ളടെയുള്ള സാധാരണക്കാര്‍ കഴിക്കുന്നത് ഇത്തരം ഭക്ഷണമാണ്‌. നിനക്കത് മനസ്സിലാവില്ല, ബിക്കോസ് യുവാര്‍ ഫ്രം ബ്ലഡി അപ്പര്‍ മിഡില്‍ ക്ളാസ്...! "
വെറുതെയൊന്ന്‌ പ്രകോപിക്കാന്‍ പറഞ്ഞു തുടങ്ങിയതായിരുന്നുവെങ്കിലും കുറച്ച് ദിവസമായി മന്സ്സിലടക്കി വച്ച ക്ഷോഭമെല്ലാം അറിയാതെ പുറത്തുവന്നു. അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ലെയ്‌സ് വാങ്ങി വന്നു.
അവള്‍ എന്നെയൊന്ന്‌ ഉറ്റുനോക്കി. എന്നിട്ട് ശാന്തയായി.
" നമുക്ക് പിരിയാം,
നിനക്ക് ഒരു ബ്ളഡി അപ്പര്‍ ക്ളാസ് പെണ്‍കുട്ടിയെ മനസിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കും.
കോള കുടിക്കരുത്‌, ലെയ്സ് തിന്നരുത്,
കോള്‍ സെന്ററില്‍ ജോലി ചെയ്യരുത്.
എനിക്ക് മതിയായി ഈ ഡൂസും ഡോണ്ട് ഡൂസും കേട്ട്,
എനിക്കിനി നിന്റെ കൂട്ട് വേണ്ട. പിരിയാം.."
ഒറ്റ ശ്വാസത്തിലാണ്‌ അവളത് പറഞ്ഞു തീര്‍ത്തത്‌.
കേട്ടപ്പോള്‍ ഒരു തരം മരവിപ്പാണ്‌ അനുഭവപ്പെട്ടത്.
"എനിക്ക് മതിയായി.. "
ആ വാക്കിങ്ങനെ ഉള്ളില്‍ കിടന്ന്‌ മുഴങ്ങുന്നു.
ഒരപകടം പോലെ എന്തോ ഒന്ന്‌ മനസ്സിനെ ഭയപ്പെടുത്തിരുന്നുവെങ്കിലും അത് ഇതാവുമെന്ന്‌ തീരെ പ്രതീക്ഷിച്ചിരുന്നില്ല എന്നതായിരുന്നു സത്യം. എത്ര നേരം അങ്ങനെ ഇരുന്നെന്നറിയില്ല.ഞങ്ങള്‍ക്കിറങ്ങേണ്ട സ്റ്റോപ്പായി. ഒരു പരിചയവുമില്ലാത്തവരെ പോലെ ഒരുമിച്ചു നടന്നു.
...എന്താണ്‌ സംഭവിച്ചത്‌.. എന്താണ്‌ എനിക്ക് നഷ്ടമാവുന്നത്‌?
എന്നെയും അവളെയും ബന്ധിച്ചിരുന്ന ഏത് ദുര്‍ബലമായ നൂലിഴയാണ്‌ പൊട്ടിപോയത്‌?
സങ്കടം ചങ്കിലൂടെ അരിച്ചു കയറി തൊണ്ടക്കുഴിയിലെത്തി നില്‍ക്കുന്നുണ്ട്.
കരയരുത്. മനസ്സിനെ വീണ്ടും വീണ്ടും ശാസിച്ചു.
അലക്കുകാരുടെ കോളനിയെത്തി, ഒരു വളവു കൂടി കഴിഞ്ഞാല്‍ അവളുടെ ഹോസ്റ്റല്‍ കാണാം. തലേന്ന് പെയ്ത മഴ കാരണം റോഡിലാകെ ചളിയാണ്‌. റോഡിന്റെ വശങ്ങളില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ പന്നികള്‍ കുത്തിമറിയുന്നു. കൂട്ടത്തില്‍ ഒരു രണ്ടുമൂന്നുവയസ്സായ കുട്ടിയേയും കണ്ടു. അവന്‍ ഒരു പന്നിയുടെ പുറത്തുകയറാന്‍ ശ്രമിക്കുകയാണ്‌.
അലക്കുകാരുടെ കോളനി കഴിഞ്ഞു തുടങ്ങി. ഹോസ്റ്റലിന്റെ നീല ജനാലകള്‍ കണ്ടു തുടങ്ങി.
ഇനിയെന്താണ്‌ ബാക്കി...
ഔപചാരികമായ ഒരു യാത്ര പറച്ചില്‍? യാതൊരു വികാരക്ഷോഭവും കാണിക്കരുത്.

നിസ്സംഗമായി തിരിച്ചു പോരണം. പക്ഷേ, ഹോസ്റ്റല്‍ അടുക്കും തോറും ഹൃദയമിടിപ്പിന്റെ വേഗം കൂടുന്നു. എത്ര ശ്രമിച്ചിട്ടും എന്താണ്‌ മനസ്സിനെ നിയന്ത്രിക്കാനാവാത്തത്? പുറകില്‍ നിന്ന് അവളുടെ ശബ്ദം കേട്ടാണ്‌ തിരിഞ്ഞു നോക്കിയത്. പുറകില്‍ അവളെ കണ്ടില്ല.
ശബ്ദം കേള്‍ക്കുന്നത് അലക്കുകാരുടെ ചാളയില്‍ നിന്നാണ്‌. ചെന്നു നോക്കി. അവള്‍ ഒരു പൈപ്പിനു കീഴെ ഒരു കുഞ്ഞിനെ കുളിപ്പിക്കുന്നു.
പന്നികളുടെ ഇടയില്‍ കളിച്ചിരുന്ന അതേ കുട്ടി!
അവള്‍ അതിനെ ഒക്കത്തെടുത്ത് കയ്യിലെ ടവലെടുത്ത് അതിന്റെ ദേഹം തുടച്ചെടുത്തു.
" പാവം ..നമുക്കിതിനെ ഇതിന്റെ അമ്മയുടെ അടുത്താക്കാം.
അവരെ നല്ല ചീത്തയും പറയണം ..
ചെറിയ കുട്ട്യോളെ ഇങ്ങനെ ശ്രദ്ധിക്കാണ്ടിരുന്നാലോ? "
ഞാന്‍ യാന്ത്രികമായി തലയാട്ടി.
" ആ ലെയ്സ് പാക്കെന്ത്യേ..? അത് തന്നേ.."
ഞാന്‍ ബാഗ് തുറന്ന് അത് കൊടുത്തു. അവളത് പൊളിച്ച് ആ കുഞ്ഞിന്‌ കൊടുത്തു.
" മേലപ്പടി ചളിയായി.."
ശരിയാണ്‌. ചളി അവളുടെ വെളുത്ത ഉടുപ്പിലാകെ ആയിട്ടുണ്ട്.
ഏത് ദുര്‍ബലമായ നൂലിഴയാണ്‌ എന്നെയും അവളെയും ബന്ധിപ്പിച്ചിരുന്നതെന്ന്‌ എനിക്ക് മനസ്സിലായി.
എനിക്ക് കരച്ചില്‍ വന്നു.


* ****************
മാപ്പ്..വേദനിപ്പിച്ചതിന്‌
" സാര്‍..മീരു ഇക്കട ദിഗാലി..? " കണ്ടക്ടറാണ്‌.
ഞാന്‍ വീണ്ടും ഇവിടെയെത്തിയിരിക്കുന്നു. കൃഷ്ണശിലകളും പനമരങ്ങളും അതിരിടുന്ന, കള്ളനെ പോലെ മഴ ഒളിച്ചു വരുന്ന എന്റെ പ്രിയപ്പെട്ട പട്ടണത്തില്‍. ഇവിടെ അവളുണ്ട് . എന്റെ കിളിക്കുഞ്ഞ്. മൂന്നുവര്‍ഷത്തിനിപ്പുറം ഒരു തുടര്‍ച്ച പോലെ ഇപ്പോള്‍ വീണ്ടു കരഞ്ഞത് എന്തിനാണ്‌? അവളെ നഷ്ടമായതിന്റെ വേദന കൊണ്ടോ അതോ അത്മപുച്ഛം കൊണ്ടോ..
"സാര്‍...ഏക്കട ദിഗാലി?"
കാണണ്ട. അല്ലെങ്കിലും കണ്ടിട്ടെന്താണ്‌?
കണ്ണിറുക്കിയടച്ച് മറുപടി പറഞ്ഞു.

" റെയില്‍വേസ്റ്റേഷന്‍"
ഡ്രൈവര്‍ തെലുങ്കില്‍ എന്തോ പിറുപിറുത്ത് വണ്ടിയെടുത്തു.
ബസ് വീണ്ടും ഇളകി തുടങ്ങി.