Wednesday, 9 July, 2008

മാളിയേക്കല്‍ മറിയുമ്മ എലിയാസ് ഇംഗ്ലീഷ് മറിയുമ്മ

...ഞങ്ങള്‍ 'ചോദിച്ചു ചോദിച്ചാണ്`' പൊയ്കൊണ്ടിരുന്നത്‌. ലഭ്യമായ അറിവു വെച്ച് തലശ്ശേരി ഓവര്‍ ബ്രിഡ്ജ്ന്റെ ഇടതുവശത്തെ ഒരു റോഡിലേക്കിറങ്ങി.പ്രശസ്തമായ പാരീസ് ഹോട്ടല്‍ കണ്ടു. അല്‍പ്പം മുന്നോട്ട്, ചെറിയ കനാല്‍ അതിന്റെ വലതു വശത്തായി ഒരു രണ്ടുനില കെട്ടിടം. കോളിങ്ങ് ബെല്‍ പരതുന്നതിനിടെ അകത്തു നിന്ന്‌ ആരോ ഉറക്കെ വായിക്കുന്നത് കേട്ടു. ഇംഗ്ളീഷാണ്‌, നല്ല ആക്സന്റ്.
....സ്ഥലം തെറ്റിയിട്ടില്ല. ഇതു തന്നെ ഇംഗ്ളീഷ് മറിയുമ്മയുടെ വീട്. തെറ്റിയിട്ടില്ല.!
വാതില്‍ തുറന്നത് തലയില്‍ തട്ടമിട്ട , കാച്ചിമുണ്ടുടുത്ത ഒരു മുസ്ലീം വൃദ്ധ. കയ്യില്‍ ഭഗവദ് ഗീതയുടെ ഇംഗ്ളീഷ് പരിഭാഷ. അതായിരിക്കണം അവര്‍ വായിച്ചു കൊണ്ടിരുന്നത്. ആഗമനോദ്ദേശ്യം അറിയിച്ചു. ഇരിക്കാന്‍ പറഞ്ഞ് അവര്‍ അകത്തേക്ക് പോയി. അകത്തു നിന്ന്` ആരോടോ ഫോണില്‍ പറയുന്നത് കേട്ടു.

" കൈരളി ടീവിക്കാര്‍ വന്നിനി...ഓല്ക്കെന്തോ ഇന്റര്‍വ്യൂ വേണം പോലും.."
ക്യാമറയെ അഭിമുഖീകരിക്കാന്‍ തയ്യാറെടുത്താണ്‌ അവര്‍ തിരിച്ചുവന്നത്. ആഭരണങ്ങളെല്ലാം അണിഞ്ഞ് മൊന്ചത്തിയായി!

"പേരെന്താണ്?"
" ടി സി എ പി എം മറിയുമ്മ..." തച്ചറാക്കെല്‍ കണ്ണോത്ത് പുതിയ മാളിയേക്കല്‍ മറിയുമ്മ" ഒറ്റശ്വാസത്തിലാണ്‌ മറുപടി!
ഇവിടെ തനിച്ചാണോ താമസിക്കുന്നത്?
"അതെ, ഇതെന്റെ മോന്‍ എനിക്ക് വെച്ചുതന്ന പൊരേണ്‌..പൊറത്ത് കണ്ടില്ലേ 'മറിയ മഹല്‍'.."
"ഉമ്മാക്ക് ഒരുപാട് പ്രായമായില്ലേ..ഏതെങ്കിലും വേലക്കാരെ നിര്‍ത്തിക്കൂടെ ? ഒരു സഹായത്തിന്‌ ? "
ജിബു ചോദിച്ചു.
"എന്തിന്‌ ? കണ്ടില്ലെ ഞാനിപ്പളും നല്ല എനര്‍ജറ്റിക്കാ...പിന്നെ..ഇബടെ അയിനും മാത്രം ജോല്യൊന്നൂല്ല..രാവിലെ വല്ല നാസ്തണ്ടാക്കണം .ഉച്ചക്ക് ചോറും രണ്ടുകൂട്ടം കറിം..വല്ല ഉപ്പേര്യും , ഞാനൊറ്റക്കല്ലെ ഉള്ളൂ.
" ഏതു വരെ പഠിച്ചു?"
"ഫിഫ്ത് ഫോം വരെ. നാലാം ക്ളാസ് വരെ എലമന്ററി സ്കൂളില്‍ . നാലാം ക്ളാസ് കഴിഞ്ഞ് ഫിഫ്ത് ഫോം വരെ തലശ്ശേരി സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റില്‍..യൂ നോ..ഐ വാസ് ദ ഒന്‍ലി മുസ്ലീം സ്റ്റുഡന്റ് വെന്‍ ഐ വാസ് ജോയിനിങ്ങ് ദേര്‍.. റ്റീച്ചേഴ്സൊക്കെ മംഗലാപുരത്ത്‌ന്ന്‌ള്ള നണ്‍സാര്ന്നു. ഏറ്റവും വലിയ ബാപ്പ സപ്പോര്‍ട്ട് തന്നെയാര്ന്ന്. ഹി വാസ് എ പയസ് മാന്‍."
അന്നത്തെ കാലത്ത്‌ ആളുകള്‍ എങ്ങെനെയാണ്‌ റിയാക്ട് ചെയ്തത്‌?
"വല്ലാണ്ടൊക്കെ മക്കാറാക്കിനി..! മൊയ്‌ലാരെ മോള്‌ സ്കൂളീപ്പോണ്‌ എന്നൊക്കെ പറഞ്ഞ്‌. വൈന്നാരം സ്കൂളിന്ന്‌ ഓവീ റോഡ് വഴിക്ക് വേണം മടങ്ങാന്‍..ന്റെ ജഡ്ക്ക വണ്ടി കാണുന്നേരം രണ്ട് സൈഡീന്നുള്ള ഷോപ്പ്‌കളീന്ന് ആള്‍ക്കാര്‍ എറങ്ങി വരും. കാര്‍ക്കിച്ച് തുപ്പാന്‍! "
                                         ഇത് മാളിയേക്കല്‍ മറിയുമ്മ, തലശ്ശേരിയിലെ പുരാതനമായ മാളിയേക്കല്‍ തറവാട്ടിലെ അംഗം. തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ റോഡിലെ മറിയമഹല്‍ എന്ന വീട്ടില്‍ ഒറ്റക്ക് താമസിക്കുന്ന ഈ എണ്‍പത്തന്ന്ചുകാരിയാണ്‌ വടക്കേമലബാറില്‍ നിന്ന്‌ ആദ്യമായി കോണ്‍വെന്റ് സ്കൂളില്‍ പോയി ഇംഗ്ളീഷ് പഠിച്ചത്. തലശ്ശേരിയിലെ ആഢ്യകുടുംബമായ വാഴയില്‍ തറവാട്ടിലെ അംഗമായിട്ടും ഒരു ഉത്പതിഷ്ണുവായിരുന്നു അവരുടെ പിതാവ് ഒ വി അബ്ദുള്ള. പഠിക്കാന്‍ മിടുക്കിയായിരുന്ന മകളെ സമുദായത്തിന്റെ എതിര്‍പ്പുകള്‍ വകവെക്കാതെ അദ്ദേഹം സ്കൂളിലയച്ചു. അതൊരു വിപ്ലവകരമായ തുടക്കം തന്നെയായിരുന്നു. അതിനു ശേഷം മുസ്ലീം പെണ്‍കുട്ടികള്‍ സ്കൂളില്‍ പോയി തുടങ്ങി. തലശ്ശേരിയിലെ യാഥാസ്ഥികരായ മുസ്ലീംപ്രമാണികള്‍ക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു ഇത്. യാഥാസ്ഥികമനസ്ഥിതിയോടുള്ള മറിയുമ്മയുടെ സുദീര്‍ഘമായ പോരാട്ടത്തിന്റെ തുടക്കം മാത്രമായിരുന്നു അത്. സ്ത്രീകളെ വെറും ലൈംഗിക ഉപകരണങ്ങള്‍ മാത്രമായി കരുതിയിരുന്ന സമുദായത്തിന്റെ ആണ്‍കോയ്മക്കെതിരെ അവര്‍ സ്വന്തം തറവാട്ടിലെ പെണ്‍പടയേയും കൂട്ടി ആഞ്ഞടിച്ചു.
                               അല്ലെങ്കിലും മാളിയേക്കലിലെ പെണ്ണുങ്ങള്‍ക്ക് ആര്‍ജ്ജവം ആപേക്ഷികേനേ കൂടുതലായിരുന്നു. അങ്ങനെയാണ്‌ 1935 ല്‍ മറിയുമ്മയുടെ മാതാമഹി ടീ സി കുഞ്ഞായിശുമ്മ അധ്യക്ഷയായി തലശ്ശേരി മുസ്ലീം മഹിളാ സമാജം രൂപം കൊണ്ടത്.
എന്തൊക്കെയായിരുന്നു മഹിളാ സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍? ഞാന്‍ അന്വേഷിച്ചു.
"സാക്ഷരതാ ക്ലാസ്, തയ്യല്‍ ക്ലാസ്. വിധവാ പെന്‍ഷന്‍ അഗതി പെന്‍ഷന്‍ തുടങ്ങിയവക്കുള്ള പേപ്പറുകള്‍ ശരിയാക്കി കൊടുക്കല്‍ ഇതൊക്കെയായിരുന്നു മെയിന്‍ ആക്റ്റിവിറ്റീസ്. അന്നൊക്കെ വിധവാ പെന്‍ഷന്റെ പേപ്പര്‍ ശരിയാക്കി കിട്ടാന്‍ വേണ്ടി തറവാടിന്റെ മുറ്റം നെറച്ച് പെണ്ണുങ്ങളാര്ന്ന്.സാക്ഷരതാ ക്ലാസ് ഇനോഗ്രേറ്റ് ചെയ്തത് പീയെന്‍ പണിക്കരാര്ന്ന്.! തയ്യല്‍ ക്ലാസിന്‍ റ്റീച്ചേഴ്സുണ്ടായിനി. ഓലെ ഫീസെല്ലാം ഞങ്ങള്‍ തറവാട്ടിലെ പെണ്ണുങ്ങളായിരുന്ന് കൊട്ത്തത്! പിന്നെ ഫാമിലി പ്ലാനിങ്ങ് ക്ലാസ്. ബെനഫിറ്റ്സൊക്കെ എല്ലാവര്‍ക്കും ഈക്വലായിട്ടായിരുന്നു . നോ കാസ്റ്റ് ബാര്‍..!
(എനിക്കത്ഭുതം തോന്നിയത് 1930കളില്‍ ഒരു മുസ്ലീം തറവാട്ടുമുറ്റത്ത് കുടുംബാസൂത്രണ ക്ലാസ് നടന്നിരുന്നു എന്നു കേട്ടപ്പോഴായിരുന്നു. ! )

" ഞ്ഞി തറവാട് കണ്ടിട്ടില്ലാലോ...? വാ നമക്ക് തറവാട്ടിലേക്ക് പോകാം .
അന്ന്‌ സമുദായത്തിന്റെ പ്രതികരണമെങ്ങിനെയായിരുന്നു ?
മാളിയേക്കലിലേക്ക് നടക്കും വഴി ഞാന്‍ ചോദിച്ചു.
"സമുദായൊക്കെ എതിര്‍ത്തിനി ! ഞങ്ങളൊന്നും വകവെക്കാമ്പൊയില്ല."
ഞങ്ങള്‍ മാളിയേക്കലിലെത്തി.


കാലപഴക്കം ചുമരുകളിലേക്ക് കാളിമ പടര്‍ത്തിയിരിക്കുന്നു. ഉമ്മറത്തിരുന്ന് അവര്‍ ഞങ്ങളോട് മാളിയേക്കല്‍ തറവാടിന്റെ ചരിത്രം വിവരിച്ചു. മറിയുമ്മയുടെ മാതാമഹന്‍ കാടാങ്കണ്ടി കുട്ട്യാമു ഹ്യാജി തന്റെ പെണ്‍മക്കള്‍ക്കായി 1919ല്‍ പണികഴിപ്പിച്ചതായിരുന്നത്ത്രേ മുപ്പത് മുറികളുള്ള ആ മാളിക. ഒരു കുടുംബങ്ങള്‍ കുടിപാര്‍ത്തിട്ടുള്ള തറവാട്ടില്‍ ഇപ്പോള്‍ മൂന്ന് കുടുംബങ്ങളാണുള്ളത്. ( 'അറ സമ്പ്രദായം' വടക്കേമലബാറില്‍ ഇന്നും പരക്കെ നിലവിലുണ്ട്. )
ഉമ്മയുടെ കല്യാണം എന്നായിരുന്നു.?
"പതിനെട്ടാമത്തെ വയസ്സില്‍. പുതിയാപ്പിള വി കെ മായന്‍ അലി. ആര്‍മിയില്‍ റിക്രൂട്ടിങ്ങ് ഓഫീസറാര്ന്ന്. 1975ല്‍ മരിച്ചു. "
              ഉയര്‍ന്ന ചിന്തയും ധിഷണാശേഷിയുമുണ്ടായിരുന്ന മറിയുമ്മയുടെ ഭര്‍ത്താവ്‌ മായന്‍അലി അവരുടെ ഓരോ പ്രവര്‍ത്തനങ്ങളേയും പിന്തുണച്ചു. നാലുമക്കളില്‍ മസൂദും സാറയും മരണപ്പെട്ടു. ബാക്കിയുള്ള മക്കളില്‍ അബ്ബാസ് ഷാര്‍ജയിലും അയിഷ കുടുംബമായി പെരുമ്പാവൂരിലും താമസിക്കുന്നു. മസൂദ് ചെറുപ്പത്തിലെ മരണപ്പെട്ടിരുന്നു. കിഷോര്‍കുമാറിന്റെ പാട്ടുകള്‍ ജീവനായിരുന്ന ആ ചെറുപ്പക്കാരനായിരുന്നു തലശ്ശേരിയിലെ പഴയ ബ്ലൂജാക്സ് ഓര്‍ക്കസ്ട്രയുടെ അമരക്കാരന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്ലൂജാക്സ് സംഘടിപ്പിച്ച സംഗീതമേളയില്‍ പാടാന്‍ വന്നത് മലയാളത്തിലെ ഇന്നത്തെ പ്രശസ്തനായ ഒരു ഗായകനായിരുന്നു. തനിക്ക് തരാമന്നേറ്റ പണം മുഴുവന്‍ ഗാനമേള തുടങ്ങും മുമ്പ് കയ്യില്‍ തരാതെ പാടാനാവില്ലെന്ന് അദ്ദേഹം ശഠിച്ചു. ഇതറിഞ്ഞ മറിയുമ്മ സ്റ്റേജിലേക്ക് വന്ന് തന്റെ കഴുത്തിലെ പത്തുപവനോളം വരുന്ന മാല ഊരി ഗായകന്‌ നല്‍കി ഗാനമേള എത്രയും വേഗം തുടങ്ങാനാവശ്യപ്പെട്ടു. അന്ധാളിച്ചു പോയ ഗായകന്‍ ഒരു വിധേന ഗാനമേള മുഴുവനാക്കി രക്ഷപ്പെടുകയായിരുന്നത്രേ !
ഉമ്മാക്ക് ഇപ്പോഴത്തെ തലമുറയിലെ പെണ്‍കുട്ടികളുടെ വിദ്യാഭാസനിലവാരത്തെപ്പറ്റി എന്താണ്‌ പറയാനുള്ളത്‌ ?
"കുട്ട്യേളൊക്കെ ഇപ്പം നല്ലൊം പഠിക്കണോരാ..അതോണ്ടന്നെ വരുന്ന ഭര്‍ത്താക്കന്‍മാരെയൊന്നും അവര്ക്ക് പറ്റ്ന്നില്ല ! ന്റെ സാറാടെ മോള്‍ ഡോക്ടറാ. എം ബി ബീ എസ്സ് ബോംബ്ബെ നായിക്ക് ഹോസ്പിറ്റലീന്ന്, എംഡി കഴിഞ്ഞ് റിസര്‍ച്ച് ബാംഗ്ളൂര്‍ നിംമാന്‍സിന്ന് ഓളായിരുന്ന് ആ വര്‍ഷത്തെ ബെസ്റ്റ് ഔട്ട് ഗോയിങ്ങ് സ്റ്റുഡന്റ് . ഇന്ത്യന്‍ പ്രസിഡണ്ട് കലാമിന്റെ കയ്യീന്ന് അവാര്‍ഡൊക്കെ കിട്ടിനി ! ഇപ്പോ അമേരിക്കേലാ.. ഓള്‌ ഡിവോഴ്സ്യാ..കാരണം ഓന്‌ ഓളത്ര പഠിപ്പും വിവരോം ഉണ്ടായിരുന്നില്ല. പിന്നെ പൊരുത്തപ്പെട്ട് പോവാമ്പറ്റണ്ടേ.. ഞാനും ഓളെ സപ്പോര്‍ട്ട് ചെയ്തിനി. ഓള്‌ അവടെ ഒറ്റക്കാ..പക്ഷേ അതോള്‌ മാനേജ് ചെയ്തോളും."
ഉമ്മ സിനിമയിലും അഭിനയിച്ചു എന്ന്‌ കേട്ടല്ലോ? അതെങ്ങെനെയായിരുന്നു ?
" അതോ.. അതീ ദൈവനാമത്തില്‍ സിനിമടെ ഷൂട്ടിങ്ങ് ന്റെ മാമാടെ വീട്ടിലാര്ന്ന്. അപ്പോ മാമാടെ മോള്ന്നെ വിളിച്ച്.. മറിയതാത്താ...ഇങ്ങള്‌ വാ ഷൂട്ടിങ്ങ് കാണാന്നു്‌ പറ്ഞ്ഞ്...അങ്ങനേ ആടെ പോയത്, പോയപ്പോ അന്ന് പ്രിത്തീരാജിന്റിം ഭാവനിന്റിം നിക്കാഹാര്ന്ന്. നല്ല ഉഷാറുള്ള മൈലാഞ്ചി ! നമ്മളെ തറവാട്ടിലെ പെങ്കുട്ട്യേളെ പാട്ടും ഒക്കെ കൂടി ശരിക്കും ഒരു മങ്കലപൊര തന്നെ ! ഞാനന്ന് ഓള്‍ക്ക് മൈലാഞ്ചി ഇട്ട്‌കൊട്‌ക്കുന്നത് അഭിനയിച്ച്. പിറ്റേന്ന് കണ്ട് ഷൌക്കത്ത് (ആര്യാടന്‍ ഷൌക്കത്ത്) വിളിക്ക്‌ന്ന് ! ഉമ്മാ... ഇങ്ങളൊന്ന് വരണം.. ഇങ്ങളെ ഒരു ഡയലോഗ് നമക്ക് വേണൊംന്നൊക്കെ പറഞ്ഞ്...! ആവൂല്ലാന്നൊക്കെ പറഞ്ഞ് നോക്കി. പിന്നെ എന്താക്കാനാണ്‌, ഇങ്ങനെ നിര്‍ബന്ധിക്കുന്നേരം ? അങ്ങനേണ്‌ അഭിനയിച്ചത്‌ . ഭാവനോടൊപ്പം , ...ഡയലോഗൊന്നും ഓര്‍മ്മയില്ല.
ഉമ്മ ആ സിനിമ കണ്ടിരുന്നോ?
" ഇല്ല. ആ സിനിമക്ക് പോയപ്പൊ ടിക്കറ്റ് കിട്ടിയില്ല."
സിനിമയൊക്കെ കാണാന്‍ പോവാറുണ്ടോ?
" നല്ലതാന്നേരം പോയി കാണും. സീരിയലൊന്നും കാണാറില്ല. എനിക്കീ കരയുന്ന സീരിയലൊന്നും ഇഷ്ടല്ല. സിനിമാന്ന്‌ള്ളത്‌ സന്തോഷിക്കാനുള്ളതല്ലേ.? ഇതിങ്ങനെ ഏറിയ നേരോം കരഞ്ഞിട്ട്....
ഇടക്ക് അവര്‍ ളുഹര്‍ നമസ്കരിക്കാന്‍ പോയി. അതിനു ശേഷം കുറച്ചു സമയം ഖുര്‍ ആന്‍ ഓതാനിരുന്നു. ആ സമയത്ത് ഞങ്ങള്‍ പാരീസ് ഹോട്ടലില്‍ പോയി തലശ്ശേരി ബിരിയാണി കഴിച്ചു വന്നു. തിരിച്ചു വരുമ്പോള്‍ നല്ല തിരക്കിട്ട എഴുത്തിലാണ്‌ പുള്ളിക്കാരി. ടേപ്പ് റിക്കോര്‍ഡറില്‍ വെസ്റ്റേണ്‍ ക്ലാസിക്കല്‍ വെച്ചിരിക്കുന്നു .
എന്താണ്` എഴുതുന്നത്?
"ഹിന്ദു പത്രത്തിന്റെ എഡിറ്റര്‍ക്ക് ഒരു കത്തയക്കണം. ദെയാര്‍ അണ്‍നെസസ്സറി പ്രമോട്ടിങ്ങ് നരേന്ദ്ര മോഡി , വികസനനായകനാത്രേ ... ! ..ആളേളെ ഇങ്ങനെ കൊന്നൊടുക്കീട്ട് എന്തു വികസനം ..? "
എന്‍ റാം അതിനെന്ത് മറുപടിയാണ്‌ നല്‍കിയത് എന്നറിയില്ല!
ഞാനവരുടെ കാസറ്റ് ശേഖരം പരിശോധിച്ചു.അതില്‍ പാശ്ചാത്യ ക്ലാസിക്കല്‍ മ്യൂസിക് തൊട്ട് ആബിദ പര്‍വീന്റെ ഖവാലികളും തുടങ്ങി എരഞ്ഞോളി മൂസയുടെ മാപ്പിളപ്പാട്ടുകള്‍ വരെയുണ്ട് ! അവരുടെ രസനകളും അവരുടെ ജീവിതം പോലെ വൈവിധ്യം നിറഞ്ഞതാണ്‌. വ്യവസ്ഥിതിയുടെ ഉള്ളില്‍ നിന്നുകൊണ്ടു തന്നെ അതിനെ എതിര്‍ക്കുകയും തിരുത്തുകയും ചെയ്യുന്ന സവിശേഷത നിറഞ്ഞ ഒരു ജീവിതം . മതേതരമായ ഒരു ജ്ഞാനാസക്തി അവര്‍ക്കിപ്പോഴും പുലര്‍ത്താന്‍ സാധിക്കുന്നത് അവരുടെ ഉള്ളിലുള്ള ഇത്തരം വൈവിധ്യം കൊണ്ടുതന്നെയായിരിക്കണം .
                                വൈകുന്നേരത്തോടെ ഞങ്ങള്‍ക്കാവശ്യമായ ഷോട്ടുകളും ബൈറ്റുകളും ലഭിച്ചു. ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങി. ചായക്ക് മുട്ടമാല പോലുള്ള വടക്കേമലബാര്‍ പലഹാരങ്ങള്‍ ഉണ്ടായിരുന്നു. കൊടുന്നുവെച്ച പലഹാരങ്ങള്‍ മുഴുവന്‍ തീറ്റിച്ചിട്ടേ അവര്‍ ഞങ്ങളെ വിട്ടുള്ളൂ.

പിന്‍കുറി: മാളിയേക്കല്‍ മറിയുമ്മ കേരളത്തിലെ മുസ്ലീം ചരിത്രത്തില്‍ എവിടെയാണ്‌ സ്ഥാനം പിടിച്ചിട്ടുള്ളത് എന്നെനിക്കറിയില്ല. അല്ലെങ്കിലും കേരളത്തിലെ മുസ്‌ലീം സ്ത്രീകളില്‍ ആരെങ്കിലും ചരിത്രം കുറിച്ചവരായുണ്ടോ എന്നും എനിക്ക് വലിയ തിട്ടമില്ല. ഒരു ജസ്റ്റിസ് ഫാതിമാബീവിയോ ബിയെം സുഹ്‌റയോ അപവാദമായുണ്ടാവണം. അല്ലെങ്കിലും 'മെയില്‍ ഷോവനിസം' കൂടുതലുള്ള എന്റെ സമുദായത്തിന്റെ ഐക്കണുകള്‍ ബെന്‍സ് കാറുകളില്‍ പായുന്ന ഔലിയാക്കളും തങ്ങന്‍മാരുമൊക്കെയല്ലേ ? അവരുടെയൊക്കെ മുമ്പില്‍ ഈ സ്ത്രീ ആരാണ്‌? സ്ത്രീകളെ പര്‍ദ്ദക്കുള്ളില്‍ ഒളിപ്പിക്കാന്‍ യാഥാസ്ഥികരും പുരോഗമനക്കാരും അക്ഷീണം പരിശ്രമിക്കുന്നുണ്ട്. അതില്‍ അവര്‍ വിജയിക്കുന്നുമുണ്ട്. ..പെണ്ണുങ്ങളേ നിങ്ങളെ പടച്ചവന്‍ തന്നെ രക്ഷിക്കട്ടെ.