Wednesday, 9 July, 2008

മാളിയേക്കല്‍ മറിയുമ്മ എലിയാസ് ഇംഗ്ലീഷ് മറിയുമ്മ

...ഞങ്ങള്‍ 'ചോദിച്ചു ചോദിച്ചാണ്`' പൊയ്കൊണ്ടിരുന്നത്‌. ലഭ്യമായ അറിവു വെച്ച് തലശ്ശേരി ഓവര്‍ ബ്രിഡ്ജ്ന്റെ ഇടതുവശത്തെ ഒരു റോഡിലേക്കിറങ്ങി.പ്രശസ്തമായ പാരീസ് ഹോട്ടല്‍ കണ്ടു. അല്‍പ്പം മുന്നോട്ട്, ചെറിയ കനാല്‍ അതിന്റെ വലതു വശത്തായി ഒരു രണ്ടുനില കെട്ടിടം. കോളിങ്ങ് ബെല്‍ പരതുന്നതിനിടെ അകത്തു നിന്ന്‌ ആരോ ഉറക്കെ വായിക്കുന്നത് കേട്ടു. ഇംഗ്ളീഷാണ്‌, നല്ല ആക്സന്റ്.
....സ്ഥലം തെറ്റിയിട്ടില്ല. ഇതു തന്നെ ഇംഗ്ളീഷ് മറിയുമ്മയുടെ വീട്. തെറ്റിയിട്ടില്ല.!
വാതില്‍ തുറന്നത് തലയില്‍ തട്ടമിട്ട , കാച്ചിമുണ്ടുടുത്ത ഒരു മുസ്ലീം വൃദ്ധ. കയ്യില്‍ ഭഗവദ് ഗീതയുടെ ഇംഗ്ളീഷ് പരിഭാഷ. അതായിരിക്കണം അവര്‍ വായിച്ചു കൊണ്ടിരുന്നത്. ആഗമനോദ്ദേശ്യം അറിയിച്ചു. ഇരിക്കാന്‍ പറഞ്ഞ് അവര്‍ അകത്തേക്ക് പോയി. അകത്തു നിന്ന്` ആരോടോ ഫോണില്‍ പറയുന്നത് കേട്ടു.

" കൈരളി ടീവിക്കാര്‍ വന്നിനി...ഓല്ക്കെന്തോ ഇന്റര്‍വ്യൂ വേണം പോലും.."
ക്യാമറയെ അഭിമുഖീകരിക്കാന്‍ തയ്യാറെടുത്താണ്‌ അവര്‍ തിരിച്ചുവന്നത്. ആഭരണങ്ങളെല്ലാം അണിഞ്ഞ് മൊന്ചത്തിയായി!

"പേരെന്താണ്?"
" ടി സി എ പി എം മറിയുമ്മ..." തച്ചറാക്കെല്‍ കണ്ണോത്ത് പുതിയ മാളിയേക്കല്‍ മറിയുമ്മ" ഒറ്റശ്വാസത്തിലാണ്‌ മറുപടി!
ഇവിടെ തനിച്ചാണോ താമസിക്കുന്നത്?
"അതെ, ഇതെന്റെ മോന്‍ എനിക്ക് വെച്ചുതന്ന പൊരേണ്‌..പൊറത്ത് കണ്ടില്ലേ 'മറിയ മഹല്‍'.."
"ഉമ്മാക്ക് ഒരുപാട് പ്രായമായില്ലേ..ഏതെങ്കിലും വേലക്കാരെ നിര്‍ത്തിക്കൂടെ ? ഒരു സഹായത്തിന്‌ ? "
ജിബു ചോദിച്ചു.
"എന്തിന്‌ ? കണ്ടില്ലെ ഞാനിപ്പളും നല്ല എനര്‍ജറ്റിക്കാ...പിന്നെ..ഇബടെ അയിനും മാത്രം ജോല്യൊന്നൂല്ല..രാവിലെ വല്ല നാസ്തണ്ടാക്കണം .ഉച്ചക്ക് ചോറും രണ്ടുകൂട്ടം കറിം..വല്ല ഉപ്പേര്യും , ഞാനൊറ്റക്കല്ലെ ഉള്ളൂ.
" ഏതു വരെ പഠിച്ചു?"
"ഫിഫ്ത് ഫോം വരെ. നാലാം ക്ളാസ് വരെ എലമന്ററി സ്കൂളില്‍ . നാലാം ക്ളാസ് കഴിഞ്ഞ് ഫിഫ്ത് ഫോം വരെ തലശ്ശേരി സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റില്‍..യൂ നോ..ഐ വാസ് ദ ഒന്‍ലി മുസ്ലീം സ്റ്റുഡന്റ് വെന്‍ ഐ വാസ് ജോയിനിങ്ങ് ദേര്‍.. റ്റീച്ചേഴ്സൊക്കെ മംഗലാപുരത്ത്‌ന്ന്‌ള്ള നണ്‍സാര്ന്നു. ഏറ്റവും വലിയ ബാപ്പ സപ്പോര്‍ട്ട് തന്നെയാര്ന്ന്. ഹി വാസ് എ പയസ് മാന്‍."
അന്നത്തെ കാലത്ത്‌ ആളുകള്‍ എങ്ങെനെയാണ്‌ റിയാക്ട് ചെയ്തത്‌?
"വല്ലാണ്ടൊക്കെ മക്കാറാക്കിനി..! മൊയ്‌ലാരെ മോള്‌ സ്കൂളീപ്പോണ്‌ എന്നൊക്കെ പറഞ്ഞ്‌. വൈന്നാരം സ്കൂളിന്ന്‌ ഓവീ റോഡ് വഴിക്ക് വേണം മടങ്ങാന്‍..ന്റെ ജഡ്ക്ക വണ്ടി കാണുന്നേരം രണ്ട് സൈഡീന്നുള്ള ഷോപ്പ്‌കളീന്ന് ആള്‍ക്കാര്‍ എറങ്ങി വരും. കാര്‍ക്കിച്ച് തുപ്പാന്‍! "
                                         ഇത് മാളിയേക്കല്‍ മറിയുമ്മ, തലശ്ശേരിയിലെ പുരാതനമായ മാളിയേക്കല്‍ തറവാട്ടിലെ അംഗം. തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ റോഡിലെ മറിയമഹല്‍ എന്ന വീട്ടില്‍ ഒറ്റക്ക് താമസിക്കുന്ന ഈ എണ്‍പത്തന്ന്ചുകാരിയാണ്‌ വടക്കേമലബാറില്‍ നിന്ന്‌ ആദ്യമായി കോണ്‍വെന്റ് സ്കൂളില്‍ പോയി ഇംഗ്ളീഷ് പഠിച്ചത്. തലശ്ശേരിയിലെ ആഢ്യകുടുംബമായ വാഴയില്‍ തറവാട്ടിലെ അംഗമായിട്ടും ഒരു ഉത്പതിഷ്ണുവായിരുന്നു അവരുടെ പിതാവ് ഒ വി അബ്ദുള്ള. പഠിക്കാന്‍ മിടുക്കിയായിരുന്ന മകളെ സമുദായത്തിന്റെ എതിര്‍പ്പുകള്‍ വകവെക്കാതെ അദ്ദേഹം സ്കൂളിലയച്ചു. അതൊരു വിപ്ലവകരമായ തുടക്കം തന്നെയായിരുന്നു. അതിനു ശേഷം മുസ്ലീം പെണ്‍കുട്ടികള്‍ സ്കൂളില്‍ പോയി തുടങ്ങി. തലശ്ശേരിയിലെ യാഥാസ്ഥികരായ മുസ്ലീംപ്രമാണികള്‍ക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു ഇത്. യാഥാസ്ഥികമനസ്ഥിതിയോടുള്ള മറിയുമ്മയുടെ സുദീര്‍ഘമായ പോരാട്ടത്തിന്റെ തുടക്കം മാത്രമായിരുന്നു അത്. സ്ത്രീകളെ വെറും ലൈംഗിക ഉപകരണങ്ങള്‍ മാത്രമായി കരുതിയിരുന്ന സമുദായത്തിന്റെ ആണ്‍കോയ്മക്കെതിരെ അവര്‍ സ്വന്തം തറവാട്ടിലെ പെണ്‍പടയേയും കൂട്ടി ആഞ്ഞടിച്ചു.
                               അല്ലെങ്കിലും മാളിയേക്കലിലെ പെണ്ണുങ്ങള്‍ക്ക് ആര്‍ജ്ജവം ആപേക്ഷികേനേ കൂടുതലായിരുന്നു. അങ്ങനെയാണ്‌ 1935 ല്‍ മറിയുമ്മയുടെ മാതാമഹി ടീ സി കുഞ്ഞായിശുമ്മ അധ്യക്ഷയായി തലശ്ശേരി മുസ്ലീം മഹിളാ സമാജം രൂപം കൊണ്ടത്.
എന്തൊക്കെയായിരുന്നു മഹിളാ സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍? ഞാന്‍ അന്വേഷിച്ചു.
"സാക്ഷരതാ ക്ലാസ്, തയ്യല്‍ ക്ലാസ്. വിധവാ പെന്‍ഷന്‍ അഗതി പെന്‍ഷന്‍ തുടങ്ങിയവക്കുള്ള പേപ്പറുകള്‍ ശരിയാക്കി കൊടുക്കല്‍ ഇതൊക്കെയായിരുന്നു മെയിന്‍ ആക്റ്റിവിറ്റീസ്. അന്നൊക്കെ വിധവാ പെന്‍ഷന്റെ പേപ്പര്‍ ശരിയാക്കി കിട്ടാന്‍ വേണ്ടി തറവാടിന്റെ മുറ്റം നെറച്ച് പെണ്ണുങ്ങളാര്ന്ന്.സാക്ഷരതാ ക്ലാസ് ഇനോഗ്രേറ്റ് ചെയ്തത് പീയെന്‍ പണിക്കരാര്ന്ന്.! തയ്യല്‍ ക്ലാസിന്‍ റ്റീച്ചേഴ്സുണ്ടായിനി. ഓലെ ഫീസെല്ലാം ഞങ്ങള്‍ തറവാട്ടിലെ പെണ്ണുങ്ങളായിരുന്ന് കൊട്ത്തത്! പിന്നെ ഫാമിലി പ്ലാനിങ്ങ് ക്ലാസ്. ബെനഫിറ്റ്സൊക്കെ എല്ലാവര്‍ക്കും ഈക്വലായിട്ടായിരുന്നു . നോ കാസ്റ്റ് ബാര്‍..!
(എനിക്കത്ഭുതം തോന്നിയത് 1930കളില്‍ ഒരു മുസ്ലീം തറവാട്ടുമുറ്റത്ത് കുടുംബാസൂത്രണ ക്ലാസ് നടന്നിരുന്നു എന്നു കേട്ടപ്പോഴായിരുന്നു. ! )

" ഞ്ഞി തറവാട് കണ്ടിട്ടില്ലാലോ...? വാ നമക്ക് തറവാട്ടിലേക്ക് പോകാം .
അന്ന്‌ സമുദായത്തിന്റെ പ്രതികരണമെങ്ങിനെയായിരുന്നു ?
മാളിയേക്കലിലേക്ക് നടക്കും വഴി ഞാന്‍ ചോദിച്ചു.
"സമുദായൊക്കെ എതിര്‍ത്തിനി ! ഞങ്ങളൊന്നും വകവെക്കാമ്പൊയില്ല."
ഞങ്ങള്‍ മാളിയേക്കലിലെത്തി.


കാലപഴക്കം ചുമരുകളിലേക്ക് കാളിമ പടര്‍ത്തിയിരിക്കുന്നു. ഉമ്മറത്തിരുന്ന് അവര്‍ ഞങ്ങളോട് മാളിയേക്കല്‍ തറവാടിന്റെ ചരിത്രം വിവരിച്ചു. മറിയുമ്മയുടെ മാതാമഹന്‍ കാടാങ്കണ്ടി കുട്ട്യാമു ഹ്യാജി തന്റെ പെണ്‍മക്കള്‍ക്കായി 1919ല്‍ പണികഴിപ്പിച്ചതായിരുന്നത്ത്രേ മുപ്പത് മുറികളുള്ള ആ മാളിക. ഒരു കുടുംബങ്ങള്‍ കുടിപാര്‍ത്തിട്ടുള്ള തറവാട്ടില്‍ ഇപ്പോള്‍ മൂന്ന് കുടുംബങ്ങളാണുള്ളത്. ( 'അറ സമ്പ്രദായം' വടക്കേമലബാറില്‍ ഇന്നും പരക്കെ നിലവിലുണ്ട്. )
ഉമ്മയുടെ കല്യാണം എന്നായിരുന്നു.?
"പതിനെട്ടാമത്തെ വയസ്സില്‍. പുതിയാപ്പിള വി കെ മായന്‍ അലി. ആര്‍മിയില്‍ റിക്രൂട്ടിങ്ങ് ഓഫീസറാര്ന്ന്. 1975ല്‍ മരിച്ചു. "
              ഉയര്‍ന്ന ചിന്തയും ധിഷണാശേഷിയുമുണ്ടായിരുന്ന മറിയുമ്മയുടെ ഭര്‍ത്താവ്‌ മായന്‍അലി അവരുടെ ഓരോ പ്രവര്‍ത്തനങ്ങളേയും പിന്തുണച്ചു. നാലുമക്കളില്‍ മസൂദും സാറയും മരണപ്പെട്ടു. ബാക്കിയുള്ള മക്കളില്‍ അബ്ബാസ് ഷാര്‍ജയിലും അയിഷ കുടുംബമായി പെരുമ്പാവൂരിലും താമസിക്കുന്നു. മസൂദ് ചെറുപ്പത്തിലെ മരണപ്പെട്ടിരുന്നു. കിഷോര്‍കുമാറിന്റെ പാട്ടുകള്‍ ജീവനായിരുന്ന ആ ചെറുപ്പക്കാരനായിരുന്നു തലശ്ശേരിയിലെ പഴയ ബ്ലൂജാക്സ് ഓര്‍ക്കസ്ട്രയുടെ അമരക്കാരന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്ലൂജാക്സ് സംഘടിപ്പിച്ച സംഗീതമേളയില്‍ പാടാന്‍ വന്നത് മലയാളത്തിലെ ഇന്നത്തെ പ്രശസ്തനായ ഒരു ഗായകനായിരുന്നു. തനിക്ക് തരാമന്നേറ്റ പണം മുഴുവന്‍ ഗാനമേള തുടങ്ങും മുമ്പ് കയ്യില്‍ തരാതെ പാടാനാവില്ലെന്ന് അദ്ദേഹം ശഠിച്ചു. ഇതറിഞ്ഞ മറിയുമ്മ സ്റ്റേജിലേക്ക് വന്ന് തന്റെ കഴുത്തിലെ പത്തുപവനോളം വരുന്ന മാല ഊരി ഗായകന്‌ നല്‍കി ഗാനമേള എത്രയും വേഗം തുടങ്ങാനാവശ്യപ്പെട്ടു. അന്ധാളിച്ചു പോയ ഗായകന്‍ ഒരു വിധേന ഗാനമേള മുഴുവനാക്കി രക്ഷപ്പെടുകയായിരുന്നത്രേ !
ഉമ്മാക്ക് ഇപ്പോഴത്തെ തലമുറയിലെ പെണ്‍കുട്ടികളുടെ വിദ്യാഭാസനിലവാരത്തെപ്പറ്റി എന്താണ്‌ പറയാനുള്ളത്‌ ?
"കുട്ട്യേളൊക്കെ ഇപ്പം നല്ലൊം പഠിക്കണോരാ..അതോണ്ടന്നെ വരുന്ന ഭര്‍ത്താക്കന്‍മാരെയൊന്നും അവര്ക്ക് പറ്റ്ന്നില്ല ! ന്റെ സാറാടെ മോള്‍ ഡോക്ടറാ. എം ബി ബീ എസ്സ് ബോംബ്ബെ നായിക്ക് ഹോസ്പിറ്റലീന്ന്, എംഡി കഴിഞ്ഞ് റിസര്‍ച്ച് ബാംഗ്ളൂര്‍ നിംമാന്‍സിന്ന് ഓളായിരുന്ന് ആ വര്‍ഷത്തെ ബെസ്റ്റ് ഔട്ട് ഗോയിങ്ങ് സ്റ്റുഡന്റ് . ഇന്ത്യന്‍ പ്രസിഡണ്ട് കലാമിന്റെ കയ്യീന്ന് അവാര്‍ഡൊക്കെ കിട്ടിനി ! ഇപ്പോ അമേരിക്കേലാ.. ഓള്‌ ഡിവോഴ്സ്യാ..കാരണം ഓന്‌ ഓളത്ര പഠിപ്പും വിവരോം ഉണ്ടായിരുന്നില്ല. പിന്നെ പൊരുത്തപ്പെട്ട് പോവാമ്പറ്റണ്ടേ.. ഞാനും ഓളെ സപ്പോര്‍ട്ട് ചെയ്തിനി. ഓള്‌ അവടെ ഒറ്റക്കാ..പക്ഷേ അതോള്‌ മാനേജ് ചെയ്തോളും."
ഉമ്മ സിനിമയിലും അഭിനയിച്ചു എന്ന്‌ കേട്ടല്ലോ? അതെങ്ങെനെയായിരുന്നു ?
" അതോ.. അതീ ദൈവനാമത്തില്‍ സിനിമടെ ഷൂട്ടിങ്ങ് ന്റെ മാമാടെ വീട്ടിലാര്ന്ന്. അപ്പോ മാമാടെ മോള്ന്നെ വിളിച്ച്.. മറിയതാത്താ...ഇങ്ങള്‌ വാ ഷൂട്ടിങ്ങ് കാണാന്നു്‌ പറ്ഞ്ഞ്...അങ്ങനേ ആടെ പോയത്, പോയപ്പോ അന്ന് പ്രിത്തീരാജിന്റിം ഭാവനിന്റിം നിക്കാഹാര്ന്ന്. നല്ല ഉഷാറുള്ള മൈലാഞ്ചി ! നമ്മളെ തറവാട്ടിലെ പെങ്കുട്ട്യേളെ പാട്ടും ഒക്കെ കൂടി ശരിക്കും ഒരു മങ്കലപൊര തന്നെ ! ഞാനന്ന് ഓള്‍ക്ക് മൈലാഞ്ചി ഇട്ട്‌കൊട്‌ക്കുന്നത് അഭിനയിച്ച്. പിറ്റേന്ന് കണ്ട് ഷൌക്കത്ത് (ആര്യാടന്‍ ഷൌക്കത്ത്) വിളിക്ക്‌ന്ന് ! ഉമ്മാ... ഇങ്ങളൊന്ന് വരണം.. ഇങ്ങളെ ഒരു ഡയലോഗ് നമക്ക് വേണൊംന്നൊക്കെ പറഞ്ഞ്...! ആവൂല്ലാന്നൊക്കെ പറഞ്ഞ് നോക്കി. പിന്നെ എന്താക്കാനാണ്‌, ഇങ്ങനെ നിര്‍ബന്ധിക്കുന്നേരം ? അങ്ങനേണ്‌ അഭിനയിച്ചത്‌ . ഭാവനോടൊപ്പം , ...ഡയലോഗൊന്നും ഓര്‍മ്മയില്ല.
ഉമ്മ ആ സിനിമ കണ്ടിരുന്നോ?
" ഇല്ല. ആ സിനിമക്ക് പോയപ്പൊ ടിക്കറ്റ് കിട്ടിയില്ല."
സിനിമയൊക്കെ കാണാന്‍ പോവാറുണ്ടോ?
" നല്ലതാന്നേരം പോയി കാണും. സീരിയലൊന്നും കാണാറില്ല. എനിക്കീ കരയുന്ന സീരിയലൊന്നും ഇഷ്ടല്ല. സിനിമാന്ന്‌ള്ളത്‌ സന്തോഷിക്കാനുള്ളതല്ലേ.? ഇതിങ്ങനെ ഏറിയ നേരോം കരഞ്ഞിട്ട്....
ഇടക്ക് അവര്‍ ളുഹര്‍ നമസ്കരിക്കാന്‍ പോയി. അതിനു ശേഷം കുറച്ചു സമയം ഖുര്‍ ആന്‍ ഓതാനിരുന്നു. ആ സമയത്ത് ഞങ്ങള്‍ പാരീസ് ഹോട്ടലില്‍ പോയി തലശ്ശേരി ബിരിയാണി കഴിച്ചു വന്നു. തിരിച്ചു വരുമ്പോള്‍ നല്ല തിരക്കിട്ട എഴുത്തിലാണ്‌ പുള്ളിക്കാരി. ടേപ്പ് റിക്കോര്‍ഡറില്‍ വെസ്റ്റേണ്‍ ക്ലാസിക്കല്‍ വെച്ചിരിക്കുന്നു .
എന്താണ്` എഴുതുന്നത്?
"ഹിന്ദു പത്രത്തിന്റെ എഡിറ്റര്‍ക്ക് ഒരു കത്തയക്കണം. ദെയാര്‍ അണ്‍നെസസ്സറി പ്രമോട്ടിങ്ങ് നരേന്ദ്ര മോഡി , വികസനനായകനാത്രേ ... ! ..ആളേളെ ഇങ്ങനെ കൊന്നൊടുക്കീട്ട് എന്തു വികസനം ..? "
എന്‍ റാം അതിനെന്ത് മറുപടിയാണ്‌ നല്‍കിയത് എന്നറിയില്ല!
ഞാനവരുടെ കാസറ്റ് ശേഖരം പരിശോധിച്ചു.അതില്‍ പാശ്ചാത്യ ക്ലാസിക്കല്‍ മ്യൂസിക് തൊട്ട് ആബിദ പര്‍വീന്റെ ഖവാലികളും തുടങ്ങി എരഞ്ഞോളി മൂസയുടെ മാപ്പിളപ്പാട്ടുകള്‍ വരെയുണ്ട് ! അവരുടെ രസനകളും അവരുടെ ജീവിതം പോലെ വൈവിധ്യം നിറഞ്ഞതാണ്‌. വ്യവസ്ഥിതിയുടെ ഉള്ളില്‍ നിന്നുകൊണ്ടു തന്നെ അതിനെ എതിര്‍ക്കുകയും തിരുത്തുകയും ചെയ്യുന്ന സവിശേഷത നിറഞ്ഞ ഒരു ജീവിതം . മതേതരമായ ഒരു ജ്ഞാനാസക്തി അവര്‍ക്കിപ്പോഴും പുലര്‍ത്താന്‍ സാധിക്കുന്നത് അവരുടെ ഉള്ളിലുള്ള ഇത്തരം വൈവിധ്യം കൊണ്ടുതന്നെയായിരിക്കണം .
                                വൈകുന്നേരത്തോടെ ഞങ്ങള്‍ക്കാവശ്യമായ ഷോട്ടുകളും ബൈറ്റുകളും ലഭിച്ചു. ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങി. ചായക്ക് മുട്ടമാല പോലുള്ള വടക്കേമലബാര്‍ പലഹാരങ്ങള്‍ ഉണ്ടായിരുന്നു. കൊടുന്നുവെച്ച പലഹാരങ്ങള്‍ മുഴുവന്‍ തീറ്റിച്ചിട്ടേ അവര്‍ ഞങ്ങളെ വിട്ടുള്ളൂ.

പിന്‍കുറി: മാളിയേക്കല്‍ മറിയുമ്മ കേരളത്തിലെ മുസ്ലീം ചരിത്രത്തില്‍ എവിടെയാണ്‌ സ്ഥാനം പിടിച്ചിട്ടുള്ളത് എന്നെനിക്കറിയില്ല. അല്ലെങ്കിലും കേരളത്തിലെ മുസ്‌ലീം സ്ത്രീകളില്‍ ആരെങ്കിലും ചരിത്രം കുറിച്ചവരായുണ്ടോ എന്നും എനിക്ക് വലിയ തിട്ടമില്ല. ഒരു ജസ്റ്റിസ് ഫാതിമാബീവിയോ ബിയെം സുഹ്‌റയോ അപവാദമായുണ്ടാവണം. അല്ലെങ്കിലും 'മെയില്‍ ഷോവനിസം' കൂടുതലുള്ള എന്റെ സമുദായത്തിന്റെ ഐക്കണുകള്‍ ബെന്‍സ് കാറുകളില്‍ പായുന്ന ഔലിയാക്കളും തങ്ങന്‍മാരുമൊക്കെയല്ലേ ? അവരുടെയൊക്കെ മുമ്പില്‍ ഈ സ്ത്രീ ആരാണ്‌? സ്ത്രീകളെ പര്‍ദ്ദക്കുള്ളില്‍ ഒളിപ്പിക്കാന്‍ യാഥാസ്ഥികരും പുരോഗമനക്കാരും അക്ഷീണം പരിശ്രമിക്കുന്നുണ്ട്. അതില്‍ അവര്‍ വിജയിക്കുന്നുമുണ്ട്. ..പെണ്ണുങ്ങളേ നിങ്ങളെ പടച്ചവന്‍ തന്നെ രക്ഷിക്കട്ടെ.

49 comments:

 1. മാളിയേക്കല്‍ മറിയുമ്മ അഥവാ ഇംഗ്ലീഷ് മറിയുമ്മ

  ReplyDelete
 2. Mumsy, Thanks a lot .

  ഞാനാദ്യമായിട്ടാണ് മറിയുമ്മയെകുറിച്ചു കേള്‍ക്കുന്നത്. great! ഇപ്പോഴും പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ല അല്ലേ. മിടുക്കിയുമ്മ. സ്നേഹാശംസകള്‍ അറിയിക്കണം.

  ReplyDelete
 3. മ്മളെ.. വെല്ലിമ്മ... :)
  നന്നായി ഈ പരിചയപ്പെടുത്തല്‍

  ReplyDelete
 4. intersting story.njanithu channelil kandathayi Orkunnu.congrats.

  ReplyDelete
 5. ഈ വെല്ലുമ്മാനെ ഒരുപാടങ്ങ് പിടിച്ചു പോയി. ഈ സ്മാര്‍ട്ട് ഉമ്മാനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ലേഖനം ഉഗ്രനായി. അഭിനന്ദനങ്ങള്‍

  ReplyDelete
 6. അറിയാതെ പോകെണ്ടിയിരുന്ന അറിവുകളിലൊന്ന്
  പരിചയപ്പെടുത്തലിന്‍ നന്ദി...

  ReplyDelete
 7. ഒരുപാടിഷ്ട്മായ് ..ആദ്യമായിട്ടാണ് മറിയുമ്മയെ കുറീച്ച് കേള്‍ക്കുന്നത്..പരിചയപെടുത്തിയതിന് നന്ദി..

  ReplyDelete
 8. കൈരളിയില്‍ കണ്ടിരുന്നു എന്ന് തോന്നുന്നു.
  അതത്ര ശ്രദ്ധിച്ചിരിന്നില്ല. ഇപ്പൊ ശരിക്ക് മനസ്സിലാക്കാനായി.

  പ്രിയത്തില്‍ ഒഎബി.

  ReplyDelete
 9. മുംസി അഭിനന്ദനങ്ങള്‍. മാളിയേക്കല്‍ മറിയുമ്മയെ പരിചയപ്പെടുത്തിയത് പ്രശംസനീയം തന്നെ. ഞാനിത് PDF ആക്കി എന്റെ കുടുംബത്തിലെല്ലാവര്‍ക്കും ഈമെയിലയക്കുന്നുണ്ട്. പറ്റുമെങ്കില്‍ ആര്യാടന്‍ ഷൌക്കത്തിനും. (മൂപ്പരാണല്ലോ മറിയുമ്മയെ സിനിമയില് ഇംഗ്ലീഷ് ഡയലോഗ് സീന്‍ കൊടുത്തത്!)

  ReplyDelete
 10. ചരിത്രങ്ങള്‍ മൂടി‍വെക്കപ്പെടുകയും അപ്രധാന വാര്‍ത്തകള്‍ക്ക് പ്രസക്തിയേറുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ മറിയുമ്മയെ വെളിച്ചത്ത് കൊണ്ടുവരാന്‍ താങ്കള്‍ ശ്രമിച്ചത് അഭിനന്ദനമര്‍ഹിക്കുന്നു,ഇരുളടഞ്ഞ നിലവറകളില്‍ പുറം ലോകമറിയാതെ പോവുന്ന വ്യക്തി വിശേഷങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു

  ReplyDelete
 11. ലേഖനം നന്നായി.

  മറിയുമ്മയെ പരിചയപ്പെടുത്തിയതിന് നന്ദി.

  ReplyDelete
 12. ഈ ഉമ്മയെക്കുറിച്ച് നേരത്തെ ഒരുപ്പാട് വായിച്ചിട്ടുണ്ട് നല്ല കുറിപ്പ്
  ആശംസകള്‍

  ReplyDelete
 13. ഹാ...കലക്കീടാ മോനേ...,
  ഇത് വായിക്കുമ്പോള്‍ തന്നെ ഒരൂര്‍ജ്ജം കിട്ടുന്നുണ്ട്.
  എന്നാല്‍,വെള്ളക്കാരനോടുള്ള എതിര്‍പ്പിന്റെ പിന്നാമ്പുറം ആയിരുന്നു ഭൌതീക വിദ്യാഭ്യാസത്തോടുള്ള അവജ്ഞ.
  പക്ഷെ ആ കാലഘട്ടത്തിലെ വെള്ളക്കാരന്റെ പിണിയാളുകളായ മുസ്ലീം കുടുമ്പത്തിലെ സ്ത്രീകള്‍ക്ക് അന്ന് വിദ്യാഭ്യാസം നല്‍കിയിരുന്നു.മദ്ധ്യതിരുവിതാംകൂറിന്റേയും മലബാറിന്റ്റേയും അതിര്‍ത്തിയില്‍ അത്തരം കുടുമ്പങ്ങള്‍ ഉണ്ടായിരുന്നു.
  എന്തായാലും ആശാവഹമായ ഒരു മുന്നേറ്റം ഇന്ന് മുസ്ലീം സ്ത്രീകളില്‍ കാണുന്നുണ്ട്.അതില്‍ നമുക്ക് സന്തോഷിക്കാം.
  അടിക്കുറിപ്പ് വളരെ അനുയോജ്യമായിട്ടുണ്ട്.

  ReplyDelete
 14. Jameela Hamza Valiyakath10 July 2008 at 8:59 PM

  The muslim woman however educated & pious life they lead , they can't shine in life just because 'male chauvinism'. Most of them pull on their lives just pleasing the men , forgetting their talents & their gifted education , only rare husbands encourage their wives , of course they r the loving & broadminded ones. They don't know how blissful the marriage will be if they encouraage & support their wives!! Woman as a wife will b always b faithful & loyal to their husbands , only they should understand & their wives too. I wish all the muslim husbands b without ego & male chauvinism!!!

  ReplyDelete
 15. ശാലിനി, നജൂസ്,മെഹ്ബൂബ്,ഷാരു,ഫസല്‍,ഏറനാടന്‍,പെരുംപറമ്പത്ത്,അഭിലാഷ്,അനൂപ്,അത്കന്‍,ജമീല ...
  നന്ദി, വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും.

  ReplyDelete
 16. മുംസി,

  അഭിനന്ദനങ്ങള്‍ ഈ പോസ്റ്റിന് വളരെ നന്നായി :)
  ഗുഡ് വര്‍‌ക്ക് കീപ് ഇറ്റ് അപ് :)

  ReplyDelete
 17. മറിയുമ്മ വിസ്മയിപ്പിക്കുന്ന വ്യക്തിത്വം തന്നെ.

  കൌതുകത്തോടെ വായിച്ചു.... ഔചിത്യപൂര്‍ണ്ണമായ അവതരണം.
  നന്ദി.

  ReplyDelete
 18. നന്നായിരീക്കുന്നു മുംസീ

  അഭിനന്ദനങ്ങള്‍.........:)

  ReplyDelete
 19. ‘മറിയുമ്മ‘ ഞങ്ങള്‍ സ്ത്രീകള്‍ക്ക് ഒരഭിമാനമാണ്,പ്രത്യേകിച്ചും മുസ്ലിം സ്ത്രീകള്‍ക്ക്.
  നല്ലൊരു പരിചയപ്പെടുത്തല്‍...ഹൃദ്യമായി വളരെ അധികം.

  ReplyDelete
 20. അത്ക്കന്‍ , തറവാടി ,ജമീല ,പള്ളിക്കരയില്‍, പൊതുവാള്‍, സുമയ്യ ..നന്ദി വന്നതിനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിനും.

  ReplyDelete
 21. മുംസി, ഒരുപാടിഷ്ടപ്പെട്ടു ഈ പരിചയപ്പെടുത്തല്‍. നന്ദി. :-)

  ReplyDelete
 22. കാലം കുറച്ചായ്നോ?
  മറിയുമ്മയെ ടി.വി.യില്‍ കണ്ടതോര്‍ക്കുന്നു.
  ആ ചിത്രീകരണം മനസ്സീന്നുപോയിട്ടും ഇല്ല!

  നല്ല പോസ്റ്റ്!

  ReplyDelete
 23. പരിചയപ്പെടുത്തലിന്‌ നന്ദി...
  ആശംസകള്‍.....

  ReplyDelete
 24. ഉഗ്രന്‍ പോസ്റ്റ്. അഭിനന്ദനം അര്‍ഹിക്കുന്നു. ഇങ്ങനെ ഒരു ഇന്റര്‍വ്യൂവിനും പോസ്റ്റിനും നന്ദി

  ReplyDelete
 25. മറിയുമ്മയെ പരിചയപ്പെടുത്തിയതിന് നന്ദി.:)

  ReplyDelete
 26. പോസ്റ്റ് ഗംഭീരം.
  പിങ്കുറിയിലെ വ്യാകുലതയും നന്നായി. മറിയുമ്മ പറയുന്നപോലെ, അവര്‍ക്ക് അവരുടെ വാപ്പയില്‍ നിന്നും ഭര്‍ത്താവില്‍നിന്നും ഒക്കെ കിട്ടിയപോലുള്ള സപ്പോര്‍ട്ടുകള്‍, ഒരു ചെറിയ പരിധിയെങ്കിലും ഇക്കാലത്തെ മുസ്ലീം സമുദായത്തിലെ സ്ത്രീകള്‍ക്ക് ലഭിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു.

  ReplyDelete
 27. This comment has been removed by the author.

  ReplyDelete
 28. പോസ്റ്റ്‌ വളരെ നന്നായി.

  എന്നാല്‍ പിന്‍കുറിപ്പിലുള്ള ഈ വാചകം എന്തിനെന്ന്‌ മനസ്സിലായില്ല.

  ``സ്ത്രീകളെ പര്‍ദ്ദക്കുള്ളില്‍ ഒളിപ്പിക്കാന്‍ യാഥാസ്ഥികരും പുരോഗമനക്കാരും അക്ഷീണം പരിശ്രമിക്കുന്നുണ്ട്. അതില്‍ അവര്‍ വിജയിക്കുന്നുമുണ്ട്. ..പെണ്ണുങ്ങളേ നിങ്ങളെ പടച്ചവന്‍ തന്നെ രക്ഷിക്കട്ടെ.''

  ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം.

  മുസ്‌ലിംസ്‌ത്രീകള്‍ പര്‍ദ്ദ ധരിക്കുന്നതില്‍ മറ്റുള്ളവര്‍ക്കിത്ര ബേജാറെന്താ? പര്‍ദ്ദ ധരിക്കുന്നതുകൊണ്ട്‌ അവരുടെ എന്തു സ്വാതന്ത്ര്യമാണ്‌ നഷ്ടപ്പെടുന്നത്‌. മാന്യമായി ഒരു സ്‌ത്രീ അവരുടെ ശരീരഭാഗങ്ങള്‍ മറച്ചുനടക്കാന്‍ ഇഷ്ടപ്പെടുകയാണെങ്കില്‍ അതാണവരുടെ സ്വാതന്ത്ര്യം. എല്ലാം തുറന്നിട്ടു നടക്കുന്നതാണ്‌ സ്വാതന്ത്ര്യമെന്നു വിചാരിക്കുന്നവര്‍ക്ക്‌ വേറെ ചികിത്സയാണ്‌ ആവശ്യം.

  ബസ്‌യാത്രയിലും മറ്റും സ്‌ത്രീകള്‍ക്കുനേരെയുള്ള കൈയേറ്റങ്ങള്‍ അവരുടെ ശരീരം വെളിവാക്കിക്കൊണ്ടുള്ള വസ്‌ത്രധാരണ രീതി കൊണ്ടുതന്നെയാണ്‌.

  ഒരു പുരുഷന്‍ കോട്ടും സ്യൂട്ടും ടൈയും ഹാറ്റുമായി വന്നാല്‍ `ജന്റില്‍മാന്‍' എന്നു പറയുന്നവര്‍ എന്തേ ഒരു സ്‌ത്രീ ആ രീതിയില്‍ മാന്യമായി തന്റെ ശരീരം മറയ്‌ക്കുന്ന വസ്‌ത്രങ്ങള്‍ ധരിക്കുമ്പോള്‍ അസ്വാതന്ത്ര്യമാകുന്നത്‌? മറ്റുള്ളവര്‍ക്ക്‌ അതില്‍ അസ്വാതന്ത്ര്യമുണ്ടാകാം. ക്ഷമിക്കുക. അതാണ്‌ ഇസ്‌ലാം സ്‌ത്രീകള്‍ക്ക്‌ നല്‍കുന്ന മാന്യത.

  ReplyDelete
 29. enikkumparayanundu8 March 2009 at 11:10 AM

  maaliyekkal mariyumma elias english mariyumma vaayichath maathrubhoomi aazhchappathippile bloganayilaanu. pakshe thaangalude kurippinodu enikku yojikkan kazhiyunnilla. kaaranam athil thaangal mariyummayudethaayi sweekarichittulla samsaara shaili thalasseriyudeth alla. avarude style athumalla. pinne avarude veedinu sapeepam prashasthamaaya paris hotel kandu ennu parayunnu. ningal kandittundaavuka ethenkilum local paris hotel aayirikku. maaliyekkalinu aduthalla paris hotel. kathayil bhaavan kalartham. pakshe oru interviewvil enthinaanu ningalude manassu kayattunnath. athukondu thanne post viswaasa yogyam alla. mariyummaye kurichu nerathe malayalathil cover story kandirunnu. ningal avare kaanunnathinum nine years back journalisathinu nhaan cheytha project maaliyekkal mariyumma ulpedeyulla malabaarile muslim streekaleyum munnethatheyum kurichu aayirunnu. your post is not good....

  ReplyDelete
 30. നുജു, ബ്ലോഗ് വായിച്ചതിനും കമന്റ് എഴുതിയതിനും നന്ദി. പേരില്‍ നിന്ന് പുരുഷനാണോ സ്ത്രീയാണോ എന്നു വ്യക്തമല്ല. പര്‍ദ ഏതെങ്കിലും രീതിയില്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യവും സുരക്ഷിതത്വവും നല്‍കുന്നുന്ടോ എന്നെനിക്കറിയില്ല. എങ്കിലും പര്‍ദ മുസ്ലിം സ്ത്രീകളെ പാര്‍ശ്വവല്‍ക്കരിക്കുന്നു എന്നു തന്നെയാണ്‌ എന്റെ അഭിപ്രായം. പര്‍ദ ഒരു ഇസ്ലാമിക വസ്ത്രം എന്നതിനേക്കാളേറെ മധ്യപൌരസ്ത്യ ദേശത്തെ വസ്ത്രം മാത്രമാണ്‌ എന്നു തോന്നുന്നു. അവിടെത്തെ കാലാവസ്ഥ അത്തരം വസ്ത്രധാരണ രീതികളെ ആവശ്യപ്പെടുന്നുമുണ്ട്. പക്ഷേ അത് കേരളീയമല്ലെന്നു മാത്രമല്ല പര്‍ദ എണ്‍പതുകളുടെ ഗള്‍ഫ് തരംഗത്തിനു ശേഷം പ്രചരിച്ചതുമാണെന്നും മനസിലാക്കാം. അതിനു മുമ്പൊന്നും കേരളത്തിലെ മുസ്ലീം സ്ത്രീകളുടെ വസ്ത്രധാരണരീതി ഇസ്ലാമികമായിരുന്നില്ലേ. ?

  " ബസ്‌യാത്രയിലും മറ്റും സ്‌ത്രീകള്‍ക്കുനേരെയുള്ള കൈയേറ്റങ്ങള്‍ അവരുടെ ശരീരം വെളിവാക്കിക്കൊണ്ടുള്ള വസ്‌ത്രധാരണ രീതി കൊണ്ടുതന്നെയാണ്‌."
  ഇതിന്‌ ഞാന്‍ എന്താണ്‌ മറുപടി എഴുതുക ?
  " you have a sick mind !"
  എന്നെഴുതിയാല്‍ വിഷമമാകുമോ?
  'എനിക്ക് പറയാനുണ്ട്' : പോസ്റ്റ് ചീത്തയാണെങ്കിലും വന്നതിനും വായിച്ചതിനും നന്ദി. ഇനി ആരോപണങ്ങളെ കുറിച്ച്. പോസ്റ്റ് വിശ്വാസയോഗ്യമല്ലെന്ന് എഴുതി കണ്ടു. താങ്കളെ എന്താണ്‌ പ്രകോപിപ്പിച്ചത് എന്നറിയില്ല.മറിയുമ്മയെ അറിയാന്നെല്ലേ പറഞ്ഞത്? അവരോടു തന്നെ ചോദിക്കൂ.

  ReplyDelete
 31. Avare parichayappeduthiyathil nandi! Veritta vyakthithwam thanneyaanavar...

  ReplyDelete
 32. മുംസി,

  നന്ദി പറയേണ്ടത് ആദ്യം മാതൃഭൂമി ക്കാണ് . മാളിയേക്കല്‍ മറിയുമ്മ യെ കുറിച്ചും കൂടെ വളരെ നല്ലൊരു ബ്ലോഗിനെ പറ്റിയും അവരാണല്ലോ പരിചയപ്പെടുത്തി തന്നത് . മുംസി യില്‍നിന്നു ഇനിയും ഒരുപാട് പ്രതീഷ്കിക്കുന്നു. ബ്ലോഗു എല്ലാം കൊണ്ടും ഉഗ്രന്‍.മുംസിക്ക് എല്ലാ നന്മകളും നേരുന്നു, നന്ദി

  മുക്കണ്ണി അബ്ദുള്ള
  ജിദ്ദ, സൗദി അറേബ്യ

  mukkanni@gmail.com

  ReplyDelete
 33. രഹ്‌ന, അബ്ദുല്ല , ബ്ലോഗ് സന്ദര്‍ശിച്ചതിന്‍ നന്ദി. വീണ്ടും വരിക

  ReplyDelete
 34. മുംസി...

  ഞാന്‍ അന്തം വിട്ടുപോയീനി...
  1930 യിലെ കഥകള്‍ കേട്ടപ്പോള്‍!

  :)

  നല്ല രസം തോന്നി

  ReplyDelete
 35. ഒരാഴ്ച്ച മുന്‍പ് ഇംഗ്ലീഷ് മറിയുമ്മയുമായി കുറച്ച് നേരം സംസാരിച്ചിരിക്കാന്‍ എനിക്കും ഭാഗ്യണ്ടായി. ആദ്യകാലത്ത് ആകാശവാണിയില്‍ റേഡിയോയെപ്പറ്റി വന്ന ഒരു ഗാനവും പാടിക്കേള്‍പ്പിച്ചുതന്നു.

  നല്ല ലേഖനം. നന്ദി.

  ReplyDelete
 36. very inspiring,...
  Thank you for the blog.
  Even though I came very late to this page I feel I am lucky to know about this lady.

  ReplyDelete
 37. മുംസി...നല്ലപരിചയപ്പെടുത്തല്‍. ഇഷ്ടപ്പെട്ടു. വീണ്ടും വരും..... സസ്നേഹം

  ReplyDelete
 38. very nice.enganeyullavarum undarunennu samoohathe ariyichu kodukanam

  ReplyDelete
 39. Thanks Mumsy.....very nice blog...Thanks for talking about Maliyekkal Mariyumma..best wishes..

  ReplyDelete
 40. mumsy tangal paranja paris hotelum nammal mareetattantata porayum tammilkurea doorundappa parisottel angg payabustandil pona baikappa ayittduttappa odattilapalli pinna ingal paranja pardanta karyam attu mareetatta valara pandutanna purat pokumbol pardaa darichanupokal
  atinu talaserikar parayal burkana

  ReplyDelete
 41. This comment has been removed by the author.

  ReplyDelete
 42. എല്ലാറ്റിനും പര്‍ദയെ കുറ്റം പറയുന്ന നിങ്ങള്‍ ആരെങ്ങിലും സൌദിയില്‍ പോയിട്ടുണ്ടോ? അവിടെയുള്ള യുവതികള്‍ ഇന്ത്യക്കാരായ പര്‍ദ്ദ ധരിക്കാത്ത സ്ത്രീകളെക്കാള്‍ നന്നായും UK USA stylilum ഇംഗ്ലീഷ് സംസാരിക്കും.. അതൊക്കെ അറിയനമെങ്ങില്‍ പൊട്ടക്കിണറ്റില്‍ നിന്നും ഒന്ന് പുറത്തു കടക്കണം.....

  ReplyDelete
 43. പര്‍ദ്ദ ധരിക്കുന്ന സൌദിയില്‍ 60 ശതമാനം ഡോക്ടര്‍മാര്‍ സ്ത്രീകളാണ്.നമ്മുടെ പ്രധാന മന്ത്രിയെക്കള്‍ നന്നായി അവര്‍ ഇംഗ്ലീഷ് സംസാരിക്കും.https://www.youtube.com/watch?v=XnfIK2AlKLE

  ReplyDelete
 44. https://www.youtube.com/watch?v=XnfIK2AlKLE

  ReplyDelete
 45. https://www.youtube.com/watch?v=XnfIK2AlKLE

  ReplyDelete
 46. അല്ലെങ്കിലും കേരളത്തിലെ മുസ്‌ലീം സ്ത്രീകളില്‍ ആരെങ്കിലും ചരിത്രം കുറിച്ചവരായുണ്ടോ എന്നും എനിക്ക് വലിയ തിട്ടമില്ല. ഈ കമെന്റ്റ്‌ ശരിയായില്ല ........ഈ ലിങ്ക് വായിക്കുക ...അതിന്റെ തുടര്ച്ചകളുംhttp://www.prabodhanam.net/detail.php?cid=2161&tp=1http://www.prabodhanam.net/index.phpഎഴുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളത്തില്‍ ഒരു മുസ്‌ലിം സ്ത്രീ പത്രപ്രവര്‍ത്തകയും പ്രഭാഷകയും സാമൂഹിക പ്രവര്‍ത്തകയും സംഘാടകയുമായി രംഗത്തുവരിക, പ്രതിബന്ധങ്ങളെ സധീരം നേരിട്ട് കര്‍മമണ്ഡലത്തില്‍ മുന്നോട്ട് പോവുക, ചരിത്രത്തില്‍ സവിശേഷമായ വ്യക്തിമുദ്ര പതിക്കുക-അതൊരു സാഹസവും അത്ഭുതവുമാണെന്ന് പ്രകീര്‍ത്തിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. എം. ഹലീമാ ബീവിയെന്ന പ്രതിഭാശാലിനിയില്‍ നാം കാണുന്നത് ആ ചരിത്രസത്യമാണ്. സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മണ്ഡലത്തില്‍ എം. ഹലീമാബീവി നടത്തിയ ദിശാബോധത്തോടു കൂടിയ ക്രിയാത്മക ഇടപെടലുകള്‍ അത്യധികം ആവേശത്തോടും വൈകാരികതയോടും കൂടിയല്ലാതെ വായിച്ചുപോകാനാകില്ല.

  ReplyDelete
 47. മുസ്ലിം സ്ത്രീ മുന്നേറ്റം ഒരു ചരിത്ര വസ്തുതയാണ് ,പ്രബോധനം വാരികയില്‍ ഞാന്‍ എഴുതുന്ന പരമ്പര വായിക്കുക
  http://www.prabodhanam.net/detail.php?cid=2161&tp=1
  തിരു-കൊച്ചിയിലെ മുസ്‌ലിം മഹതികള്‍ / എം. ഹലീമാ ബീവി / അക്ഷരങ്ങളില്‍ അഗ്നികൊളുത്തിയ സാമൂഹിക പ്രവര്‍ത്തക
  എഴുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളത്തില്‍ ഒരു മുസ്‌ലിം സ്ത്രീ പത്രപ്രവര്‍ത്തകയും പ്രഭാഷകയും സാമൂഹിക പ്രവര്‍ത്തകയും സംഘാടകയുമായി രംഗത്തുവരിക, പ്രതിബന്ധങ്ങളെ സധീരം നേരിട്ട് കര്‍മമണ്ഡലത്തില്‍ മുന്നോട്ട് പോവുക, ചരിത്രത്തില്‍ സവിശേഷമായ വ്യക്തിമുദ്ര പതിക്കുക-അതൊരു സാഹസവും അത്ഭുതവുമാണെന്ന് പ്രകീര്‍ത്തിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. എം. ഹലീമാ ബീവിയെന്ന പ്രതിഭാശാലിനിയില്‍ നാം കാണുന്നത് ആ ചരിത്രസത്യമാണ്. സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മണ്ഡലത്തില്‍ എം. ഹലീമാബീവി നടത്തിയ ദിശാബോധത്തോടു കൂടിയ ക്രിയാത്മക ഇടപെടലുകള്‍ അത്യധികം ആവേശത്തോടും വൈകാരികതയോടും കൂടിയല്ലാതെ വായിച്ചുപോകാനാകില്ല.

  ReplyDelete