Thursday, 7 August, 2008

പാതാളത്തില്‍ നിന്നുള്ള ശത്രുക്കള്‍

"Being frightened is an experience you can't buy."-

--- Anthony Price -

രജനി. എസ്. ആനന്ദ് മരിക്കാന്‍ കാരണം ഒരു എസ് എഫ് ഐ നേതാവാണെന്ന യുവമോര്‍ച്ച നേതാവ് സുരേന്ദ്രന്റെ പ്രസ്താവനയാണ്‌. വീണ്ടും അയാളെ ഓര്‍മിക്കാനിടയാക്കിയത്. അയാളെന്നു പറഞ്ഞാല്‍ 'കമ്പ്യൂട്ടര്‍ പരമന്‍' എന്ന പരമേശ്വരന്‍ നായര്‍.

മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് രജനിയുടെ മരണത്തിനെ കുറിച്ച് അന്ന് പത്രങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന വിവാദങ്ങളില്‍നിന്നെല്ലാം വ്യത്യസ്ഥമായിരുന്ന ഒരഭിപ്രായമായിരുന്നു പരമേട്ടന്റേത്. അതിപ്രകാരമായിരുന്നു.

" കുട്ടി മരിക്കാന്‍ കാരണം കോളേജുകാര്‍ തന്നെ. കാരണെന്താച്ചാ..ആരും ശ്രദ്ധിക്കാഞ്ഞ ഒരു കാര്യണ്ട്, ആ കുട്ടീടെ ക്ലാസ്സ് മൂന്നാം നെലേലായിരുന്നു. ക്ലാസ്സ് നടക്കുമ്പൊ കുട്ടിക്കെന്തോ പങ്കപ്പാട് തോന്നി. പെങ്കുട്ട്യോളെല്ലേ..? അവരെ മനസ്സ് അങ്ങനത്തതല്ലേ..ചാടി. അത്രന്നെ..! അതോണ്ടാ ഞാമ്പറഞ്ഞെ, പെങ്കുട്ട്യോള്‍ടെ ക്ലാസ്സ് മൂന്നാനെലേല്‌ കൊണ്ടോയി വെച്ച കോളേജ് തന്ന്യാ കുറ്റക്കാര്.

കമ്പ്യൂട്ടര്‍ പരമന്റെ അഭിപ്രായത്തില്‍ ഉയരങ്ങളില്‍ നിന്ന് താഴേക്ക് ചാടുവാനുള്ള ത്വര എല്ലാ പെണ്‍കുട്ടികള്‍ക്കും ജന്‍മസഹജമായി കിട്ടിയിട്ടുള്ളതാണ്!

വേറിട്ടകാഴ്ച്ചകള്‍ക്ക് വേണ്ടി സഹസംവിധായകനായി ജോലിചെയ്യുന്ന കാലം. ഞാനും എന്റെ കൂട്ടുകാരനും സഹപ്രവര്‍ത്തകനുമായിരുന്ന ജിബുവും കൂടെ നടത്താറുണ്ടായിരുന്ന റിസര്‍ച്ച് എന്ന യാത്രകള്‍ക്കിടയിലാണ്‌ പരമേട്ടനെ കണ്ടത്.ഷൊര്‍ണൂര്‍ ബസ് സ്റ്റാന്റില്‍ അലഞ്ഞു നടക്കുന്ന കന്നുകാലികളെ ആട്ടി തെളിക്കുകയായിരുന്നു അയാള്‍. അതൊരു വേറിട്ടതരം ജീവിതമാണെന്ന് ആദ്യത്തെ ആ കാഴ്‌ച്ചയിലേ തോന്നിയിരുന്നു. ഷൊര്‍ണൂരിലെ പച്ചക്കറി മാര്‍ക്കറ്റില്‍ സഹായിയായി ജോലി നോക്കൂകയാണ്‌ കമ്പ്യൂട്ടര്‍ പരമന്‍ എന്ന് നാട്ടുകാര്‍ക്കിടയില്‍ അറിയപ്പെടുന്ന വേമ്പലത്തും പാടത്ത് അടിയാട്രി വീട്ടില്‍ പരമന്‍. കമ്പ്യൂട്ടര്‍ പരമന്‍ എന്ന പേര്‍ നാട്ടുകാര്‍ അയാള്‍ക്ക് ചാര്‍ത്തി കൊടുത്തതാണ്‌. അയാള്‍ അത് ആസ്വദിക്കുന്നുമുണ്ട്. സ്വയം വിശേഷണങ്ങളിലും തന്റെ ഔദ്യോഗികരേഖകളിലുമെല്ലാം അയാള്‍ കമ്പ്യൂട്ടര്‍ പരമനെന്ന സി.പരമനാണ്‌.

കഷ്ടിച്ച് അന്ചടിയോളം ഉയരം. ഏതോ ബഷീറിയന്‍ കഥാപാത്രത്തിന്റെ മാനറിസങ്ങളോര്‍മിപ്പിക്കുന്ന രൂപം. നാട്ടുകാരുടെ സമരഭടനാണ്‌ പരമന്‍. എല്ലാ സാമൂഹികപ്രശ്നങ്ങളിലും അയാള്‍ സജീവമായി ഇടപെടും.രാവിലെ പത്തു മണി വരെയേ ചന്തയില്‍ അയാള്‍ക്ക് ജോലിയുള്ളൂ. അതു കഴിഞ്ഞാല്‍ പത്രവായനയാണ്‌. അന്ചു പത്രങ്ങള്‍ സ്ഥിരമായി അരിച്ചുപെറുക്കും. ഇഷ്ടപത്രം ചന്ദ്രികയും ഇഷ്ടമിലാത്ത പത്രം മനോരമയുമാണ്‌. അതു കഴിഞ്ഞാല്‍ തന്റെ മുഖ്യ പ്രവര്‍ത്തനമേഖലയിലെക്ക് ഇറങ്ങുകയായി. പോലീസ് സ്റ്റേഷനും പത്രമോഫീസുകളുമാണവ. പരാതികളുണ്ടാവും കയ്യില്‍.മിക്കവാറും ഒരേ സ്വഭാവമുള്ള പരാതികളായതു കൊണ്ട്‌ ആരും അതത്ര ഗൌനിക്കാറില്ല.അന്ന്‌ സമര്‍പ്പിക്കാനുദ്ദേശിക്കുന്ന സ്വന്തം കൈപ്പടയില്‍ എഴുതിയ ഒരു പരാതി പരമന്‍ ഞങ്ങള്‍ക്ക് കാട്ടിതന്നു.അന്ചോ ആറോ പേജുകളിലുള്ള വിശദമായ പരാതി തുടങ്ങുന്നത് ഇപ്രകാരമാണ്‌..

"18 കൊല്ലകാലമായി നമ്മുടെ ജന്‍മനാടായ ഇന്ത്യാരാജ്യത്തേയും മുഖ്യമായി കെരളത്തേയും ഇരുട്ടിലാക്കി ശവക്കോട്ടയാക്കി മാറ്റിയ ക്രിമിനല്‍ദേശ ചണ്ടാലന്‍മാരുടെ ഈ എഴുതുന്നതായ വാചകത്തില്‍ ഉള്‍കൊള്ളിക്കുന്നു.താഴെ പറയുന്ന ടിയാന്‍മാരുടെ ദുഷ്ടപ്രവര്‍ത്തികള്‍ അറിയുന്ന ഒരേ ഒരാള്‍ ഇപ്പോള്‍ ഷൊറണൂര്‍ റയില്‍വേ സ്റ്റേഷനിനടുത്തുള്ള സി ഐ ടി യു ഓഫീസിന്റെ കോണിച്ചോട്ടില്‍ താമസിക്കുന്ന കമ്പ്യൂട്ടര്‍ പരമന്‍ എന്ന ഞാനാകുന്നു. അതു കൊണ്ട് അവര്‍ എന്റെ കുടുംബത്തെ നശിപ്പിച്ച് താറുമാറാക്കി.ഇപ്പോള്‍ എന്റെ ജീവന്‌ ഭീഷണീയും ഉണ്ട്.....

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പരമന്‍ അധികാരികള്‍ക്ക് മുമ്പില്‍ നിരന്തരമായി സമര്‍പ്പിച്ചു കൊണ്ടിരിക്കുന്ന പരാതിയാണിത്. അതിന്റെ രത്നചുരുക്കം അയാളുടെ ജീവിതം തന്നെയാണ്‌. രാജ്യത്തെ നശിപ്പിക്കുന്ന പതിനന്ചംഗ സംഘമടങ്ങിയ വിധ്വംസക ശക്തികള്‍ അയാളുടെ ഭാര്യയെ കൊന്നു കളഞ്ഞതും അയാളുടെ ജീവിതം നശിപ്പിച്ചതും വിവരിക്കുന്ന രേഖകളാണവ.ഈ ശക്തികളുടെ കേന്ദ്രം ഭൂമിക്കടിയില്‍ ആണെന്നാണ്‌ പരമന്‍ വിശ്വസിക്കുന്നത്.അവിടെ നിന്ന്‌ അവര്‍ കംപ്യൂട്ടറുകളുപയോഗിച്ചാണ്‌ രാജ്യത്തെ തകര്‍ക്കുന്നത്.നാട്ടില്‍ നടമാടുന്ന കൊല,കൊള്ളി വെപ്പുകള്‍ തുടങ്ങി എല്ലാ അരക്ഷിതാവസ്ഥകള്‍ക്കും കാരണം അവര്‍ തന്നെ. പ്രതികളില്‍ ചിലര്‍ തമിഴ്നാട്ടുകാരായതിനാല്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്കും പരാതി അയച്ചിട്ടുണ്ട്. ഇവരുടെ ഗൂഢനീക്കങ്ങള്‍ അറിഞ്ഞു പൊയി എന്നതാണ്‌ താനും തന്റെ ഭാര്യയും ചെയ്ത കുറ്റം! അതിനെ എതിര്‍ത്തു. അതിന്റെ പ്രതികാരം ഭീകരമായിരുന്നു.താന്‍ വീട്ടിലില്ലാതിരുന്ന സമയത്ത് ഭാര്യയെ മര്‍ദ്ദിച്ചു. മര്‍ദ്ദനം സഹിക്കവയ്യാതെ ആ പാവം വീടു വിട്ടോടി പോയി. പക്ഷേ പതിഞ്ചംഗ സംഘം അവരെ പിന്തുടരുകയും എറണാകുളം റയില്‍വേ സ്റ്റേഷനില്‍ വച്ച് പിടികൂടി കൊന്നുകളയുകയും ചെയ്തു.ശരീരം കഷ്ണങ്ങളാക്കി ഒരു അട്ടപെട്ടിയിലിട്ട് ഒരു ഗുഡ്സ് ട്രെയിനില്‍ ഷൊര്‍ണൂര്‍ റയില്‍വേസ്റ്റേഷനിലേക്കയച്ചു.ഇന്ത്യാ മഹാരാജ്യത്തിന്റെ ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഇത്തരമൊരു ദാരുണ സംഭവം.ഈ സംഭവം റയില്‍വേ പോലീസും ഉദ്യോഗസ്ഥരും മറച്ചുവച്ചു. അതിന്റെ ഭാഗമായിട്ടണ്‌ പെരുമണ്‍ ദുരന്തവും മറ്റും അവര്‍ ഉണ്ടാക്കിയത്.( ജനശ്രദ്ധ തിരിച്ചു വിടാന്‍ ) പരമുവിന്റെ ജീവിതത്തെ തകര്‍ത്തുകളഞ്ഞ്‌ അയാളുടെ ഭീഷനി ഇല്ലാതാക്കിയ ശേഷം അവരിപ്പോള്‍ അവരുടെ പദ്ധതികള്‍ ഓരോന്നായി നടപ്പിലാക്കി വരികയാണ്‌. "അതെങ്ങനെ?"ഇപ്പോ ഉദാഹരണത്തിന്‌ പെട്രോളിന്റെ വില കുതിച്ച് കേറ്വല്ലേ..?കാരണമെന്താ ഇവറ്റ തന്നെ. ഇവര്‍ ഭൂമിക്കടിയില്‍ വച്ചിട്ടുള്ള പൈപ്പ് ഉപയോഗിച്ച് പെട്രോളല്ലാം ഊറ്റുകയാണ്‌. അപ്പോ പമ്പുകാര്‍ക്ക് ആവശ്യത്തിന്‌ പെട്രോള്‌ കിട്ടാണ്ടാവും അങ്ങനെ വെല കൂടും.! അതേ പോലെ സിനിമാ പ്രതിസന്തി! ഇവറ്റ ഭൂമിക്കടിയില്‌ സാറ്റലൈറ്റ് ഫിറ്റ് ചെയ്ത് വലിച്ചെടുത്ത് സീഡിയടിച്ചെറക്കല്ലേ? പിന്നെങ്ങനെ തീയറ്ററിലാള്‌ കൂടും?

സാറ്റലൈറ്റ് ഭൂമിക്കടിയിലോ? ജിബുവിന്‌ സംശയം.

ഭൂമിക്കടീല്‍ താമസിക്കുന്നോറ്ക്ക് അവടെ സാറ്റലൈറ്റ് ഫിറ്റ് ചെയാനാണോ പാട്‌?നിനക്കറിയാണ്ടാ മോനേ അവരെ പറ്റി!

പരമുവേട്ടന്‍ ആ സംശയത്തെ നിസ്സാരമാക്കി തള്ളികളഞ്ഞു.

ഷൊര്‍ണൂരടുത്ത് കയിലിയാടായിരുന്നു പരമുവേട്ടന്റെ തറവാട്‌. അടാട്രി വീട്ടില്‍ രാമന്‍ നായരുടെയും ചിന്നമ്മുവമ്മയുടെയും ഇളയ മകന്‍ .ആറാം ക്ളാസ്സ് വരെ പഠിച്ചു. ആറാം ക്ലാസ്സിലെ തോല്‍വിയെ തുടര്‍ന്ന്‌ നാടുവിട്ടു. ആദ്യം മദ്രാസിലേക്കായിരുന്ന്. അവിടെനിന്ന്‌ വിജയവാഡക്ക്. അവിടെ ചായക്കടയിലും പിന്നീട് പാല്‍വിതരണക്കാരനായും ജോലി നോക്കി. വര്‍ഷങ്ങള്‍ മുമ്പെന്നോ കണ്ട മേലേകാവിലെ താലപൊലി ഒരു ദിവസം സ്വപ്നത്തില്‍ വീണ്ടും കണ്ടപ്പോഴാണ്‌ അയാള്‍ക്ക് പിന്നീട് നാടിനെ കുറിച്ചോര്‍മ്മ വന്നത്. അപ്പോഴേക്കും അയാള്‍ക്ക് മുപ്പത്തിരണ്ട് വയസ്സായി കഴിഞ്ഞിരുന്നു. അയാള്‍ ഷൊര്‍ണൂര്‍ റയില്‍വേസ്റ്റേഷനില്‍ തിരിച്ചെത്തി. അങ്ങനെ അയാളെ കുറിച്ചാധിപിടിച്ചുള്ള ഓര്‍മ്മകളുമായി കഴിഞ്ഞിരുന്ന അച്ഛനും അമ്മക്കും അവരുടെ മരണത്തിനു മുമ്പേ അയാളെ വീണ്ടും കാണാന്‍ പറ്റി.തിരിച്ചെത്തിയ വര്‍ഷം തന്നെ അയാള്‍ വിവാഹം കഴിഞ്ഞു. മുണ്ടായ കുണ്ടത്ത് വീട്ടില്‍ തങ്കമണിയായിരുന്നു വധു.അവര്‍ക്ക് രണ്ട് കുട്ടികളുണ്ടായി. ഗായത്രിയും സാവിത്രിയും. സന്തുഷ്ടകരമായിരുന്നു അവരുടെ ദാമ്പത്ത്യമെന്ന്‌ അയല്‍ക്കാരോര്‍ക്കുന്നു.എന്താണ്‌ സംഭവിച്ചതെന്ന്‌ ആര്‍ക്കുമറിയില്ല സന്തോഷകരമായ കുടുംബജീവിതത്തിനിടക്കപ്പോഴോ തങ്കമണിയുടെ മനസ്സിന്റെ താളം തെറ്റി. അവര്‍ വീടുവിട്ടു പോയി. അതോടെ പരമന്റെയും ആ കുടുംബത്തിന്റെയും താളം നഷ്ടമായി.ഷൊര്‍ണൂര്‍ റയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിനില്‍ ആയിടക്കെന്നോ കാണപ്പെട്ട ഒരുസ്ത്രീയുടെ ശരീരഭാഗങ്ങള്‍ തന്റെ ഭാര്യയുടേതാണെന്ന്‌ അയാള്‍ തീര്‍ച്ചപ്പെടുത്തി. അത് ചെയ്തത് തന്റെ ശത്രുക്കളായ പതിനഞ്ച് പേരടങ്ങിയ അഞ്ജാതസംഘമാണെന്നും. ഭയമുണ്ടായിരുന്നുവെങ്കിലും പിന്നീടയാളുടെ ജീവിതം ആ സംഘത്തിനെതിരെയുള്ള പോരാട്ടമായിരുന്നു.ലോക്കല്‍ പോലീസ് സ്റ്റേഷന്‍ മുതല്‍ ഇന്ത്യന്‍ പ്രസിഡണ്ടു വരെയുള്ളവര്‍ക്ക് അയാള്‍ നിരന്തരമായി പരാതികളയച്ചുകൊണ്ടേയിരിക്കുന്നു.കൂടാതെ ആത്മരക്ഷക്കായി വ്യായാമമുറകളും അയാള്‍ ശീലിക്കുന്നുണ്ട്.വളരെ വിചിത്രമാണതിന്റെ രീതികള്‍. വേദി ഷൊര്‍ണൂരിലെ പഴയ റെയില്‍വേ പാലവും.

"പരമുവേട്ടന്‍ ഈ അയക്കാറുള്ള പരാതികള്‍ക്ക് എന്തെങ്കിലും ഫലമുണ്ടാവാറുണ്ടോ?

"പോലീസുകാര്‍ അന്വേഷിക്കാറില്ല അവര്‍ക്ക് തമാശയാണ്‌. ഞാനപ്പോ അവര്‍ക്കെതിരെ ചുമരഴെത്തെഴുതി.എന്നിട്ടവരൊന്നും ചെയ്തില്ലേ?ഇല്ല. സ്റ്റേഷനീക്ക് വിളിപ്പിച്ചു. പേടിപ്പിച്ചിട്ട് വിട്ടു. പക്ഷേ ഞാനിപ്പോളും പോസ്റ്ററെഴുതാറുണ്ട്.ഇന്നലെക്കൂടി ഒന്നെഴുതി ട്രാന്‍സ്പ്പോര്‍ട്ട് ബസ്സിന്റെ പൊറകിലൊട്ടിച്ചു.'ഇനി ഭരണം ഉണ്ടാകുന്നതല്ല മരണം മാത്രം പ്രതീക്ഷിച്ചാല്‍ മതി' എന്ന്`.

"അധികാരികള്‍ ഇതൊന്നും ശ്രദ്ധിക്കുന്നില്ലെങ്കില്‍ ഈ പരാതി അയക്കല്‍ നിര്‍ത്തിക്കൂടെ?

എങ്ങന്യാ നിര്‍ത്താ..എതെന്നെ മാത്രം ബാധിക്കുന്ന കാര്യല്ലല്ലൊ? നാടിനെ മൊത്തം ബാധിക്കുന്നതല്ലേ? ഞാനവരുടെ മുഖ്യശത്രുവായി പോയീന്നുമാത്രം. അവരുടെ പുതിയ തന്ത്രം കേള്‍ക്കണോ? ബസ്റ്റാന്റീക്ക് കന്നുകാലികളെ അഴിച്ചു വിടുക. നമ്മളെ ട്രാന്‍സ്‌പ്പോര്‍ട്ട് സിസ്റ്റം തകര്‍ക്കാനാ..ഞാനതോണ്ടല്ലേ അവറ്റോളെ ബസ്റ്റാണ്ടീന്ന് ഓടിച്ച് വിടുന്നത്.

ബസ് സ്റ്റാന്റില്‍ നിന്ന്‌ കാലികളെ ഓടിക്കുന്നത് നല്ല കാര്യം തന്നെ.

ഞാന്‍ പറഞ്ഞു.

ഷൊര്‍ണൂരില്‍നിന്ന് കുറച്ചു കിലോമീറ്ററുകള്‍ അകലെയുള്ള പരമേട്ടന്റെ സ്വന്തം വീട്ടിലേക്ക് ഞങ്ങള്‍ പോയി. അതൊരു പൌരാണികാവശിഷ്ടം പോലെ തോന്നിപ്പിച്ചു.അവിടെ അങ്ങിനെയൊരു വീടുണ്ടായിരുന്നു എന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി.ഒരിക്കല്‍ പൂവിട്ടു തളിര്‍ത്തു നിന്നിരുന്ന ഒരു വീടാണ്‌ ആകെ ഇടിഞ്ഞു വീണ്‌ കാടും പടലയും പിടിച്ച് കീടക്കുന്നത്.

"നല്ല കൂട്യ ഇനം വള്ളിജാതിണ്ട്‌ , നോക്കി നടന്നോളൂട്ടോ.."

അടുത്ത വീട്ടിലെ ചേച്ചിയാണ്‌.

ഞങ്ങള്‍ അവിടെ നിന്ന്‌ ഒരു ഇന്റര്‍വ്യൂ എടുക്കാനുള്ള പുറപ്പാടിലായിരുന്നു.പരമേട്ടന്‍ പക്ഷേ അസ്വസ്ഥനായി കാണപ്പെട്ടു.

"മഴ വരും നമുക്ക് പൂവ്വാ..?

"മഴയോ..? ഈ ജാതി കത്തുന്ന വേനല്‍ക്കോ?" ഞാന്‍ ചോദിച്ചു.

" അത് മൂപ്പര്‍ക്കിവിടെ വന്നാ പതിവാ ..ഇങ്ങട്ട് വന്നാ പിന്നെ നിക്കില്ല.എപ്പഴും മഴ വരുന്നൂന്ന് പറഞ്ഞിട്ട് പോയിക്കളയും.

എനിക്കാ കുട്ട്യോള്‍ടെ കാര്യലോചിച്ചിട്ടാ..

"ആരെ..? ഗായത്രിയും സാവിത്രിയുമോ? ആ കുട്ടികളെവിടെയാണ്‌?ഞാവരോടന്വേഷിച്ചു.

"രണ്ടു പേരും ഓരോ ഗള്‍ഫാര്ടെ വീട്ടില്‍പണിക്ക് നിക്ക്വാ.."

ഇന്ത്യാരാജ്യത്തെ അപായപ്പെടുത്താന്‍ ഛിദ്രശക്തികള്‍ ശ്രമിക്കുന്നതിനെ കുറിച്ചോര്‍ത്ത് വ്യാകുലപ്പെടുന്ന ആ മനുഷ്യന്‌ തന്റെ കുഞ്ഞുമക്കളെ കുറിച്ചോര്‍ത്തുമാത്രം വിഷമമൊന്നുമില്ല. കുട്ടികളെ കുറിച്ചന്വേഷിച്ചപ്പോള്‍ അവരെ അവര്‍ വേലക്ക് നില്‍ക്കുന്ന വീട്ടിലെ ആളുകള്‍ പൊന്നുപോലെ നോക്കുന്നുണ്ടെന്നായിരുന്നു മറുപടി.

എങ്ങനെയാണ്‌ അയാളുടെ ജീവിതം ഈ വിധമൊരു ദുരന്തമായി തീര്‍ന്നു പോയതെന്നറിയില്ല.തന്റെ ജീവിതം ദുരന്തപുര്‍ണമാക്കിയതിന്റെ ഉത്തരവാദിത്വം അന്യരില്‍ ആരോപിക്കുന്നതിന്റെ സാംഗത്യവും മനസ്സിലായില്ല.ഒരിക്കല്‍ ജീവിതം അയാളെ ഭയപ്പെടുത്തി ആ ഭയപ്പാടിന്റെ നിഴലില്‍ നിന്ന്‌ ഒരിക്കലും അയാള്‍ക്ക് പുറത്തുകടക്കാനുമായില്ല.

"മഴയെ പേടിയാണോ? "

ഉവ്വ്.

"എന്തിനാണ്‌ ഇത്രക്ക് പേടിക്കുന്നത്?"

പേടിയില്ലാതെ ആര്‍ക്കും ജിവിക്കാമ്പറ്റില്ല.

മനുഷ്യമാര്‍ക്ക് ദൈവത്തെ പേട്യല്ലേ?

അമേരിക്കക്ക് ബിന്‍ലാദനെ പേടിയല്ലേ..?

തനിക്ക് പേടില്ലേ...

ജോലി പോവും എന്ന പേടി..?

ആള്‍ക്കാര്‍ എന്തു വിചാരിക്കുന്നുള്ള പേടി..?.

..ഒന്നുമില്ലെങ്കിലും മരിക്കുമെന്നുള്ള പേടി...?.

...അയാളുടെ കണ്ണില്‍ എനിക്കൊരു ഉന്മാദത്തിന്റെ തിളക്കം കാണാനായി.

അയാള്‍ അന്നു പറഞ്ഞത് ഒരു ഉന്മാദത്തിലാണെന്നാണ്‌ തോന്നിപ്പിച്ചതെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം അതിന്റെ തുടര്‍ച്ച എനിക്ക് വേറൊരിടത്തുനിന്ന്‌ കേള്‍ക്കാനിടയായി. അത് ജെ കൃഷ്ണമൂര്‍ത്തിയുടെ വാക്കുകളായിരുന്നു.....

" മരണത്തെ പറ്റി ഭയമുളവാകാതെ ചിന്തിക്കാന്‍ കഴിയുമോ? മരണം എന്ന വാക്ക് തന്നെ ഭയപ്പെടുത്തുന്നുവല്ലേ? അതേ പോലെ നിങ്ങളുടെ ഓര്‍മ്മകളിലുള്ള അനേകം മരണങ്ങളും? സ്നേഹമെന്ന വാക്കിന്‌ അതിന്റേതായ ഉദ്വേഗവും സങ്കല്‍പ്പവും ഉള്ള പോലെ മരണം എന്ന വാക്കും നിങ്ങളെ ഭയപ്പെടുത്തുവല്ലേ? അന്ത്യമെന്ന സങ്കല്‍പ്പത്തിനു പകരം അന്ത്യത്തില്‍ എത്തുന്നു എന്നുള്ളതാണോ നിങ്ങളെ ഭയപ്പെടുത്തുന്നത്? മരണമെന്ന വാക്കാണോ അതോ യഥാര്‍ത്ഥ മരണമണോ നിങ്ങളെ ഭയപ്പെടുത്തുന്നത്? വാക്കോ ഓര്‍മ്മകളോ ആണ്‌ നിങ്ങളെ ഭയപ്പെടുത്തുന്നത് എങ്കില്‍ അത് ഭയമേ അല്ല.കാലാന്തരത്തില്‍ വരാന്‍ പോകുന്ന ഒന്നിനെ ഭൂതകാലത്തിലെ ഓര്‍മ്മകളിലൂടെ നാം വെറുതെ ബന്ധിപ്പിച്ച് പീഡയനുഭവിക്കുന്നു...........

Freedom From The KNown : J. Krishnamurti

5 comments:

 1. കമ്പ്യൂട്ടര്‍ പരമനും പാതാളത്തില്‍ നിന്നുള്ള ശത്രുക്കളും

  ReplyDelete
 2. കമ്പ്യൂട്ടര്‍ പരമന്റെ ജീവിതത്തിന് ഒരു കമന്റിടാന്‍ ഇപ്പോള്‍ നമ്മളൊക്കെ കൈയാളുന്ന തരം ജീവിതം മതിയാകുമെന്ന് തോന്നുന്നില്ല.
  ജിദ്ദു കൃഷ്ണമൂര്‍ത്തിയുമായി ഈ ഇതിവൃത്തത്തെ കണക്റ്റ് ചെയ്തത് കൌതുകകരമായി.

  ReplyDelete
 3. പേടിയെക്കുറിച്ച് പരമേട്ടന്‍ പറഞ്ഞതെത്ര പരമാര്‍ത്ഥം.

  മുംസീ, വിവരണം നന്നായി.

  ReplyDelete