Tuesday, 18 November, 2008

വിവാ ക്യൂബ....


" Playing rock n'roll, listen to the beat.. this is a war... and there's no end in sight "
:Habana Blues
കഴിഞ്ഞ മാസമാണ്‌ റോക്ക് ഓണ്‍ എന്ന ഹിന്ദി സിനിമ കണ്ടത്. സുഹൃത്തും സഹപ്രവര്‍ത്തകനുമായ വിപിനും കൂടെയുണ്ടായിരുന്നു. ഇന്ത്യന്‍ സിനിമയുടെ, പ്രത്യേകിച്ച് ബോളിവുഡ് സിനിമക്ക് വന്നുകൊണ്ടിരിക്കുന്ന മാറ്റത്തിന്റെ തുടര്‍ച്ചയായിട്ടാണ്‌ എനിക്കാ സിനിമ അനുഭവപ്പെട്ടത് .അടുത്തിടെ പതിവു ഹിന്ദി മസാലപ്പടങ്ങളില്‍ നിന്ന് വേറിട്ട കുറച്ച് സിനിമകള്‍ കാണാനിടയായിരുന്നു.ആമിര്‍, മുംബേ മേരി ജാന്‍, എന്നിവ . മള്‍ട്ടിപ്ളക്സ് പ്രേക്ഷകരെ ഉന്നം വെച്ചുള്ളവയായിരുന്നുവെങ്കിലും കൊള്ളാവുന്ന സിനിമകളായിരുന്നു അവ. ഫര്‍ഹാന്‍ അക്തര്‍ എന്ന പ്രതിഭയുള്ള സംവിധായകന്‍ എങ്ങനെ അഭിനയിക്കുന്നു എന്നറിയാനുള്ള ആകാംഷയായിരുന്നു റോക്ക് ഓണ്‍ കാണാന്‍ പ്രേരിപ്പിച്ചത്. മോശമില്ലാത്ത സിനിമയായിരുന്നു അത്. .ആദിത്യ, ജോ, റോബ്, കേഡി എന്നീ സുഹൃത്തുക്കളുടെയും അവരുടെ സംഗീതത്തിന്റെയും കഥയാണ്‌ റോക്ക് ഓണ്‍. യഥാക്രമം ഫര്‍ഹാന്‍ അക്തര്‍, അര്‍ജുന്‍ രാംപാല്‍, ആംഗ്ലോ ഇന്ത്യന്‍ സംഗീതഞ്ജനായ ലൂക്ക് കെന്നി , വീഡിയോ ജോക്കി പുരബ് കോഹ്‌ലി എന്നിവരാണ്‌ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ആദിത്യ ഷ്‌റോഫ് (ഫര്‍ഹാന്‍ അക്തര്‍) ഒരു ധനകാര്യ സ്ഥാപനത്തില്‍ എക്സിക്യൂട്ടിവ് ആയി ജോലി നോക്കുന്നു. സാക്ഷി (പ്രചി ദേശായ്) ആണ്‌ ഭാര്യ. തന്റെ ഭര്‍ത്താവിന്റെ പരുക്കന്‍ സ്വഭാവത്തില്‍ ദുഖിതയായ സാക്ഷി യാദൃശ്ഛികമായി ഭര്‍ത്താവിന്റെ പഴയ സുഹൃത്തിനെ കണ്ടു മുട്ടുന്നു. കേഡി (കില്ലര്‍ ഡ്രമ്മര്‍) എന്ന ഈ സുഹൃത്തില്‍ നിന്നാണ്‌ തന്റെ ഭര്‍ത്താവ് പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു റോക്ക് ബാന്‍ഡിന്റെ പ്രധാന ഗായകനായിരുന്നു എന്ന് സാക്ഷി മനസ്സിലാക്കുന്നത്. തന്റെ ഭര്‍ത്താവിന്റെയും സുഹൃത്തുക്കളുടെയും പുനസമാഗമത്തിനായി സാക്ഷി ശ്രമിക്കുന്നു.


അഭിഷേക് കപൂര്‍ ആണ്‌ റോക്കോണിന്റെ സംവിധായകന്‍. തന്റെ ആദ്യചിത്രത്തില്‍ നിന്ന് (ആര്യന്‍) വ്യത്യസ്ഥമായി ഇത്തവണ അഭിഷേക് നന്നായി ഗൃഹപാഠം ചെയ്തിട്ടുണ്ട്. കഥ പറഞ്ഞിരിക്കുന്ന രീതി കൊള്ളാം. കാസ്റ്റിങ്ങ് ആണ്‌ സംവിധായകന്റെ കൊയ്യൊപ്പ് പതിഞ്ഞിരിക്കുന്ന വേറൊരു മേഖല. ജേസണ്‍ വെസ്റ്റ് എന്ന ഹോളിവുഡ് ക്യാമറമാന്റെ ഫ്രെയിമുകളും ദീപ ഭാട്ട്യയുടെ എഡിറ്റിങ്ങും മനോഹരം. ഷങ്കര്‍ എഹ്സാന്‍ ലോയ്‌മാരുടെ സംഗീതവും നന്നായിട്ടുണ്ട്. എടുത്തുപറയേണ്ട വേറൊരു കാര്യം നാല്‌ പാട്ടുകള്‍ പാടിയത് നായകനായ ഫര്‍ഹാന്‍ അക്തര്‍ ആണെന്നുള്ളതാണ്‌. അഭിനേതാക്കളും തങ്ങളുടെ റോള്‍ ഭംഗിയാക്കിയിട്ടുണ്ട്. അതില്‍തന്നെ പ്രത്യേകം പരാമര്‍ശിക്കേണ്ടത് അര്‍ജുന്‍ രാംപാലിന്റെ ഭാര്യയായി അഭിനയിച്ച ഷഹാന ഗോസ്വാമിയെയാണ്‌. സിനിമ അവസാനത്തോടടുക്കുമ്പോള്‍ തനി ഹിന്ദി സിനിമയുടെ സ്വഭാവം കാണിക്കുന്നു (ഉദാ: റോബിന്റെ മരണം) എന്നതൊഴിച്ചാല്‍ വേറെ കുറ്റമൊന്നും ചൂണ്ടികാണിക്കാനില്ല. ഭാരതീയ സംഗീതസംസ്കാരത്തില്‍ അധികമൊന്നും വേരോടിയിട്ടില്ലാത്ത റോക്ക് സംഗീതത്തെ കുറിച്ച് വിശ്വസനീയമായ രീതിയില്‍ ഒരു സിനിമ നിര്‍മ്മിച്ചു എന്നതു തന്നെയാണ്‌ സംവിധായകന്റെ വിജയം.
സിനിമ കണ്ട് തിരിച്ചു പോകുമ്പോഴാണ്‌ വിപിന്‍ ഈ സിനിമക്ക് വേറൊരു സിനിമയുമായുള്ള സാദൃശ്യത്തെ പറ്റി സൂചിപ്പിച്ചത്. വിപിന്റെ അഭിപ്രായത്തില്‍ അത് കേവലം യാദൃശ്ച്ഛികമായിരുന്നില്ല. "അഡാപ്റ്റേഷന്‍ എന്നു പറയാമെന്നു തോന്നുന്നു. ഹബാന ബ്ലൂസ് എന്ന ക്യൂബന്‍ പടം , ഞാനത് തിരുവനന്തപുരം ഫെസ്റ്റിവലിന്‌ കണ്ടിരുന്നു. തീം അതില്‍ നിന്ന്‌ അടിച്ചുമാറ്റിയതാണെന്നു വ്യക്തം ! " അങ്ങനെയാണ്‌ ഞാന്‍ ഹബാന ബ്ലൂസ് കണ്ടത്. അതു കണ്ടപ്പോള്‍ റോക്ക് ഓണ്‍ എന്റെ മനസ്സില്‍ നിന്നേ മാഞ്ഞു പോയി. അത്രമേല്‍ ആ സിനിമ എന്നെ കീഴടക്കി കളഞ്ഞു. കാരണം അതില്‍ സംഗീതമുണ്ടായിരുന്നു, ജീവിതമുണ്ടായിരുന്നു കൂടാതെ പോരാട്ടവും ! ഈ കുറിപ്പ് ആ സിനിമയെ കുറിച്ചാണ്‌ , ഒരു നിരൂപണമല്ല ഉദ്ദേശം മറിച്ച് ഒരു നല്ല സിനിമയെ പരിചയപ്പെടുത്തുക എന്നതുമാത്രം .
സിഗാറും കാമവും വിപ്ലവവും മണക്കുന്ന ക്യൂബന്‍ തെരുവുകളിലൂടെ സഞ്ചരിക്കുന്ന ഒരു അമ്പത്തിരണ്ട് മോഡല്‍ ഷെവര്‍ലെ ഡീലക്സ് കാറിന്റെ ദൃശ്യങ്ങളില്‍ നിന്നാണ്‌ സിനിമ തുടങ്ങുന്നത്. റൂയിയും ടിറ്റോയുമാണ്‌ ആ കാറില്‍. സംഗീതമാണ്‌ ഈ സുഹൃത്തുക്കളെ ഒന്നിപ്പിക്കുന്ന ഒരു ഘടകം.നല്ല സംഗീതം ചെയ്യണമെന്നും അങ്ങനെ ലോകമെമ്പാടും അറിയപ്പെടണമെന്നും അവര്‍ക്ക് മോഹമുണ്ട്. ക്യൂബയിലെ ദാരിദ്ര്യമാണ്‌ അവരുടെ മോഹങ്ങള്‍ക്ക് തടസ്സമാകുന്നത്. ഒരു മുളാറ്റയായ നായകന്‍ റൂയ്(ആല്‍ബെര്‍ട്ടോ യോയെല്‍) വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്‌. സംഗീതത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ചിരിക്കുന്ന ദരിദ്രനായ റൂയിയുടെ കുടുംബം പുലര്‍ന്നു പോകുന്നത് ഭാര്യ കാരിഡാഡ് (യെലീന സൈര) അധ്വാനിക്കുന്നത് കൊണ്ടാണ്‌. ഭര്‍ത്താവിന്റെ സംഗീതം ഇഷ്ടമാണെങ്കിലും അയാളുടെ നിരുത്തരവാദപരമായ സമീപനത്തില്‍ മനംനൊന്ത് അയാളില്‍ നിന്ന് പിരിയാന്‍ തീരുമാനിക്കുന്നു.സിനിമയുടെ കഥാപശ്ചാത്തലം ഇതാണ്‌.
ശക്തമായ തിരക്കഥയാണ്‌ ഹബാന ബ്ലൂസിന്റെ ഏറ്റവും വലിയ പ്രത്യേകത. റൂയി ടിറ്റോമാരുടെ ബാന്‍ഡിന്റെ റെക്കോര്‍ഡിങ്ങ് മുഴുവനാകും മുമ്പ് വൈദ്യുതി നിലക്കുന്ന ഒരു ദൃശ്യം സിനിമയുടെ തുടക്കത്തിലേ കാണിക്കുന്നുണ്ട്. ക്യൂബയുടെ യഥാര്‍ത്ഥ അവസ്ഥ , ദാരിദ്ര്യം ഇതല്ലാം കാണിക്കുവാന്‍ പറ്റിയ വേറൊരു സീന്‍ പിന്നെ നമുക്ക് സങ്കല്‍പ്പിക്കാനാവില്ല തന്നെ.
ഈ സിനിമക്ക് ഒന്നിലധികം പ്രകേതങ്ങള്‍ (aspects) അവകാശപ്പെടാം. പ്രണയം, വേര്‍പാട്, സൌഹൃദം, സംഗീതം..അങ്ങനെയങ്ങനെ. എന്നിരുന്നാലും ഈ സിനിമ മുന്നോട്ട് വെക്കുന്ന രാഷ്‌ട്രീയമാണ്‌ ഏറ്റവും ആകര്‍ഷകവും മുഖ്യവും. സ്വയംപ്രകാശനത്തിന്‌ വേദികളില്ലാതെ ബുദ്ധിമുട്ടുകയായിരുന്ന ഈ സുഹൃത്തുക്കള്‍ യാദൃശ്ഛികമായി ഒരു സ്പാനിഷ് റെക്കോര്‍ഡിങ്ങ് കമ്പനിയുടെ പ്രതിനിധികളുടെ ശ്രദ്ധയില്‍ പെടുന്നു. ക്യൂബന്‍ തെരുവുകളില്‍ നിന്ന് തങ്ങള്‍ക്ക് ലഭിച്ച പ്രതിഭകളെ ആ സ്പാനിഷ് കമ്പനി ആവേശ പൂര്‍വം സ്വീകരിക്കുന്നു. അവര്‍ റുയിയേയും കൂട്ടുകാരേയും യൂറോപ്പിലേക്ക് ക്ഷണിക്കുന്നു. ഇതിനിടെ റെക്കോര്‍ഡിങ്ങ് കമ്പനി പ്രതിനിധികളിലൊരാളായ മാര്‍തയുമായി റുയി പ്രണയത്തിലാകുന്നുണ്ട്. പക്ഷേ യാത്രക്കൊരുങ്ങും മുമ്പ് റുയ് കമ്പനിയുടെ താല്‍പര്യങ്ങള്‍ തന്റെ നാടിനും തന്റെ വിശ്വാസപ്രമാണങ്ങള്‍ക്കും എതിരാണെന്ന് മന്സ്സിലാക്കുന്നു. അവിടെ റുയ് പിന്തിരിയുന്നു. കൂട്ടുകാരനായ ടിറ്റോ പോലും അയാള്‍ക്കെതിരാവുന്നുണ്ട്. കാരിഡാഡ് കുട്ടികളെയും കൂട്ടി വാഗ്ദത്തഭൂമിയായ അമേരിക്കയിലേക്ക് കുടിയേറാന്‍ തീരുമാനിക്കുന്നു. കുട്ടികളേയും കാരിഡാഡിനേയും പിരിയാന്‍ വയ്യെങ്കിലും അയാള്‍ക്ക് ഹവാനയിലെ തെരുവുകള്‍ വിട്ട് എങ്ങും പോകാന്‍ വയ്യ. അയാള്‍ ഒറ്റക്കാവുന്നു. മുതലാളിത്തത്തിന്റെയും ആഗോളവത്കരണത്തിന്റെയും എതിര്‍വശത്താണ്‌ ഈ സിനിമ നിലകൊള്ളുന്നത്. കല എന്നാല്‍ വിലക്ക് വാങ്ങാന്‍ കിട്ടുന്ന ഒന്നല്ല എന്ന് സിനിമ പ്രഖ്യാപിക്കുന്നുണ്ട്. സംവിധായകനായ ബെനീറ്റൊ സംബ്രാനോയുടെ കഥപറച്ചിലും അഭിനേതാക്കളുടെ പ്രകടനവും ഹബാന ബ്ലൂസിനെ ഒരനുഭവമാക്കുന്നു. അഭിനേതാക്കളില്‍ കാരിഡാഡിനെ അവതരിപ്പിച്ച യെലിന സൈരയാണ്‌ എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്. ഒരു നിസ്സഹായായ വീട്ടമ്മയായും കടുത്ത തീരുമാനമെടുക്കേണ്ടി വരുന്ന പ്രണയിനിയായും അവസാനം ധൈര്യവും ആശ്വാസവും പകരുന്ന സ്ത്രീഭാവമായും അവര്‍ ജീവിച്ചു എന്നു പറയുന്നതാവും ശരി. ഈ കഥാപാത്രത്തെ അതേ പടി പകര്‍ത്തിവച്ചിട്ടുണ്ട് റോക്ക് ഓണില്‍, ഷഹാന ഗോസ്വാമി അവതരിപ്പിക്കുന്ന കഥാപാത്രമായി.ഈ ഒരു സാദൃശ്യവും ക്ലൈമാക്സടക്കമുള്ള ചില സീനുകളുടെ സാമ്യതയും ഒഴിച്ചാല്‍ കേവലം പ്രചോദനം മാത്രമാകും ഹബാന ബ്ലൂസും റോക്ക് ഓണും തമ്മിലുള്ള ബന്ധം. മാത്രമല്ല രണ്ടു സിനിമകളും നിലകൊള്ളുന്നത് വിരുദ്ധ ചേരികളിലുമാണ്‌. റോക്ക് ഓണില്‍ ഫര്‍ഹാന്‍ അക്തര്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഓഫീസിലേക്ക് വരുമ്പോള്‍ ഓഫിസിലെ സെക്യുരിറ്റി ഗാര്‍ഡ് അഭിവാദ്യം ചെയ്യുന്നുണ്ട്. പക്ഷേ അയാള്‍ അത് ഗൌനിക്കുന്നേയില്ല. ഗാര്‍ഡ് ഇളിഭ്യനാകുന്നു. അത് കണ്ട് തിയേറ്ററിലെ പല ഭാഗങ്ങളില്‍ നിന്നും ചിരി ഉയര്‍ന്നു.ആ ചിരികളില്‍ ഉയര്‍ന്നു കേട്ട പുച്ഛരസം തന്നെയാണ്‌ നമ്മള്‍ ഭൂരിഭാഗം വരുന്ന ഇന്ത്യാക്കാരുടെ രാഷ്ട്രീയം. ഹബാന ബ്ലൂസിലൂടെ റുയി എനിക്ക് കാണിച്ചു തന്നത് ജീവിതം എന്നത് നിരന്തരമായ ഒരു സമരം തന്നെയാണ്‌ എന്നായിരുന്നു. സിനിമയുടെ രാഷ്ട്രീയം, അത് പൂര്‍ണമാകുന്നത് പ്രേക്ഷകരിലാണെന്ന് ബെനിറ്റൊ സംബ്രാനോ എന്ന സംവിധായകനും. എന്തുകൊണ്ടാണ്‌ നമ്മുടെ ഭാഷയില്‍ നല്ല സിനിമകള്‍ വരാത്തത് ? ഞാന്‍ സ്വയം ചോദിച്ചു. മറുപടിയും സ്വയം കണ്ടുപിടിച്ചു..തീക്ഷണമായ അനുഭവങ്ങളുള്ള സമൂഹത്തിലേ നല്ല സിനിമ ഉണ്ടാവുകയുള്ളൂ. നമ്മുടേത് അതിവേഗം അരാഷ്ട്രീയവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സമൂഹമാണ്‌. ഞാന്‍ സ്വയം ആശ്വസിപ്പിച്ചു.

പിന്‍കുറി: ഏതാണ്ട് ഇതേ വിഷയം കൈകാര്യം ചെയ്ത ഒരു സിനിമ കഴിഞ്ഞ വര്‍ഷം മലയാളത്തിലും വന്നിരുന്നു. ഇപ്പോള്‍ പദ്മരാജന്‌ പഠിച്ചുകൊണ്ടിരിക്കുന്ന ആ സംവിധായകനോട് ഒന്നേ പറയാനുള്ളു...
" കാതറേ....കൂതറയാവരുത് !"