Wednesday, 28 October, 2009

മോട്ടോര്‍സൈക്കിള്‍ ഡയറീസ്: നാല്‌ പെണ്ണുങ്ങള്‍

മോട്ടോര്‍ സൈക്കിള്‍ എന്ന വിഖ്യാതമായ സ്പാനിഷ് സിനിമ കാണുന്നതിനു മുമ്പു തന്നെ ഞാനും രെണുവും മോട്ടോര്‍ സൈക്കിള്‍ യാത്രകള്‍ ഒരു ശീലമാക്കിയിരുന്നു. ഫ്രെയിമുകള്‍ തേടിയാണ്‌ യാത്ര. ക്യാമറയും കൊണ്ട് രാവിലെ തന്നെ ഇറങ്ങും.'റൂട്ട്' മുന്‍കൂട്ടി തീരുമാനിക്കാറില്ലെങ്കിലും മിക്കവാറും ഞങ്ങളുടെ യാത്ര വടക്കാഞ്ചേരിയിലേക്കുള്ള വഴിയിലേക്കായിരിക്കും. തണലുള്ള ഇടവഴികള്‍, സ്നേഹമുള്ള ആളുകള്‍ , നാടന്‍ ചായക്കടകളില്‍നിന്ന് ചാളവറുത്തതുംകൂട്ടിയുള്ള നല്ല ഊണ്‌ , ഇതൊക്കെയാണ്‌ 'വടക്കാഞ്ചേരിയിലേക്കുള്ള വഴി' തന്നെ തെരെഞ്ഞെടുക്കാനുള്ള പ്രധാന ആകര്‍ഷണങ്ങള്‍. ഇപ്രാവശ്യം രെണു ഉണ്ടായിരുന്നില്ല, പകരം ക്യാമറ തന്നയച്ചു. ഞങ്ങളുടെ മുന്‍യാത്രകളെ കുറിച്ച് പറഞ്ഞ് കേട്ട് ആവേശം കയറിയ ബിക്കിയാണ്‌ ഇത്തവണത്തെ യാത്രക്ക് മുന്‍കൈയ്യെടുത്തത്. ഞങ്ങള്‍ രണ്ടും കൂടി അങ്ങനെ കുന്നംകുളത്തു നിന്ന് കിഴക്കോട്ട് വെച്ച് പിടിച്ചു. ഉച്ചിയില്‍ വെയിലടിച്ചു തുടങ്ങിയപ്പോള്‍ ആദ്യം കണ്ട ഇടത്തോട്ടുള്ള റോഡിലേക്ക് കയറി. അത് കടങ്ങോട്ടേക്കുള്ള വഴിയായിരുന്നു. അതിവേഗം കൊച്ചുപട്ടണങ്ങളായി കൊണ്ടിരിക്കുന്ന കേരളത്തിലെ മറ്റു ഉള്‍നാടന്‍ ഗ്രാമങ്ങളെ അപേക്ഷിച്ച് അഞ്ചോ പത്തോ വര്‍ഷങ്ങള്‍ പുറകിലാണ്‌ കടങ്ങോട്. പഴയ മട്ടിലുള്ള ഒരങ്ങാടിയാണിത്. പുതിയ കാലത്തിന്റേതായി അവിടെ കുറച്ചു രാഷ്ട്രീയപ്പാര്‍ട്ടികളുടെ കൊടികള്‍ മാത്രം. മുഖാമുഖം നില്‍ക്കുന്ന രണ്ട് ക്ലബ്ബുകള്‍, പച്ചക്കറികള്‍ വരെ വില്‍പ്പനക്ക് വെച്ചിട്ടുള്ള ഒരു പലചരക്കുകട, ഒരു ചായക്കട, ഉടമസ്ഥനോണോ കടക്കാണോ കൂടുതല്‍ പ്രായം എന്നുതിട്ടപ്പെടുത്തുവാന്‍ വയ്യാത്ത ഒരു പെട്ടിക്കട, അങ്ങാടിയില്‍നിന്ന് കുറച്ചു നീങ്ങി ഒരു ഗ്രാമീണ വായനശാല. ഇത്രയുമാണ്‌ കടങ്ങോട്ടെ പ്രധാന സ്ഥാപനങ്ങള്‍.                                                              ചക്കി: പാനായിക്കുന്ന് കോളനി

കടങ്ങോട് നീന്ന് കോതചിറയിലേക്ക് പോകുന്ന റോഡില്‍ തിപ്പിലശേരിയില്‍ വെച്ചാണ്‌ ചക്കി വല്യമ്മയെ കണ്ടത്. കടയില്‍നിന്ന് ചില്വാനം വാങ്ങിയുള്ള വരവാണെന്നു തോന്നുന്നു. പാട്ടൊക്കെ പാടിയാണ്‌ നടത്തം. ഞാറ്റുപ്പാട്ടാണ്‌. എണ്‍പത്തൊമ്പത് വയസ്സുണ്ട് ചക്കിക്ക്. പ്രായാധിക്യം കൂനിക്കൂടിയുള്ള ഒരു നടത്തം സമ്മാനിച്ചിട്ടുണ്ടെന്നതൊഴിച്ചാല്‍ വേറെ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. നാഗലശേരി പഞ്ചായത്തിലെ പാനായിക്കുന്ന്‌ ലക്ഷംവീട് കോളനിയിലാണ്‌ താമസം. പേരക്കുട്ടി മോഹനന്റെ കൂടെ. അയാള്‍ക്ക് പപ്പടപ്പണിയാണ്‌. 

" വല്യമ്മേ പ്രായൊക്കെ കൊറച്ചായില്ലേ..? കടയിലേക്കോക്കെ വേറെയാരെയെങ്കിലും പറഞ്ഞയച്ചാല്‍ പോരെ?" ഫോട്ടോയെടുക്കുന്നതിണടക്ക് ബിക്കി അന്വേഷിച്ചു. അവര്‍ക്കാ ചോദ്യം ഇഷ്ടമായില്ലന്നു തോന്നുന്നു,
"എവടെ.. ?  ഇയ്ക്കയ്നും മാത്രം വയസ്സായിട്ടില്ല. ഇയ്ക്കാവതുള്ളോട്ത്തോളം ഇതൊക്കെ ഞാന്‍ തന്നെ ചെയ്യും"


ചക്കി വല്യമ്മ നല്ല ആവതോടുകൂടി ദീര്‍ഘനാള്‍ ജീവിക്കട്ടെ എന്നാശംസിച്ച് അവരെ വീടു വരെ കൊണ്ടാക്കിയാണ്‌ ഞങ്ങള്‍ തിരിച്ചു പോന്നത്.


                                                     ആലിയവളപ്പില്‍ സരസ്വതിയമ്മ

കടങ്ങോട്ടുനിന്ന് കോതചിറയിലേക്കുള്ള റോഡ് വിശാലമാണ്‌, ഇരു വശത്തും തണല്‍ വിരിച്ച് നില്‍ക്കുന്ന കൂറ്റന്‍ മാവുകളും പ്ലാവുകളും, കഴിഞ്ഞ നൂറ്റാണ്ടുകളില്‍ വള്ളുവനാട്ടിലെ ഗ്രാമീണ കാര്‍ഷിക സമ്പദ് വ്യവസ്ഥയില്‍ പ്രധാനപങ്കു വഹിച്ചിരുന്ന നാട്ടുപാതകളില്‍ ഒന്നായിരുന്നു ഇത്. പൊന്നാനിക്ക് കിഴക്ക് ക്ഷേത്രങ്ങള്‍, മനകള്‍, മറ്റ് ആഢ്യഭവനങ്ങള്‍ എന്നിവയെ ആശ്രയിച്ച് രൂപംകൊണ്ട ചാലിശ്ശേരി, പെരുമ്പിലാവ്,പെരിങ്ങോട്, തുടങ്ങിയ സ്ഥലങ്ങളിലെ അങ്ങാടികള്‍ അക്കാലത്തെ മിച്ചവിഭവങ്ങളുടെ അവലംബത്തില്‍ നിലനിന്നിരുന്ന മികച്ച രീതിയിലുള്ള ഗ്രാമീണ കമ്പോളങ്ങളായിരുന്നുവെന്നും പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഇവ അപ്രസക്തമായിപ്പോവുകയാണുണ്ടായതെന്നും മലയാളത്തിലെ പ്രശസ്ത സഞ്ചാര സാഹിത്യകാരന്‍ ചിന്ത രവീന്ദ്രന്‍ തന്റെ 'എന്റെ കേരളം'എന്ന പുസ്തകത്തില്‍ നിരീക്ഷിക്കുന്നുണ്ട്. കുന്നിന്റെ പള്ളയിലൂടെ കടന്നു പോകുന്ന റോഡിറങ്ങി കഴിഞ്ഞാല്‍ പാടശേഖരങ്ങളായി.വര്‍ഷത്തില്‍ രണ്ടു തവണയാണ്‌ കൃഷിയിറക്കുക. ഇടവിളയായി പച്ചക്കറിക്കറികളെന്തെങ്കിലും. വീണ്ടുമൊരു കുന്നു കയറിയപ്പോള്‍ കാട് പിടിച്ചു കിടക്കുന്ന ഒരു തൊടിയും അതിന്റെ മധ്യത്തില്‍നില്‍ക്കുന്ന ഒരു വീടും കണ്ടു. ആലിയ വളപ്പില്‍ സരസ്വതിയമ്മയുടെ വീടാണത്. ചിരപരിചിതരെ പോലെയാന്‌ ആ അമ്മ ഞങ്ങളെ സ്വീകരിച്ചത്.
"തൊടിയൊക്കെ കാടു പിടിച്ചു കിടക്കാണല്ലോ....കിളപ്പിക്കാറൊന്നും ഇല്ലേ?" ഞാനന്വേഷിച്ചു.
"ഞാന്‍ പറമ്പൊന്നും ഇപ്പൊ നോക്കാറില്ല.കവുങ്ങ്‌മെന്ന് അടക്ക കൊഴിഞ്ഞ് വീഴ്ണ്‌ണ്ട്. കുരുമൊളകിന്റെ കൊടിയൊക്കെ ഒണങ്ങിപോയി. തൊടീലാച്ചാ നെറച്ച് പാമ്പും. എടക്കൊക്കെ മിറ്റത്ത്‌ക്കും വരും. ഞാനവറ്റേളെ ഉപദ്രവിക്കാറില്ല, അതോണ്ട് അവറ്റ എന്നെം ഒന്നും ചെയ്യില്ല."
"വേറെ കൃഷിയൊന്നുമില്ലേ?"
"കൊറച്ച് പാടണ്ട്, അത് പാട്ടത്തിന്‌ കൊടുത്തു. ആര്‍ക്ക് വേണ്ടീട്ടാ ഇതൊക്കെ നോക്കി നടത്ത്‌ണേ? മക്കക്കാച്ചാ വേണ്ട. പിന്നെ ഇയ്ക്ക്, ഇയ്ക്ക് ജീവിക്കാന്‍ അവരടച്ഛന്റെ പെന്‍ഷന്‍ പൈസ ധാരാളാ..!"
" ആരെയെങ്കിലും വേലക്ക് നിര്‍ത്തിക്കൂടെ..ഒന്നുമില്ലെങ്കിലും ഈ വലിയ വീട്ടില്‍ രാത്രി തുണക്കെങ്കിലും ഓരാളുണ്ടാവില്ലേ?" ഞാന്‍ ചോദിച്ചു.
"ഒരു പെണ്ണ്‌ വരാറുണ്ട് സഹായത്തിന്‌. അതിന്റെ മുമ്പ് പെരക്കുട്ടിണ്ടാര്‍ന്ന്. സൂരജ്, മൂത്ത മോള്‍ടെ മോനാ..കുറ്റിപ്പൊറത്ത് എഞ്ചിനീറിങ്ങിന്‌ അവസാനത്തെ കൊല്ലാ..ഓനിവിടെ അഞ്ചാറുമാസം കടിച്ച് പിടിച്ച് നിന്നു. തീരെ ഇഷ്ടണ്ടായിരുന്നില്ല മൂപ്പര്‍ക്കിവിടെ നിക്കാന്‍..അച്ഛനെ പേടിച്ച് നിന്നിരുന്നതാ. ഇതൊരു കാട്ടുമുക്കാന്നാ പറയാ..! ഓന്റെ മോട്ടര്‍ സൈക്കളൊന്നും ഈ പടിയെറക്കി കൊണ്ടരാന്‍ പറ്റില്ലല്ലോ..അതാ കാര്യം! അവസാനത്തെ കൊല്ലായപ്പൊ കൊറേ പടിക്കാണ്ട് എന്നോക്കെ പറഞ്ഞ് പതുക്കെ വരാണ്ടായി. ഞാനോട്ട് നിര്‍ബന്ധിക്കാനും പോയില്ല. "

സരസ്വതിയമ്മയെ രാഘവന്‍നായര്‍ കൂടല്ലൂരു നിന്ന് കല്യാണം കഴിച്ചു കൊണ്ടുവന്നത് നാല്‍പ്പത്തഞ്ച് വര്‍ഷംമുമ്പായിരുന്നു. മൂന്ന് പെണ്‍മക്കളാണ്‌ അവര്‍ക്ക്. പത്തു വര്‍ഷം മുമ്പ് രാഘവന്‍നായര്‍ മരിച്ചു പോയി.മൂന്നു പെണ്‍മക്കളെയും അതിനിടെ കല്യാണം കഴിച്ചയച്ചിരുന്നു. യഥാക്രമം കുറ്റിപ്പുറത്തേക്കും, എറണാക്കുളത്തേക്കും, കൂറ്റനാട്ടേക്കും. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് വാര്‍ധക്യത്തിലുണ്ടായ ഒറ്റപ്പെടലിനു ശേഷം അവരെ ഉലച്ചു കളഞ്ഞ ഒന്നായിരുന്നു രണ്ടാമത്തെ മകളായ സുമയുടെ മരണം.
"കേന്‍സറായിരുന്നു. പാവം ഇന്റെ മോള്‌. കൊറേ കെടന്ന് കഷടപ്പെട്ടു. നല്ലോം മൂത്തിട്ടാ രോഗം അറിഞ്ഞത്..രണ്ടാങ്കുട്ട്യോളാ ഓള്‍ക്ക്. എടക്കൊന്ന് കാണണോന്ന് ആഗ്രഹം പറഞ്ഞാ ഒന്ന് മിന്നായം പോലെ അവറ്റേളെ കാട്ടീട്ട് കൊണ്ടോവും.പിന്നെ എളേ മോള്‌ ഇവടെ അട്‌ത്തന്നാ, ഇയ്ക്ക് വയ്യാണ്ടായീച്ചാലൊക്കെ ഓടി വരും. അത്ച്ച്‌ട്ട് ഇയ്ക്ക് എപ്പളും വയ്യാണ്ടെ കെടക്കാന്‍ പറ്റ്വോ?"

നിര്‍ത്താതെ സംസാരിക്കുന്നതിനിടയിലും അവരുടെ കണ്ണുകള്‍ സജലങ്ങളാവുകയും വാക്കുകള്‍ ഇടറുകയും ചെയ്യുന്നു. എനിക്കെന്തോ വല്ലായ്മ തോന്നി. ബിക്കി പടികളുടെ ഫോട്ടോയെടുക്കാനെന്ന ഭാവേന തിരിഞ്ഞു നടന്നു കളഞ്ഞു.
" അല്ല, ഇവിടെ നേരമ്പോക്കിന്‌, ..ടിവിയൊക്കെ കാണാറുണ്ടോ?"
വിഷയം മാറ്റാന്‍ വേണ്ടി ഞാന്‍ വെറുതെ ചോദിച്ചു.

"കാണാറുണ്ടോന്നോ?..സീര്യേല്‌ കാണലാ ഇന്റെ ഒറ്റ പണി !
പകലെത്തേം രാത്രീല്‍ക്കത്തേം എല്ലാ സീര്യേലും കാണും. "

" 'രഹസ്യം' കാണാറുണ്ടോ?"
"നീയ്യ് ഏത് നാട്ടിലാ...'രഹസ്യൊക്കെ കഴിഞ്ഞില്ലേ..! ഇപ്പോ പുത്യേത് തൊടങ്ങി. വിഗ്രഹം !...അയ്യോ ഇങ്ങളോട് സംസാരിച്ച് നിന്നിട്ട് ഇന്റെ കൂട്ടാന്റെം ഊപ്പേരീടേം കാര്യം മറന്നു. ഉപ്പേരി അടുപ്പത്താ..."
അവര്‍ വേവലാതിപ്പെട്ട് അടുക്കളയിലെക്ക് ഓടിപ്പോയി. എന്തുകൊണ്ടോ ചെറുതായി കനംവെച്ച മനസ്സുമായി ബൈക്ക് ഇറക്കി കൊണ്ടുവരാന്‍ പറ്റാത്ത പടികളും ചവിട്ടി കയറി ഞങ്ങളും തിരിച്ചുപോന്നു.                                       കാളമണ്ണില്‍ കളത്തില്‍ കുഞ്ഞിലക്ഷ്മിയമ്മ
ഞങ്ങള്‍ വടക്കോട്ടാണ്‌ യാത്ര തുടര്‍ന്നത്.ആ വഴി കൂറ്റനാട്ടേക്കും പട്ടാമ്പിയിലേക്കും പോകാവുന്നതാണ്‌. ഈ ഭാഗങ്ങളില്‍ റബ്ബര്‍ എസ്റ്റേറ്റുകള്‍ വ്യാപകമാണ്‌. ഈ ഭാഗങ്ങളിലെ പല ആഢ്യഭവനങ്ങളും ഇപ്പോള്‍ പുലര്‍ന്നു പോരുന്നത് റബ്ബര്‍ കൃഷി കൊണ്ടാണ്‌. അതു പോലെ തന്നെ മെറ്റല്‍ ക്രഷര്‍ യൂണിറ്റുകളും. കാതടപ്പിക്കുന്ന ശബ്ദത്തോടെ ആഴ്ചയില്‍ ആറു ദിവസവും ഇവ പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ പ്രത്യാഘാതമായി കുന്നിന്റെ മറ്റേ ചെരുവില്‍ വീടുകള്‍ക്ക് വിള്ളലുകളും കണ്ടു തുടങ്ങിയിട്ടുണ്ട്. കൂറ്റനാടു വെച്ച് ഞങ്ങള്‍ ഗുരുവായൂര്‍ പാലക്കാട് പാത മുറിച്ചു കടന്നു. തൃത്താലയായിരുന്നു ഞങ്ങള്‍ക്ക് പോവേണ്ടിയിരുന്നത്.
ഇടക്ക് കുടുംബശ്രീക്കാര്‍ നടത്തുന്ന ഒരു ഹോട്ടല്‍ കണ്ടപ്പോള്‍ നിറുത്തി ഊണു കഴിച്ചു.
(പാചകം പെണ്ണുങ്ങളുടേതാണല്ലോ രുചികരമാവുമല്ലോ എന്നു കരുതിയാണ്‌ അവിടം തെരഞ്ഞെടുത്തതെങ്കിലും ആ ധാരണ തെറ്റായിരുന്നുവെന്ന് മനസ്സിലായി!) തൃത്താലയില്‍ ഭാരതപ്പുഴക്ക് കുറുകെ ഒരു റഗുലേറ്റര്‍ കം ബ്രിഡ്ജുണ്ട്. അതിന്റെ തുറന്നിട്ട ഷട്ടറുകള്‍ക്ക് മുമ്പില്‍ മീന്‍പിടുത്തക്കാരുണ്ട്. കരിമീന്‍, വാള തുടങ്ങിയവയാണ്‌ വേട്ട. കരിമീന്‍ കിലോക്ക് ഇരുനൂറുരൂപക്കാണ്‌ അവര്‍ വില്‍ക്കുന്നത്. ഭാരതപ്പുഴക്ക് സമാന്തരമായി വീണ്ടും യാത്ര തുടരുമ്പോഴാണ്‌ യാദൃശ്ഛികമായി കുഞ്ഞിലക്ഷ്മിയമ്മയുടെ വീട് കാണുന്നത്, ഗംഭീരമായ ഒരു പടിക്കെട്ടുണ്ട് ആ വീട്ടിലേക്ക്. പഴയ ഒരു നാലുകെട്ടിന്റെ ഒരവശിഷ്ടം. മുന്‍വശത്ത് ഒരു വൃദ്ധനുണ്ട്. ഫോട്ടോയെടുക്കട്ടെ എന്നു ചോദിച്ചപ്പോള്‍ വിസമ്മതമൊന്നും പറഞ്ഞില്ല. പകരം ഭാര്യയെ വിളിച്ചു.അവരാണ്‌ കുഞ്ഞിലക്ഷ്മിയമ്മ, വീട് അവരുടേതാണ്‌. നാരായണപ്പണിക്കര്‍ അവരുടെ സംബന്ധക്കാരനായി അവിടെ വന്നതാണ്‌. പുരുഷാധിപത്യം (Patriarchal) നടമാടിയിരുന്ന ഒരു കാലമായിട്ടു പോലും കാലം ചെയ്തു പോയ മരുമക്കത്തായം കേരളത്തിലെ നായര്‍സ്ത്രീകള്‍ക്ക് ചില സവിശേഷാധികാഅരങ്ങള്‍ കല്‍പ്പിച്ചു നല്‍കിയിരുന്നു. അതുകൊണ്ടായിരിക്കണം ഇത് എന്റെ വീടല്ല എന്ന് നാരായണപ്പണിക്കര്‍ പറഞ്ഞതും. കുഞ്ഞുലക്ഷ്മിയമ്മയാണ്‌ ഞങ്ങളോട് തറവാടിന്റെ പുരാവൃത്തം പറഞ്ഞത്. ഉഗ്ര പ്രതാപികളായ ഒരു മാടമ്പി നായര്‍ തറവാടായിരുന്നു കാലമണ്ണില്‍കളത്തില്‍. സാമൂതിരിയുടെ പടനായന്‍മാരായിരുന്നത്രേ പൂര്‍വികര്‍. പണ്ട് ഈ വീടിന്റെ പടിപ്പുരക്ക് മുന്നിലൂടെ പോകാന്‍ തലേക്കെട്ടുകാരൊന്നും(മുസ്ലീങ്ങളായിരിക്കണം) ധൈര്യപ്പെടുമായിരുന്നില്ല. കാരണവന്‍മാര്‍ ആരെയും കൂസിയിരുന്നില്ല. നാട്ടിലെ മറ്റൊരു പ്രമാണികളായിരുന്ന കൂടല്ലൂര്‍ മനക്കാരോട് ഉരസിയതിന്റെ ഭാഗമായിട്ടാണ്‌ ഇന്നു കാണുന്ന തറവാട്ടുവീട് നിര്‍മ്മിച്ചതും. അന്ന് വീടുപണിഞ്ഞ് ഓട് മേയാന്‍ തുടങ്ങിയപ്പോള്‍ മനയിലെ തിരുമേനിമാര്‍ തടഞ്ഞു. അവര്‍ക്കു മാത്രമാണത്രേ ഓടുമേയാനുള്ള അവകാശം. എവിടുത്തെ ന്യായമാണിത് ? അന്നത്തെ കാരണവര്‍ ചേനു നായര്‍ കേസും കൊണ്ട് മദ്രാസ് ഹൈക്കോര്‍ട്ട് വരെ പോയി. അങ്ങനെ 1865 ല്‍ പണിതതാണ്‌ ഈ വീട്. കാലക്രമേണ ശോഷിച്ചു പോയ തറവാട്ടിന്റെ ഒരു ഭാഗം കുഞ്ഞുലക്ഷ്മിയമ്മക്ക് കിട്ടി. അവര്‍ക്ക് മക്കളില്ല . അവിവാഹിതയായ മധ്യവയസ്സിലെത്തിയ അനിയത്തിയും അവരോടൊപ്പമാണ്‌ താമസം.ഇപ്പോഴും ശക്ത്യാരാധികയായി തുടരുന്ന ചേച്ചിയെ അപേക്ഷിച്ച് അനിയത്തി ഒരു മിണ്ടാപ്രാണിയാണ്‌.


ചുവരില്‍ നിറയെ പിതാമഹന്‍മാരുടെയും കാരണവന്‍മാരുടെയും ഫോട്ടോഗ്രാഫുകളാണ്‌.ഗാംഭീര്യം തുളുമ്പുന്ന മുഖങ്ങള്‍. അനപത്യദു:ഖവും നിത്യദാരിദ്ര്യവും ഒട്ടൊക്കെ ഭാവരഹിതരാക്കി തീര്‍ത്തിട്ടുണ്ടെങ്കിലും സരസ്വതിയമ്മയും കുടുംബവും ജീവിതത്തോട് പൊരുതുന്നുണ്ട്. അവര്‍ക്ക് ഒരേക്കറോളം നെല്‍കൃഷിയുണ്ട്. കറുത്തോലി കൃഷിയാണത്. (കരിന്തറ എന്ന പേരിലും അറിയപ്പെടുന്ന ഈ നെല്‍വിത്ത് നല്ല പ്രതിരോധശേഷിയുള്ള ഒന്നാണ്‌. സാധാരണ നെല്‍വിത്തുകളേക്കാള്‍ ഉയരം കാണും. മേടമാസത്തിലാണ്‌ വിതക്കുക. കര്‍ക്കടകത്തിലെ മഴയെയും അതിജീവിക്കുന്ന ഇത് മകരമാസത്തില്‍ വിളവെടുക്കാറാവും.)                                                           (കറുത്തോലി പാടം)

തിരിച്ചിറങ്ങുമ്പോള്‍ അവര്‍ പടിക്കെട്ടിന്റെ കഥ കൂടി പറഞ്ഞു തന്നു. പടിക്കെട്ടിന്റെ സ്ഥാനത്ത് വലിയ ഒരു പടിപ്പുരയുണ്ടായിരുന്നത്രേ. 1929ലുണ്ടായ ഭയങ്കരമായ വെള്ളപ്പൊക്കത്തില്‍ അത് ഒലിച്ചു പോയത്രെ. വെള്ളപ്പൊക്കത്തിനു ശേഷം കാരണവര്‍ ചേനുനായര്‍ പക്ഷെ പുതിയ പടിപ്പുര പുതുക്കിപണിയാനൊന്നും മെനക്കെട്ടില്ല. പകരം കാണുന്നതാണ്‌ ഇന്നത്തെ കരിങ്കല്ലു കൊണ്ടുള്ള പടിക്കെട്ട്. പടികളിറങ്ങുമ്പോള്‍ എന്റെ മനസ്സില്‍ വേറിട്ടകാഴ്ച്ചകള്‍ക്കു വേണ്ടി മോഹന്‍ദാസേട്ടന്‍ (കെ എ മോഹന്‍ദാസ്) എഴുതിയ പഴയൊരു നരേഷന്‍ വാചകമായിരുന്നു ഓര്‍മ്മ വന്നത്.
"കാലം എല്ലാ സിംഹാസനങ്ങളെയും പുരാവസ്തുക്കളാക്കി മാറ്റും"
                                    ജി. സുശീലാമ്മ : ആനക്കര വടക്കത്ത്
സന്ധ്യയായി തുടങ്ങി, ഞങ്ങള്‍ ആനക്കര വടക്കത്തേക്കുള്ള യാത്രയിലാണ്‌. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനും ദേശീയപ്രസ്ഥാനത്തിനും ഒരുപിടി മഹാരഥന്‍മാരെ സമ്മാനിച്ചിട്ടുള്ള ഒരു തറവാടാണത്. ആ വീട്ടിലൊന്നു പോകാന്‍ വ്യക്തിപരമായ ഒരു ആഗ്രഹവും ഉണ്ടായിരുന്നു. ബാംഗ്ളൂരില്‍ ഞാന്‍ ജോലി ചെയ്തിരുന്ന ചാനലില്‍ ജോലിക്ക് ചേര്‍ന്ന എനിക്ക് ആദ്യം എഡിറ്റ് ചെയ്യാന്‍ തന്ന പ്രോഗ്രാം 'Myths and Legends 'എന്ന ട്രാവലോഗ് ആയിരുന്നു. രവിയേട്ടന്‍ (ചിന്ത രവീന്ദ്രന്‍) ആയിരുന്നു അതിന്റെ പ്രൊഡ്യൂസര്‍. ആനക്കര വടക്കത്തെ ജി സുശീലാമ്മയെ കേന്ദ്രമാക്കിയായിരുന്നു ആ എപ്പിസോഡ്. നല്ല ഒഴുക്കുള്ള ഇംഗ്ളീഷില്‍ അവര്‍ തന്റെ തറവാടിനെ കുറിച്ചും നാടിനെ കുറിച്ചും അതില്‍ വിശദീകരിക്കുന്നുണ്ട്. അന്ന്‌ മനസ്സിലുറപ്പിച്ചതായിരുന്നു എന്നെങ്കിലും അവിടെയൊന്നു പോകണമെന്നും അവരെയൊന്നു കണ്ടു സംസാരിക്കണമെന്നും. ആനക്കരയില്‍ ഒരന്തിചന്തയുണ്ട്. പൊന്നാനിയില്‍ നിന്നും വൈകുന്നേരത്തെ മീന്‍ എത്തുന്നതോടെയാണ്‌ അത് സജീവമാവുക. അങ്ങാടിയില്‍ നിന്ന് അധികം ദൂരമില്ല ആനക്കര വടക്കത്തേക്ക്. ഇപ്പോഴും നന്നായി പരിരക്ഷിച്ചു പോരുന്ന ഒരു നാലുകെട്ടാണിത്. കുട്ടിമാളുവമ്മ, അമ്മു സ്വാമിനാഥന്‍, ക്യാപ്റ്റന്‍ ലക്ഷ്‌മി, ജി. സുശീല, മൃണാളിനി സരാഭായ് തുടങ്ങിയ സ്ത്രീരത്നങ്ങളെ ഭാരതത്തിന്‌ സമ്മാനിച്ച ഈ തറവാട്ടില്‍ സുശീലാമ്മയാണ്‌ ഇപ്പോള്‍ സ്ഥിരമായി താമസിക്കുന്നത്. ഒറ്റനോട്ടത്തില്‍ ഒരു വൃദ്ധ സദനം പോലെ തോന്നി വീടിനുള്ളിലേക്ക് കയറിയപ്പോള്‍. സുശീലാമ്മയുടെ ആശ്രിതരും ഉറ്റബന്ധുക്കളുമായി കുറച്ചു വൃദ്ധര്‍ മാത്രമേ ആ വീട്ടിലുള്ളു. സുശീലാമ്മ കൂറ്റനാട് സ്കൂളില്‍നിന്ന് എലമെന്ററി വിദ്യാഭ്യാസം കഴിഞ്ഞ് ഉന്നതപഠനത്തിനായി മദ്രാസിലേക്കു പോവുകയായിരുന്നു. മദ്രാസ് വിമന്‍സ് കൃസ്ത്യന്‍ കോളേജില്‍ ബിരുദത്തിനു പഠിക്കുമ്പോഴേ സ്വാതന്ത്ര്യ സമരത്തില്‍ സജീവ പങ്കാളിത്തം വഹിച്ച് കോളേജ് അധികാരികളുടെ കണ്ണിലെ കരടായി മാറി. പഠിക്കുന്നതിനിടെ നിരവധി തവണ കോളേജില്‍ നിന്ന് ശിക്ഷാനടപടികള്‍ നേരിട്ടിരുന്നു. ബിരുദം കഴിഞ്ഞ് മദ്രാസിലെ തന്നെ ലേഡി വെല്ലിംഗ്ടണ്‍ കോളേജില്‍ ബി എഡിന്‌ ചേര്‍ന്ന ഉടനെയായിരുന്നു ക്വിറ്റിന്ത്യാ സമരം പൊട്ടിപ്പുറപ്പെട്ടത്. കോണ്‍ഗ്രസ്സ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന കേ പി മേനോന്റെ മകള്‍ക്ക് അടങ്ങിയിരിക്കാനാവുമായിരുന്നില്ല. പിതാവിന്റെ നിര്‍ലോഭമായ പിന്തുണയും കൂടിയായപ്പോള്‍ സുശീലാമ്മ ബ്രിട്ടീഷ് രാജിനെതിരെ തെരുവിലിറങ്ങി. രണ്ടുവര്‍ഷത്തെ കഠിനതടവിന്‌ ശിക്ഷിച്ച് വെല്ലൂര്‍ ജയിലിലേക്കയച്ചായിരുന്നു സര്‍ക്കാര്‍ അതിനോട് പ്രതികരിച്ചത്. ജെയിലില്‍ കൊടിയ പീഡനങ്ങളും അവര്‍ക്ക് നേരിടേണ്ടി വന്നു. സ്വാതന്ത്ര്യത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയ സുശീലാമ്മ ഒരു സ്ഥാനമാനങ്ങള്‍ക്കും പിടികൊടുത്തില്ല. അധ്യപികയായും സര്‍വോദയ പ്രവര്‍ത്തകയായും സ്ത്രീകളെ ബോധവല്‍ക്കരിച്ചും അവര്‍ ശിഷ്ടകാലം കഴിച്ചുക്കൂട്ടി.ഫ്രാന്‍സിലും അമേരിക്കയിലും സ്ഥിരതാമസക്കാരായ മക്കളോടൊപ്പം താമസിക്കാന്‍ വിസ്സമ്മതിച്ച് നാട്ടില്‍ തന്നെ ശിഷ്ടകാലം ചിലവിടാനാണായിരുന്നു തൊണ്ണൂറു വയസ്സുള്ള ഈ വന്ദ്യവയോധികയുടെ തീരുമാനം. സന്ധ്യാ വിളക്ക് കൊളുത്തേണ്ട നേരമായെന്ന് ആരോ അറിയിച്ചു. വളരെ താല്‍പര്യപൂര്‍വം തുടര്‍ന്നിരുന്ന ആ സംഭാഷണം ഞങ്ങള്‍ക്ക് അവസാനിപ്പിക്കേണ്ടി വന്നു. വീണ്ടും വരണമെന്ന് പലവട്ടം നിര്‍ബന്ധിച്ചിട്ടാണ്‌ ആ അമ്മ ഞങ്ങളെ യാത്രയാക്കിയത്. പ്രസാദവതിയായ ആ അമ്മയെ കണാനായതും സംസാരിക്കാനായതും ഭാഗ്യമായി കരുതുന്നു. ഒരു ദിവസം മുഴുവന്‍ നീണ്ട അലച്ചിലിന്റെ ക്ഷീണം മുഴുവന്‍ പമ്പകടത്തുന്നതായിരുന്നു ആ അമ്മ ഞങ്ങള്‍ക്ക് പകര്‍ന്നുതന്ന ഊര്‍ജ്ജം.

വിട്ടു പോയത്:ഇത് എഴുതി കൊണ്ടിരിക്കുമ്പോള്‍ ഒരു പ്രദേശിക ചാനലില്‍ നിന്ന് ഒരു വാര്‍ത്ത കേള്‍ക്കാനായി. തൃശൂര്‍ നഗരത്തിന്റെ മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള അടുത്ത കേന്ദ്രമായി കണ്ടു വെച്ചിരിക്കുന്നത് കടങ്ങോടിനെയാണത്രേ. അങ്ങനെയാണെങ്കില്‍ കടങ്ങോട് മറ്റൊരു ലാലൂര്‍ ആകുമായിരിക്കും. മാത്രമല്ല നമ്മുടെ നാട്ടില്‍ അപൂര്‍വമായി അവശേഷിക്കുന്ന ഗ്രാമ്യപകൃതി കൂടെ തുടച്ചു നീക്കുക എന്നതുമായിരിക്കും അതിന്റെ അനന്തരഫലം.
                                                      ****************************
                                             കടങ്ങോട്ടെ പെട്ടിക്കടക്കാരന്‍ ശങ്കരേട്ടന്‍ :
(ബീഡി, സിഗരറ്റ്, നാരങ്ങമിഠായി, നന്നാരി സര്‍വത്ത് എന്നിവയുടേതാണ്‌ കച്ചവടം. പെട്ടിക്കടക്ക് എത്ര പ്രായമായി എന്ന് ശങ്കരേട്ടന്‌ അറിയില്ല. കുറേക്കാലമായി കച്ചവടം തുടങ്ങിയിട്ട് എന്നു മാത്രം അറിയാം.)
(വെള്ളം കൊറവ്‌ ചായയുമായി ഫോട്ടോഗ്രാഫര്‍ ബിക്കി. മികച്ച സ്പൈക്കറും നല്ലൊരു സെയില്‍സ് മാനേജറും കൂടിയായ ബിക്കി പക്ഷേ എല്ലാം ഉപേക്ഷിച്ച് ഈയാഴ്ച്ച ദുബായിക്ക് പോകാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്‌.)

Tuesday, 29 September, 2009

കാനനം

ഇലയനക്കങ്ങള്‍ , ചെറുകിളിയൊച്ചകള്‍
ഓര്‍മപോല്‍ ചിതറുമരുവി മുളങ്കാടുകള്‍ തന്‍ പിരിമുറുക്കങ്ങള്‍
കുറുനരിക്കൂവലുകള്‍ കരിയിലയിലുരയും ഉരഗവേഗങ്ങള്‍
തിരികെ വരുമലര്‍ച്ചകള്‍, ഒറ്റയാന്‍ നിലവിളികള്‍
ശബ്ദമുഖരിതമെന്നാകിലും
പതിയെയമരുമൊരു കാലൊച്ച കാതോര്‍ത്ത്
നിതാന്ത ജാഗ്രത്തിലെന്നുമീ കാടകം

ഫോട്ടോ: രണദിവെ

Tuesday, 7 April, 2009

ഒരു മലകയറ്റവും മറ്റു ചില വര്‍ത്തമാനങ്ങളും (ഭാഗം 1)

You say the hill's too steep to climb,
Chiding!
You say you'd like to see me try,
Climbing!
You pick the place and I'll choose the time And I'll climb
The hill in my own way
just wait a while, for the right day
And as I rise above the treeline and the clouds
(പിങ്ക് ഫ്ലോയ്ഡിന്റെ 'ഫിയര്‍ലെസ്സ്' എന്ന പാട്ടില്‍ നിന്ന്. )
"Are we there ..yet ? " അരുണ്‍പാലാണ്‌ . പാവം മൂന്നാമത്തെ പ്രാവശ്യമാണ്‌ അരുണ്‍ ഈ ഒരേ ചോദ്യം ചോദിക്കുന്നത്. ഞങ്ങള്‍ ഒരു മലകയറ്റത്തിന്റെ പാതിവഴിയിലാണ്‌. മൂന്നുദിവസത്തെ അവധി കിട്ടിയിരുന്നു. ചാരനിറമുള്ള ഓഫീസ് കെട്ടിടവും അതേ നിറത്തിലെ ആകാശവുമുള്ള ബാംഗ്ളൂരും വിട്ട് എങ്ങോട്ടെങ്കിലും രക്ഷപ്പെടാന്‍ എല്ലാവരും വെമ്പിനില്‍ക്കുകയായിരുന്നു. അങ്ങനെയാണ്‌ ഞങ്ങള്‍ മുന്നൂറ്റമ്പത് കിലോമീറ്ററുകള്‍ അകലെയുള്ള കുമാരപര്‍വതത്തിലേക്ക് ' ട്രെക്കിങ്ങ് ' നടത്താന്‍ തീരുമാനിക്കുന്നത്. പാതിദൂരം പോലും പിന്നിട്ടിട്ടില്ല, കാല്‍വണ്ണയിലെ പേശികള്‍ പ്രതിഷേധിക്കുന്നുണ്ട്.
"അല്ല വിപിന്‍ ,വെറുതെ ഒരു സംശയമാണ്‌..എന്തിനാണ്‌ നമ്മള്‍ മല കയറുന്നത്? "
അണപ്പ് മാറ്റുന്നതിനിടെ ഞാന്‍ വിപിനോട് ചോദിച്ചു.
" വ്യക്തമായ മറുപടി എനിക്കും ഇല്ല, പക്ഷേ കൂടുതല്‍ ഉയരത്തിലേക്ക് പോകും തോറും നമ്മുടെ ചിന്തകളും ഹൈ ആകും . you can feel it. It may be spiritual, romantic or even political ! "

വിപിന്‍ സതീഷാണ്‌ ഈ യാത്രയില്‍ ഞങ്ങളെ നയിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവനതപുരം മാര്‍ ഇവാനിയോസ് കോളേജില്‍ വിദ്യാര്‍ഥി സമരത്തിന്റെ മുന്‍നിരയില്‍ നിന്ന്‌ മുദ്രാവാക്യം വിളിച്ചിരുന്ന അതേ മാനസികാവസ്ഥയിലാണ്‌ വിപിന്‍ . നല്ല ഉറപ്പുള്ള മുഴങ്ങുന്ന ശബ്ദത്തില്‍ അയാള്‍ ഞങ്ങള്‍ക്ക് മുദ്രാവാക്യം വിളിച്ചു തന്നു.
" Is it heavy ? "
തളര്‍ച്ച വകവെക്കാതെ,ശ്വാസകോശം നിറയെ ശുദ്ധവായു നിറച്ച് ഞങ്ങള്‍ മറുവിളി വിളിച്ചു.
" Its a lie...Its a lie ...Its a lie..."

വിപിന്‍ സതീഷിനെ കുറിച്ച്:
ആറേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്‌..മാര്‍ ഇവാനിയോസ് കോളേജ് നില്‍ക്കുന്ന നാലാഞ്ചിറ ബസ് സ്റ്റോപ്പ്. കുട്ടികളെ കയറ്റാതെ ഒരു കെ എസ് ആര്‍ ടി സി ബസ്സ് പാഞ്ഞു പോകുന്നു. പോടുന്നനെ എവിടെ നിന്നോ പൊട്ടി വീണ പോലെ ഒരു ചെറുപ്പകാരന്‍ റോഡിന്റെ മധ്യത്തില്‍ പ്രത്യക്ഷപെട്ടു. അതിവേഗത്തില്‍ വരുന്ന ബസ്സ് ആ യുവാവിനെ തട്ടിതെറിപ്പിച്ചുവെന്നോര്‍ത്ത് സ്തബ്ധരായി പോയ വിദ്യാര്‍ഥികള്‍ പിന്നെ കണ്ടത് വലിയ ശബ്ദത്തോടെ ബസ്സ് ബ്രേക്കിടുന്നതാണ്‌. ഇരമ്പി കിതച്ച് നിന്ന ബസ്സിന്‌ ഇഞ്ചുകളോളം മാത്രം അകലത്തില്‍ ആ ചെറുപ്പക്കാരനും. അര മാത്രയുടെ നിശബ്ദതത, പിന്നെ ആഞ്ഞൊരൊടിയായിരുന്നു ബസ്സിന്റെ മുന്‍ഭാഗത്ത്.അപ്പോഴേക്കും മാര്‍ ഇവാനിയോസ് വിദ്യാര്‍ഥികള്‍ ബസ്സ് വളഞ്ഞിരുന്നു. വെളുത്തു കൊലുന്നനെയുള്ള ആ ചെറുപ്പക്കാരന്റെ പേര്‍ വിപിന്‍ സതീഷ് എന്നായിരുന്നു.

"ഞാനന്ന് S F Iയുടെ യൂണിറ്റ് സെക്രട്ടറിയായിരുന്നു. മാര്‍ ഇവാനിയോസ് അന്ന് അക്ഷരാര്‍ത്ഥതില്‍ ചുവപ്പുകോട്ട തന്നെയായിരുന്നു. വസന്തത്തിന്റെ ഇടിമുഴക്കത്തെ കുറിച്ചുള്ള ദിവാസ്വപ്നങ്ങളും ചോരതിളപ്പും എന്നെ മദോന്‍മത്തനാക്കിയിരുന്നു. ക്യാമ്പസിലെ ഏ ബീ വി പി ക്കാരെ വേട്ടയാടലായിരുന്നു എന്റെ മുഖ്യ പരിപാടി. വല്ലാതെ അഗ്രസ്സീവ് ആയിരുന്നു ഞാന്‍. കയ്യില്‍ രാഖി കെട്ടിയ ഏതെങ്കിലും ഒരുത്തനെ കിട്ടിയാല്‍ തല്ലിചതക്കുമായിരുന്നു. യൂ ഡി എഫ് സര്‍ക്കാര്‍ ഭരിക്കുന്ന കാലം. പാര്‍ട്ടിക്ക് എന്നും സെക്രട്ടേറിയറ്റ് നടക്കല്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ വേണമായിരുന്നു. മിക്ക ദിവസവും രാവിലെ സ്റ്റുഡന്റ്സ് സെന്ററിലേക്ക് ജില്ലാ സെക്രട്ടറി വിളിപ്പിക്കും, കൂടെ നിറുത്തും. എന്നിട്ട് കൈത്തണ്ടയില്‍ മുറുക്കി ഒറ്റപ്പിടിയാണ്‌. അതിന്റെ അര്‍ഥം ഞാന്‍ ഇരുനൂറോളം വിദ്യാര്‍ഥികളെ സംഘടിപ്പിക്കണമെന്നാണ്‌. എനിക്ക് അന്നത്‌ നിസ്സാരമായി സാധിക്കുമായിരുന്നു. സെക്രട്ടേറിയറ്റ് നട പിന്നെ ഉച്ചയോടെ ഒരു യുദ്ധക്കളമാവും !" .

വിപിന്റെ കോളേജിലെ അവസാനവര്‍ഷം. ആ വര്‍ഷമായിരുന്നു അബ്ജോത് വര്‍ഗീസ് എഡിറ്ററായുള്ള (ഇപ്പോള്‍ മനോരമ ന്യൂസ് ആലപ്പുഴ ലേഖകന്‍) കോളെജ്‌ മാഗസിന്‍ 'Mamma Im lost ' ഇറങ്ങിയത്. അതില്‍ അയാളെ കുറിച്ച് ഇങ്ങനെ എഴുതിയിരുന്നു. (ചിത്രത്തില്‍ ഞെക്കുക).


"മൂന്നാം വര്‍ഷമാവുമ്പോഴേക്ക് ഞാന്‍ കുടപ്പനക്കുന്നിലെ ആറെസെസ്സുകാരുടെ നോട്ടപ്പുള്ളിയായികഴിഞ്ഞിരുന്നു. ഒറ്റക്ക് ധൈര്യമായി എവിടേക്കും പോകാന്‍ കഴിയാത്ത അവസ്ഥ. സ്വയരക്ഷക്കു വേണ്ടി ഞാനന്ന് എളിയിലൊരു കത്തി കരുതുമായിരുന്നു. ഇടക്കിടക്ക് ആറെസെസ്സുകാര്‍ വീട്ടില്‍ വന്ന് അമ്മയെ ഭീഷണിപ്പെടുത്തും. വാടകവീട് പലതവണ മാറേണ്ടിവന്നു. അമ്മ എന്നെകൊണ്ട് ഒരുപാട് പൊറുതിമുട്ടിയിരുന്നു (ഇപ്പോഴും). അതിനിടക്കാണ്‌ ഒരു ദിവസം രാജ്മോഹന്‍ ഒരു ഗിറ്റാറും തൂക്കി ക്യാമ്പസിലേക്ക് വന്നത്, അവനെന്നെ പാട്ടുകള്‍ കേള്‍പ്പിച്ചു. ജോണ്‍ ലെനെനെയും പിങ്ക് ഫ്ലോയ്ഡിനെയും ബോബ് ദിലനെയും ബോബ് മര്‍ലിയേയും കേള്‍ക്കാന്‍ തുടങ്ങി. പ്രവീണ്‍ എനിക്ക് പുസ്തകങ്ങള്‍ തന്നു. സിനിമകള്‍ കാണാന്‍ തുടങ്ങിയതും ആയിടക്കായിരുന്നു. മലയാളം പഠിച്ചിട്ടില്ലാത്ത എനിക്ക് സനൂപ് 'ജെസ്സി'യും ശരത് 'കുറത്തിയും' ചൊല്ലിത്തന്നു. പാട്ടുകളുടെയും സിനിമകളുടെയും രാഷ്ട്രീയം എന്നെ കൊണ്ട് ചോദ്യങ്ങള്‍ ചോദിപ്പിച്ചു. എന്റെ ലോകം പതുക്കെ മാറിതുടങ്ങി. പ്രസ്ഥാനവും ഞാനും ചെയ്യുന്നത് ശരിയാണോ എന്ന സംശയം ഉണര്‍ന്നു.
" Who fucked up communism ...?  sick heads nothing else.."
എന്നു ജോണ്‍ ലെനെനോടൊപ്പം ഞാനും പറഞ്ഞു.. എനിക്ക് അഗ്രസീവ് ആവാന്‍ കഴിയാതായി തുടങ്ങി. എന്നില്‍ സ്നേഹം ഉറവപൊട്ടി തുടങ്ങി. കലാഭവന്‍ തീയറ്ററില്‍ വച്ചു കണ്ട  'The scent of green papaya' സിനിമയിലെ മുയി എന്ന കുട്ടിയുടേ ചെറിയ അനക്കങ്ങളും പപ്പായക്കറ നിലത്തു വീഴുന്ന കൊച്ചു ശബ്ദവും ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങി. പിന്നെ അതുവരെ ചെയ്തതൊന്നും ചെയ്യാന്‍ എനിക്കാവില്ലായിരുന്നു. ഞാന്‍ കശ്മീരിലേക്ക് ട്രെയിന്‍ കയറി.
" ഒരര്‍ഥത്തില്‍ അതൊരു ഒളിച്ചോട്ടമായിരുന്നു. പക്ഷേ മൈലുകള്‍ താണ്ടി ശ്രീനഗറിലെത്തിയപ്പോഴേക്കും തോറും എനിക്കൊരു കാര്യം മനസിലായി. ഞാന്‍ വെറുമൊരു ഉറുമ്പു മാത്രമാണെന്ന്. സ്വയം ഒരു ഉറുമ്പായി സങ്കല്‍പ്പിച്ച് അരിച്ചരിച്ച് ഞാന്‍ ഹിമാലയം കയറിയിറങ്ങി. തിരിച്ചു വരരുതെന്ന് മനസ്സിലുറപ്പിച്ചാണ്‌ പോയെതെങ്കിലും മടങ്ങി വന്ന് എന്നെ കാത്തിരിക്കുന്ന പ്രശ്നങ്ങളെ നേരിടണമെന്നു തോന്നി. മല തിരിച്ചിറങ്ങുമ്പോള്‍ ഞാന്‍ കാരണമൊന്നും കൂടാതെ കരഞ്ഞു കൊണ്ടിരുന്നു. മാസങ്ങള്‍ക്ക് ശേഷം ക്ഷീണിച്ചു വലഞ്ഞ ഒരു രൂപം വീട്ടില്‍ തിരിച്ചുകയറി. അമ്മ ഭക്ഷണം വിളമ്പിതന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അമ്മ ഇത്രമാത്രം ചോദിച്ചു.
" എങ്ങനെയുണ്ടായിരുന്നു ട്രിപ്പ് ?"
അമ്മക്കറിയാമായിരുന്നിരിക്കണം ഞാന്‍ തിരിച്ചു വരുമെന്ന് !.

"ഞാന്‍ തിരിച്ചുവരാന്‍ കാത്തിരിക്കുകയായിരുന്നു ഒരിക്കല്‍ ഞാന്‍ നോവിച്ചു വിട്ടവര്‍. സനൂപിനോടൊത്ത് വീട്ടിലേക്ക് നടക്കുമ്പോള്‍ മണ്ണന്തലയിലെ ആറെസെസ്സുകാര്‍ വെട്ടി.സ്വയരക്ഷക്കൊന്ന് പ്രതിരോധിക്കാന്‍ പോലും തോന്നിയില്ല. പുറത്ത് ആഴത്തിലുള്ള രണ്ട് വെട്ട്. സനൂപിന്റെ ചെവി തൂങ്ങിയാടി. ആറെസെസ്സിന്റെ ശിക്ഷാ പ്രമുഖ് സാരാനാഥിന്റെ മുമ്പില്‍ വീണുകിടന്ന് ഞാന്‍ കൈകൂപ്പി. ക്രൂരമായ മര്‍ദ്ദനത്തിനു ശേഷം അവര്‍ ഞങ്ങളെ വഴിയിലുപേക്ഷിച്ചു. "

വിപിന്‍ സ്തീഷിന്റേത് ഒറ്റപ്പെട്ട കഥയായിരിക്കില്ലെന്ന് എനിക്കറിയാം. കേരളത്തിലെ കാമ്പസുകളില്‍ നിന്ന് ഒരുപാട് വിപിന്‍ സതീഷുമാര്‍ ഇറങ്ങിപോയിട്ടുണ്ടാവും. അബ്ദുന്നാസര്‍ മദനിയേയും ഉമാഉണ്ണിയേയും എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് കന്‍വെന്‍ഷനുകളില്‍ കാണേണ്ടി വരുമ്പോള്‍ ഇനിയും വിപിന്‍ സതീഷുമാര്‍ ഉണ്ടാവും. അവരെ കൂടുതല്‍ നിരാശപ്പെടുത്തുന്നത് വീയെസിനേ പോലുള്ളവര്‍ പീ കേ പ്രകാശുമാരുടെ ഭാവനാസൃഷ്ടികള്‍ മാത്രമായിരുന്നു എന്നറിയുമ്പോഴാണ്. രാഷ്ട്രീയ ബോധം ജീവിതത്തില്‍ വളരെ പ്രകടമായി തന്നെ കാണിക്കുന്ന ഒരു സമൂഹം പക്ഷേ അതിവേഗം അരാഷ്ട്രീയവല്ക്കരണത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്‌. എം എന്‍ വിജയന്‍ മാഷ് തന്റെ ഒരു ലേഖനത്തില്‍*  ഇപ്രകാരം പറയുന്നു.

" ആഗോളതലത്തിലുള്ള വിദ്യാഭ്യാസത്തിന്റെ വ്യവസായവത്കരണവും പുതിയ മുതലാളിത്തത്തിന്റേതായ Compititive സമുദായത്തിന്റെ മത്സരവും. ഈ മത്സരത്തില്‍ ജയിച്ചാലേ മോചനമുള്ളൂ എന്ന് വിദ്യാര്‍ഥികള്‍ക്കുണ്ടായിട്ടുള്ള സമാന്യമായ തോന്നലും കൂടിച്ചേരുമ്പോഴാണ്‌ വിദ്യാഭ്യാസം അരാഷ്ട്രീയവല്ക്കരിക്കപ്പെടുവാനുള്ള പല കാരണങ്ങളില്‍ ഒന്ന്‌ ഉണ്ടാവുന്നത്. ആഗോളവത്കരനം വിദ്യാഭ്യാസത്തെ പൂര്‍ണ്ണമായും സബ്സിഡി നിര്‍ത്തിയ ഒരു കൃഷി പോലെ പൊതുവ്യാഘ്രങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാണ്‌ ചെയ്യുന്നത്"

ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള അന്തരം ഇല്ലാതാവുമ്പോള്‍ അവിടെ രാഷ്ട്രീയം നിശബ്ദമാവുന്നെന്നും അങ്ങനെയാണ്‌ പുതിയ സമൂഹം അരാഷ്ട്രീയവല്ക്കരിക്കപ്പെടുന്നതെന്ന് ചാള്‍സ് ബോദ്‌ലെയറും** പറയുന്നു. ആഗോളതൊഴില്‍ സാധ്യതകള്‍ക്കനുസരിച്ച് വിദ്യാഭ്യാസ മണ്ഡലത്തെ പരുവപ്പെടുത്തിയെടുത്ത മുതലാളിത്ത വ്യവസ്ഥിതിയില്‍ എത്രമേല്‍ കുറ്റമാരോപിച്ചാലും കേരളത്തിലേതുള്ള ഒരു വിദ്യാര്‍ഥിസമൂഹത്തിനെ അരാഷ്ട്രീയവല്ക്കരിച്ചു കൊണ്ടിരിരിക്കുന്നതില്‍ 'പാര്‍ടിക്കുള്ള' ഉത്തരവാദിത്തം കുറച്ചൊന്നുമല്ലെന്നു തോന്നുന്നു. എനിക്ക് കൂടുതല്‍ യോജിക്കാന്‍ തോന്നുന്നത് ബോദ്‌ലേയറിനോടാണ്‌ . അദ്ദേഹം പറഞ്ഞ കാരണം കൊണ്ടായിരിക്കണം സ്വന്തം ഭരണത്തില്‍ എസ് എഫ് ഐ നിഷ്ക്രിയമാവുന്നതും എതിര്‍ഭരണത്തില്‍ അക്രമാസക്തരാകുന്നതും.

" ഇലക്ഷന്‌ നാട്ടില്‍ പോണം. വോട്ട് ചെയ്യണം . ശശി തരൂരൊന്നും തിരോന്തരത്ത് നിന്ന് ജയിക്കാന്‍ പാടില്ല "
ഭാഗ്യം... വിപിന്‍ ഇപ്പോഴും കമ്യൂണിസ്റ്റാണ്‌ ! "

**********

മുറിച്ചു മാറ്റാനാവാഞ്ഞത്

സീന്‍ 5 ഏ
(ഇന്റീരിയര്‍)
അമ്മ ഹാളില്‍ സോഫയിലിരിക്കുന്നു. കയ്യില്‍ തലേദിവസം വിപിന്‍ ചുരുട്ടിക്കൂട്ടിയെറിഞ്ഞ ആപ്ലിക്കെഷന്‍ ഫോമുണ്ട് .പൂമുഖം കഴിഞ്ഞ് അകത്തേക്ക് വരുന്ന വിപിന്‍ അമ്മയുടെ കയ്യിലെ ഫോം കാണുന്നു. അയാള്‍ക്ക് കോപം വരുന്നു. മുഖത്ത് രക്തപ്പകര്‍ച്ച.
വിപിന്‍: " അമ്മാ..അമ്മ വെറുതെ മെനെക്കേടേണ്ട. എനിക്കാവില്ല കണ്ട ബാങ്കിലൊന്നും പണിയെടുക്കാന്‍, ഞാനെന്തായാലും ഈ ടെസ്റ്റ് എഴുതുന്നില്ല."
അമ്മ നിശബ്ദയായി തന്നെ തുടരുന്നു. അമ്മയുടെ പ്രതികരണം കാത്ത് നില്‍ക്കുന്ന വിപിന്‍, അവസാനം സഹികെട്ട് ..
" അമ്മാ..പ്ലീസ്..അമ്മ കുറച്ച് കൂടി വൈഡാംഗിളില്‍ കാര്യങ്ങളെ മനസ്സിലാക്കണം."
അമ്മ എഴുന്നേറ്റ് വിപിന്റെ കൈ കടന്നുപിടിച്ച് ബാല്‍ക്കണിക്ക് നേരെ നടക്കുന്നു, ബാല്‍ക്കണി ചൂണ്ടി കാണിച്ച്..
" ഇത്രമാത്രം വൈഡാംഗിളെ ഈ അമ്മക്കറിയാവൂ മോനേ..അത്ര മാത്രമേ ഏതൊരമ്മക്കും അറിയേണ്ടൂ..."

രണ്ടുപേരുടേയും ഇടയിലൂടെ കടന്ന് ബാല്‍ക്കണിക്ക് പുറത്തെ കെട്ടിടസമുച്ചയങ്ങളില്‍ നിശ്ഛലമാവുന്ന ക്യാമറ.


******************************************
* മാതൃഭൂമി : എം എന്‍ വിജയന്‍ റഫറന്‍സ് പതിപ്പ്
** മാതൃഭൂമി : 87-3


Tuesday, 6 January, 2009

'ഫോട്ടോ ഷൂട്ട്'

കിളികള്‍ കാലത്തിന്റെ
അനാദിയും അനന്തവുംകൊത്തികൊണ്ടുവന്ന്‌
ഇലയ്ക്കടിയില്‍ കൂടുകൂട്ടും.
ഇല ഒളിപ്പിച്ചുവെച്ച പൂക്കള്‍
കിളികളോടു പറയും:
എന്നെങ്കിലും ഇരുട്ടിന്റെ ചില്ലകളില്‍
മിന്നലായി പൂത്തിറങ്ങണം,
കാലത്തിനു കടക്കാന്‍പാലമാവണം.
ഒരു തുള്ളിക്കടലിന്‌ മുകളിലൂടെ
ഒരാകാശത്തുനിന്ന്‌ മറ്റൊരു മഹാകാശത്തിലേയ്ക്കുള്ള പാലം.
വി.കെ. ശ്രീരാമന്‍
*************************
ഉള്ളിലെവിടെയോ കുറേയധികം നേരം കൊളുത്തിപിടിച്ച് ആ നോട്ടം പൊടുന്നനെ എന്നില്‍ നിന്ന് പിന്‍വലിഞ്ഞുകളഞ്ഞു. തടയാന്‍ എന്റെ പ്രജ്ഞ വിഫലശ്രം നടത്തുന്നതിനിടെ ഞാനുണര്‍ന്നു പോയി. കൃത്യം അതേ സമയത്താണ്` മൊബൈലും റിങ്ങ് ചെയ്യുന്നത്. രെണുവാണ്‌ വിളിക്കുന്നത്, നേരം വെളുക്കുന്നത് കാണാന്‍ വരുന്നുണ്ടോ എന്ന്‌ ചോദിച്ച്.
"ഞാന്‍ അഞ്ചു മിനിറ്റില്‍ റെഡിയാവാം. "
രെണുവിനെ കാത്തിരിക്കുമ്പോഴും ആ നോട്ടത്തെ പറ്റിയായിരുന്നു ആലോചിച്ചത്.
''Desperate'' അവസാനം അങ്ങനെ സ്വയം വിലയിരുത്തി !
*************************
രെണു ക്യാമറയും കൊണ്ടായിരുന്നു വന്നത്, പാടത്ത് കടല്‍കാക്കകള്‍ ഇറങ്ങിയിട്ടുണ്ട് അവയുടെ പടമെടുക്കണം. അതാണ്‌ പരിപാടി. നല്ല തണുപ്പുണ്ട്, നേരിയ മൂടല്‍മഞ്ഞും . ഡിസംബറാണ്‌. മലയാളീകരിച്ചു പറഞ്ഞാല്‍ നല്ലപോലെ വൃശ്ചിക കുളിരുണ്ട് ! നേരം വെളുക്കുന്നത് കാണാനാണ്‌ ഇറങ്ങിയതെങ്കിലും നേരമപ്പോഴേക്കും ഏഴു കഴിഞ്ഞിരുന്നു. പാലം കഴിഞ്ഞ ഉടനെയുള്ള നായരുടെ ചായക്കടയില്‍ കയറി. ഒരു വീടിനോട് ചേര്‍ന്ന കടയാണത്. പെങ്ങാമുക്കിന്‌ കിഴക്കോട്ടും വടക്കോട്ടും ഇത്തരത്തിലുള്ള നായര്‍ ഹോട്ടലുകള്‍ ഒരുപാട്‌ കാണാം. ക്ഷയിച്ച തറവാടുകളിലെ പുത്രപ്രജകളായിരിക്കും അധികവും ഈ 'പ്രൊപ്രൈറ്റര്‍മാര്‍' !. ഇവിടുത്തെ നായര്‍ മരിച്ചു പോയി, ഭാര്യയും മകനുമാണിപ്പോള്‍ കട നടത്തുന്നത്.
രണ്ട് 'വെള്ളം കൊറവ്' ചായയും പറഞ്ഞിരിക്കുമ്പോഴാണ്‌ ക്യാമറക്കുള്ള ആദ്യത്തെ കാഴ്ച്ച കണ്ടത്.
പാലം കടന്നു വരുന്ന ഒരാന. കിഴൂര്‍ പൂരത്തിനുള്ള പോക്കാണെന്നു തോന്നുന്നു.
('ചാത്തനെല്ലൂര്‍ ശിവന്‍കുട്ടി'. ആനയുടെ പേരല്ല, ആനപ്പുറത്തിരിക്കുന്ന പാപ്പാന്റെ പേരാണ്‌ !)
രെണു സിഗരറ്റ് നീട്ടി,
"റഫീക്ക് അഹ്‌മദിന്റെ കവിത വായിച്ചില്ലേ? "
"ചിലതു നമ്മെ ദ്രവിപ്പിക്കുമെങ്കിലും
അവയൊഴിച്ചെന്തിനായുസ്സു ഭൂമിയില്‍...? "
കിങ്ങ്‌സാണ്‌. വെറുംവയറ്റിലാണ്‌ കൂമ്പ് വാട്ടുന്നത് !
ഞങ്ങള്‍ പാടത്തേക്കിറങ്ങാന്‍ തുടങ്ങുമ്പോഴാണ്‌ ചില നിറങ്ങള്‍ കണ്ണില്‍ പെട്ടത്, കോളേജിലേക്ക് പോകുന്ന പെണ്‍കുട്ടികള്‍. രെണു ക്യാമറ അതിനിടെ ബാഗില്‍ തിരികെ വെച്ചിരുന്നു. അത് പുറത്തെടുക്കുമ്പോഴേക്ക് കുട്ടികള്‍ ഞങ്ങളെ കടന്നു പോയി. രെണു എന്നിട്ടും ഒരു ടെലിലെന്‍സ് ഘടിപ്പിക്കുകയാണ്‌.
ഇനിയെന്തിനാണ്‌ ..അവര്‍ തിരിഞ്ഞു നോക്കേണ്ടേ? ഞാന്‍ ചോദിച്ചു.
" എന്റെ ക്യാമറക്ക് പെണ്‍കുട്ടികളുടെ സൈക്കോളജി അറിയാം".
ക്യാമറക്കു പിഴച്ചില്ല, ഒരു പത്തു മുപ്പത് മീറ്ററായപ്പോള്‍ ഇടതുവശത്തെ പെണ്‍കുട്ടി തിരിഞ്ഞുനോക്കുക തന്നെ ചെയ്തു. അല്ലെങ്കിലും പിന്തിരിഞ്ഞു നോക്കിപ്പിക്കുന്ന എന്തോ ആണ്‌ അവന്റെ attitude. അതവന്റെ ക്യാമറക്കും പകര്‍ന്നു കിട്ടിയതാവണം ! പാടത്തിന്റെ കീഴക്കെകര മങ്ങാടാണ്‌. നീര്‍ നായ്ക്കളുടെ കാഷ്ഠം ശേഖരിക്കാന്‍ തോട്ടുവരമ്പിലൂടെ നടന്നു പോകുന്ന പൊന്തന്‍മാടയെ സി വി ശ്രീരാമന്‍ വരച്ചു വെച്ചത് ഈ പാടശേഖരങ്ങള്‍ പശ്ചാത്തലമാക്കിയാണ്‌. സിവിയും മാടയും മങ്ങാട് പടവുകാരായിരുന്നു. രണ്ടുപേരും പാടത്തോട് വിടപറഞ്ഞുപോയി. നീര്‍നായ്ക്കളേയും ഈയിടെയായി കാണാനില്ലെന്നാണ്‌ മീന്‍കാരന്‍ ഹസന്‍ കുട്ടിക്കപറയുന്നത്. കുട്ടികാലത്ത് മനസ്സില്‍ അത്ഭുതത്തോടെ പതിഞ്ഞ ഒരു ചിത്രമായിരുന്നു ആരവത്തോടെ കടന്നുപോകുന്ന എരണ്ടക്കൂട്ടങ്ങളുടേത്. മഞ്ഞുകാലത്തെ വൈകുന്നേരങ്ങളിലായിരിക്കും അധികവും അത് കാണുക. ഇരുണ്ട ആകാശത്ത് ഒരു ചാപം വരച്ചുവെച്ച് അതിവേഗം അവ കടന്നു പോകും. എവിടേക്കാണിവ പോകുന്നത്? എവിടെനിന്നാണിവ വരുന്നത്? അന്നത്തെ എന്റെ ഉത്തരം കിട്ടാത്ത അതിശയങ്ങളായിരുന്നു അവ.
ഏതാണ്ട് അമ്പതിലധികം തരത്തിലുള്ള ജലപക്ഷികള്‍ എല്ലാവര്‍ഷവും കേരളത്തിലെ കോള്‍പാടങ്ങളിലെത്തുന്നുണ്ടത്രേ.ചാലക്കുടിപ്പുഴക്ക് വടക്കും ഭാരതപ്പുഴക്ക് തെക്കുമായി അറബിക്കടലിനരികോളം നീണ്ടു കിടക്കുന്ന പതിനായിരത്തിലധികം ഹെക്‌ടറുകളിലായി വ്യാപിച്ചു കിടക്കുന്ന, എന്റെ നാട്ടില്‍ പുഞ്ചപ്പാടമെന്നറിയപ്പെടുന്ന ഈ പാടങ്ങളിലേക്കാണ്‌ മഞ്ഞുകാലം ചെലവിടാന്‍ സൈബീരിയ മുതല്‍ ഹിമാലയം വരെ നിന്ന് ദേശാടനപക്ഷികള്‍ വരുന്നത്. വിരുന്നുകാരുടെ വരവ് വര്‍ഷം തോറും കുറഞ്ഞുവരികയാണെന്നാണ്‌ കണക്കുകള്‍ നിരത്തി പക്ഷിനിരീക്ഷകര്‍ ആകുലപ്പെടുന്നത്. ആഗോളതാപനിലയില്‍ വന്ന വ്യതിയാനവും കോള്‍പാടങ്ങളിലെ പക്ഷിവേട്ടയും ജലമലിനീകരണവും എല്ലാം കാരണങ്ങളായി ചൂണ്ടികാണിക്കപ്പെടുന്നുണ്ട്. പക്ഷിശാസ്ത്രജ്ഞര്‍ പറയുന്നതെന്തുമാകട്ടെ, കുറച്ചു വര്‍ഷങ്ങളായി വരുന്ന പക്ഷികളില്‍ അധികവും ഇവിടെ തന്നെ 'സെറ്റിലാ'കാനുള്ള ഒരു പ്രവണത കാണിക്കുന്നുണ്ട് . മങ്ങാടിനും ചെറുവത്താനി പടവിനും ഇടക്കായി പാടത്ത് ഒരൊറ്റപ്പെട്ട ദ്വീപുണ്ട്. 'കാക്കാതുരുത്ത്'. പേരു സൂചിപ്പിക്കുന്ന പോലെ കാക്കകളുടെ താവളമാണ്‌ അഞ്ചേക്കറോളം വരുന്ന മനുഷ്യവാസമില്ലാത്ത ആ ദ്വീപ്. കുറച്ച് വര്‍ഷമായി അവിടെ കാക്കകള്‍ മാത്രമല്ല ഉള്ളത്. മൂങ്ങാംകോഴികള്‍, നീലക്കോഴികള്‍,ഞാറ തുടങ്ങി ഡക്ക്,പെലിക്കന്‍ വര്‍ഗ്ഗങ്ങളില്‍ പെടുന്ന കുറെയധികം ദേശാടനപക്ഷികള്‍ അവിടെ കുടിപാര്‍പ്പുകാരായി കാക്കകള്‍ക്കൊപ്പം കൂടിയിട്ടുണ്ട്. പ്രജനനകാലം കഴിഞ്ഞ് വേനല്‍ കാലം പകുതിയോടടുക്കുമ്പോള്‍ തിരിച്ചുപോകേണ്ട ഈ കിളികള്‍ ഇപ്പോള്‍ ഇവിടെ സ്ഥിരതാമസക്കാരാണ്‌. കാക്കകളും നാടന്‍ കൊക്കുകളും 'മണ്ണിന്റെ മക്കള്‍' വാദം ഉയര്‍ത്തിതുടങ്ങിയോ എന്നറിയില്ല പക്ഷികളുടെ കലമ്പല്‍ കൊണ്ട് ശബ്ദമുഖരിതമാണ്‌ ആ ദ്വീപിപ്പോള്‍. എന്താണ്‌ കാക്കാതിരുത്തിനെ പക്ഷികള്‍ക്ക് ഇത്രമേല്‍ പ്രിയപ്പെട്ടതാക്കിയത് എന്നറിയില്ല. എന്തായാലും പക്ഷികളുടെ ഭാഷ അറിയുന്ന ഒരദൃശ്യദേവസാന്നിദ്ധ്യം അവിടെ ഉണ്ടെന്ന് വിശ്വസിക്കാനാണ്‌ എനിക്കിഷ്ടം. ദേശാടനക്കിളികളില്‍ എരണ്ടയാണ്‌ നെല്‍കൃഷിക്കാര്‍ക്ക് തലവേദന . എരണ്ടകള്‍ തിരിച്ചു പോകാന്‍ താരതമ്യേന സമയമെടുക്കും . ഞാറ്നട്ട പാടങ്ങളില്‍ എരണ്ടകളുടെ കൂട്ടത്തോടെയുള്ള ആക്രമണം ഏത് സമയവും പ്രതീക്ഷിക്കണം. എന്റെ ഗ്രാമത്തില്‍ നിന്ന് കുന്നംകുളത്തേക്ക് പോകുന്ന വഴിക്ക് വടുതല അങാടിയില്‍ ഒരു പഴയൊരു മാവുണ്ട്. നാലഞ്ച് വര്‍ഷമായി എരണ്ടകളുടെ 'ഹബ്ബാ'ണ്‌ ആ മാവ്. അവിടെ നിന്ന്‌ എരണ്ടകളുടെ മൂന്നുനാലു തലമുറകളെങ്കിലും പുറത്തിറങ്ങിയിട്ടുണ്ടാവണം. വെയില്‍ മൂത്തുതുടങ്ങിയപ്പോള്‍ ഞങ്ങള്‍ പാടത്തുനിന്ന് കയറി. കടല്‍ കാക്കകള്‍ പക്ഷേ അപ്പോഴും വേട്ട തുടങ്ങിയിട്ടില്ല. ഹസന്‍കുട്ടിക്കാടെ വര്‍ഷങ്ങളായുള്ള പക്ഷിനിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ അവറ്റ പാടത്തിറങ്ങാന്‍ വെയില്‌ നന്നായി മൂക്കണമത്രേ . പരലുകളാണ്` അവയുടെ ഇഷ്ടവിഭവം. പരലുകളും ജലോപരിതലത്തില്‍ എത്താന്‍ നേരെമെടുക്കുമായിരിക്കും. രെണു ഒരു പൊന്‍മയെ ഫോക്കസ് ചെയ്യാന്‍ ശ്രമിച്ചു. പൊന്‍മ നാടനാണെങ്കിലും ആളത്ര മോശക്കാരനല്ല . ഒരു ബുദ്ധഭിക്ഷുവിന്റെ ശാന്തചിത്തത്തില്‍ നിന്ന് ഒരു ഫൈറ്റര്‍ വിമാനത്തിന്റെ വേഗതയിലേക്കുള്ള പരാവര്‍ത്തനം അത്ര എളുപ്പമല്ലല്ലോ? വേറെയും ഫ്രെയിമുകളുണ്ടായിരുന്നു അവിടെ. മന്ദഗതിയില്‍ വെയില്‍കായുന്ന ഞാറകള്‍, നീലക്കോഴികള്‍,പാലത്തിനടിയില്‍ കൂടൊരുക്കാന്‍ ചുള്ളി ശേഖരിച്ച് പതിയെ പറന്നുവരുന്ന അമ്പലപ്രാവുകള്‍..

ഇസ്മയില്‍: ജലജീവിതം
പാലത്തിലേക്ക് കയറിയപ്പോഴാണ്‌ അവിടെ വേറൊരു ദേശാടനക്കിളി കൂടി നില്‍ക്കുന്നത് കണ്ടത്. ഇസ്മയിലാണ്‌ അത്. ഇസ്മയില്‍ എന്റെ നാട്ടുകാരനാണ്‌. പാലത്തിനടിയിലെ കള്ളുഷാപ്പില്‍ നിന്നുള്ള വരവാണ്‌. (ദിവസവും രണ്ടുമൂന്നു കിലോമീറ്റര്‍ നടന്നാണ്‌ അയാള്‍ പാടത്തിനടുത്തുള്ള ഷാപ്പിലെത്തിപ്പെടുന്നത്. അതു കൊണ്ടാണ്‌ ദേശാടനക്കിളി എന്നെഴുതിയത്.) ചുമട്ടു തൊഴിലാളിയായിരുന്നു ഇസ്മയില്‍. ഇപ്പോള്‍ തന്റെ ലൈസന്‍സ് മകന്‌ കൈമാറി സ്വതന്ത്രനായി. അരാജകത്വം എന്ന വാക്കിന്റെ അര്‍ത്ഥം ഇസ്മയിലനറിയാന്‍ വഴിയില്ല. അയാള്‍ ഒരു അരാജകവാദിയാണോ എന്നറിയില്ല , എന്നിരുന്നാലും എപ്പോഴും സ്വതന്ത്രനായ പക്ഷിയായിരുന്നു അയാള്‍. അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴിയില്‍ ഒരു സിസ്റ്റത്തിനും അയാള്‍ പിടികൊടുത്തില്ല. നിരന്തരമായ മദ്യപാനം അയാളുടെ ശരീരത്തെ ശോഷിപ്പിച്ചിട്ടുണ്ടെങ്കിലും എനിക്കുതോന്നുന്നത് അയാളായിരിക്കും ഇപ്പോഴും എന്റെ ഗ്രാമത്തിലെ ഏറ്റവും സന്തോഷവാന്‍മാരില്‍ ഒരാള്‍ എന്നാണ്‌.
കുന്നംകുളം അബ്കാരി റേഞ്ചില്‍ ഉള്‍പ്പെടുന്ന പുഴക്കല്‍ ഷാപ്പില്‍ രാവിലെത്തെ ക്വാറം തികയാന്‍ ഇസ്മയിലിനെ കൂടാതെ ചുവന്ന കുപ്പായക്കാരന്‍ കുപ്പ, ഈ എസ് കെ , നായാടി വാസവന്‍, എന്നിവരും കൂടി വേണം. കുപ്പയാണ്‌ കൂട്ടത്തില്‍ ഏറ്റവും സീനിയര്‍. ചുവന്ന ഷര്‍ട്ട് മാത്രമേ ധരിക്കൂ. അത് കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ ഉറ്റ ഭക്തനായതു കൊണ്ടാണ്‌. മഞ്ഞപ്പിത്തത്തിന്‌ നല്ലൊരു ഒറ്റമൂലി പാരമ്പര്യമായി കുപ്പക്ക് പകര്‍ന്നു കിട്ടിയിട്ടുണ്ട്. ആ വഴിക്കാണ്‌ കുപ്പക്ക് നാട്ടില്‍ പ്രശസ്തി. കുപ്പയെ മൂന്നു നാലു വര്‍ഷം മുമ്പ് വേറിട്ടകാഴ്ച്ചകള്‍ക്ക് വേണ്ടി ഞങ്ങള്‍ ഷൂട്ട് ചെയ്തിരുന്നു. അതിലെ ഒരു സെഗ്‌മെന്റ് ഈ ഷാപ്പില്‍ വെച്ചായിരുന്നു. അങ്ങനെയാണ്‌ ഈ ടിമിനെ കൂടുതല്‍ അറിയുന്നത്. എട്ടാന്തറയില്‍ ശങ്കരന്‍ കുഞ്ഞുമോന്‍ എന്ന 'ഈ എസ് കെ' പണ്ട് സംവിധായകന്‍ പവിത്രന്റെ ഡ്രൈവറായിരുന്നു എന്നവകാശപ്പെടുന്നുണ്ട്. ഘ്രാണശക്തികൊണ്ട് ആമയെ കണ്ടെത്തുവാന്‍ കഴിവുള്ള വാസവന്‍ കുറച്ചകലെയുള്ള നായാടിക്കോളനിയിലാണ്‌ താമസം. അയാളെ പക്ഷേ അവിടെ കണ്ടുകിട്ടുക എളുപ്പമൊന്നുമല്ല. അയാള്‍ എപ്പോഴും പൊന്തക്കാടുകളില്‍ ആമകളെ തെരെയുകയോ ഇല്ലങ്കട്ടി പോലുള്ള ഔഷധചെടികള്‍ പറിച്ചെടുക്കുകയോ ആവും.
ഇസ്മയിലിനോട് യാത്ര പറഞ്ഞ് വരുമ്പോഴാണ്‌ ഈ കാഴ്ച്ച കണ്ടത്. വെട്ടിനിരത്തലാണ്‌. അന്തരിച്ച കോണ്‍ഗ്രസ്സ് MLA കെ സി നാരായണന്‍ നമ്പൂതിരിയുടെ (വടക്കാഞ്ചേരി നിയോജക മണ്ഡലം) മനപറമ്പിലെ കവുങ്ങിന്‍ തോട്ടം.വീടു വെക്കാനാണെന്നു തോന്നു. 'പ്രകൃതിവാദം വികസനവിരുദ്ധം 'എന്ന സഖാവ് പിണറായിയുടെ പ്രസ്താവന മനക്കലെ ഇപ്പോഴും കോണ്‍ഗ്രസ്സുകാര്‍ തന്നെയായ തിരുമേനിമാര്‍ തിരിച്ചറിഞ്ഞ മട്ടുണ്ട്!
സ്കൂളില്‍ പഠിക്കുന്ന കാലത്ത് , പത്തിലെത്തിയപ്പഴോ മറ്റോ ആദ്യമായി ക്ലാസ് കട്ട് ചെയ്തു. പെട്ടെന്നാരും തിരിച്ചറിയാനിടയില്ലാത്ത ഒരു സ്ഥലം തേടി നടന്ന ഞങ്ങള്‍ കൂട്ടുകാര്‍ എത്തിപ്പെട്ടത് ആ മനപറമ്പിലായിരുന്നു. നട്ടുച്ചക്കും ഇരുട്ടുവീഴ്ത്തുന്ന നിബിഡമായ കവുങ്ങിന്‍ പറമ്പ്, അതിനോട് ചേര്‍ന്ന് യക്ഷികളെ തളച്ചിട്ടുള്ള കാഞ്ഞിരവും കൂടാതെ പേരറിയാത്ത നിരവധി ഭീമന്‍ മരങ്ങളും പാമ്പിന്‍ കാവും ഉള്ള മനപറമ്പും.കവുങ്ങിന്‍ തോട്ടത്തിലൂടെ നടന്ന ഞങ്ങള്‍ക്ക് മീതെ, അടക്കാമരങ്ങള്‍ക്കിടയിലൂടെ ഒരു ഭീമന്‍ കടവാതില്‍ ചിറകടിച്ചു പറന്നുപോയി. അന്ന് പേടിച്ചു വിറച്ചുപോയെങ്കിലും അത്ര ഭയാനക സൌന്ദര്യം നിറഞ്ഞ ഒരു ഫ്രെയിം പിന്നീടെനിക്കിതുവരെ നേരില്‍ കാണാനായിട്ടില്ല.
ഇത് ശ്രീലക്ഷ്മിയും ആതിരയും. പെങ്ങാമുക്ക് സ്കൂളിലെ യു പി വിദ്യാര്‍ഥികള്‍. രണ്ടു പേരും അവരവര്‍ക്ക് കിട്ടിയിട്ടുള്ള ക്രിസ്മസ്, പുതുവത്സര കാര്‍ഡുകള്‍ ഞങ്ങള്‍ക്ക് കാണിച്ച് തന്നു. കൂട്ടുകാര്‍ക്ക് ന്യൂ ഇയറിന്‌ സമ്മാനിക്കാന്‍ ആതിര സ്വന്തമായി കാര്‍ഡ് നിര്‍മിക്കുകയാണ്‌. ആര്‍ച്ചീസിനെ പറ്റിയൊന്നും ആ കുട്ടി കേട്ടിട്ടു പോലുമുണ്ടായിരിക്കില്ല. അവള്‍ നിര്‍മിക്കുന്ന കാര്‍ഡില്‍ നക്ഷത്രങ്ങളുടേയും മലഞ്ചെരുവില്‍ സ്ഥിതി ചെയ്യുന്ന ഒരു വീടിന്റെയും ചിത്രങ്ങളുണ്ട്. അത് ആതിര സ്വന്തമായി വരച്ചതാണ്‌. !
അതായിരുന്നു ഇക്കഴിഞ്ഞ വെക്കേഷനിലെ ഏറ്റവും നല്ല ദിവസം . അടഞ്ഞു പോയിരുന്ന എന്റെ മന്സ്സിനെ തുറപ്പിക്കാന്‍ ഇത്രയും കാഴ്ച്ചകള്‍ ധാരാളമായിരുന്നു. രെണുവിന്‌ നന്ദി