Tuesday, 6 January, 2009

'ഫോട്ടോ ഷൂട്ട്'

കിളികള്‍ കാലത്തിന്റെ
അനാദിയും അനന്തവുംകൊത്തികൊണ്ടുവന്ന്‌
ഇലയ്ക്കടിയില്‍ കൂടുകൂട്ടും.
ഇല ഒളിപ്പിച്ചുവെച്ച പൂക്കള്‍
കിളികളോടു പറയും:
എന്നെങ്കിലും ഇരുട്ടിന്റെ ചില്ലകളില്‍
മിന്നലായി പൂത്തിറങ്ങണം,
കാലത്തിനു കടക്കാന്‍പാലമാവണം.
ഒരു തുള്ളിക്കടലിന്‌ മുകളിലൂടെ
ഒരാകാശത്തുനിന്ന്‌ മറ്റൊരു മഹാകാശത്തിലേയ്ക്കുള്ള പാലം.
വി.കെ. ശ്രീരാമന്‍
*************************
ഉള്ളിലെവിടെയോ കുറേയധികം നേരം കൊളുത്തിപിടിച്ച് ആ നോട്ടം പൊടുന്നനെ എന്നില്‍ നിന്ന് പിന്‍വലിഞ്ഞുകളഞ്ഞു. തടയാന്‍ എന്റെ പ്രജ്ഞ വിഫലശ്രം നടത്തുന്നതിനിടെ ഞാനുണര്‍ന്നു പോയി. കൃത്യം അതേ സമയത്താണ്` മൊബൈലും റിങ്ങ് ചെയ്യുന്നത്. രെണുവാണ്‌ വിളിക്കുന്നത്, നേരം വെളുക്കുന്നത് കാണാന്‍ വരുന്നുണ്ടോ എന്ന്‌ ചോദിച്ച്.
"ഞാന്‍ അഞ്ചു മിനിറ്റില്‍ റെഡിയാവാം. "
രെണുവിനെ കാത്തിരിക്കുമ്പോഴും ആ നോട്ടത്തെ പറ്റിയായിരുന്നു ആലോചിച്ചത്.
''Desperate'' അവസാനം അങ്ങനെ സ്വയം വിലയിരുത്തി !
*************************
രെണു ക്യാമറയും കൊണ്ടായിരുന്നു വന്നത്, പാടത്ത് കടല്‍കാക്കകള്‍ ഇറങ്ങിയിട്ടുണ്ട് അവയുടെ പടമെടുക്കണം. അതാണ്‌ പരിപാടി. നല്ല തണുപ്പുണ്ട്, നേരിയ മൂടല്‍മഞ്ഞും . ഡിസംബറാണ്‌. മലയാളീകരിച്ചു പറഞ്ഞാല്‍ നല്ലപോലെ വൃശ്ചിക കുളിരുണ്ട് ! നേരം വെളുക്കുന്നത് കാണാനാണ്‌ ഇറങ്ങിയതെങ്കിലും നേരമപ്പോഴേക്കും ഏഴു കഴിഞ്ഞിരുന്നു. പാലം കഴിഞ്ഞ ഉടനെയുള്ള നായരുടെ ചായക്കടയില്‍ കയറി. ഒരു വീടിനോട് ചേര്‍ന്ന കടയാണത്. പെങ്ങാമുക്കിന്‌ കിഴക്കോട്ടും വടക്കോട്ടും ഇത്തരത്തിലുള്ള നായര്‍ ഹോട്ടലുകള്‍ ഒരുപാട്‌ കാണാം. ക്ഷയിച്ച തറവാടുകളിലെ പുത്രപ്രജകളായിരിക്കും അധികവും ഈ 'പ്രൊപ്രൈറ്റര്‍മാര്‍' !. ഇവിടുത്തെ നായര്‍ മരിച്ചു പോയി, ഭാര്യയും മകനുമാണിപ്പോള്‍ കട നടത്തുന്നത്.
രണ്ട് 'വെള്ളം കൊറവ്' ചായയും പറഞ്ഞിരിക്കുമ്പോഴാണ്‌ ക്യാമറക്കുള്ള ആദ്യത്തെ കാഴ്ച്ച കണ്ടത്.
പാലം കടന്നു വരുന്ന ഒരാന. കിഴൂര്‍ പൂരത്തിനുള്ള പോക്കാണെന്നു തോന്നുന്നു.
('ചാത്തനെല്ലൂര്‍ ശിവന്‍കുട്ടി'. ആനയുടെ പേരല്ല, ആനപ്പുറത്തിരിക്കുന്ന പാപ്പാന്റെ പേരാണ്‌ !)
രെണു സിഗരറ്റ് നീട്ടി,
"റഫീക്ക് അഹ്‌മദിന്റെ കവിത വായിച്ചില്ലേ? "
"ചിലതു നമ്മെ ദ്രവിപ്പിക്കുമെങ്കിലും
അവയൊഴിച്ചെന്തിനായുസ്സു ഭൂമിയില്‍...? "
കിങ്ങ്‌സാണ്‌. വെറുംവയറ്റിലാണ്‌ കൂമ്പ് വാട്ടുന്നത് !
ഞങ്ങള്‍ പാടത്തേക്കിറങ്ങാന്‍ തുടങ്ങുമ്പോഴാണ്‌ ചില നിറങ്ങള്‍ കണ്ണില്‍ പെട്ടത്, കോളേജിലേക്ക് പോകുന്ന പെണ്‍കുട്ടികള്‍. രെണു ക്യാമറ അതിനിടെ ബാഗില്‍ തിരികെ വെച്ചിരുന്നു. അത് പുറത്തെടുക്കുമ്പോഴേക്ക് കുട്ടികള്‍ ഞങ്ങളെ കടന്നു പോയി. രെണു എന്നിട്ടും ഒരു ടെലിലെന്‍സ് ഘടിപ്പിക്കുകയാണ്‌.
ഇനിയെന്തിനാണ്‌ ..അവര്‍ തിരിഞ്ഞു നോക്കേണ്ടേ? ഞാന്‍ ചോദിച്ചു.
" എന്റെ ക്യാമറക്ക് പെണ്‍കുട്ടികളുടെ സൈക്കോളജി അറിയാം".
ക്യാമറക്കു പിഴച്ചില്ല, ഒരു പത്തു മുപ്പത് മീറ്ററായപ്പോള്‍ ഇടതുവശത്തെ പെണ്‍കുട്ടി തിരിഞ്ഞുനോക്കുക തന്നെ ചെയ്തു. അല്ലെങ്കിലും പിന്തിരിഞ്ഞു നോക്കിപ്പിക്കുന്ന എന്തോ ആണ്‌ അവന്റെ attitude. അതവന്റെ ക്യാമറക്കും പകര്‍ന്നു കിട്ടിയതാവണം ! പാടത്തിന്റെ കീഴക്കെകര മങ്ങാടാണ്‌. നീര്‍ നായ്ക്കളുടെ കാഷ്ഠം ശേഖരിക്കാന്‍ തോട്ടുവരമ്പിലൂടെ നടന്നു പോകുന്ന പൊന്തന്‍മാടയെ സി വി ശ്രീരാമന്‍ വരച്ചു വെച്ചത് ഈ പാടശേഖരങ്ങള്‍ പശ്ചാത്തലമാക്കിയാണ്‌. സിവിയും മാടയും മങ്ങാട് പടവുകാരായിരുന്നു. രണ്ടുപേരും പാടത്തോട് വിടപറഞ്ഞുപോയി. നീര്‍നായ്ക്കളേയും ഈയിടെയായി കാണാനില്ലെന്നാണ്‌ മീന്‍കാരന്‍ ഹസന്‍ കുട്ടിക്കപറയുന്നത്. കുട്ടികാലത്ത് മനസ്സില്‍ അത്ഭുതത്തോടെ പതിഞ്ഞ ഒരു ചിത്രമായിരുന്നു ആരവത്തോടെ കടന്നുപോകുന്ന എരണ്ടക്കൂട്ടങ്ങളുടേത്. മഞ്ഞുകാലത്തെ വൈകുന്നേരങ്ങളിലായിരിക്കും അധികവും അത് കാണുക. ഇരുണ്ട ആകാശത്ത് ഒരു ചാപം വരച്ചുവെച്ച് അതിവേഗം അവ കടന്നു പോകും. എവിടേക്കാണിവ പോകുന്നത്? എവിടെനിന്നാണിവ വരുന്നത്? അന്നത്തെ എന്റെ ഉത്തരം കിട്ടാത്ത അതിശയങ്ങളായിരുന്നു അവ.
ഏതാണ്ട് അമ്പതിലധികം തരത്തിലുള്ള ജലപക്ഷികള്‍ എല്ലാവര്‍ഷവും കേരളത്തിലെ കോള്‍പാടങ്ങളിലെത്തുന്നുണ്ടത്രേ.ചാലക്കുടിപ്പുഴക്ക് വടക്കും ഭാരതപ്പുഴക്ക് തെക്കുമായി അറബിക്കടലിനരികോളം നീണ്ടു കിടക്കുന്ന പതിനായിരത്തിലധികം ഹെക്‌ടറുകളിലായി വ്യാപിച്ചു കിടക്കുന്ന, എന്റെ നാട്ടില്‍ പുഞ്ചപ്പാടമെന്നറിയപ്പെടുന്ന ഈ പാടങ്ങളിലേക്കാണ്‌ മഞ്ഞുകാലം ചെലവിടാന്‍ സൈബീരിയ മുതല്‍ ഹിമാലയം വരെ നിന്ന് ദേശാടനപക്ഷികള്‍ വരുന്നത്. വിരുന്നുകാരുടെ വരവ് വര്‍ഷം തോറും കുറഞ്ഞുവരികയാണെന്നാണ്‌ കണക്കുകള്‍ നിരത്തി പക്ഷിനിരീക്ഷകര്‍ ആകുലപ്പെടുന്നത്. ആഗോളതാപനിലയില്‍ വന്ന വ്യതിയാനവും കോള്‍പാടങ്ങളിലെ പക്ഷിവേട്ടയും ജലമലിനീകരണവും എല്ലാം കാരണങ്ങളായി ചൂണ്ടികാണിക്കപ്പെടുന്നുണ്ട്. പക്ഷിശാസ്ത്രജ്ഞര്‍ പറയുന്നതെന്തുമാകട്ടെ, കുറച്ചു വര്‍ഷങ്ങളായി വരുന്ന പക്ഷികളില്‍ അധികവും ഇവിടെ തന്നെ 'സെറ്റിലാ'കാനുള്ള ഒരു പ്രവണത കാണിക്കുന്നുണ്ട് . മങ്ങാടിനും ചെറുവത്താനി പടവിനും ഇടക്കായി പാടത്ത് ഒരൊറ്റപ്പെട്ട ദ്വീപുണ്ട്. 'കാക്കാതുരുത്ത്'. പേരു സൂചിപ്പിക്കുന്ന പോലെ കാക്കകളുടെ താവളമാണ്‌ അഞ്ചേക്കറോളം വരുന്ന മനുഷ്യവാസമില്ലാത്ത ആ ദ്വീപ്. കുറച്ച് വര്‍ഷമായി അവിടെ കാക്കകള്‍ മാത്രമല്ല ഉള്ളത്. മൂങ്ങാംകോഴികള്‍, നീലക്കോഴികള്‍,ഞാറ തുടങ്ങി ഡക്ക്,പെലിക്കന്‍ വര്‍ഗ്ഗങ്ങളില്‍ പെടുന്ന കുറെയധികം ദേശാടനപക്ഷികള്‍ അവിടെ കുടിപാര്‍പ്പുകാരായി കാക്കകള്‍ക്കൊപ്പം കൂടിയിട്ടുണ്ട്. പ്രജനനകാലം കഴിഞ്ഞ് വേനല്‍ കാലം പകുതിയോടടുക്കുമ്പോള്‍ തിരിച്ചുപോകേണ്ട ഈ കിളികള്‍ ഇപ്പോള്‍ ഇവിടെ സ്ഥിരതാമസക്കാരാണ്‌. കാക്കകളും നാടന്‍ കൊക്കുകളും 'മണ്ണിന്റെ മക്കള്‍' വാദം ഉയര്‍ത്തിതുടങ്ങിയോ എന്നറിയില്ല പക്ഷികളുടെ കലമ്പല്‍ കൊണ്ട് ശബ്ദമുഖരിതമാണ്‌ ആ ദ്വീപിപ്പോള്‍. എന്താണ്‌ കാക്കാതിരുത്തിനെ പക്ഷികള്‍ക്ക് ഇത്രമേല്‍ പ്രിയപ്പെട്ടതാക്കിയത് എന്നറിയില്ല. എന്തായാലും പക്ഷികളുടെ ഭാഷ അറിയുന്ന ഒരദൃശ്യദേവസാന്നിദ്ധ്യം അവിടെ ഉണ്ടെന്ന് വിശ്വസിക്കാനാണ്‌ എനിക്കിഷ്ടം. ദേശാടനക്കിളികളില്‍ എരണ്ടയാണ്‌ നെല്‍കൃഷിക്കാര്‍ക്ക് തലവേദന . എരണ്ടകള്‍ തിരിച്ചു പോകാന്‍ താരതമ്യേന സമയമെടുക്കും . ഞാറ്നട്ട പാടങ്ങളില്‍ എരണ്ടകളുടെ കൂട്ടത്തോടെയുള്ള ആക്രമണം ഏത് സമയവും പ്രതീക്ഷിക്കണം. എന്റെ ഗ്രാമത്തില്‍ നിന്ന് കുന്നംകുളത്തേക്ക് പോകുന്ന വഴിക്ക് വടുതല അങാടിയില്‍ ഒരു പഴയൊരു മാവുണ്ട്. നാലഞ്ച് വര്‍ഷമായി എരണ്ടകളുടെ 'ഹബ്ബാ'ണ്‌ ആ മാവ്. അവിടെ നിന്ന്‌ എരണ്ടകളുടെ മൂന്നുനാലു തലമുറകളെങ്കിലും പുറത്തിറങ്ങിയിട്ടുണ്ടാവണം. വെയില്‍ മൂത്തുതുടങ്ങിയപ്പോള്‍ ഞങ്ങള്‍ പാടത്തുനിന്ന് കയറി. കടല്‍ കാക്കകള്‍ പക്ഷേ അപ്പോഴും വേട്ട തുടങ്ങിയിട്ടില്ല. ഹസന്‍കുട്ടിക്കാടെ വര്‍ഷങ്ങളായുള്ള പക്ഷിനിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ അവറ്റ പാടത്തിറങ്ങാന്‍ വെയില്‌ നന്നായി മൂക്കണമത്രേ . പരലുകളാണ്` അവയുടെ ഇഷ്ടവിഭവം. പരലുകളും ജലോപരിതലത്തില്‍ എത്താന്‍ നേരെമെടുക്കുമായിരിക്കും. രെണു ഒരു പൊന്‍മയെ ഫോക്കസ് ചെയ്യാന്‍ ശ്രമിച്ചു. പൊന്‍മ നാടനാണെങ്കിലും ആളത്ര മോശക്കാരനല്ല . ഒരു ബുദ്ധഭിക്ഷുവിന്റെ ശാന്തചിത്തത്തില്‍ നിന്ന് ഒരു ഫൈറ്റര്‍ വിമാനത്തിന്റെ വേഗതയിലേക്കുള്ള പരാവര്‍ത്തനം അത്ര എളുപ്പമല്ലല്ലോ? വേറെയും ഫ്രെയിമുകളുണ്ടായിരുന്നു അവിടെ. മന്ദഗതിയില്‍ വെയില്‍കായുന്ന ഞാറകള്‍, നീലക്കോഴികള്‍,പാലത്തിനടിയില്‍ കൂടൊരുക്കാന്‍ ചുള്ളി ശേഖരിച്ച് പതിയെ പറന്നുവരുന്ന അമ്പലപ്രാവുകള്‍..

ഇസ്മയില്‍: ജലജീവിതം
പാലത്തിലേക്ക് കയറിയപ്പോഴാണ്‌ അവിടെ വേറൊരു ദേശാടനക്കിളി കൂടി നില്‍ക്കുന്നത് കണ്ടത്. ഇസ്മയിലാണ്‌ അത്. ഇസ്മയില്‍ എന്റെ നാട്ടുകാരനാണ്‌. പാലത്തിനടിയിലെ കള്ളുഷാപ്പില്‍ നിന്നുള്ള വരവാണ്‌. (ദിവസവും രണ്ടുമൂന്നു കിലോമീറ്റര്‍ നടന്നാണ്‌ അയാള്‍ പാടത്തിനടുത്തുള്ള ഷാപ്പിലെത്തിപ്പെടുന്നത്. അതു കൊണ്ടാണ്‌ ദേശാടനക്കിളി എന്നെഴുതിയത്.) ചുമട്ടു തൊഴിലാളിയായിരുന്നു ഇസ്മയില്‍. ഇപ്പോള്‍ തന്റെ ലൈസന്‍സ് മകന്‌ കൈമാറി സ്വതന്ത്രനായി. അരാജകത്വം എന്ന വാക്കിന്റെ അര്‍ത്ഥം ഇസ്മയിലനറിയാന്‍ വഴിയില്ല. അയാള്‍ ഒരു അരാജകവാദിയാണോ എന്നറിയില്ല , എന്നിരുന്നാലും എപ്പോഴും സ്വതന്ത്രനായ പക്ഷിയായിരുന്നു അയാള്‍. അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴിയില്‍ ഒരു സിസ്റ്റത്തിനും അയാള്‍ പിടികൊടുത്തില്ല. നിരന്തരമായ മദ്യപാനം അയാളുടെ ശരീരത്തെ ശോഷിപ്പിച്ചിട്ടുണ്ടെങ്കിലും എനിക്കുതോന്നുന്നത് അയാളായിരിക്കും ഇപ്പോഴും എന്റെ ഗ്രാമത്തിലെ ഏറ്റവും സന്തോഷവാന്‍മാരില്‍ ഒരാള്‍ എന്നാണ്‌.
കുന്നംകുളം അബ്കാരി റേഞ്ചില്‍ ഉള്‍പ്പെടുന്ന പുഴക്കല്‍ ഷാപ്പില്‍ രാവിലെത്തെ ക്വാറം തികയാന്‍ ഇസ്മയിലിനെ കൂടാതെ ചുവന്ന കുപ്പായക്കാരന്‍ കുപ്പ, ഈ എസ് കെ , നായാടി വാസവന്‍, എന്നിവരും കൂടി വേണം. കുപ്പയാണ്‌ കൂട്ടത്തില്‍ ഏറ്റവും സീനിയര്‍. ചുവന്ന ഷര്‍ട്ട് മാത്രമേ ധരിക്കൂ. അത് കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ ഉറ്റ ഭക്തനായതു കൊണ്ടാണ്‌. മഞ്ഞപ്പിത്തത്തിന്‌ നല്ലൊരു ഒറ്റമൂലി പാരമ്പര്യമായി കുപ്പക്ക് പകര്‍ന്നു കിട്ടിയിട്ടുണ്ട്. ആ വഴിക്കാണ്‌ കുപ്പക്ക് നാട്ടില്‍ പ്രശസ്തി. കുപ്പയെ മൂന്നു നാലു വര്‍ഷം മുമ്പ് വേറിട്ടകാഴ്ച്ചകള്‍ക്ക് വേണ്ടി ഞങ്ങള്‍ ഷൂട്ട് ചെയ്തിരുന്നു. അതിലെ ഒരു സെഗ്‌മെന്റ് ഈ ഷാപ്പില്‍ വെച്ചായിരുന്നു. അങ്ങനെയാണ്‌ ഈ ടിമിനെ കൂടുതല്‍ അറിയുന്നത്. എട്ടാന്തറയില്‍ ശങ്കരന്‍ കുഞ്ഞുമോന്‍ എന്ന 'ഈ എസ് കെ' പണ്ട് സംവിധായകന്‍ പവിത്രന്റെ ഡ്രൈവറായിരുന്നു എന്നവകാശപ്പെടുന്നുണ്ട്. ഘ്രാണശക്തികൊണ്ട് ആമയെ കണ്ടെത്തുവാന്‍ കഴിവുള്ള വാസവന്‍ കുറച്ചകലെയുള്ള നായാടിക്കോളനിയിലാണ്‌ താമസം. അയാളെ പക്ഷേ അവിടെ കണ്ടുകിട്ടുക എളുപ്പമൊന്നുമല്ല. അയാള്‍ എപ്പോഴും പൊന്തക്കാടുകളില്‍ ആമകളെ തെരെയുകയോ ഇല്ലങ്കട്ടി പോലുള്ള ഔഷധചെടികള്‍ പറിച്ചെടുക്കുകയോ ആവും.
ഇസ്മയിലിനോട് യാത്ര പറഞ്ഞ് വരുമ്പോഴാണ്‌ ഈ കാഴ്ച്ച കണ്ടത്. വെട്ടിനിരത്തലാണ്‌. അന്തരിച്ച കോണ്‍ഗ്രസ്സ് MLA കെ സി നാരായണന്‍ നമ്പൂതിരിയുടെ (വടക്കാഞ്ചേരി നിയോജക മണ്ഡലം) മനപറമ്പിലെ കവുങ്ങിന്‍ തോട്ടം.വീടു വെക്കാനാണെന്നു തോന്നു. 'പ്രകൃതിവാദം വികസനവിരുദ്ധം 'എന്ന സഖാവ് പിണറായിയുടെ പ്രസ്താവന മനക്കലെ ഇപ്പോഴും കോണ്‍ഗ്രസ്സുകാര്‍ തന്നെയായ തിരുമേനിമാര്‍ തിരിച്ചറിഞ്ഞ മട്ടുണ്ട്!
സ്കൂളില്‍ പഠിക്കുന്ന കാലത്ത് , പത്തിലെത്തിയപ്പഴോ മറ്റോ ആദ്യമായി ക്ലാസ് കട്ട് ചെയ്തു. പെട്ടെന്നാരും തിരിച്ചറിയാനിടയില്ലാത്ത ഒരു സ്ഥലം തേടി നടന്ന ഞങ്ങള്‍ കൂട്ടുകാര്‍ എത്തിപ്പെട്ടത് ആ മനപറമ്പിലായിരുന്നു. നട്ടുച്ചക്കും ഇരുട്ടുവീഴ്ത്തുന്ന നിബിഡമായ കവുങ്ങിന്‍ പറമ്പ്, അതിനോട് ചേര്‍ന്ന് യക്ഷികളെ തളച്ചിട്ടുള്ള കാഞ്ഞിരവും കൂടാതെ പേരറിയാത്ത നിരവധി ഭീമന്‍ മരങ്ങളും പാമ്പിന്‍ കാവും ഉള്ള മനപറമ്പും.കവുങ്ങിന്‍ തോട്ടത്തിലൂടെ നടന്ന ഞങ്ങള്‍ക്ക് മീതെ, അടക്കാമരങ്ങള്‍ക്കിടയിലൂടെ ഒരു ഭീമന്‍ കടവാതില്‍ ചിറകടിച്ചു പറന്നുപോയി. അന്ന് പേടിച്ചു വിറച്ചുപോയെങ്കിലും അത്ര ഭയാനക സൌന്ദര്യം നിറഞ്ഞ ഒരു ഫ്രെയിം പിന്നീടെനിക്കിതുവരെ നേരില്‍ കാണാനായിട്ടില്ല.
ഇത് ശ്രീലക്ഷ്മിയും ആതിരയും. പെങ്ങാമുക്ക് സ്കൂളിലെ യു പി വിദ്യാര്‍ഥികള്‍. രണ്ടു പേരും അവരവര്‍ക്ക് കിട്ടിയിട്ടുള്ള ക്രിസ്മസ്, പുതുവത്സര കാര്‍ഡുകള്‍ ഞങ്ങള്‍ക്ക് കാണിച്ച് തന്നു. കൂട്ടുകാര്‍ക്ക് ന്യൂ ഇയറിന്‌ സമ്മാനിക്കാന്‍ ആതിര സ്വന്തമായി കാര്‍ഡ് നിര്‍മിക്കുകയാണ്‌. ആര്‍ച്ചീസിനെ പറ്റിയൊന്നും ആ കുട്ടി കേട്ടിട്ടു പോലുമുണ്ടായിരിക്കില്ല. അവള്‍ നിര്‍മിക്കുന്ന കാര്‍ഡില്‍ നക്ഷത്രങ്ങളുടേയും മലഞ്ചെരുവില്‍ സ്ഥിതി ചെയ്യുന്ന ഒരു വീടിന്റെയും ചിത്രങ്ങളുണ്ട്. അത് ആതിര സ്വന്തമായി വരച്ചതാണ്‌. !
അതായിരുന്നു ഇക്കഴിഞ്ഞ വെക്കേഷനിലെ ഏറ്റവും നല്ല ദിവസം . അടഞ്ഞു പോയിരുന്ന എന്റെ മന്സ്സിനെ തുറപ്പിക്കാന്‍ ഇത്രയും കാഴ്ച്ചകള്‍ ധാരാളമായിരുന്നു. രെണുവിന്‌ നന്ദി