Tuesday, 7 April, 2009

ഒരു മലകയറ്റവും മറ്റു ചില വര്‍ത്തമാനങ്ങളും (ഭാഗം 1)

You say the hill's too steep to climb,
Chiding!
You say you'd like to see me try,
Climbing!
You pick the place and I'll choose the time And I'll climb
The hill in my own way
just wait a while, for the right day
And as I rise above the treeline and the clouds
(പിങ്ക് ഫ്ലോയ്ഡിന്റെ 'ഫിയര്‍ലെസ്സ്' എന്ന പാട്ടില്‍ നിന്ന്. )
"Are we there ..yet ? " അരുണ്‍പാലാണ്‌ . പാവം മൂന്നാമത്തെ പ്രാവശ്യമാണ്‌ അരുണ്‍ ഈ ഒരേ ചോദ്യം ചോദിക്കുന്നത്. ഞങ്ങള്‍ ഒരു മലകയറ്റത്തിന്റെ പാതിവഴിയിലാണ്‌. മൂന്നുദിവസത്തെ അവധി കിട്ടിയിരുന്നു. ചാരനിറമുള്ള ഓഫീസ് കെട്ടിടവും അതേ നിറത്തിലെ ആകാശവുമുള്ള ബാംഗ്ളൂരും വിട്ട് എങ്ങോട്ടെങ്കിലും രക്ഷപ്പെടാന്‍ എല്ലാവരും വെമ്പിനില്‍ക്കുകയായിരുന്നു. അങ്ങനെയാണ്‌ ഞങ്ങള്‍ മുന്നൂറ്റമ്പത് കിലോമീറ്ററുകള്‍ അകലെയുള്ള കുമാരപര്‍വതത്തിലേക്ക് ' ട്രെക്കിങ്ങ് ' നടത്താന്‍ തീരുമാനിക്കുന്നത്. പാതിദൂരം പോലും പിന്നിട്ടിട്ടില്ല, കാല്‍വണ്ണയിലെ പേശികള്‍ പ്രതിഷേധിക്കുന്നുണ്ട്.
"അല്ല വിപിന്‍ ,വെറുതെ ഒരു സംശയമാണ്‌..എന്തിനാണ്‌ നമ്മള്‍ മല കയറുന്നത്? "
അണപ്പ് മാറ്റുന്നതിനിടെ ഞാന്‍ വിപിനോട് ചോദിച്ചു.
" വ്യക്തമായ മറുപടി എനിക്കും ഇല്ല, പക്ഷേ കൂടുതല്‍ ഉയരത്തിലേക്ക് പോകും തോറും നമ്മുടെ ചിന്തകളും ഹൈ ആകും . you can feel it. It may be spiritual, romantic or even political ! "

വിപിന്‍ സതീഷാണ്‌ ഈ യാത്രയില്‍ ഞങ്ങളെ നയിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവനതപുരം മാര്‍ ഇവാനിയോസ് കോളേജില്‍ വിദ്യാര്‍ഥി സമരത്തിന്റെ മുന്‍നിരയില്‍ നിന്ന്‌ മുദ്രാവാക്യം വിളിച്ചിരുന്ന അതേ മാനസികാവസ്ഥയിലാണ്‌ വിപിന്‍ . നല്ല ഉറപ്പുള്ള മുഴങ്ങുന്ന ശബ്ദത്തില്‍ അയാള്‍ ഞങ്ങള്‍ക്ക് മുദ്രാവാക്യം വിളിച്ചു തന്നു.
" Is it heavy ? "
തളര്‍ച്ച വകവെക്കാതെ,ശ്വാസകോശം നിറയെ ശുദ്ധവായു നിറച്ച് ഞങ്ങള്‍ മറുവിളി വിളിച്ചു.
" Its a lie...Its a lie ...Its a lie..."

വിപിന്‍ സതീഷിനെ കുറിച്ച്:
ആറേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്‌..മാര്‍ ഇവാനിയോസ് കോളേജ് നില്‍ക്കുന്ന നാലാഞ്ചിറ ബസ് സ്റ്റോപ്പ്. കുട്ടികളെ കയറ്റാതെ ഒരു കെ എസ് ആര്‍ ടി സി ബസ്സ് പാഞ്ഞു പോകുന്നു. പോടുന്നനെ എവിടെ നിന്നോ പൊട്ടി വീണ പോലെ ഒരു ചെറുപ്പകാരന്‍ റോഡിന്റെ മധ്യത്തില്‍ പ്രത്യക്ഷപെട്ടു. അതിവേഗത്തില്‍ വരുന്ന ബസ്സ് ആ യുവാവിനെ തട്ടിതെറിപ്പിച്ചുവെന്നോര്‍ത്ത് സ്തബ്ധരായി പോയ വിദ്യാര്‍ഥികള്‍ പിന്നെ കണ്ടത് വലിയ ശബ്ദത്തോടെ ബസ്സ് ബ്രേക്കിടുന്നതാണ്‌. ഇരമ്പി കിതച്ച് നിന്ന ബസ്സിന്‌ ഇഞ്ചുകളോളം മാത്രം അകലത്തില്‍ ആ ചെറുപ്പക്കാരനും. അര മാത്രയുടെ നിശബ്ദതത, പിന്നെ ആഞ്ഞൊരൊടിയായിരുന്നു ബസ്സിന്റെ മുന്‍ഭാഗത്ത്.അപ്പോഴേക്കും മാര്‍ ഇവാനിയോസ് വിദ്യാര്‍ഥികള്‍ ബസ്സ് വളഞ്ഞിരുന്നു. വെളുത്തു കൊലുന്നനെയുള്ള ആ ചെറുപ്പക്കാരന്റെ പേര്‍ വിപിന്‍ സതീഷ് എന്നായിരുന്നു.

"ഞാനന്ന് S F Iയുടെ യൂണിറ്റ് സെക്രട്ടറിയായിരുന്നു. മാര്‍ ഇവാനിയോസ് അന്ന് അക്ഷരാര്‍ത്ഥതില്‍ ചുവപ്പുകോട്ട തന്നെയായിരുന്നു. വസന്തത്തിന്റെ ഇടിമുഴക്കത്തെ കുറിച്ചുള്ള ദിവാസ്വപ്നങ്ങളും ചോരതിളപ്പും എന്നെ മദോന്‍മത്തനാക്കിയിരുന്നു. ക്യാമ്പസിലെ ഏ ബീ വി പി ക്കാരെ വേട്ടയാടലായിരുന്നു എന്റെ മുഖ്യ പരിപാടി. വല്ലാതെ അഗ്രസ്സീവ് ആയിരുന്നു ഞാന്‍. കയ്യില്‍ രാഖി കെട്ടിയ ഏതെങ്കിലും ഒരുത്തനെ കിട്ടിയാല്‍ തല്ലിചതക്കുമായിരുന്നു. യൂ ഡി എഫ് സര്‍ക്കാര്‍ ഭരിക്കുന്ന കാലം. പാര്‍ട്ടിക്ക് എന്നും സെക്രട്ടേറിയറ്റ് നടക്കല്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ വേണമായിരുന്നു. മിക്ക ദിവസവും രാവിലെ സ്റ്റുഡന്റ്സ് സെന്ററിലേക്ക് ജില്ലാ സെക്രട്ടറി വിളിപ്പിക്കും, കൂടെ നിറുത്തും. എന്നിട്ട് കൈത്തണ്ടയില്‍ മുറുക്കി ഒറ്റപ്പിടിയാണ്‌. അതിന്റെ അര്‍ഥം ഞാന്‍ ഇരുനൂറോളം വിദ്യാര്‍ഥികളെ സംഘടിപ്പിക്കണമെന്നാണ്‌. എനിക്ക് അന്നത്‌ നിസ്സാരമായി സാധിക്കുമായിരുന്നു. സെക്രട്ടേറിയറ്റ് നട പിന്നെ ഉച്ചയോടെ ഒരു യുദ്ധക്കളമാവും !" .

വിപിന്റെ കോളേജിലെ അവസാനവര്‍ഷം. ആ വര്‍ഷമായിരുന്നു അബ്ജോത് വര്‍ഗീസ് എഡിറ്ററായുള്ള (ഇപ്പോള്‍ മനോരമ ന്യൂസ് ആലപ്പുഴ ലേഖകന്‍) കോളെജ്‌ മാഗസിന്‍ 'Mamma Im lost ' ഇറങ്ങിയത്. അതില്‍ അയാളെ കുറിച്ച് ഇങ്ങനെ എഴുതിയിരുന്നു. (ചിത്രത്തില്‍ ഞെക്കുക).


"മൂന്നാം വര്‍ഷമാവുമ്പോഴേക്ക് ഞാന്‍ കുടപ്പനക്കുന്നിലെ ആറെസെസ്സുകാരുടെ നോട്ടപ്പുള്ളിയായികഴിഞ്ഞിരുന്നു. ഒറ്റക്ക് ധൈര്യമായി എവിടേക്കും പോകാന്‍ കഴിയാത്ത അവസ്ഥ. സ്വയരക്ഷക്കു വേണ്ടി ഞാനന്ന് എളിയിലൊരു കത്തി കരുതുമായിരുന്നു. ഇടക്കിടക്ക് ആറെസെസ്സുകാര്‍ വീട്ടില്‍ വന്ന് അമ്മയെ ഭീഷണിപ്പെടുത്തും. വാടകവീട് പലതവണ മാറേണ്ടിവന്നു. അമ്മ എന്നെകൊണ്ട് ഒരുപാട് പൊറുതിമുട്ടിയിരുന്നു (ഇപ്പോഴും). അതിനിടക്കാണ്‌ ഒരു ദിവസം രാജ്മോഹന്‍ ഒരു ഗിറ്റാറും തൂക്കി ക്യാമ്പസിലേക്ക് വന്നത്, അവനെന്നെ പാട്ടുകള്‍ കേള്‍പ്പിച്ചു. ജോണ്‍ ലെനെനെയും പിങ്ക് ഫ്ലോയ്ഡിനെയും ബോബ് ദിലനെയും ബോബ് മര്‍ലിയേയും കേള്‍ക്കാന്‍ തുടങ്ങി. പ്രവീണ്‍ എനിക്ക് പുസ്തകങ്ങള്‍ തന്നു. സിനിമകള്‍ കാണാന്‍ തുടങ്ങിയതും ആയിടക്കായിരുന്നു. മലയാളം പഠിച്ചിട്ടില്ലാത്ത എനിക്ക് സനൂപ് 'ജെസ്സി'യും ശരത് 'കുറത്തിയും' ചൊല്ലിത്തന്നു. പാട്ടുകളുടെയും സിനിമകളുടെയും രാഷ്ട്രീയം എന്നെ കൊണ്ട് ചോദ്യങ്ങള്‍ ചോദിപ്പിച്ചു. എന്റെ ലോകം പതുക്കെ മാറിതുടങ്ങി. പ്രസ്ഥാനവും ഞാനും ചെയ്യുന്നത് ശരിയാണോ എന്ന സംശയം ഉണര്‍ന്നു.
" Who fucked up communism ...?  sick heads nothing else.."
എന്നു ജോണ്‍ ലെനെനോടൊപ്പം ഞാനും പറഞ്ഞു.. എനിക്ക് അഗ്രസീവ് ആവാന്‍ കഴിയാതായി തുടങ്ങി. എന്നില്‍ സ്നേഹം ഉറവപൊട്ടി തുടങ്ങി. കലാഭവന്‍ തീയറ്ററില്‍ വച്ചു കണ്ട  'The scent of green papaya' സിനിമയിലെ മുയി എന്ന കുട്ടിയുടേ ചെറിയ അനക്കങ്ങളും പപ്പായക്കറ നിലത്തു വീഴുന്ന കൊച്ചു ശബ്ദവും ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങി. പിന്നെ അതുവരെ ചെയ്തതൊന്നും ചെയ്യാന്‍ എനിക്കാവില്ലായിരുന്നു. ഞാന്‍ കശ്മീരിലേക്ക് ട്രെയിന്‍ കയറി.
" ഒരര്‍ഥത്തില്‍ അതൊരു ഒളിച്ചോട്ടമായിരുന്നു. പക്ഷേ മൈലുകള്‍ താണ്ടി ശ്രീനഗറിലെത്തിയപ്പോഴേക്കും തോറും എനിക്കൊരു കാര്യം മനസിലായി. ഞാന്‍ വെറുമൊരു ഉറുമ്പു മാത്രമാണെന്ന്. സ്വയം ഒരു ഉറുമ്പായി സങ്കല്‍പ്പിച്ച് അരിച്ചരിച്ച് ഞാന്‍ ഹിമാലയം കയറിയിറങ്ങി. തിരിച്ചു വരരുതെന്ന് മനസ്സിലുറപ്പിച്ചാണ്‌ പോയെതെങ്കിലും മടങ്ങി വന്ന് എന്നെ കാത്തിരിക്കുന്ന പ്രശ്നങ്ങളെ നേരിടണമെന്നു തോന്നി. മല തിരിച്ചിറങ്ങുമ്പോള്‍ ഞാന്‍ കാരണമൊന്നും കൂടാതെ കരഞ്ഞു കൊണ്ടിരുന്നു. മാസങ്ങള്‍ക്ക് ശേഷം ക്ഷീണിച്ചു വലഞ്ഞ ഒരു രൂപം വീട്ടില്‍ തിരിച്ചുകയറി. അമ്മ ഭക്ഷണം വിളമ്പിതന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അമ്മ ഇത്രമാത്രം ചോദിച്ചു.
" എങ്ങനെയുണ്ടായിരുന്നു ട്രിപ്പ് ?"
അമ്മക്കറിയാമായിരുന്നിരിക്കണം ഞാന്‍ തിരിച്ചു വരുമെന്ന് !.

"ഞാന്‍ തിരിച്ചുവരാന്‍ കാത്തിരിക്കുകയായിരുന്നു ഒരിക്കല്‍ ഞാന്‍ നോവിച്ചു വിട്ടവര്‍. സനൂപിനോടൊത്ത് വീട്ടിലേക്ക് നടക്കുമ്പോള്‍ മണ്ണന്തലയിലെ ആറെസെസ്സുകാര്‍ വെട്ടി.സ്വയരക്ഷക്കൊന്ന് പ്രതിരോധിക്കാന്‍ പോലും തോന്നിയില്ല. പുറത്ത് ആഴത്തിലുള്ള രണ്ട് വെട്ട്. സനൂപിന്റെ ചെവി തൂങ്ങിയാടി. ആറെസെസ്സിന്റെ ശിക്ഷാ പ്രമുഖ് സാരാനാഥിന്റെ മുമ്പില്‍ വീണുകിടന്ന് ഞാന്‍ കൈകൂപ്പി. ക്രൂരമായ മര്‍ദ്ദനത്തിനു ശേഷം അവര്‍ ഞങ്ങളെ വഴിയിലുപേക്ഷിച്ചു. "

വിപിന്‍ സ്തീഷിന്റേത് ഒറ്റപ്പെട്ട കഥയായിരിക്കില്ലെന്ന് എനിക്കറിയാം. കേരളത്തിലെ കാമ്പസുകളില്‍ നിന്ന് ഒരുപാട് വിപിന്‍ സതീഷുമാര്‍ ഇറങ്ങിപോയിട്ടുണ്ടാവും. അബ്ദുന്നാസര്‍ മദനിയേയും ഉമാഉണ്ണിയേയും എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് കന്‍വെന്‍ഷനുകളില്‍ കാണേണ്ടി വരുമ്പോള്‍ ഇനിയും വിപിന്‍ സതീഷുമാര്‍ ഉണ്ടാവും. അവരെ കൂടുതല്‍ നിരാശപ്പെടുത്തുന്നത് വീയെസിനേ പോലുള്ളവര്‍ പീ കേ പ്രകാശുമാരുടെ ഭാവനാസൃഷ്ടികള്‍ മാത്രമായിരുന്നു എന്നറിയുമ്പോഴാണ്. രാഷ്ട്രീയ ബോധം ജീവിതത്തില്‍ വളരെ പ്രകടമായി തന്നെ കാണിക്കുന്ന ഒരു സമൂഹം പക്ഷേ അതിവേഗം അരാഷ്ട്രീയവല്ക്കരണത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്‌. എം എന്‍ വിജയന്‍ മാഷ് തന്റെ ഒരു ലേഖനത്തില്‍*  ഇപ്രകാരം പറയുന്നു.

" ആഗോളതലത്തിലുള്ള വിദ്യാഭ്യാസത്തിന്റെ വ്യവസായവത്കരണവും പുതിയ മുതലാളിത്തത്തിന്റേതായ Compititive സമുദായത്തിന്റെ മത്സരവും. ഈ മത്സരത്തില്‍ ജയിച്ചാലേ മോചനമുള്ളൂ എന്ന് വിദ്യാര്‍ഥികള്‍ക്കുണ്ടായിട്ടുള്ള സമാന്യമായ തോന്നലും കൂടിച്ചേരുമ്പോഴാണ്‌ വിദ്യാഭ്യാസം അരാഷ്ട്രീയവല്ക്കരിക്കപ്പെടുവാനുള്ള പല കാരണങ്ങളില്‍ ഒന്ന്‌ ഉണ്ടാവുന്നത്. ആഗോളവത്കരനം വിദ്യാഭ്യാസത്തെ പൂര്‍ണ്ണമായും സബ്സിഡി നിര്‍ത്തിയ ഒരു കൃഷി പോലെ പൊതുവ്യാഘ്രങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാണ്‌ ചെയ്യുന്നത്"

ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള അന്തരം ഇല്ലാതാവുമ്പോള്‍ അവിടെ രാഷ്ട്രീയം നിശബ്ദമാവുന്നെന്നും അങ്ങനെയാണ്‌ പുതിയ സമൂഹം അരാഷ്ട്രീയവല്ക്കരിക്കപ്പെടുന്നതെന്ന് ചാള്‍സ് ബോദ്‌ലെയറും** പറയുന്നു. ആഗോളതൊഴില്‍ സാധ്യതകള്‍ക്കനുസരിച്ച് വിദ്യാഭ്യാസ മണ്ഡലത്തെ പരുവപ്പെടുത്തിയെടുത്ത മുതലാളിത്ത വ്യവസ്ഥിതിയില്‍ എത്രമേല്‍ കുറ്റമാരോപിച്ചാലും കേരളത്തിലേതുള്ള ഒരു വിദ്യാര്‍ഥിസമൂഹത്തിനെ അരാഷ്ട്രീയവല്ക്കരിച്ചു കൊണ്ടിരിരിക്കുന്നതില്‍ 'പാര്‍ടിക്കുള്ള' ഉത്തരവാദിത്തം കുറച്ചൊന്നുമല്ലെന്നു തോന്നുന്നു. എനിക്ക് കൂടുതല്‍ യോജിക്കാന്‍ തോന്നുന്നത് ബോദ്‌ലേയറിനോടാണ്‌ . അദ്ദേഹം പറഞ്ഞ കാരണം കൊണ്ടായിരിക്കണം സ്വന്തം ഭരണത്തില്‍ എസ് എഫ് ഐ നിഷ്ക്രിയമാവുന്നതും എതിര്‍ഭരണത്തില്‍ അക്രമാസക്തരാകുന്നതും.

" ഇലക്ഷന്‌ നാട്ടില്‍ പോണം. വോട്ട് ചെയ്യണം . ശശി തരൂരൊന്നും തിരോന്തരത്ത് നിന്ന് ജയിക്കാന്‍ പാടില്ല "
ഭാഗ്യം... വിപിന്‍ ഇപ്പോഴും കമ്യൂണിസ്റ്റാണ്‌ ! "

**********

മുറിച്ചു മാറ്റാനാവാഞ്ഞത്

സീന്‍ 5 ഏ
(ഇന്റീരിയര്‍)
അമ്മ ഹാളില്‍ സോഫയിലിരിക്കുന്നു. കയ്യില്‍ തലേദിവസം വിപിന്‍ ചുരുട്ടിക്കൂട്ടിയെറിഞ്ഞ ആപ്ലിക്കെഷന്‍ ഫോമുണ്ട് .പൂമുഖം കഴിഞ്ഞ് അകത്തേക്ക് വരുന്ന വിപിന്‍ അമ്മയുടെ കയ്യിലെ ഫോം കാണുന്നു. അയാള്‍ക്ക് കോപം വരുന്നു. മുഖത്ത് രക്തപ്പകര്‍ച്ച.
വിപിന്‍: " അമ്മാ..അമ്മ വെറുതെ മെനെക്കേടേണ്ട. എനിക്കാവില്ല കണ്ട ബാങ്കിലൊന്നും പണിയെടുക്കാന്‍, ഞാനെന്തായാലും ഈ ടെസ്റ്റ് എഴുതുന്നില്ല."
അമ്മ നിശബ്ദയായി തന്നെ തുടരുന്നു. അമ്മയുടെ പ്രതികരണം കാത്ത് നില്‍ക്കുന്ന വിപിന്‍, അവസാനം സഹികെട്ട് ..
" അമ്മാ..പ്ലീസ്..അമ്മ കുറച്ച് കൂടി വൈഡാംഗിളില്‍ കാര്യങ്ങളെ മനസ്സിലാക്കണം."
അമ്മ എഴുന്നേറ്റ് വിപിന്റെ കൈ കടന്നുപിടിച്ച് ബാല്‍ക്കണിക്ക് നേരെ നടക്കുന്നു, ബാല്‍ക്കണി ചൂണ്ടി കാണിച്ച്..
" ഇത്രമാത്രം വൈഡാംഗിളെ ഈ അമ്മക്കറിയാവൂ മോനേ..അത്ര മാത്രമേ ഏതൊരമ്മക്കും അറിയേണ്ടൂ..."

രണ്ടുപേരുടേയും ഇടയിലൂടെ കടന്ന് ബാല്‍ക്കണിക്ക് പുറത്തെ കെട്ടിടസമുച്ചയങ്ങളില്‍ നിശ്ഛലമാവുന്ന ക്യാമറ.


******************************************
* മാതൃഭൂമി : എം എന്‍ വിജയന്‍ റഫറന്‍സ് പതിപ്പ്
** മാതൃഭൂമി : 87-3


14 comments:

 1. "Are we there ..yet ? "

  " Who fucked up communism ...? sick heads nothing else.."...

  ശരിക്കും മല കയറാന്‍ വന്നതായിരുന്നു.. പക്ഷെ മലയെക്കാലും ഉയരങ്ങളില്‍ നിന്നൊക്കെ വീണു പോകുന്ന പോലെ ചില നിമിഷങ്ങള്‍... കുറെയിടങ്ങളില്‍ ഞാന്‍ എന്നെ കണ്ട പോലെ.. ഇത് പോലെ കുറെ നാളുകള്‍ ജീവിച്ചു തീര്‍ത്തിട്ടുണ്ട്...
  നല്ല എഴുത്ത്... അഭിവാദ്യങ്ങള്‍...

  ReplyDelete
 2. ആ മലക്കും അപ്പുറത്തുള്ള വലിയ മലയുടെയും
  പിന്നിലുള്ള ദോണ്ടെ! ആ വല്യ മലക്കു മോളിലാണ്‌,
  അല്ല! അതിന്റെ കുറച്ചു കൂടെ അപ്പുറത്തുള്ള മലയ്ക്കു മോളിലാണ്‌
  മക്കളെ നിങ്ങടെ വാഗ്ദത്ത ഭൂമി.

  ReplyDelete
 3. പകല്‍ കിനാവന്‍, നജീബ്, വന്നതിനും വായിച്ചതിനും നന്ദി

  ReplyDelete
 4. കൈത്തണ്ടയില്‍ പിടി മുറുക്കി 200 ബലിയാടുകളെ ആവശ്യപ്പെടുന്ന രാഷ്ട്രീയക്കാരന്റെ കുടിലതന്ത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരാംഗിള്‍, ഭൂമിയുടെ പ്രവിശാലതയിലേക്കും പര്‍വ്വതങ്ങളുടെ ഉത്തുംഗതയിലേക്കും സഞ്ചരിക്കുമുമ്പോള്‍ വെളിപാടുപോലെ മനസ്സില്‍ സ്വയംഭൂവാകുന്ന സത്യങ്ങളെ ദൃശ്യപ്പെടുത്തുന്ന മറ്റൊരാംഗിള്‍, ബാല്‍ക്കണിയില്‍ നിന്നു നോക്കുമ്പോള്‍ രണ്ടു ബില്‍ഡിങ്ങുകള്‍ക്കിടയിലെ സ്പേസ് മാത്രം ഗോചരമാക്കുന്ന വേറെയൊരാംഗിള്‍.......

  പൊരുത്തപ്പെടാത്തതും അരികുകള്‍ ചേരാത്തതുമായ ആംഗിളുകള്‍ അതിരുകള്‍ പരസ്പരം ലംഘിക്കുമ്പോള്‍ അനുഭവിക്കേണ്ടിവരുന്ന അന്തഃസംഘര്‍ഷങ്ങള്‍......... ഉത്തരം തേടുന്ന സമസ്യകള്‍.......

  പലരും പലരീതിയില്‍ ഉന്നയിച്ച പ്രശ്നങ്ങളെ മുംസി നോക്കിക്കാണുന്ന ആംഗിളിനിനുമുണ്ടൊരു പ്രത്യേകത.

  രാഷ്ട്രീയവും അരാഷ്ട്രീയവുമായ ചിന്തകള്‍ക്ക് വഴിമരുന്നിടുന്നുണ്ടല്ലോ ഈ രചന. നന്ദി

  തുടര്‍ന്നാലും.

  ReplyDelete
 5. ഉറുമ്പെന്ന കവിതയില്‍ നിന്നും വളരെ ദൂരം എത്തിയിരിക്കുന്നു ഈ സൃഷ്ടി.
  സത്യധാരയാണീ രചന..ഒരാത്മസംഘര്‍ഷത്തിന്‍റേയും.

  ReplyDelete
 6. പള്ളികരയില്‍, യൂസുഫ്പ... വായനക്ക് നന്ദി. രാഷ്ട്രീയത്തേക്കാളേറെ വിപിന്‍ സതീഷ് എന്ന കൂട്ടുകാരന്റെ ജീവിതം തന്നെയാണ്‌ ഇതെന്നെക്കൊണ്ട് എഴുതിച്ചത്. കാലിക പ്രാധാന്യമുള്ള ഒരു വിഷയം ലാഘവത്തോടെ എഴുതിയോ എന്നൊരു കുറ്റബോധവും തോന്നിയിരുന്നു എന്നതാണ്‌ സത്യം.

  ReplyDelete
 7. ഫോണ്ട് അല്പം വലുതാക്കാമോ..?
  വായിക്കാന്‍ എനിക്കല്പം പ്രയാസം....

  ReplyDelete
 8. എങ്കിലും വായിച്ചു...
  എന്റെ രക്തതിലെവിടെയോ നേര്‍ത്ത ഒരു ചൂട് പടര്‍ന്നു...എന്തിനെന്നറിയാതെ...
  നന്‍മകള്‍ നേരുന്നു

  ReplyDelete
 9. ഒറ്റ ശ്വാസത്തില്‍ വായിച്ചു തീര്‍ത്തു..വിപിന്‍ സതീഷിന്റെ ഉള്ളില്‍ ഇന്നും ഒരു കനലുണ്ട്‌..ഒരു മാറ്റങ്ങളിലും അത്‌ കെടുന്നില്ല..അതാണ്‌ വിപിന്‍...ചിന്തനീയമായ വെറുതെ വായിച്ചു തള്ളാനാകാത്ത പോസ്റ്റ്‌..അഭിനന്ദനങ്ങള്‍

  ReplyDelete
 10. very good muji...abinandanangal..

  ReplyDelete
 11. ചെഗുവേരയെക്കാള്‍ വലിയ ടീമാണ് വിപിന്‍ എന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു :)

  ReplyDelete
  Replies
  1. I just read this now ... that's really nice and funny.. Vipin here brother ...

   Delete
 12. This comment has been removed by the author.

  ReplyDelete
 13. ലതീഷ് , അല്ല ചാത്തന്‍ അല്ലേ?

  ReplyDelete