Wednesday, 28 October, 2009

മോട്ടോര്‍സൈക്കിള്‍ ഡയറീസ്: നാല്‌ പെണ്ണുങ്ങള്‍

മോട്ടോര്‍ സൈക്കിള്‍ എന്ന വിഖ്യാതമായ സ്പാനിഷ് സിനിമ കാണുന്നതിനു മുമ്പു തന്നെ ഞാനും രെണുവും മോട്ടോര്‍ സൈക്കിള്‍ യാത്രകള്‍ ഒരു ശീലമാക്കിയിരുന്നു. ഫ്രെയിമുകള്‍ തേടിയാണ്‌ യാത്ര. ക്യാമറയും കൊണ്ട് രാവിലെ തന്നെ ഇറങ്ങും.'റൂട്ട്' മുന്‍കൂട്ടി തീരുമാനിക്കാറില്ലെങ്കിലും മിക്കവാറും ഞങ്ങളുടെ യാത്ര വടക്കാഞ്ചേരിയിലേക്കുള്ള വഴിയിലേക്കായിരിക്കും. തണലുള്ള ഇടവഴികള്‍, സ്നേഹമുള്ള ആളുകള്‍ , നാടന്‍ ചായക്കടകളില്‍നിന്ന് ചാളവറുത്തതുംകൂട്ടിയുള്ള നല്ല ഊണ്‌ , ഇതൊക്കെയാണ്‌ 'വടക്കാഞ്ചേരിയിലേക്കുള്ള വഴി' തന്നെ തെരെഞ്ഞെടുക്കാനുള്ള പ്രധാന ആകര്‍ഷണങ്ങള്‍. ഇപ്രാവശ്യം രെണു ഉണ്ടായിരുന്നില്ല, പകരം ക്യാമറ തന്നയച്ചു. ഞങ്ങളുടെ മുന്‍യാത്രകളെ കുറിച്ച് പറഞ്ഞ് കേട്ട് ആവേശം കയറിയ ബിക്കിയാണ്‌ ഇത്തവണത്തെ യാത്രക്ക് മുന്‍കൈയ്യെടുത്തത്. ഞങ്ങള്‍ രണ്ടും കൂടി അങ്ങനെ കുന്നംകുളത്തു നിന്ന് കിഴക്കോട്ട് വെച്ച് പിടിച്ചു. ഉച്ചിയില്‍ വെയിലടിച്ചു തുടങ്ങിയപ്പോള്‍ ആദ്യം കണ്ട ഇടത്തോട്ടുള്ള റോഡിലേക്ക് കയറി. അത് കടങ്ങോട്ടേക്കുള്ള വഴിയായിരുന്നു. അതിവേഗം കൊച്ചുപട്ടണങ്ങളായി കൊണ്ടിരിക്കുന്ന കേരളത്തിലെ മറ്റു ഉള്‍നാടന്‍ ഗ്രാമങ്ങളെ അപേക്ഷിച്ച് അഞ്ചോ പത്തോ വര്‍ഷങ്ങള്‍ പുറകിലാണ്‌ കടങ്ങോട്. പഴയ മട്ടിലുള്ള ഒരങ്ങാടിയാണിത്. പുതിയ കാലത്തിന്റേതായി അവിടെ കുറച്ചു രാഷ്ട്രീയപ്പാര്‍ട്ടികളുടെ കൊടികള്‍ മാത്രം. മുഖാമുഖം നില്‍ക്കുന്ന രണ്ട് ക്ലബ്ബുകള്‍, പച്ചക്കറികള്‍ വരെ വില്‍പ്പനക്ക് വെച്ചിട്ടുള്ള ഒരു പലചരക്കുകട, ഒരു ചായക്കട, ഉടമസ്ഥനോണോ കടക്കാണോ കൂടുതല്‍ പ്രായം എന്നുതിട്ടപ്പെടുത്തുവാന്‍ വയ്യാത്ത ഒരു പെട്ടിക്കട, അങ്ങാടിയില്‍നിന്ന് കുറച്ചു നീങ്ങി ഒരു ഗ്രാമീണ വായനശാല. ഇത്രയുമാണ്‌ കടങ്ങോട്ടെ പ്രധാന സ്ഥാപനങ്ങള്‍.                                                              ചക്കി: പാനായിക്കുന്ന് കോളനി

കടങ്ങോട് നീന്ന് കോതചിറയിലേക്ക് പോകുന്ന റോഡില്‍ തിപ്പിലശേരിയില്‍ വെച്ചാണ്‌ ചക്കി വല്യമ്മയെ കണ്ടത്. കടയില്‍നിന്ന് ചില്വാനം വാങ്ങിയുള്ള വരവാണെന്നു തോന്നുന്നു. പാട്ടൊക്കെ പാടിയാണ്‌ നടത്തം. ഞാറ്റുപ്പാട്ടാണ്‌. എണ്‍പത്തൊമ്പത് വയസ്സുണ്ട് ചക്കിക്ക്. പ്രായാധിക്യം കൂനിക്കൂടിയുള്ള ഒരു നടത്തം സമ്മാനിച്ചിട്ടുണ്ടെന്നതൊഴിച്ചാല്‍ വേറെ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. നാഗലശേരി പഞ്ചായത്തിലെ പാനായിക്കുന്ന്‌ ലക്ഷംവീട് കോളനിയിലാണ്‌ താമസം. പേരക്കുട്ടി മോഹനന്റെ കൂടെ. അയാള്‍ക്ക് പപ്പടപ്പണിയാണ്‌. 

" വല്യമ്മേ പ്രായൊക്കെ കൊറച്ചായില്ലേ..? കടയിലേക്കോക്കെ വേറെയാരെയെങ്കിലും പറഞ്ഞയച്ചാല്‍ പോരെ?" ഫോട്ടോയെടുക്കുന്നതിണടക്ക് ബിക്കി അന്വേഷിച്ചു. അവര്‍ക്കാ ചോദ്യം ഇഷ്ടമായില്ലന്നു തോന്നുന്നു,
"എവടെ.. ?  ഇയ്ക്കയ്നും മാത്രം വയസ്സായിട്ടില്ല. ഇയ്ക്കാവതുള്ളോട്ത്തോളം ഇതൊക്കെ ഞാന്‍ തന്നെ ചെയ്യും"


ചക്കി വല്യമ്മ നല്ല ആവതോടുകൂടി ദീര്‍ഘനാള്‍ ജീവിക്കട്ടെ എന്നാശംസിച്ച് അവരെ വീടു വരെ കൊണ്ടാക്കിയാണ്‌ ഞങ്ങള്‍ തിരിച്ചു പോന്നത്.


                                                     ആലിയവളപ്പില്‍ സരസ്വതിയമ്മ

കടങ്ങോട്ടുനിന്ന് കോതചിറയിലേക്കുള്ള റോഡ് വിശാലമാണ്‌, ഇരു വശത്തും തണല്‍ വിരിച്ച് നില്‍ക്കുന്ന കൂറ്റന്‍ മാവുകളും പ്ലാവുകളും, കഴിഞ്ഞ നൂറ്റാണ്ടുകളില്‍ വള്ളുവനാട്ടിലെ ഗ്രാമീണ കാര്‍ഷിക സമ്പദ് വ്യവസ്ഥയില്‍ പ്രധാനപങ്കു വഹിച്ചിരുന്ന നാട്ടുപാതകളില്‍ ഒന്നായിരുന്നു ഇത്. പൊന്നാനിക്ക് കിഴക്ക് ക്ഷേത്രങ്ങള്‍, മനകള്‍, മറ്റ് ആഢ്യഭവനങ്ങള്‍ എന്നിവയെ ആശ്രയിച്ച് രൂപംകൊണ്ട ചാലിശ്ശേരി, പെരുമ്പിലാവ്,പെരിങ്ങോട്, തുടങ്ങിയ സ്ഥലങ്ങളിലെ അങ്ങാടികള്‍ അക്കാലത്തെ മിച്ചവിഭവങ്ങളുടെ അവലംബത്തില്‍ നിലനിന്നിരുന്ന മികച്ച രീതിയിലുള്ള ഗ്രാമീണ കമ്പോളങ്ങളായിരുന്നുവെന്നും പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഇവ അപ്രസക്തമായിപ്പോവുകയാണുണ്ടായതെന്നും മലയാളത്തിലെ പ്രശസ്ത സഞ്ചാര സാഹിത്യകാരന്‍ ചിന്ത രവീന്ദ്രന്‍ തന്റെ 'എന്റെ കേരളം'എന്ന പുസ്തകത്തില്‍ നിരീക്ഷിക്കുന്നുണ്ട്. കുന്നിന്റെ പള്ളയിലൂടെ കടന്നു പോകുന്ന റോഡിറങ്ങി കഴിഞ്ഞാല്‍ പാടശേഖരങ്ങളായി.വര്‍ഷത്തില്‍ രണ്ടു തവണയാണ്‌ കൃഷിയിറക്കുക. ഇടവിളയായി പച്ചക്കറിക്കറികളെന്തെങ്കിലും. വീണ്ടുമൊരു കുന്നു കയറിയപ്പോള്‍ കാട് പിടിച്ചു കിടക്കുന്ന ഒരു തൊടിയും അതിന്റെ മധ്യത്തില്‍നില്‍ക്കുന്ന ഒരു വീടും കണ്ടു. ആലിയ വളപ്പില്‍ സരസ്വതിയമ്മയുടെ വീടാണത്. ചിരപരിചിതരെ പോലെയാന്‌ ആ അമ്മ ഞങ്ങളെ സ്വീകരിച്ചത്.
"തൊടിയൊക്കെ കാടു പിടിച്ചു കിടക്കാണല്ലോ....കിളപ്പിക്കാറൊന്നും ഇല്ലേ?" ഞാനന്വേഷിച്ചു.
"ഞാന്‍ പറമ്പൊന്നും ഇപ്പൊ നോക്കാറില്ല.കവുങ്ങ്‌മെന്ന് അടക്ക കൊഴിഞ്ഞ് വീഴ്ണ്‌ണ്ട്. കുരുമൊളകിന്റെ കൊടിയൊക്കെ ഒണങ്ങിപോയി. തൊടീലാച്ചാ നെറച്ച് പാമ്പും. എടക്കൊക്കെ മിറ്റത്ത്‌ക്കും വരും. ഞാനവറ്റേളെ ഉപദ്രവിക്കാറില്ല, അതോണ്ട് അവറ്റ എന്നെം ഒന്നും ചെയ്യില്ല."
"വേറെ കൃഷിയൊന്നുമില്ലേ?"
"കൊറച്ച് പാടണ്ട്, അത് പാട്ടത്തിന്‌ കൊടുത്തു. ആര്‍ക്ക് വേണ്ടീട്ടാ ഇതൊക്കെ നോക്കി നടത്ത്‌ണേ? മക്കക്കാച്ചാ വേണ്ട. പിന്നെ ഇയ്ക്ക്, ഇയ്ക്ക് ജീവിക്കാന്‍ അവരടച്ഛന്റെ പെന്‍ഷന്‍ പൈസ ധാരാളാ..!"
" ആരെയെങ്കിലും വേലക്ക് നിര്‍ത്തിക്കൂടെ..ഒന്നുമില്ലെങ്കിലും ഈ വലിയ വീട്ടില്‍ രാത്രി തുണക്കെങ്കിലും ഓരാളുണ്ടാവില്ലേ?" ഞാന്‍ ചോദിച്ചു.
"ഒരു പെണ്ണ്‌ വരാറുണ്ട് സഹായത്തിന്‌. അതിന്റെ മുമ്പ് പെരക്കുട്ടിണ്ടാര്‍ന്ന്. സൂരജ്, മൂത്ത മോള്‍ടെ മോനാ..കുറ്റിപ്പൊറത്ത് എഞ്ചിനീറിങ്ങിന്‌ അവസാനത്തെ കൊല്ലാ..ഓനിവിടെ അഞ്ചാറുമാസം കടിച്ച് പിടിച്ച് നിന്നു. തീരെ ഇഷ്ടണ്ടായിരുന്നില്ല മൂപ്പര്‍ക്കിവിടെ നിക്കാന്‍..അച്ഛനെ പേടിച്ച് നിന്നിരുന്നതാ. ഇതൊരു കാട്ടുമുക്കാന്നാ പറയാ..! ഓന്റെ മോട്ടര്‍ സൈക്കളൊന്നും ഈ പടിയെറക്കി കൊണ്ടരാന്‍ പറ്റില്ലല്ലോ..അതാ കാര്യം! അവസാനത്തെ കൊല്ലായപ്പൊ കൊറേ പടിക്കാണ്ട് എന്നോക്കെ പറഞ്ഞ് പതുക്കെ വരാണ്ടായി. ഞാനോട്ട് നിര്‍ബന്ധിക്കാനും പോയില്ല. "

സരസ്വതിയമ്മയെ രാഘവന്‍നായര്‍ കൂടല്ലൂരു നിന്ന് കല്യാണം കഴിച്ചു കൊണ്ടുവന്നത് നാല്‍പ്പത്തഞ്ച് വര്‍ഷംമുമ്പായിരുന്നു. മൂന്ന് പെണ്‍മക്കളാണ്‌ അവര്‍ക്ക്. പത്തു വര്‍ഷം മുമ്പ് രാഘവന്‍നായര്‍ മരിച്ചു പോയി.മൂന്നു പെണ്‍മക്കളെയും അതിനിടെ കല്യാണം കഴിച്ചയച്ചിരുന്നു. യഥാക്രമം കുറ്റിപ്പുറത്തേക്കും, എറണാക്കുളത്തേക്കും, കൂറ്റനാട്ടേക്കും. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് വാര്‍ധക്യത്തിലുണ്ടായ ഒറ്റപ്പെടലിനു ശേഷം അവരെ ഉലച്ചു കളഞ്ഞ ഒന്നായിരുന്നു രണ്ടാമത്തെ മകളായ സുമയുടെ മരണം.
"കേന്‍സറായിരുന്നു. പാവം ഇന്റെ മോള്‌. കൊറേ കെടന്ന് കഷടപ്പെട്ടു. നല്ലോം മൂത്തിട്ടാ രോഗം അറിഞ്ഞത്..രണ്ടാങ്കുട്ട്യോളാ ഓള്‍ക്ക്. എടക്കൊന്ന് കാണണോന്ന് ആഗ്രഹം പറഞ്ഞാ ഒന്ന് മിന്നായം പോലെ അവറ്റേളെ കാട്ടീട്ട് കൊണ്ടോവും.പിന്നെ എളേ മോള്‌ ഇവടെ അട്‌ത്തന്നാ, ഇയ്ക്ക് വയ്യാണ്ടായീച്ചാലൊക്കെ ഓടി വരും. അത്ച്ച്‌ട്ട് ഇയ്ക്ക് എപ്പളും വയ്യാണ്ടെ കെടക്കാന്‍ പറ്റ്വോ?"

നിര്‍ത്താതെ സംസാരിക്കുന്നതിനിടയിലും അവരുടെ കണ്ണുകള്‍ സജലങ്ങളാവുകയും വാക്കുകള്‍ ഇടറുകയും ചെയ്യുന്നു. എനിക്കെന്തോ വല്ലായ്മ തോന്നി. ബിക്കി പടികളുടെ ഫോട്ടോയെടുക്കാനെന്ന ഭാവേന തിരിഞ്ഞു നടന്നു കളഞ്ഞു.
" അല്ല, ഇവിടെ നേരമ്പോക്കിന്‌, ..ടിവിയൊക്കെ കാണാറുണ്ടോ?"
വിഷയം മാറ്റാന്‍ വേണ്ടി ഞാന്‍ വെറുതെ ചോദിച്ചു.

"കാണാറുണ്ടോന്നോ?..സീര്യേല്‌ കാണലാ ഇന്റെ ഒറ്റ പണി !
പകലെത്തേം രാത്രീല്‍ക്കത്തേം എല്ലാ സീര്യേലും കാണും. "

" 'രഹസ്യം' കാണാറുണ്ടോ?"
"നീയ്യ് ഏത് നാട്ടിലാ...'രഹസ്യൊക്കെ കഴിഞ്ഞില്ലേ..! ഇപ്പോ പുത്യേത് തൊടങ്ങി. വിഗ്രഹം !...അയ്യോ ഇങ്ങളോട് സംസാരിച്ച് നിന്നിട്ട് ഇന്റെ കൂട്ടാന്റെം ഊപ്പേരീടേം കാര്യം മറന്നു. ഉപ്പേരി അടുപ്പത്താ..."
അവര്‍ വേവലാതിപ്പെട്ട് അടുക്കളയിലെക്ക് ഓടിപ്പോയി. എന്തുകൊണ്ടോ ചെറുതായി കനംവെച്ച മനസ്സുമായി ബൈക്ക് ഇറക്കി കൊണ്ടുവരാന്‍ പറ്റാത്ത പടികളും ചവിട്ടി കയറി ഞങ്ങളും തിരിച്ചുപോന്നു.                                       കാളമണ്ണില്‍ കളത്തില്‍ കുഞ്ഞിലക്ഷ്മിയമ്മ
ഞങ്ങള്‍ വടക്കോട്ടാണ്‌ യാത്ര തുടര്‍ന്നത്.ആ വഴി കൂറ്റനാട്ടേക്കും പട്ടാമ്പിയിലേക്കും പോകാവുന്നതാണ്‌. ഈ ഭാഗങ്ങളില്‍ റബ്ബര്‍ എസ്റ്റേറ്റുകള്‍ വ്യാപകമാണ്‌. ഈ ഭാഗങ്ങളിലെ പല ആഢ്യഭവനങ്ങളും ഇപ്പോള്‍ പുലര്‍ന്നു പോരുന്നത് റബ്ബര്‍ കൃഷി കൊണ്ടാണ്‌. അതു പോലെ തന്നെ മെറ്റല്‍ ക്രഷര്‍ യൂണിറ്റുകളും. കാതടപ്പിക്കുന്ന ശബ്ദത്തോടെ ആഴ്ചയില്‍ ആറു ദിവസവും ഇവ പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ പ്രത്യാഘാതമായി കുന്നിന്റെ മറ്റേ ചെരുവില്‍ വീടുകള്‍ക്ക് വിള്ളലുകളും കണ്ടു തുടങ്ങിയിട്ടുണ്ട്. കൂറ്റനാടു വെച്ച് ഞങ്ങള്‍ ഗുരുവായൂര്‍ പാലക്കാട് പാത മുറിച്ചു കടന്നു. തൃത്താലയായിരുന്നു ഞങ്ങള്‍ക്ക് പോവേണ്ടിയിരുന്നത്.
ഇടക്ക് കുടുംബശ്രീക്കാര്‍ നടത്തുന്ന ഒരു ഹോട്ടല്‍ കണ്ടപ്പോള്‍ നിറുത്തി ഊണു കഴിച്ചു.
(പാചകം പെണ്ണുങ്ങളുടേതാണല്ലോ രുചികരമാവുമല്ലോ എന്നു കരുതിയാണ്‌ അവിടം തെരഞ്ഞെടുത്തതെങ്കിലും ആ ധാരണ തെറ്റായിരുന്നുവെന്ന് മനസ്സിലായി!) തൃത്താലയില്‍ ഭാരതപ്പുഴക്ക് കുറുകെ ഒരു റഗുലേറ്റര്‍ കം ബ്രിഡ്ജുണ്ട്. അതിന്റെ തുറന്നിട്ട ഷട്ടറുകള്‍ക്ക് മുമ്പില്‍ മീന്‍പിടുത്തക്കാരുണ്ട്. കരിമീന്‍, വാള തുടങ്ങിയവയാണ്‌ വേട്ട. കരിമീന്‍ കിലോക്ക് ഇരുനൂറുരൂപക്കാണ്‌ അവര്‍ വില്‍ക്കുന്നത്. ഭാരതപ്പുഴക്ക് സമാന്തരമായി വീണ്ടും യാത്ര തുടരുമ്പോഴാണ്‌ യാദൃശ്ഛികമായി കുഞ്ഞിലക്ഷ്മിയമ്മയുടെ വീട് കാണുന്നത്, ഗംഭീരമായ ഒരു പടിക്കെട്ടുണ്ട് ആ വീട്ടിലേക്ക്. പഴയ ഒരു നാലുകെട്ടിന്റെ ഒരവശിഷ്ടം. മുന്‍വശത്ത് ഒരു വൃദ്ധനുണ്ട്. ഫോട്ടോയെടുക്കട്ടെ എന്നു ചോദിച്ചപ്പോള്‍ വിസമ്മതമൊന്നും പറഞ്ഞില്ല. പകരം ഭാര്യയെ വിളിച്ചു.അവരാണ്‌ കുഞ്ഞിലക്ഷ്മിയമ്മ, വീട് അവരുടേതാണ്‌. നാരായണപ്പണിക്കര്‍ അവരുടെ സംബന്ധക്കാരനായി അവിടെ വന്നതാണ്‌. പുരുഷാധിപത്യം (Patriarchal) നടമാടിയിരുന്ന ഒരു കാലമായിട്ടു പോലും കാലം ചെയ്തു പോയ മരുമക്കത്തായം കേരളത്തിലെ നായര്‍സ്ത്രീകള്‍ക്ക് ചില സവിശേഷാധികാഅരങ്ങള്‍ കല്‍പ്പിച്ചു നല്‍കിയിരുന്നു. അതുകൊണ്ടായിരിക്കണം ഇത് എന്റെ വീടല്ല എന്ന് നാരായണപ്പണിക്കര്‍ പറഞ്ഞതും. കുഞ്ഞുലക്ഷ്മിയമ്മയാണ്‌ ഞങ്ങളോട് തറവാടിന്റെ പുരാവൃത്തം പറഞ്ഞത്. ഉഗ്ര പ്രതാപികളായ ഒരു മാടമ്പി നായര്‍ തറവാടായിരുന്നു കാലമണ്ണില്‍കളത്തില്‍. സാമൂതിരിയുടെ പടനായന്‍മാരായിരുന്നത്രേ പൂര്‍വികര്‍. പണ്ട് ഈ വീടിന്റെ പടിപ്പുരക്ക് മുന്നിലൂടെ പോകാന്‍ തലേക്കെട്ടുകാരൊന്നും(മുസ്ലീങ്ങളായിരിക്കണം) ധൈര്യപ്പെടുമായിരുന്നില്ല. കാരണവന്‍മാര്‍ ആരെയും കൂസിയിരുന്നില്ല. നാട്ടിലെ മറ്റൊരു പ്രമാണികളായിരുന്ന കൂടല്ലൂര്‍ മനക്കാരോട് ഉരസിയതിന്റെ ഭാഗമായിട്ടാണ്‌ ഇന്നു കാണുന്ന തറവാട്ടുവീട് നിര്‍മ്മിച്ചതും. അന്ന് വീടുപണിഞ്ഞ് ഓട് മേയാന്‍ തുടങ്ങിയപ്പോള്‍ മനയിലെ തിരുമേനിമാര്‍ തടഞ്ഞു. അവര്‍ക്കു മാത്രമാണത്രേ ഓടുമേയാനുള്ള അവകാശം. എവിടുത്തെ ന്യായമാണിത് ? അന്നത്തെ കാരണവര്‍ ചേനു നായര്‍ കേസും കൊണ്ട് മദ്രാസ് ഹൈക്കോര്‍ട്ട് വരെ പോയി. അങ്ങനെ 1865 ല്‍ പണിതതാണ്‌ ഈ വീട്. കാലക്രമേണ ശോഷിച്ചു പോയ തറവാട്ടിന്റെ ഒരു ഭാഗം കുഞ്ഞുലക്ഷ്മിയമ്മക്ക് കിട്ടി. അവര്‍ക്ക് മക്കളില്ല . അവിവാഹിതയായ മധ്യവയസ്സിലെത്തിയ അനിയത്തിയും അവരോടൊപ്പമാണ്‌ താമസം.ഇപ്പോഴും ശക്ത്യാരാധികയായി തുടരുന്ന ചേച്ചിയെ അപേക്ഷിച്ച് അനിയത്തി ഒരു മിണ്ടാപ്രാണിയാണ്‌.


ചുവരില്‍ നിറയെ പിതാമഹന്‍മാരുടെയും കാരണവന്‍മാരുടെയും ഫോട്ടോഗ്രാഫുകളാണ്‌.ഗാംഭീര്യം തുളുമ്പുന്ന മുഖങ്ങള്‍. അനപത്യദു:ഖവും നിത്യദാരിദ്ര്യവും ഒട്ടൊക്കെ ഭാവരഹിതരാക്കി തീര്‍ത്തിട്ടുണ്ടെങ്കിലും സരസ്വതിയമ്മയും കുടുംബവും ജീവിതത്തോട് പൊരുതുന്നുണ്ട്. അവര്‍ക്ക് ഒരേക്കറോളം നെല്‍കൃഷിയുണ്ട്. കറുത്തോലി കൃഷിയാണത്. (കരിന്തറ എന്ന പേരിലും അറിയപ്പെടുന്ന ഈ നെല്‍വിത്ത് നല്ല പ്രതിരോധശേഷിയുള്ള ഒന്നാണ്‌. സാധാരണ നെല്‍വിത്തുകളേക്കാള്‍ ഉയരം കാണും. മേടമാസത്തിലാണ്‌ വിതക്കുക. കര്‍ക്കടകത്തിലെ മഴയെയും അതിജീവിക്കുന്ന ഇത് മകരമാസത്തില്‍ വിളവെടുക്കാറാവും.)                                                           (കറുത്തോലി പാടം)

തിരിച്ചിറങ്ങുമ്പോള്‍ അവര്‍ പടിക്കെട്ടിന്റെ കഥ കൂടി പറഞ്ഞു തന്നു. പടിക്കെട്ടിന്റെ സ്ഥാനത്ത് വലിയ ഒരു പടിപ്പുരയുണ്ടായിരുന്നത്രേ. 1929ലുണ്ടായ ഭയങ്കരമായ വെള്ളപ്പൊക്കത്തില്‍ അത് ഒലിച്ചു പോയത്രെ. വെള്ളപ്പൊക്കത്തിനു ശേഷം കാരണവര്‍ ചേനുനായര്‍ പക്ഷെ പുതിയ പടിപ്പുര പുതുക്കിപണിയാനൊന്നും മെനക്കെട്ടില്ല. പകരം കാണുന്നതാണ്‌ ഇന്നത്തെ കരിങ്കല്ലു കൊണ്ടുള്ള പടിക്കെട്ട്. പടികളിറങ്ങുമ്പോള്‍ എന്റെ മനസ്സില്‍ വേറിട്ടകാഴ്ച്ചകള്‍ക്കു വേണ്ടി മോഹന്‍ദാസേട്ടന്‍ (കെ എ മോഹന്‍ദാസ്) എഴുതിയ പഴയൊരു നരേഷന്‍ വാചകമായിരുന്നു ഓര്‍മ്മ വന്നത്.
"കാലം എല്ലാ സിംഹാസനങ്ങളെയും പുരാവസ്തുക്കളാക്കി മാറ്റും"
                                    ജി. സുശീലാമ്മ : ആനക്കര വടക്കത്ത്
സന്ധ്യയായി തുടങ്ങി, ഞങ്ങള്‍ ആനക്കര വടക്കത്തേക്കുള്ള യാത്രയിലാണ്‌. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനും ദേശീയപ്രസ്ഥാനത്തിനും ഒരുപിടി മഹാരഥന്‍മാരെ സമ്മാനിച്ചിട്ടുള്ള ഒരു തറവാടാണത്. ആ വീട്ടിലൊന്നു പോകാന്‍ വ്യക്തിപരമായ ഒരു ആഗ്രഹവും ഉണ്ടായിരുന്നു. ബാംഗ്ളൂരില്‍ ഞാന്‍ ജോലി ചെയ്തിരുന്ന ചാനലില്‍ ജോലിക്ക് ചേര്‍ന്ന എനിക്ക് ആദ്യം എഡിറ്റ് ചെയ്യാന്‍ തന്ന പ്രോഗ്രാം 'Myths and Legends 'എന്ന ട്രാവലോഗ് ആയിരുന്നു. രവിയേട്ടന്‍ (ചിന്ത രവീന്ദ്രന്‍) ആയിരുന്നു അതിന്റെ പ്രൊഡ്യൂസര്‍. ആനക്കര വടക്കത്തെ ജി സുശീലാമ്മയെ കേന്ദ്രമാക്കിയായിരുന്നു ആ എപ്പിസോഡ്. നല്ല ഒഴുക്കുള്ള ഇംഗ്ളീഷില്‍ അവര്‍ തന്റെ തറവാടിനെ കുറിച്ചും നാടിനെ കുറിച്ചും അതില്‍ വിശദീകരിക്കുന്നുണ്ട്. അന്ന്‌ മനസ്സിലുറപ്പിച്ചതായിരുന്നു എന്നെങ്കിലും അവിടെയൊന്നു പോകണമെന്നും അവരെയൊന്നു കണ്ടു സംസാരിക്കണമെന്നും. ആനക്കരയില്‍ ഒരന്തിചന്തയുണ്ട്. പൊന്നാനിയില്‍ നിന്നും വൈകുന്നേരത്തെ മീന്‍ എത്തുന്നതോടെയാണ്‌ അത് സജീവമാവുക. അങ്ങാടിയില്‍ നിന്ന് അധികം ദൂരമില്ല ആനക്കര വടക്കത്തേക്ക്. ഇപ്പോഴും നന്നായി പരിരക്ഷിച്ചു പോരുന്ന ഒരു നാലുകെട്ടാണിത്. കുട്ടിമാളുവമ്മ, അമ്മു സ്വാമിനാഥന്‍, ക്യാപ്റ്റന്‍ ലക്ഷ്‌മി, ജി. സുശീല, മൃണാളിനി സരാഭായ് തുടങ്ങിയ സ്ത്രീരത്നങ്ങളെ ഭാരതത്തിന്‌ സമ്മാനിച്ച ഈ തറവാട്ടില്‍ സുശീലാമ്മയാണ്‌ ഇപ്പോള്‍ സ്ഥിരമായി താമസിക്കുന്നത്. ഒറ്റനോട്ടത്തില്‍ ഒരു വൃദ്ധ സദനം പോലെ തോന്നി വീടിനുള്ളിലേക്ക് കയറിയപ്പോള്‍. സുശീലാമ്മയുടെ ആശ്രിതരും ഉറ്റബന്ധുക്കളുമായി കുറച്ചു വൃദ്ധര്‍ മാത്രമേ ആ വീട്ടിലുള്ളു. സുശീലാമ്മ കൂറ്റനാട് സ്കൂളില്‍നിന്ന് എലമെന്ററി വിദ്യാഭ്യാസം കഴിഞ്ഞ് ഉന്നതപഠനത്തിനായി മദ്രാസിലേക്കു പോവുകയായിരുന്നു. മദ്രാസ് വിമന്‍സ് കൃസ്ത്യന്‍ കോളേജില്‍ ബിരുദത്തിനു പഠിക്കുമ്പോഴേ സ്വാതന്ത്ര്യ സമരത്തില്‍ സജീവ പങ്കാളിത്തം വഹിച്ച് കോളേജ് അധികാരികളുടെ കണ്ണിലെ കരടായി മാറി. പഠിക്കുന്നതിനിടെ നിരവധി തവണ കോളേജില്‍ നിന്ന് ശിക്ഷാനടപടികള്‍ നേരിട്ടിരുന്നു. ബിരുദം കഴിഞ്ഞ് മദ്രാസിലെ തന്നെ ലേഡി വെല്ലിംഗ്ടണ്‍ കോളേജില്‍ ബി എഡിന്‌ ചേര്‍ന്ന ഉടനെയായിരുന്നു ക്വിറ്റിന്ത്യാ സമരം പൊട്ടിപ്പുറപ്പെട്ടത്. കോണ്‍ഗ്രസ്സ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന കേ പി മേനോന്റെ മകള്‍ക്ക് അടങ്ങിയിരിക്കാനാവുമായിരുന്നില്ല. പിതാവിന്റെ നിര്‍ലോഭമായ പിന്തുണയും കൂടിയായപ്പോള്‍ സുശീലാമ്മ ബ്രിട്ടീഷ് രാജിനെതിരെ തെരുവിലിറങ്ങി. രണ്ടുവര്‍ഷത്തെ കഠിനതടവിന്‌ ശിക്ഷിച്ച് വെല്ലൂര്‍ ജയിലിലേക്കയച്ചായിരുന്നു സര്‍ക്കാര്‍ അതിനോട് പ്രതികരിച്ചത്. ജെയിലില്‍ കൊടിയ പീഡനങ്ങളും അവര്‍ക്ക് നേരിടേണ്ടി വന്നു. സ്വാതന്ത്ര്യത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയ സുശീലാമ്മ ഒരു സ്ഥാനമാനങ്ങള്‍ക്കും പിടികൊടുത്തില്ല. അധ്യപികയായും സര്‍വോദയ പ്രവര്‍ത്തകയായും സ്ത്രീകളെ ബോധവല്‍ക്കരിച്ചും അവര്‍ ശിഷ്ടകാലം കഴിച്ചുക്കൂട്ടി.ഫ്രാന്‍സിലും അമേരിക്കയിലും സ്ഥിരതാമസക്കാരായ മക്കളോടൊപ്പം താമസിക്കാന്‍ വിസ്സമ്മതിച്ച് നാട്ടില്‍ തന്നെ ശിഷ്ടകാലം ചിലവിടാനാണായിരുന്നു തൊണ്ണൂറു വയസ്സുള്ള ഈ വന്ദ്യവയോധികയുടെ തീരുമാനം. സന്ധ്യാ വിളക്ക് കൊളുത്തേണ്ട നേരമായെന്ന് ആരോ അറിയിച്ചു. വളരെ താല്‍പര്യപൂര്‍വം തുടര്‍ന്നിരുന്ന ആ സംഭാഷണം ഞങ്ങള്‍ക്ക് അവസാനിപ്പിക്കേണ്ടി വന്നു. വീണ്ടും വരണമെന്ന് പലവട്ടം നിര്‍ബന്ധിച്ചിട്ടാണ്‌ ആ അമ്മ ഞങ്ങളെ യാത്രയാക്കിയത്. പ്രസാദവതിയായ ആ അമ്മയെ കണാനായതും സംസാരിക്കാനായതും ഭാഗ്യമായി കരുതുന്നു. ഒരു ദിവസം മുഴുവന്‍ നീണ്ട അലച്ചിലിന്റെ ക്ഷീണം മുഴുവന്‍ പമ്പകടത്തുന്നതായിരുന്നു ആ അമ്മ ഞങ്ങള്‍ക്ക് പകര്‍ന്നുതന്ന ഊര്‍ജ്ജം.

വിട്ടു പോയത്:ഇത് എഴുതി കൊണ്ടിരിക്കുമ്പോള്‍ ഒരു പ്രദേശിക ചാനലില്‍ നിന്ന് ഒരു വാര്‍ത്ത കേള്‍ക്കാനായി. തൃശൂര്‍ നഗരത്തിന്റെ മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള അടുത്ത കേന്ദ്രമായി കണ്ടു വെച്ചിരിക്കുന്നത് കടങ്ങോടിനെയാണത്രേ. അങ്ങനെയാണെങ്കില്‍ കടങ്ങോട് മറ്റൊരു ലാലൂര്‍ ആകുമായിരിക്കും. മാത്രമല്ല നമ്മുടെ നാട്ടില്‍ അപൂര്‍വമായി അവശേഷിക്കുന്ന ഗ്രാമ്യപകൃതി കൂടെ തുടച്ചു നീക്കുക എന്നതുമായിരിക്കും അതിന്റെ അനന്തരഫലം.
                                                      ****************************
                                             കടങ്ങോട്ടെ പെട്ടിക്കടക്കാരന്‍ ശങ്കരേട്ടന്‍ :
(ബീഡി, സിഗരറ്റ്, നാരങ്ങമിഠായി, നന്നാരി സര്‍വത്ത് എന്നിവയുടേതാണ്‌ കച്ചവടം. പെട്ടിക്കടക്ക് എത്ര പ്രായമായി എന്ന് ശങ്കരേട്ടന്‌ അറിയില്ല. കുറേക്കാലമായി കച്ചവടം തുടങ്ങിയിട്ട് എന്നു മാത്രം അറിയാം.)
(വെള്ളം കൊറവ്‌ ചായയുമായി ഫോട്ടോഗ്രാഫര്‍ ബിക്കി. മികച്ച സ്പൈക്കറും നല്ലൊരു സെയില്‍സ് മാനേജറും കൂടിയായ ബിക്കി പക്ഷേ എല്ലാം ഉപേക്ഷിച്ച് ഈയാഴ്ച്ച ദുബായിക്ക് പോകാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്‌.)