Monday, 4 October, 2010

ഒരു മലകയറ്റവും മറ്റു ചില വര്‍ത്തമാനങ്ങളും (ഭാഗം 2 )

ബാംഗ്ളൂരില്‍ നിന്ന് റോഡ് മാര്‍ഗ്ഗം 375 കിലോമീറ്റര്‍ ദൂരമുണ്ട് സുബ്രമണ്യയിലേക്ക്. ഹാസന്‍ വഴി എട്ടു മണിക്കൂര്‍ ബസ്സ് യാത്ര. മജെസ്റ്റിക് ബസ്റ്റാന്റില്‍ നിന്നും ഞങ്ങള്‍ക്ക് കിട്ടിയത് ഒരു അള്‍ട്രാ ഡീലക്സ് ബസ്സായിരുന്നു. മുന്‍പ്രധാനമന്ത്രിയുടെ മണ്ഡലത്തിലൂടെയുള്ളതായിട്ടും സംസ്ഥാന പാതയുടെ അവസ്ഥ ദയനീയമായിരുന്നു. പൊട്ടിപൊളിഞ്ഞ റോഡിലൂടെ ഒരു ദയയുമില്ലാതെ അതിവേഗത്തില്‍ രഥം പറപ്പിച്ച ഡ്രൈവര്‍ ഞങ്ങളെ വെളുപ്പിന്‌ സുബ്രമണ്യയിലെത്തിച്ചു. ബസ്സ് നിറുത്തിയത് ഒരു ക്ഷേത്രനടയിലായിരുന്നു, പ്രശസ്തമായ കുക്കേ സുബ്രമണ്യ ക്ഷേത്രം. ഹലോജന്‍ വിളക്കുകളുടെ പ്രഭാപൂരം. അമ്പലനടയില്‍ വെളുപ്പിനും നല്ല തിരക്കുണ്ട്. അവിടേക്കുള്ള ഭക്തരായിരുന്നു ഞങ്ങളുടെ ബസ്സിലധികവും. പശ്ചിമഘട്ടത്തിന്റെ പാദത്തില്‍ സ്ഥിതി ചെയ്യുന്ന ഈ അമ്പലത്തിന്റെ നല്ലകാലം തെളിഞ്ഞത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇവിടെ ആരാധനക്ക് വന്നതിനു ശേഷമാണത്രേ!. അതിനു ശേഷം കുക്കേ സുബ്രമണ്യ ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹമായി പോലും. സ്വാഭാവികമായും വരുമാനവും!. അരുണാണ്‌ ഇത്രയും വിവരങ്ങള്‍ ഞങ്ങള്‍ക്ക് തന്നത്. അരുണ്‍ ഈ യാത്രക്കായി കഴിഞ്ഞ ഒരാഴ്ച്ചയായി നെറ്റില്‍ റിസര്‍ച്ചിലായിരുന്നു.
 "Kid... you woke up ? how come man ! "
എഡ്വിനാണ്‌, എഡ്വിന്‍ അത്ഭുതപ്പെട്ടതിന്‌ കാരണമുണ്ട്.  കുത്തിക്കുലുങ്ങിയുള്ള ദുസ്സഹമായ എട്ടുമണിക്കൂര്‍ ബസ്സ്‌യാത്രയിലധികവും അരുണ്‍ കൂര്‍ക്കം വലിച്ചുറക്കമായിരുന്നു. അത്ര കുത്തിക്കുലുക്കത്തിലും അരുണ്‍ സുഖമായുറങ്ങുന്നല്ലോയെന്ന് എഡ്വിന്‍ അസൂയപ്പെടുന്നുണ്ടായിരുന്നു. എല്ലാവരും 'കിഡ്' എന്നാണ്‌ അരുണിനെ വിളിക്കുന്നത്. ഇരുപത്തൊന്ന്‌ വയസ്സേയുള്ളു 'അരുണ്‍ പാല്‍' എന്ന അരുണ്‍പളനിയപ്പന്‌. ഞങ്ങള്‍ അഞ്ചു പേര്‍ക്കിടയില്‍ മാത്രമല്ല ഞങ്ങളുടെ നൂറ്റിയിരുപതോളം സഹപ്രവര്‍ത്തകര്‍ക്കിടയിലും ഏറ്റവും പ്രായം കുറഞ്ഞയാള്‍ അരുണാണ്‌. തമിഴ്‌നാട്ടിലെ കാരൈക്കുടിയാണ്‌ സ്വദേശം.  ചെട്ടിനാട്‌ കുടുംബാംഗവും കേന്ദ്ര ആഭ്യന്തരമന്ത്രി പളനിയപ്പന്‍ ചിദംബരത്തിന്റെ ചാര്‍ച്ചക്കാരനുമാണ്‌ കക്ഷി. ചെട്ടിനാടിന്റെ തനിമയേയും രുചി വൈവിധ്യത്തേയും ആയിരം ജനലുകളുള്ള തന്റെ തറവാട്ടു വീടിന്റെ മഹിമയേയുമൊക്കെ കുറിച്ച് വാചാലനാവാറുണ്ടെങ്കിലും അരുണ്‍ തന്റെ തറവാട്ടുകാരെ പോലെ സമ്പന്നനൊന്നുമല്ല. അതുകൊണ്ടാണ്‌ വിഷ്വല്‍ കമ്മ്യൂണിക്കേഷണ്‍ ബിരുദം കഴിഞ്ഞ ഉടനെ അവന്‌ ജോലിക്ക് കയറേണ്ടി വന്നത്. അരുണ്‍ പി. ചിദംബരത്തിനെ കുറിച്ച് വാചാലനാവുമ്പോഴൊക്കെ എഡ്‌വിന്‍ എതിര്‍ക്കും. 
 " ചിദംബരത്തിനറിയില്ല ബീഹാറില്‍ നിന്നും ജാര്‍ക്കണ്ഢില്‍ നിന്നുമൊക്കെ മാവോയിസ്റ്റുകള്‍ ഉണ്ടാവുന്നതിന്റെ കാരണങ്ങള്‍, അതറിയാതെ അയാള്‍ ഞങ്ങളുടെ ആളുകളെ തീവ്രവാദികളാക്കി കൊന്നൊടുക്കുകയാണ്‌ "
എഡ്‌വിന്റെ പപ്പ ജാര്‍ക്കണ്ഢുകാരനായ ഗോത്രവര്‍ഗക്കാരനാണ്‌.
"ഗ്രാമത്തിലെ മറ്റു ആദിവാസികളേക്കാള്‍ ബുദ്ധിമാനായതിനേക്കാളേറെ ഭാഗ്യവാനായിരുന്നതിനാലാവണം പപ്പ എങ്ങനെയോ ജാംഷഡ്പൂരിലെത്തിപ്പെട്ടു. ടാറ്റ ജോലി കൊടുത്തു. ഗോവയില്‍നിന്നുള്ള ആംഗ്ളോ ഇന്ത്യക്കാരിയായ മമ്മയെ കണ്ടുമുട്ടി. ഞങ്ങളെയൊക്കെ നല്ല സ്കുളിലയച്ചു പഠിപ്പിച്ചു. ജാംഷഡ്പൂരില്‍ ഞങ്ങള്‍ സ്ഥിരതാമസമാക്കിയിട്ട് ഇത്രയായി, എന്നിട്ടും പപ്പ ഇപ്പോഴും അസ്വസ്ഥനാണ്‌. വേരുകള്‍ നഷ്ടമാക്കിയതിന്റെ പക പപ്പക്ക് ടാറ്റയോടും സര്‍ക്കാറിനോടും ഇപ്പോഴും ഉണ്ട്. എന്നെ മദ്രാസ് കൃസ്ത്യന്‍ കോളേജില്‍ ചേര്‍ക്കാന്‍ തീരുമാനിച്ച ആഴ്‌ച്ച പപ്പ എന്നെ പപ്പയുടെ ഗ്രാമത്തിലേക്ക് കൊണ്ടുപോയി. അവിടെ ചെലവഴിച്ച ആ മൂന്നു ദിവസത്തിലാണ്‌ ഞാന്‍ ഞങ്ങളുടെ ഗോത്രനൃത്തം പഠിച്ചതും മാവോയിസ്റ്റുകള്‍ എങ്ങനെയാണ്‌ സൃഷ്ടിക്കപ്പെടുന്നത് എന്നു മനസിലാക്കിയതും....പപ്പയെ പോലെ എനിക്കുമുണ്ട് ആ ഒരു ഐഡന്റിറ്റി പ്രോബ്ളം, എനിക്കറിയില്ല ഞാന്‍ ആരാണെന്ന്..! ഗോത്രവര്‍ഗക്കാരനുമല്ല ആംഗ്ലോ ഇന്ത്യനുമല്ല ! എനിക്ക് ചിലപ്പോള്‍ തോന്നാറുള്ളത് ഞാന്‍ നിങ്ങളെ പോലെ ഒരു മല്ലുവാണെന്നാണ്‌.  MCC യില്‍ കഴിഞ്ഞ അഞ്ചു വര്‍ഷവും മലയാളികളുടെ കൂടെയാണ്‌ ഞാന്‍ ജീവിച്ചത് . MCC യുടെ പേരു മാറ്റണം എന്ന് ഞങ്ങള്‍ പറയാറുണ്ട്  'മല്ലു കൃസ്ത്യന്‍ കോളേജ്' എന്ന് ! "


                             ഞങ്ങളുടെ സംഘത്തില്‍ ഞാനും വിപിനുമാണ്‌ മല്ലുകള്‍ . അഞ്ചാമന്‍ ഹരീഷാണ്‌, ചിക്മംഗ്ളൂരുകാരന്‍. ഞങ്ങളുടെ ചാനലില്‍ ടെക്നിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു.   കടുത്ത ദൈവ വിശ്വാസിയാണെങ്കിലും ചെഗുവേരയാണ്‌ കക്ഷിയുടെ പ്രിയപ്പെട്ട ആരാധനാമൂര്‍ത്തി. എന്നെങ്കിലും ഒരിക്കല്‍ ചെഗുവേരെയെ കുറിച്ച് കന്നഡയില്‍ ഒരു സിനിമയെടുക്കുക എന്നതാണ്‌ ഹരീഷ് ഗൌഡയുടെ ഏറ്റവും വലിയ സ്വപ്നം.
                                                      
നേരം പരപരാ വെളുത്തു തുടങ്ങി. അമ്പലനട കൂടുതല്‍ സജീവമായി തുടങ്ങി.നല്ല വൃത്തിയുള്ളതാണ്‌ കുക്കേ ക്ഷേത്ര പരിസരം. ഭക്തര്‍ക്കായി ദേവസ്വം ഡോര്‍മെട്രി സൌകര്യം ഒരുക്കിയിട്ടുണ്ട്. ഉറക്കച്ചടവെല്ലാം ഒരു കാക്കകുളിയില്‍ തീര്‍ത്ത് ഞങ്ങള്‍ ട്രെക്കിങ്ങിന്‌ തയ്യാറായി. എലാവരുടെയും ബാഗുകളില്‍ കൊള്ളാവുന്നത്ര വെള്ളക്കുപ്പികളും നിറച്ചു. എന്റെ ബാഗിലാണ്‌ ചോക്കലേറ്റ് ബാറുകളും ജ്യൂസ് പാക്കറ്റുകളും , നല്ല കനമുണ്ടായിരുന്നു ബാഗിന്‌! മുമ്പു വന്നിട്ടുള്ളതു കൊണ്ട് വിപിനാണ്‌ വഴികാട്ടി. ഗ്രാമത്തിലെ എല്ലാ പാതകളും കേന്ദ്രീകരിക്കുന്നത് ക്ഷേത്രത്തിലേക്കാണ്‌. ഞങ്ങള്‍ തെരുവുകളില്‍ ഒന്നിലേക്ക് ഇറങ്ങി. ഇടുങ്ങിയ തെരുവ് പെട്ടെന്നു തന്നെ ഒരു നാട്ടുപാതയായി. വീടുകള്‍ ഉണര്‍ന്നു തുടങ്ങിയിരിക്കുന്നു. എനിക്ക് നാട്ടിലെത്തിയ പോലെയാണ്‌ തോന്നിയത്. ചെമ്മണ്‍ പാതയും ഓട്‌മേഞ്ഞ വീടുകളുടെ നിര്‍മ്മിതിയും അടുക്കളക്കിണറുകളും കവുങ്ങും കുരുമുളകും നിറഞ്ഞ തൊടികളും എന്നെ എന്റെ അയല്‍ നാടുകളായ കാട്ടകമ്പാലിനെയും മൂക്കുതലയെയും ഓര്‍മ്മിപ്പിച്ചു. വീടുകള്‍ പതുക്കെ കുറഞ്ഞു തുടങ്ങി. ഇരുവശത്തും ഇടതൂര്‍ന്ന കവുങ്ങിന്‍ തോട്ടങ്ങള്‍ മാത്രം.


                    മലകയറ്റക്കാര്‍ക്കായി കന്നഡയിലുള്ള സൈന്‍ ബോര്‍ഡുകളുണ്ട്. ദക്ഷിണ കന്നഡ- കുടക് ജില്ലകളിലായാണ്‌ കുമാരപര്‍വത സ്ഥിതി ചെയ്യുന്നത്. ഇരു വശത്തു നിന്നും ട്രക്കിങ്ങ് നടത്താം. കൂടുതല്‍ എളുപ്പമായതിനാലാണ്‌ ഞങ്ങള്‍ ദക്ഷിണ കന്നഡ ഭാഗം തിരെഞ്ഞെടുത്തത്. ഇരുപത്തെട്ടു കിലോമീറ്ററുകളും ഇരുപതിലേറെ മലകളും താണ്ടി വേണം സമുദ്രനിരപ്പില്‍ നിന്ന്‌ നാലായിരത്തിലേറെ അടിയുള്ള ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പര്‍വതമായ കുമാര പര്‍വതയിലെത്തിപ്പെടാന്‍ !ഒക്ടോബര്‍ മുതല്‍ മെയ്‌ വരെയുള്ള മാസങ്ങളിലാണ്‌ ട്രെക്കിങ്ങ് സീസണ്‍. വര്‍ഷകാലത്തെ ട്രെക്കിങ്ങ് വഴുക്കലുള്ളതു കൊണ്ട് അപകടകരമാണ്‌. കൂടാതെ അട്ട ശല്യവുമുണ്ടാവും.  ഒരു പുരയിടത്തിന്റെ വശത്തു കൂടിയാണ്‌ ഔദ്യോഗിക ട്രെക്കിങ്ങ് മാപ്പ് ആരംഭിക്കുന്നത്. കുത്തനെയുള്ള ഒരു കയറ്റം, അത് വനത്തിലേക്കുള്ളതാണ്‌. ട്രെക്കിങ്ങിന്റെ ആദ്യഘട്ടമാണിത്. അഞ്ചെട്ടു കിലോമീറ്ററുകളോളം വനമ്പ്രദേശം താണ്ടേണ്ടതുണ്ട്. വഴിയില്‍ വീണുകിടക്കുന്ന മരങ്ങളും കൂറ്റന്‍ വേരുകളും കുത്തനെയുള്ള കയറ്റങ്ങളും മുന്നോട്ടുള്ള പ്രയാണം ദുഷ്കരമാക്കും. നമ്മുടെ ശാരീരികക്ഷമത എത്രെയുണ്ടന്ന് ആദ്യത്തെ പത്തുമിനിറ്റില്‍ തന്നെ പിടികിട്ടും. തളര്‍ന്നു പോയ ഞങ്ങള്‍ ഓരോ കിലോമീറ്ററിലും വിശ്രമമെടുത്ത് പതുക്കെയാണ്‌ കയറികൊണ്ടിരുന്നത്. ചോക്കളേറ്റ് ബാറുകളുടെ ഗുണം അപ്പോഴായിരുന്നു ശരിക്ക് പിടികിട്ടിയത്. ഊര്‍ജ്ജനഷ്ടം പരിഹരിക്കാന്‍ കുറച്ചൊന്നുമല്ല ചോക്കളേറ്റ് ബാറുകള്‍ സഹായിച്ചത്. ചോക്കളേറ്റിന്റെയും പാക്കറ്റ് ജ്യൂസിന്റെയും വിതരണം അരുണിന്റെ കര്‍ശനമായ നിയന്ത്രണത്തിലായിരുന്നു.

വിപിന്‍, ഹരീഷ്, ഞാന്‍, അരുണ്‍പാല്‍ , എഡ്വിന്‍
                                
കാടിന്റെ തണല്‍ പറ്റി അധികദൂരം നടക്കേണ്ടി വന്നില്ല,  ഞങ്ങള്‍ തരിശിന്റെ തുറസ്സിലേക്ക് എടുത്തെറിയപ്പെട്ടു. കണ്ണെത്താ ദൂരത്തോളം മൊട്ടക്കുന്നുകളായി പിന്നീട്. പരീക്ഷണഘട്ടങ്ങള്‍ തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. ശരീരത്തിലെ ജലാംശം അതിവേഗം നഷ്ടപ്പെടുത്തുന്ന കൊടും വെയില്‍ , വളരെ പരുക്കനായ ഒരു തണല്‍ പോലുമില്ലാത്ത വഴികളും.  നേരം ഉച്ചയോടടുക്കുന്നുണ്ടായിരുന്നു. എത്ര ദൂരം പിന്നിട്ടുവെന്ന് ഒരു ബോധ്യവുമില്ല . ദൂരെ ഞങ്ങളേക്കാള്‍ മുമ്പ് ട്രെക്കിങ്ങ് ആരംഭിച്ച ചിലരെ കാണാനുണ്ട് എന്നതു മാത്രം ഒരാശ്വാസം.ഞാനും എഡ്വിനും പേശിവലിവ് കാരണം ശരിക്കും ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.വിപിന്‌ മാത്രം വലിയ കോട്ടമൊന്നുമില്ല. ഉച്ചക്ക് ഒരു 'ബ്രേക്കിങ്ങ് പോയിന്റ്' ഉണ്ടെന്ന് അവന്‍ പറഞ്ഞിരുന്നു. ആ ഒരു പ്രതീക്ഷ്യാഅയിരുന്നു പിന്നീട് ഞങ്ങള്‍ക്ക്.


                   മലകള്‍ക്കിടയില്‍ ഞങ്ങളെ അമ്പരപ്പിച്ചു  കൊണ്ട് ഒരു കൃഷിയിടം കാണാനായി. അതിന്റെ നടുവില്‍ ഒരു വീടും രണ്ടു മൂന്ന് പശുക്കളുള്ള ഒരു തൊഴുത്തും. അതായിരുന്നു ഞങ്ങളുടെ വഴിയമ്പലം , മലകയറ്റക്കാര്‍ക്കിടയില്‍ പ്രശസ്തമായ ഭട്ടര്‍ മന. നാരായണ ഭട്ടും കുടുംബവുമായിരുന്നു അവിടുത്തെ താമസക്കാര്‍. വിടര്‍ന്ന ചിരിയോടെ ഞങ്ങളെ സ്വീകരിച്ച ഭട്ട് ദാഹം മാറ്റാന്‍ സംഭാരമാണ്‌ തന്നത്. ക്ഷീണം മാറ്റാന്‍ ഭട്ടര്‍ മനയുടെ വിശാലമായ ചാണകം മെഴുകിയ വരാന്തയില്‍ കിടന്നു. ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഭട്ട് അദ്ദേഹത്തിന്റെ കുടുംബചരിത്രം പറഞ്ഞു തന്നു. കന്നഡ ബ്രാഹ്മണരാണ്‌ ഭട്ട് കുടുംബം. പരമ്പരയായി അവര്‍ അവിടെയാണ്‌. കൂട്ടുകുടുംബമാണ്‌. പ്രായമായ അമ്മയും അനുജനും അയാളുടെ കുടുംബവും കൂടി അവിടെയുണ്ട്. സത്രകുടുംബമാണത്രേ അവരുടേത്. സത്രധര്‍മ്മം പാലിക്കുക എന്നത് രാജ നിര്‍ദ്ദേശമായിരുന്നത്രേ. കുമാര പര്‍വതത്തിന്റെ മറുഭാഗത്തും അത്തരമൊരു ബ്രാഹ്മണ കുടുംബമുണ്ടത്രേ. രാജാവില്‍ നിന്ന് അദ്ദേഹത്തിന്റെ പൂര്‍വികര്‍ക്ക് തീറെഴുതി കിട്ടിയതാണ്‌ ഈ മലഞ്ചെരിവ് . പൂര്‍വികരും ഇവിടെ തന്നെയാണ്‌ ജീവിച്ച് മരിച്ചത്. അടക്കയും വാഴയുമാണ്‌ കൃഷി. കൃഷിപ്പണിക്ക് സഹായിക്കാന്‍ ആദിവാസികളുണ്ട്. ഇപ്പോള്‍ പക്ഷേ മുഖ്യ വരുമാനം ടൂറിസ്റ്റുകളില്‍ നിന്നാണ്‌. മല കയറുന്നവര്‍ ഉച്ചഭക്ഷണം കഴിച്ച് വിശ്രമിക്കുന്നത് ഭട്ടര്‍ മനയിലാണ്‌. മലകയറ്റക്കാര്‍ക്ക് കുളിക്കാന്‍ ഭട്ട് നാലഞ്ച് കുളിമുറികളുണ്ടാക്കിയിട്ടുണ്ട്. നല്ല തണുത്ത കണ്ണീരു പോലെയുള്ള വെള്ളമാണ്‌ അവിടെത്തെ കിണറ്റിലേത്. കുളി കഴിഞ്ഞാല്‍ രുചികരമായ വെജിറ്റേറിയന്‍ ശാപ്പാട് കഴിക്കാം. അതിനു ശേഷം വേണമെന്നുള്ളവര്‍ക്ക് വിശ്രമിക്കാം. നല്ല ക്ഷീണമുള്ളവര്‍ കുറെ കഴിഞ്ഞേ അവിടെ നിന്ന് യാത്ര പുനരാരംഭിക്കാറുള്ളൂ. അല്‍പ്പ നേരത്തെ വിശ്രമം കഴിഞ്ഞ് ഞങ്ങള്‍ ഭട്ടര്‍ മനയോടും അവിടെത്തെ അന്തേവാസികളോടും യാത്ര പറഞ്ഞു.

" ഭട്ടര്‍ സത്രധര്‍മ്മം മറന്നു തുടങ്ങി എന്നു തോന്നുന്നു, ആളൊന്നുക്ക് നൂറ്റിയിരുപത് രൂപയാണ്‌ ചാര്‍ജ്ജ് ചെയ്തത്. കഴിഞ്ഞ തവണത്തേതിന്റെ ഇരട്ടി ! "  പോകും വഴിക്ക് വിപിന്‍ പിറുപിറുത്തു.


ഭൂപ്രകൃതി വീണ്ടും മാറുന്നു. വീണ്ടും മനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍. വനം വകുപ്പ് മലമുകളിലെ വ്യൂ പോയിന്റുകളിലൊന്നില്‍ ഭംഗിയുള്ള കുറേ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ആ മലയിറങ്ങിയാല്‍ ഫോറസ്റ്റ് ചെക്ക്പോസ്റ്റാണ്‌. ആളൊന്നുക്ക് നൂറു രൂപ അവിടെയും കൊടുത്തു. വിപിന്‍ ഞങ്ങള്‍ക്ക് തുടര്‍ന്നുള്ള യാത്രാ പരിപാടി വിശദീകരിച്ചു. " ഇനി വലിയ മലകളാണ്‌ കടക്കേണ്ടത്. ചെങ്കുത്തായ മലകള്‍. സൂക്ഷിച്ചു കയറിയില്ലെങ്കില്‍ താഴെ വീണ്‌ തവിടു പൊടിയാവും. കുമാരപര്‍വതത്തിന്റെ ഉച്ചിയില്‍ ഒരു കല്‍മണ്ഡപമുണ്ട്. അതാണ്‌ നമ്മുടെ ലക്ഷ്യം. നമുക്ക് മുമ്പ് പോയ ആരും അത് കയ്യേറിയിട്ടില്ലെങ്കില്‍ നമുക്ക് രാത്രി അവിടെ തങ്ങാം". 
 
                               ട്രെക്കിങ്ങിന്റെ ഏറ്റവും ദീര്‍ഘവും ക്ളേശകരവുമായ ഒരു ഘട്ടമായിരുന്ന് അത്. മണ്ഡപം ദൂരെ ഒരു മരീചിക പോലെ  കാണുന്നുണ്ട്, പക്ഷേ എത്ര കയറിയിട്ടും അതിന്റെ അടുത്ത് പോലും എത്തുന്നില്ല. ഞങ്ങള്‍ ശരിക്കും തളര്‍ന്നിരുന്നു. അവശനായി കഴിഞ്ഞിരുന്ന അരുണ്‍ മതിയാക്കി തിരിച്ചു പോകുകയാണെന്നൊക്കെ ഭീഷണി മുഴക്കുന്നുണ്ടായിരുന്നു. ഒരു ചെറിയ തണല്‍ പൊയിട്ട് ഒരു പുല്‍നാമ്പു പോലും കാണാനില്ലാതിരുന്ന സമയത്താണ്‌ പാറക്കെട്ടുകള്‍ക്കിടയില്‍ ഒരു കുറ്റിച്ചെടി കണ്ടത്. ഞങ്ങളതിന്റെ നേരിയ നിഴലിനടിയില്‍ കൂടി. ഇനി മുന്നോട്ടില്ലെന്നും പറഞ്ഞ് !  തളര്‍ന്നവശരായി കഴിഞ്ഞിരുന്ന ഞങ്ങളെ മുന്നോട്ട് പോകാനും പ്രചോദിപ്പിക്കാനും വിപിന്‌ പാടുപെടേണ്ടി വന്നു !
'ട്രീ ഓഫ് ലൈഫ്‌' എന്നാണ്‌ എഡ്വിന്‍ ആ ചെടിക്ക് പേരിട്ടത് !


                                  
അങ്ങനെ നടത്തമാരംഭിച്ച് ഏതാണ്ട് പത്താം മണിക്കൂറില്‍ ആദ്യം വിപിനും തൊട്ടുപിന്നാലെ എഡ്വിനും മൂന്നാമതായി ഇഴഞ്ഞിഴഞ്ഞ് ഞാനും അവസാനം എങ്ങനെയൊക്കെയോ അരുണും ഹരീഷും മണ്ഡപത്തിലെത്തിപ്പെട്ടു !  ഭാഗ്യത്തിന്‌ മണ്ഡപം ആരും കയ്യേറിട്ടുണ്ടായിരുന്നില്ല. കല്‍മണ്ഡപം ദക്ഷിണ കര്‍ണാടക വാസ്തുവിദ്യയുടെ ഉജ്ജ്വലമായ ഒരു ഉദാഹരണമാണ്‌. പടുകൂറ്റന്‍ കരിങ്കല്‍ പാളികള്‍ കൊണ്ടാണ്‌ മണ്ഡപം പൂര്‍ണമായും പണിതിരിക്കുന്നത്.


പതിനാറാം നൂറ്റാണ്ടിലായിരുന്നത്രേ അതിന്റെ നിര്‍മ്മിതി. അത് സത്യമാണെകില്‍ അതൊരു ക്ളേശകരമായ ദൌത്യമായിരുന്നിരിക്കണം. ആ കാലത്ത് നാടു ഭരിച്ചിരുന്ന ഏതോ രാജാവിന്റെ അധികാര ചിഹ്നങ്ങളിലൊന്നായിരുന്നത്രേ അത്. എന്തായാലും രാജപ്രതാപങ്ങള്‍ മണ്ണടിഞ്ഞു പോയിട്ടും കല്‍മണ്ഡപം കാലത്തെ അതിജീവിച്ചു കൊണ്ട് ഇപ്പോഴും നിലകൊള്ളുന്നു എന്നത് സന്തോഷകരം തന്നെ. സന്ധ്യയായി. മണ്ഡപത്തിലൈരുന്ന് ഞങ്ങള്‍ ഒരു ജലഛായ ചിത്രത്തിലെന്ന പോലെ അസ്തമയ സൂര്യനെ കണ്ടു, അത് പിന്നെ മൂടല്‍ മഞ്ഞില്‍ നഷ്ടപ്പെടുന്നത് വരെയും ആരും ശബ്ദിച്ചു പോലുമില്ല. മൌനം ഭേദിച്ചത് വിപിനായിരുന്നു.

" ദൂരെ താഴ്വരയില്‍ നില്‍ക്കുന്നവനേ ഏറ്റവും വ്യക്തമായും സുന്ദരമായും മലകളെ കാണാന്‍ കഴിയൂ എന്നല്ലേ ജിബ്രാന്‍ പറഞ്ഞത് ? പക്ഷെ മലമുകളിലുള്ളവന്‌ വിശാലമായ ഭൂമി എത്ര ചെറുതാണെന്നറിയാം. അവന്റെ മനസ്സാവും താഴെ നിന്ന് അത്ഭുതം കൊള്ളുന്നവനേക്കാള്‍ നിര്‍മ്മലം "                          രാത്രി വന്നത് കൊടും തണുപ്പും കൊണ്ടായിരുന്നു. ഞങ്ങള്‍ ചുറ്റുപാടു നിന്ന് പെറുക്കിയ ഉണങ്ങിയ ചുള്ളികള്‍ കൊണ്ട് ക്യാമ്പ് ഫയറുണ്ടാക്കി. അരുണ്‍ ഇഷ്ടം പോലെ നൂഡില്‍ പാക്കുകളും ഭക്ഷണം പാകം ചെയ്യാനുള്ള ചെറിയ പാത്രങ്ങളും കരുതിയുട്ടണ്ടായിരുന്നു. ഭക്ഷണ ശേഷം ഏഡ്വിനും അരുണും പാട്ടുകള്‍ പാടി '..എല്‍വിസ് പ്രെസ്‌ലിയുടെ ബ്ലൂ മൂണ്‍ ... ജോണ്‍ ലെനെന്റെ ഇമാജിന്‍ , പിന്നെ എനിക്കറിയാത്ത എതോ പാട്ടുകള്‍ .
                                                         ***************


Beautiful dawn - lights up the shore for me.
There is nothing else in the world,
I'd rather wake up and see (with you).
Beautiful dawn - I'm just chasing time again.
Thought I would die a lonely man, in endless night.
But now I'm high; running wild among all the stars above.
Sometimes it's hard to believe you remember me.
Beautiful dawn - melt with the stars again.
Do you remember the day when my journey began?
Will you remember the end (of time)?
Beautiful dawn - You're just blowing my mind again.
Thought I was born to endless night, until you shine.
High; running wild among all the stars above.
Sometimes it's hard to believe you remember me.
Will you be my shoulder when I'm grey and older?
Promise me tomorrow starts with you,
Getting high; running wild among all the stars above.
Sometimes it's hard to believe you remember me
                       : John blunt ( Beautiful Dawn)

                  എല്ലാവരും ക്ഷീണം കൊണ്ട് ഉറക്കം പിടിച്ചെങ്കിലും എനിക്കു മാത്രം ഉറക്കം വന്നില്ല. ഞാന്‍ ആകാശവും നോക്കി കിടന്നു. അനേക കോടി മിന്നാമിനുങ്ങുകളെ പോലെ നക്ഷത്രങ്ങള്‍ മിന്നിതിളങ്ങി ഒരു രാത്രിയായിരുന്നു അത്. അത്രയുമധികം നക്ഷത്രങ്ങളെ ഞാന്‍ ആദ്യമായിട്ടായിരുന്നു ഒന്നിച്ചു കാണുന്നത്. എനിക്ക് അറിയാതെ പഴയ കൂട്ടുകാരിയെ ഓര്‍മ്മ വന്നു. നക്ഷത്രങ്ങളെ വളരെ ഇഷ്ടമായിരുന്നു അവള്‍ക്ക്. അവളെ കുറിച്ചോര്‍ത്തതും , പൊടുന്നനെ അസ്സഹനീയമായ ഒരു ശൂന്യത അനുഭവപ്പെട്ടു. ഇനി ഉറങ്ങാന്‍ കഴിയില്ല. ഞാന്‍ എണീറ്റിരുന്നു.

"എന്തു പറ്റി ?"
എഡ്വിനാണ്‌.
" നക്ഷത്രങ്ങളെ കണ്ടോ ? എനിക്കിതേ കുറിച്ച് ഒരാളോട് പറയണമെന്നുണ്ടായിരുന്നു. "
ഞാന്‍ ആകാശതേക്ക് കൈ ചൂണ്ടി.
" ഞാനും അകാശം നോക്കി കിടക്കുകയായിരുന്നു. ഏക്‌തക്കിപ്പോള്‍ ഒരു ടെക്‌സ്റ്റ് അയച്ചേ ഉള്ളൂ...
...അല്ല,  എന്നിട്ട് ആള്‍ക്ക് വിളിക്കാത്തതെന്ത് ? "
അവന്‍ മൊബൈല്‍ നീട്ടി.
" വേണ്ട. നമ്പര്‍ അറിയില്ല. മാത്രമല്ല, എത്ര മലകള്‍ക്കപ്പുറമാണ്‌ അവളിപ്പോഴെന്ന് എനിക്കറിയില്ല " എഡ്വിന്‍ അതിന്‌ മറുപടിയൊന്നും പറഞ്ഞില്ല. പകരം ഒരു പാട്ടു പാടി.

Where were you when I was burned and broken
While the days slipped by from my window watching
Where were you when I was hurt and I was helpless
Because the things you say and the things you do surround me
While you were hanging yourself on someone elses words
Dying to believe in what you heard
I was staring straight into the shining sun
Lost in thought and lost in time
While the seeds of live and the seeds of change were planted
Outside the rain fell dark and slow
While I pondered on this dangerous but
I took a heavenly ride through one silence
I knew the moment had arrived
For killing the past and coming back to life......

                                           എഡ്വിന്‍ വീണ്ടും ഉറങ്ങാന്‍ പോയിട്ടും ഞാന്‍ അതേ ഇരിപ്പ് തുടര്‍ന്നു. മലകളില്‍ ശീതക്കാറ്റ് വീശാന്‍ തുടങ്ങി. അത് ഉറങ്ങിക്കിടക്കുന്നവരുടേ കരിമ്പടങ്ങളെ പറപ്പിക്കുവാന്‍ നോക്കുന്നുണ്ട്. മലകളുടെ ബന്ധനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കാറ്റ് കുതറുകയാണ്‌. ഓര്‍മ്മകളും അങ്ങനെയാണെന്ന് തോന്നി. സ്വതന്ത്രമാക്കാതെ എന്റെയുള്ളില്‍നിന്നവ പോവില്ല. മുള്‍പടര്‍പ്പുകളിലേക്ക് അറിയാതെ വീഴും പോലെയാണ്‌ ഓര്‍മ്മകള്‍ വരുന്നത്. പിടെഞ്ഞെണീറ്റാലും അതിന്റെ മുറിവുകള്‍ ഉള്ളു നീറ്റും. കൃത്യമായ ഇടവേളകളില്‍ വീശുന്ന കാറ്റും ഓര്‍മ്മകളും കൂടി ആ രാത്രിയെ അതിദീര്‍ഘമായ ഒന്നാക്കി. എങ്കിലും ഒടുവില്‍ എന്റെ മനസ്സ് ശാന്തമായി. പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ സ്വയം നിരൂപിക്കാന്‍ കഴിഞ്ഞു. ഞാന്‍ എല്ലാവരും ഉണരുന്നതും നോക്കിയിരുന്നു.

*************************************
                                                             
 നേരം വെളുത്തപ്പോള്‍ ഞങ്ങള്‍ മലയിറങ്ങാന്‍ തുടങ്ങി. ഇറങ്ങല്‍ അനായാസമായിരുന്നു. ഉച്ചയാവുമ്പോഴേക്ക് ഞങ്ങള്‍ മലയിറങ്ങി. യാത്രാക്ഷീണം മാറ്റാന്‍ ഒരു പകല്‍ കൂടി സുബ്രമണ്യയില്‍ തങ്ങാമെന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം.  ഹരീഷും അരുണും ക്ഷേത്രദര്‍ശനത്തിന്‌ പോയി. 
കുക്കേ ക്ഷേത്ര ഗോപുരം
ക്ഷേത്രത്തിന്റെ കിഴക്കേനട
                                     
 മടക്കയാത്രക്കുള്ള ട്രെയിന്‍ സമയം അന്വേഷിക്കാന്‍ ഞാനും വിപിനും റെയില്‍വേ സ്റ്റേഷനിലേക്കും ഇറങ്ങി. എഡ്വിന്‍ മുറിയില്‍ തന്നെ വിശ്രമിക്കുകയായിരുന്നു. റെയില്‍വേ സ്റ്റേഷന്റെ അടുത്ത് നല്ല ബീഫ് കിട്ടുന്ന സ്ഥലമുണ്ടെന്നും അവിടെ നിന്ന് ബീഫ് കൊതിയനായ എഡ്വിന്‌ ബീഫ് ഫ്രൈ വാങ്ങിക്കാമെന്നും വിപിന്‍ പറഞ്ഞു. ട്രക്കറിലായിരുന്നു അങ്ങോട്ടേക്ക് ഞങ്ങള്‍ പോയത്. മനോഹരമായ ഗ്രാമങ്ങളിലൂടെയായിരുന്നു യാത്ര. വഴിക്ക് വെച്ച് കുറെ പേര്‍ വണ്ടി തടഞ്ഞു. പിരിവുകാരാണ്‌. കാവി വേഷധാരികളായ അവര്‍ ഡ്രൈവറോട് കയര്‍ക്കുന്നുണ്ട്. ശ്രീരാമ സേനക്കാരാണെന്ന് വണ്ടിയിലുള്ള ആരോ പറയുന്നുണ്ടായിരുന്നു. അടുത്തിടെ മാത്രം മംഗലാപുരത്തും ദക്ഷിണ കന്നഡയിലും വ്യാപിച്ച ശ്രീരാമ സേനക്കാരെ ആളുകള്‍ എത്രമാത്രം ഭയക്കുന്നുണ്ടെന്ന് അവരുടെ വാക്കുകളില്‍ നിന്ന് വ്യക്തമായിരുന്നു. ബീഫ് കിട്ടുന്ന ഹോട്ടലിലെത്തി.
" കടക്കാരന്‍ മാറി എന്നു തോന്നുന്നു, മുമ്പ് ഒരു മുസ്ലീം വൃദ്ധനായിരുന്നു. എന്തായാലും ചോദിച്ചു നോക്കാം"
വിപിന്‍ പറഞ്ഞു. ബീഫ് ഫ്രൈ കിട്ടുമോ എന്ന് കന്നഡയില്‍ ചോദിച്ചതിന്‌ മറുപടി തെക്കന്‍ ശൈലിയിലുള്ള മലയാളത്തിലായിരുന്നു.
" ഇവിടെ ബീഫ് കിട്ടുമെന്ന് നിങ്ങളോട് ആരാ പറഞ്ഞത് ? നിങ്ങളെവിടെ നിന്ന് വരുന്നു ? "
കയര്‍ത്തു കൊണ്ടാണ്‌ ചോദ്യങ്ങള്‍. ഞങ്ങള്‍ ബാംഗ്ളൂര്‌ നിന്നാണ്‌ വരുന്നത് എന്നും മുമ്പിവിടെ നിന്ന്‌ ബീഫ് കഴിച്ചിട്ടുണ്ടെന്ന്‌ പറഞ്ഞപ്പോള്‍ അതൊക്കെ അന്ത കാലം മക്കളേ..അവരെയൊക്കെ ഓടിച്ചിട്ടാ നമ്മളിത് നടത്തുന്നത് എന്നും നിങ്ങളിവിടെ വന്ന് ബീഫ് ചോദിച്ചത്‌ സേനക്കാരൊട്‌ പറയും എന്നായി. വിപിന്‍ അതിനു മറുപടി പറയാനൊരുങ്ങിയപ്പൊള്‍ ഞാന്‍ വിലക്കി. ഞാനതിനിടെ കടയില്‍ തൂക്കിയ പ്രവീണ്‍ തൊഗാഡിയയുടെയും പ്രമോദ് മുത്തലിക്കിന്റെയും പടങ്ങളുള്ള ശ്രീരാമസേനയുടെ പോസ്റ്റര്‍ കണ്ടിരുന്നു.
"അണ്ണന്‍ വയറ്റിപെഴപ്പിന്‌ ശ്രീരാമസേനക്കാരനായതാ അല്ലേ ? "
എന്നും ചോദിച്ച് ഞങ്ങള്‍ ഇറങ്ങി പോന്നു. പുറകില്‍ നിന്ന് അയാള്‍ ഉച്ചത്തില്‍ എന്തോ പറയുന്നുണ്ടായിരുന്നു.

 ലോഡ്‌ജിലേക്ക് മടങ്ങി തിരിച്ച് റെയില്‍വേ സ്റ്റേഷനിലേക്ക് വരും വഴിക്ക് അമ്പലത്തിനടുത്തുള്ള ഒരു ചെറിയ ചായക്കടയില്‍ നിന്നാണ്‌ ഭക്ഷണം കഴിച്ചത്.

രുചി വൈവിധ്യത്തിന്റെ ഒരു കലവറയാണ്‌ ദക്ഷിണ കന്നഡ എന്നു പറയാതെ വയ്യ ! നാലു മണി പലഹാരങ്ങളുടെ അമ്പരപ്പിക്കുന്ന ഒരു വൈവിധ്യമുണ്ട് ഇവിടെ. വഴുതനങ്ങ കൊണ്ടും വാഴ മാണി (കുടപ്പന്‍) കൊണ്ടും മറ്റും രുചികരമായ വിഭങ്ങളുണ്ടാക്കാന്‍ ഇവിടുത്തുകാര്‍ക്കറിയാം. ആ പ്രദേശത്തു മാത്രം കൃഷി ചെയ്യുന്ന വിശേഷപ്പെട്ട ഒരിനം വഴുതന മാത്രമാണത്രേ ഇവിടത്തുകാര്‍ ഉപയോഗിക്കാറുള്ളു! അരിപ്പൊടി കൊണ്ടുണ്ടാക്കുന്ന പുളി രുചിയുള്ള അപ്പമാണ്‌ ഞങ്ങള്‍ കഴിച്ചത്.തേങ്ങയരച്ചു വെച്ച കറികളുടെ രുചി വടക്കന്‍ മലബാറിലേത് പൊലെ തോന്നി.'സ്നാക്സ്' കഴിക്കാന്‍ കുടുംബമായും ആളുകള്‍ വരുന്നത് കണ്ടു.
                                       രാത്രി ഒമ്പതര മണിക്കുള്ള മംഗലാപുരം - ബാംഗ്ളൂര്‍ പാസഞ്ചറായിരുന്നു ഞങ്ങളുടെ വണ്ടി. റെയില്‍വേ സ്റ്റേഷനലില്‍ ഒരു രസികന്‍ കഥാപാത്രം  ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. രാം ലാല്‍ എന്നാന്‌ പേരു പറഞ്ഞത്. കര്‍സേവകനാണത്രേ കക്ഷി. ധര്‍മ്മ സംസ്ഥാപനാര്‍ത്ഥം ഭാരതമൊട്ടുക്കുമുള്ള ക്ഷേത്രങ്ങളില്‍ തീര്‍ഥാടനം നടത്തുന്നു. അല്‍പ്പം മാനസികാസ്വസ്ത്യമുണ്ട്. ബാബരി മസ്‌ജിദ് പൊളിച്ചടുക്കാന്‍ കര്‍സേവകനായി പങ്കെടുത്തു എന്നും അവകാശപ്പെടുന്നുണ്ട്. ഞങ്ങള്‍ ബാംഗ്ലൂരിലേക്കാണ്‌ എന്ന് പറഞ്ഞപ്പോള്‍ മൂപ്പര്‍ ഞങ്ങളുടെ കൂടെ കൂടി. ബാംഗ്ളൂരില്‍ ആയിടെ തുറന്ന 'ഇസ്‌ക്കോണ്‍'എന്ന ഹൈടെക് ക്ഷേത്രം സന്ദര്‍ശിക്കുകയാന്‌ ലക്ഷ്യം. ട്രെയിന്‍ വന്നു. സൂചി കുത്താനിടമില്ലാത്ത തിരക്ക്. ഒഴിഞ്ഞു കിടന്ന ഒരു പാര്‍സല്‍ ബോഗിയില്‍ കയറി കൂടി. കൂടെ തൃശൂലവുമായി രാം ലാലും !
എഡ്വിനും 'കര്‍സേവകനായ' രാം ലാലും

വീണ്ടും ബാംഗ്ളൂരിലേക്ക്.. സഹ്യന്റെ സ്വഛശാന്തതയില്‍ നിന്ന് നഗരത്തിലേക്ക്. ട്രാഫിക്ക് സിഗ്നലുകളില്‍ വേരു പിടിച്ച് ഭ്രാന്ത് പിടിച്ചലറുന്ന വാഹനങ്ങള്‍ നിറഞ്ഞ പാതകളിലേക്ക്...

ടെയില്‍ എന്‍ഡ് :
രണ്ടു വര്‍ഷമാവുന്നു ആ യാത്ര നടത്തിയിട്ട്. രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് ഒരു പാട്‌ മാറ്റങ്ങളുണ്ടായി. ബാംഗ്ളൂരില്‍ പുതിയ ഒരു പാട് ഫ്ളൈ ഓവറുകളുണ്ടായി. പ്രമോദ് മുത്തലിക്കിന്റെ കഷണ്ടി തലയില്‍ ബാംഗ്ളൂരിലെ യുവാക്കള്‍ കരി ഓയില്‍ പൂശി. മാസങ്ങള്‍ക്ക് ശേഷം അയാള്‍ ഒളിക്യാമറയില്‍ കുടുങ്ങി. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അയാളോടൊപ്പം ജനങ്ങളും അത് മറന്നു !. അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യം വന്നാല്‍ നമുക്കെന്താ എന്നു ചോദിച്ച ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് ഞങ്ങളുടെ ചാനല്‍ പൂട്ടി. ഹരീഷ് പഴയ കന്നഡ ചാനലിലേക്ക് തന്നെ തിരിച്ചു പോയി. ടെക്നിക്കല്‍ അസിസ്റ്റന്റ് എന്ന പഴയ തസ്തികയിലേക്കും വേതനത്തിലേക്കും! നല്ല ഒന്നാന്തരം ഡിസൈനറായ എഡ്വിന്‍ കഫേ കോഫീ ഡേയുടെ ഡിസൈനര്‍ ആയി. അവനെ കൊണ്ട് അവര്‍ ഒരു യന്ത്രത്തെ പോലെ കോഫീ മഗ്ഗുകളും മെനു കാര്‍ഡുകളും ഡിസൈന്‍ ചെയ്യിപ്പിക്കുന്നുണ്ട്!  അരുണ്‍ മിടുക്കനായി ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ പണിയെടുക്കുന്നു. അവനിപ്പോള്‍ ടീം ലീഡാണ്‌!  എന്നെ ഞെട്ടിച്ചത് വിപിനായിരുന്നു. വിപ്ളവങ്ങള്‍ക്കും യാത്രകള്‍ക്കും അവധി കൊടുത്ത് അവന്‍ ഒരു അമേരിക്കന്‍ കമ്പനിയില്‍ ജോലിക്ക് ചേര്‍ന്ന് രാത്രി മുഴുവന്‍ പണിയെടുക്കുകയും പകല്‍ മുഴുവന്‍ ഉറങ്ങുകയും ചെയ്യുന്നു !

14 comments:

 1. ഹഹാ..
  മുംസി..
  രസകരമായ വിവരണം..
  ആശംസകൾ..

  ReplyDelete
 2. മുംസി..,ഒഴുക്കുള്ള നദി പോലെയാണ് താങ്കളുടെ ഈ സൃഷ്ടി.വിധം വിധം ആയ സമതലങ്ങളിലൂടെ ഒഴുകി,ഓരോ പ്രതലങ്ങളേയും തൊട്ടറിഞ്ഞ്..അങ്ങനെ അങ്ങനെ..ഭാവപ്പകർച്ചയും വേഷപ്പകർച്ചയും ഒക്കെ തീർത്ത്, ഹാ ആസ്വാദ്യകരം..നന്ദി ടാ..

  ReplyDelete
 3. ഏകാന്തതയുടെ ഒരു വിദൂരരോദനം ഈ രചനയുടെ പിറകിൽ അലയടിക്കുന്നപോലെ തോന്നി.....ഒരു പക്ഷെ രണ്ടുവർഷത്തിനു മുമ്പ് അനുഭവിച്ച സംഗതികളെ ഓർത്തെഴുതിയപ്പോൽ ആ അനുഭവം തന്നെ ഒരു നൊസ്റ്റാൾജിയയായി മാറിയതുകൊണ്ടാകാം അങ്ങനെ ഒരു ഭാവപ്പകർച്ച ഈ സാഹസികയാത്രാസ്മരണയ്ക്ക് കൈവന്നത്. വൈയക്തികമായ അനുഭവങ്ങളുടേ ശോകച്ഛവിയുള്ള അന്തർധാരയുമായി ബന്ധിപ്പിച്ചെഴുതിയ ഭാഗങ്ങൾ എന്റെ മനസ്സിനെ വിഷാദസങ്കുലമാക്കി. " വേണ്ട. നമ്പര്‍ അറിയില്ല. മാത്രമല്ല, എത്ര മലകള്‍ക്കപ്പുറമാണ്‌ അവളിപ്പോഴെന്ന് എനിക്കറിയില്ല " വാചാലമാണീ വാക്കുകൾ.. ഈ കുറിപ്പിനു മുംസിയ്ക്ക് നന്ദി.

  ReplyDelete
 4. Nice..travalogue filled with thoughts and memories
  like it

  ReplyDelete
 5. മുജീബ്ക്കാ വളരെയധികം ഇഷ്ടായി....


  "മലകളുടെ ബന്ധനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കാറ്റ് കുതറുകയാണ്‌. ഓര്‍മ്മകളും അങ്ങനെയാണെന്ന് തോന്നി. സ്വതന്ത്രമാക്കാതെ എന്റെയുള്ളില്‍നിന്നവ പോവില്ല. മുള്‍പടര്‍പ്പുകളിലേക്ക് അറിയാതെ വീഴും പോലെയാണ്‌ ഓര്‍മ്മകള്‍ വരുന്നത്. പിടെഞ്ഞെണീറ്റാലും അതിന്റെ മുറിവുകള്‍ ഉള്ളു നീറ്റും. കൃത്യമായ ഇടവേളകളില്‍ വീശുന്ന കാറ്റും ഓര്‍മ്മകളും കൂടി ആ രാത്രിയെ അതിദീര്‍ഘമായ ഒന്നാക്കി"

  ...........

  ReplyDelete
 6. എന്തുകൊണ്ടും സമൃദ്ധമാണ്‌ ഈ യാത്രാ വിവരണം. പ്രത്യേകിച്ച് ഭാഷാ സമൃദ്ധി.....

  ReplyDelete
 7. മനോഹരമായ എഴുത്തു. നല്ല ഒഴുക്കും.

  ReplyDelete
 8. Weldon Mujeeb
  very Interesting and you can explain each and every one (Friends and related things)

  Lenin

  ReplyDelete
 9. ഇങ്ങോട്ടുള്ള വഴി കാണിച്ചതിനു നന്ദി, ഒരുപാട് ഇഷ്ടമായി വിവരണം.

  ReplyDelete
 10. പ്രിയ മുംസി,
  വിവരണം ഒരുപാട് ഇഷ്ടപ്പെട്ടു..
  നിങ്ങളുടെ യാത്ര മനസ്സില്‍ കാണാനായി..

  "എനിക്ക് അറിയാതെ പഴയ കൂട്ടുകാരിയെ ഓര്‍മ്മ വന്നു. നക്ഷത്രങ്ങളെ വളരെ ഇഷ്ടമായിരുന്നു അവള്‍ക്ക്. അവളെ കുറിച്ചോര്‍ത്തതും , പൊടുന്നനെ അസ്സഹനീയമായ ഒരു ശൂന്യത അനുഭവപ്പെട്ടു. ഇനി ഉറങ്ങാന്‍ കഴിയില്ല"

  രാത്രിയുടെ മറവില്‍ നക്ഷത്രങ്ങള്‍ തിളങ്ങിയപ്പോള്‍, ഓടിയെത്തിയ താങ്കളുടെ ഓര്‍മ്മകള്‍ ഒരു വല്ലാത്ത ഫീല്‍ ഉണര്‍ത്തി..അപ്രതീക്ഷിതമായ ആ ട്വിസ്റ്റ് മനസിനെ പിടിച്ചുലച്ചിരുന്നു..
  അങ്ങനെയൊരു നിമിഷതിലൂടെ എനിക്കും പോകാനായെങ്കില്‍ എന്ന് തോന്നി...
  ചില ഓര്‍മ്മകള്‍ അങ്ങനെയാണ്...

  സസ്നേഹം
  മഹേഷ്‌

  ReplyDelete