Friday 4 February 2011

എസെമ്മെസ്

കിളികളൊക്കെ പറന്നു പോയ്
ചില്ലയില്‍ നഖക്ഷതങ്ങള്‍ മാത്രം ബാക്കി !
.................................

ഇതു വരെ നനഞ്ഞ മഴയത്രയും വ്യര്‍ത്ഥമായിരുന്നെന്നറിയുന്നത്
നീയിപ്പോള്‍ എന്നിലേക്ക് പെയ്യാന്‍ തുടങ്ങിയപ്പോഴാണ്‌

.........................

കാര്‍മുകിലുകള്‍ക്കപ്പുറത്തേക്ക് പട്ടം ചെന്നു നോക്കുന്നുണ്ട്
വെയിലൊളിച്ചിരിക്കുന്നത് കാണാന്‍
വലിഞ്ഞു മുറുകുന്നതിന്റെ വേദന വിരലറിയാതിരിക്കാന്‍
നൂല്‌ ആവത് ശ്രമിക്കുന്നുണ്ട്
..................................

നിന്നോളമെന്നുള്ളു ചുട്ടുപൊള്ളിച്ചില്ലൊരു വേനലു-
മെന്നാലുമത്രമേലുള്ളം തണുപ്പിച്ചിട്ടില്ലൊരു മഴയും !
.........................

കഥ കേള്‍ക്കുന്നത് അവള്‍ക്കിഷ്ടമായിരുന്നു
അതു കൊണ്ടു തന്നെ പറയാന്‍ എനിക്കും
പറഞ്ഞ് പറഞ്ഞ്
ജീവിതം ഒരു നുണക്കഥയായി എന്നറിയുമ്പോഴേക്ക്
അത് തീര്‍ന്നിരുന്നു
...................
നിശാശലഭത്തില്‍ നിന്ന് നക്ഷത്രത്തിലേക്കുള്ള ദൂരം
ഏറ്റവും നന്നായി അറിഞ്ഞിട്ടുണ്ടാവുക
ഇരുവര്‍ക്കുമിടയിലൂടെ വെറുതെ പാറിപ്പോയ മേഘങ്ങള്‍ തന്നെയാവും..
 
............................................................................
 
 
 
 
                                     ഇത് ഞാനും സുഹൃത്തായ രെണു എന്ന രെണദിവെയും അങ്ങോട്ടുമിങ്ങോട്ടും  ടെക്സ്റ്റ് മെസ്സേജുകളായി അയച്ച കുറുങ്കവിതകളാണ്‌.      ഓര്‍മ്മയില്‍ നിന്നാണ്‌ എല്ലാം എടുത്തെഴുതുന്നത്. കവികളായ വീരാന്‍കുട്ടിയോടും റഫീക്ക് അഹമ്മദിനോടുമുള്ള ഇഷ്ടം മാത്രമാണ്‌ ഈ അനുകരണശ്രമത്തിനു പിന്നില്‍ !  ആദ്യത്തെ മൂന്നെണ്ണം അവനാണ്‌ എഴുതിയത്. അവന്‍ അയച്ച ചില മനോഹരമായ കവിതകളുണ്ടായിരുന്നു, അത് എന്റെ ഫോണില്‍ നിന്ന് നഷ്ടപെട്ടു, ഓര്‍ത്തെഴുതാന്‍ പറഞ്ഞിട്ട്  അവനൊട്ട് സമ്മതിക്കുന്നുമില്ല.

6 comments:

  1. "ഇതു വരെ നനഞ്ഞ മഴയത്രയും വ്യര്‍ത്ഥമായിരുന്നെന്നറിയുന്നത്
    നീയിപ്പോള്‍ എന്നിലേക്ക് പെയ്യാന്‍ തുടങ്ങിയപ്പോഴാണ്‌"

    നല്ല വരികള്‍..
    ചില വരികള്‍ നഷ്ടപ്പെട്ടു പോയതു കഷ്ടം തന്നെ.. !

    ReplyDelete
  2. ഒളിച്ചിരിക്കുന്ന വെയിലിലേയ്ക്ക് പെരുവിരലില്‍ നിന്നു ഞാനുമെത്തി നോക്കുന്നു.
    നല്ല വരികള്‍ക്കു നന്ദി.

    ReplyDelete
  3. നിശാശലഭത്തില്‍ നിന്ന് നക്ഷത്രത്തിലേക്കുള്ള ദൂരം
    ഏറ്റവും നന്നായി അറിഞ്ഞിട്ടുണ്ടാവുക
    ഇരുവര്‍ക്കുമിടയിലൂടെ വെറുതെ പാറിപ്പോയ മേഘങ്ങള്‍ തന്നെയാവും..

    ഈ വരികൾ കൂടുതൽ ഇഷ്ടപ്പെട്ടു....

    ReplyDelete
  4. എല്ലാ വരികളും മനസ്സിനെ കീഴ്പെടുത്തി..ഹൃദ്യമായ ലാളിത്യപദങ്ങളൂടെ തളിരിലകൾ..

    ReplyDelete
  5. ഇത്തിരി വരികള്‍ ഒത്തിരി പറഞ്ഞു. ഇഷ്ടപ്പെട്ടു....

    ReplyDelete