Wednesday, 11 December, 2013

Le Grand voyage

Reda: " Why didn't you fly to Mecca? It's a lot simpler ".
The Father: "When the waters of the ocean rise to the heavens, they lose their bitterness to become pure again..."
Reda: "What ? "
The Father: "The ocean waters evaporate as they rise to the clouds. And as they evaporate they become fresh. That's why it's better to go on your pilgrimage on foot than on horseback, better on horseback than by car, better by car than by boat, better by boat than by plane..."

( ' Le grand voyage' ന്റെ തിരക്കഥയില്‍ നിന്ന്.)


ഒരു അനുഷ്ടാനം പോലെ കണ്ടുതീര്‍ക്കുന്ന സിനിമകള്‍ക്കിടയില്‍ ചിലത് വല്ലാതെ ഉള്ളില്‍ തട്ടാറുണ്ട്. തീര്‍ത്തും അപരിചിതമായ ഭൂമികകളെയോ ചിന്താധാരകളെയോ പരിചയപ്പെടുത്തുന്നവ, പരിചയമുള്ള ചുറ്റുപാടുകളെയോ ആത്മാംശങ്ങളെയോ തൊട്ടറിയാവുന്നവ...സിനിമക്ക് ജീവിതതിന്റെ പരിഛേദമാതെ തരമില്ലല്ലോ? . കാഴ്ചകളിലൂടെ കഥ പറഞ്ഞ് തരുന്നവര്‍ക്ക് നന്ദി. അടുത്തിടെ 'എന്റെ സിനിമ' എന്ന് ഉള്ളില്‍ തോന്നിപ്പിച്ച ഒരു സിനിമ കണ്ടു. അതിനെ കുറിച്ചുള്ള ഒരു കുറിപ്പാണിത്. 

Le Grand Voyage 2004ല്‍ ഇറങ്ങിയ ഫ്രഞ്ച് സിനിമയാണ്‌. ഒരു പിതാവും പുത്രനും തങ്ങളുടെ പഴയ കാറില്‍ മക്കയിലേക്ക് നടത്തുന്ന ഹജ്ജ് യാത്രയാണ്‌ ഈ സിനിമയുടെ പ്രതിപാദ്യം. തെക്കന്‍ ഫ്രാന്‍സില്‍ കുടിയേറ്റക്കാരായ ഒരു മൊറോക്കന്‍ കുടുംബത്തിലെ അംഗങ്ങളാണിവര്‍. വൃദ്ധനായ പിതാവിനെ ഹജ്ജിന്‌ അനുഗമിക്കുന്ന റെദ എന്ന ഇളയ മകന്റെ കാഴ്ച്ചപ്പാടിലൂടെയാണ്‌ കഥ വികസിക്കുന്നത്. കൌമാരക്കാരനായ റെദ യഥാര്‍ത്ഥത്തില്‍ ഡ്രൈവിങ്ങ് അറിയാത്ത പിതാവിനെ അനുഗമിക്കാന്‍ നിര്‍ബന്ധിതനാവുകയാണ്. കോളേജും തന്റെ ഗേള്‍ഫ്രണ്ടിനേയും വിട്ട് പിതാവിനോടൊത്ത് മൂവായിരം മൈലുകള്‍ സഞ്ചരിക്കാന്‍ അയാള്‍ക്കൊട്ടും താല്‍പര്യമുണ്ടായിരുന്നില്ല. തന്റേതായ രീതിയില്‍ യാത്ര ആസ്വദിക്കാനുറച്ച അയാള്‍ക്ക് യാത്രയുടെ തുടക്കത്തിലേ പിതാവിന്റെ കാര്‍ക്കശ്യം അനുഭവിക്കാനാവുന്നുണ്ട്. അനുസരിപ്പിക്കലിന്റെ ആയുധങ്ങള്‍ പലപ്പോഴും പ്രയോഗിക്കുന്നുണ്ട് മുഹമദ് മജ്‌ദിന്റെ പിതാവ് കഥാപാത്രം. അസ്വാരസ്യങ്ങളിലൂടെയും നിശബ്ദതകളിലൂടെയും ഇറ്റലി, റൊമാനിയ, സെര്‍ബിയ, തുര്‍ക്കി, സിറിയ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലൂടെ അവരുടെ യാത്ര കടന്നു പോകുന്നു.
വീട്ടിലും പുറത്തും ഫ്രഞ്ച് മാത്രം സംസാരിക്കാനിഷ്ടപ്പെട്ടിരുന്ന റെദക്ക് പിതാവിന്റെ ഭാഷയും ഒട്ടൊക്കെ മതവും അന്യമാണ്‌. തലമുറകള്‍ തമ്മിലുള്ള വിടവും അസ്വാരസ്യങ്ങളും യാത്ര പുരോഗമിക്കും തോറും രൂക്ഷമാവുന്നു. പതുക്കെ സിനിമയിലേക്കും അവരുടെ യാത്രയിലേക്കും ലയിക്കുന്നതിനിടെ ഒരു കാര്യം എനിക്ക് മനസ്സിലായി, റെദയുടെ പിതാവ്‌ എന്റെ ഉപ്പ തന്നെയാണെന്ന് ! എന്റെ കൌമാരപ്രായത്തില്‍ വിരുദ്ധ ഭൂഖണ്ഡങ്ങളില്‍ കഴിയുന്നവരെ പോലെ പലപ്പോഴും പെരുമാറിയിരുന്നു ഞാനും ഉപ്പയും. ഉപ്പ മലയയില്‍ നിന്ന് വന്നാലുടനെ ശ്വാസംമുട്ടുന്ന നിശബ്ദത പേറുന്ന വീടും എനിക്ക് പേടിസ്വപ്നമായിരുന്ന ഉപ്പാടെ ഖുര്‍ആന്‍ പാഠങ്ങളും എന്റെ മനസ്സിലേക്ക് ഓടിയെത്തി.                                    പുണ്യയാത്രയുടെ പാവനത വിശദമാക്കാന്‍ ശ്രമിക്കുന്നതിലേറെ തലമുറകള്‍ തമ്മിലുള്ള വിടവും ബന്ധങ്ങളുടെ ഇഴയടുപ്പവും കുടിയേറ്റ സമൂഹങ്ങള്‍ അനുഭവിക്കുന്ന അന്യതാബോധവും ഒക്കെയാണ്‌ സംവിധായകനായ ഇസ്മയില്‍ ഫറൂക്കി പറയുന്നത്. നിക്കൊളസ് സസ്സല്ലയൂടെ റെദയും മുഹമദ് മജ്ദിന്റെ പിതാവും അവിസ്മരണീയമായ പ്രകടനമാണ്‌ കാഴ്ചവെക്കുന്നത്. മുഹമ്മദ് മജ്‌ദിന്റെ പിതാവ് കഥാപാത്രം , വിശ്വാസത്തിന്റെ ദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ഒരു കഥാപാത്രമാണത്‌. ( പലപ്പോഴും ഇസ്‌ലാം തെറ്റിദ്ധരിക്കപ്പെടുന്നതും സഹിഷ്ണുത കുറഞ്ഞ മതം എന്ന പഴി കേള്‍ക്കുന്നതും ഈയൊരു ദാര്‍ഢ്യത്തിന്റെ പേരിലാണെന്നു തോന്നുന്നു, ആ ദാര്‍ഢ്യം തന്നെയായിരിക്കാം അതിന്റെ പ്രധാന സവിശേഷതകളില്‍ ഒന്നും. ) റുമാനിയയിലേക്ക് പ്രവേശിക്കുന്ന അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍  പരിശോധനക്കായി കാത്ത് നില്‍ക്കുകയാണ്‌ റെദ. അതിനിടെയിലാണ്‌ പ്രാര്‍ത്ഥിക്കാനായി അംഗശുദ്ധി വരുത്തുന്ന പിതാവിനെ അയാള്‍ ശ്രദ്ധിക്കുന്നത്.  കസ്റ്റംസ് ചെക്കിങ്ങിന്റെ ഇടയില്‍ പ്രാര്‍ത്ഥിക്കാനൊരുമ്പെടുന്ന പിതാവിനോട് റെദ അത്ഭുതത്തോടെയാണ്‌ " ഇപ്പോള്‍..? അതും ഇവിടെ വെച്ച്? " എന്നു ചോദിക്കുന്നത്.  എവിടെ വെച്ചും എനിക്കെന്റെ ദൈവത്തൊട്  പ്രാര്‍ത്ഥിക്കാമെന്ന് പിതാവ് മറുപടി നല്‍കുന്നുണ്ട്.
....എനിക്ക് വീണ്ടും എന്റെ ഉപ്പയെ ഓര്‍മ വന്നു, എല്ലാം ദൈവത്തിലര്‍പ്പിക്കുന്ന പ്രകൃതം . ഏതു പ്രതിസന്ധിയിലും ഒരു സമയത്തും ഉപ്പയെ മനസ്സു പതറി കണ്ടിട്ടില്ല. തന്റെ പ്രശ്നങ്ങള്‍ ദൈവത്തോടൊഴിച്ച് ആരോടും പങ്കുവെക്കാറുമില്ല. ഒരു അപരിഷ്‌കൃതനും അടഞ്ഞ മനസ്സുള്ളയാളുമായി പിതാവിനെ കണക്കുകൂട്ടുന്ന റെദ പിതാവിനോട് കലഹിക്കാന്‍ ശ്രമിക്കുന്നുണ്ട്. സിനിമയില്‍ ഒരിക്കലും കാണിക്കാത്ത കാമുകിയെ യാത്രയുടെ തുടക്കത്തില്‍ പിതാവിന്റെ കണ്ണുവെട്ടിച്ച് റെദ പലവട്ടം വിളിക്കുന്നുണ്ട്. മകന്‌ തന്നോടുള്ള പ്രകോപനങ്ങള്‍ക്ക് കാരണം അവന്റെ പ്രണയമാണെന്ന് ധരിക്കുന്ന  പിതാവ് മകന്‍ ഉറങ്ങി കിടക്കുമ്പോള്‍ അവന്റെ മൊബൈല്‍ ഫോണ്‍ വഴിയരികലെ ചവറ്റുകുട്ടയിലെറിയുകയും കാമുകിയുടെ ഫോട്ടോ എടുത്ത് ഒളിപ്പിച്ചു വെക്കുന്നുമുണ്ട്. ഇങ്ങനെയിങ്ങനെ ഇരുവരുടെയും ജീവിതവീക്ഷണങ്ങള്‍ സിനിമയില്‍ പലതവണ ഏറ്റുമുട്ടുന്നുണ്ട്. ആരുടെ പക്ഷമായിരുന്നു ശരി എന്ന കൃത്യമായ ഉത്തരത്തേക്കാള്‍ എനിക്കു പക്ഷേ ആകര്‍ഷകമായി തോന്നിയത് പരസ്പരം മനസ്സിലാക്കാനുള്ള അവരുടെ ശ്രമങ്ങളാണ്‌.                                        അഞ്ച്‌ വര്‍ഷം മുമ്പ് എന്റെ ഉപ്പയും ഉമ്മയും ഹജ്ജിന്‌ പോകുന്ന സമയം. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിനടുത്തുള്ള ഹജ്ജ് ക്യാന്പില്‍ നിന്ന് എല്ലാവരും പ്രിയപ്പെട്ടവരോട് യാത്ര ചോദിക്കുന്നു. ആദ്യമായിട്ടാണ്‌ ഉമ്മയെ അത്രയധികം സമയം പിരിയാന്‍ പോകുന്നത്. ഞാന്‍ ഉമ്മയെ കെട്ടിപിടിച്ചു കരഞ്ഞു. അതു കഴിഞ്ഞ് ഉപ്പയും എന്റെ മുന്നില്‍ യാത്ര ചോദിക്കാന്‍ വന്നു. എന്നെ ആലിംഗനം ചെയ്യാന്‍ വന്ന ഉപ്പയില്‍ നിന്ന് ഞാന്‍ ഒഴിഞ്ഞു മാറി തിരിഞ്ഞു നടന്നു കളഞ്ഞു. എനിക്കത് കഴിയുമായിരുന്നില്ല. കാരണം ചെറുപ്പത്തില്‍ ഒരു തലോടല്‍ പലതവണ കൊതിച്ചിരുന്നുവെങ്കിലും അതുവരെ തല്ലാനല്ലാതെ ഉപ്പ എന്നെ സ്പര്‍ശിച്ച ഒരോര്‍മ്മ എനിക്കില്ലായിരുന്നു. അതെന്റെയൊരു പ്രതിഷേധമായിരുന്നോ, ആയിരുന്നെങ്കില്‍ അതു പ്രകടിപ്പിക്കേണ്ട സന്ദര്‍ഭം അതായിരുന്നുവോ എന്നൊന്നും അന്ന് അറിയില്ലായിരുന്നു.  ഉപ്പാടെ മനസ്സ് അന്ന് മുറിഞ്ഞു പോയിരിക്കണം. അത് മനസ്സിലായത് അവര്‍ രണ്ടു മാസം കഴിഞ്ഞ് തിരിച്ചു വന്നപ്പോഴായിരുന്നു. ഉപ്പ എന്നെ കെട്ടിപിടിച്ച് വാവിട്ട് കരഞ്ഞു.

ഇത് എന്റെ പിതാവിന്റെ മാത്രം കാര്യമായിരിക്കില്ല . ശരിയായി വായിക്കപ്പെടാതെ പോകുന്ന പുസ്തകങ്ങളെ പോലെ ഒരുപാട് പിതാക്കന്മാരുണ്ടാവാം. ഉള്ളിലെ സ്നേഹത്തിന്റെ പ്രകടനപരതയിലുള്ള വിശ്വാസക്കുറവായിരിക്കണം മക്കളില്‍ നിന്ന് അവരെ വളരെ ദൂരെയെത്തിക്കുന്നത്. അവരില്‍ തന്നെ പ്രവാസികളായിരിക്കണം കൂടുതല്‍ നിര്‍ഭാഗ്യവാന്‍മാര്‍. അവര്‍ മക്കള്‍ക്ക് പലപ്പോഴും അതിഥികളാണ്‌. ശുഷ്കമായ ഭാഷ അവരെ മക്കളുമായി ദൂരെ നിന്നെങ്കിലും സംവദിക്കുന്നതിനു തടസ്സം നില്‍ക്കുന്നു. എന്റെ ഉപ്പ എന്തുകൊണ്ടാണ്‌ ഇത്ര 'ഡ്രൈ' ആയിപ്പോയത് എന്നതിന്‌ ഉത്തരം കിട്ടിയത് വളരെ മുതിര്‍ന്ന ശേഷമാണ്‌, പഠിക്കാന്‍ മിടുക്കനായിരുന്നിട്ടും സഹോദരങ്ങളെയോര്‍ത്ത് പതിനാറാം വയസില്‍ തന്നെ മലയയിലെ ഒരു കുഗ്രാമത്തില്‍ എത്തിപെട്ട, അറുപത്തഞ്ചു വയസ്സു വരെ ചോരനീരാക്കിയ, ഒരു മനുഷ്യന്‍ എങ്ങനെയാണ്‌ ഒരു ദ്വീപായി മാറാതിരിക്കുക?നമുക്ക് സിനിമയിലേക്ക് തന്നെ തിരിച്ചു വരാം. ആത്മസംസ്കരണം തേടി പിതാവാണ്‌ തീര്‍ഥാടനം നടത്തുന്നതെങ്കിലും പുത്രനും അത് അനുഭവവേദ്യമാകുന്നുണ്ട്. തന്റെ പിതാവിനെ അയാള്‍ മനസിലാക്കുന്നുണ്ട്. പിതാവിന്‌ തിരിച്ചും , തന്റെ മകന്റെ വ്യക്തിത്വം അവസാനം അദ്ദേഹം അംഗീകരിക്കുന്നുണ്ട്. ഇഹ്‌റാം  വസ്ത്രം മാറിയ ശേഷം, താന്‍ ഒളിപ്പിച്ചു വച്ചിരുന്ന മകന്റെ കാമുകിയുടെ ഫോട്ടോ അദ്ദേഹം മകന്‌ തിരിച്ചു കൊടുക്കുകയും അവന്റെ സഹായത്തിന്‌ നന്ദി പറയുകയും ചെയ്യുന്നുണ്ട്.. ആത്മസംസ്കരണത്തിന്റെ അന്തര്‍യാത്രകളെ, പൈതൃകങ്ങളിലേക്കുള്ള തീര്‍ഥയാത്രകളെ, ഇഴയടുപ്പങ്ങളെ, ഈടുവെപ്പുകളെ ഒക്കെയായിരിക്കണം 'Le grand voyage' എന്നെകൊണ്ട് ഓര്‍മിപ്പിച്ചത്..

പിന്‍കുറി: ഉപ്പ മുന്‍വശത്തിരുന്ന് പത്രം അരിച്ചുപെറുക്കുന്നുണ്ടാവും. അവിടെ അങ്ങിനെ ഒരാളിരിപ്പുണ്ട്,  
ആ പ്രാര്‍ത്ഥനകളുടെ തണല്‍ എന്നെ കാത്തു കൊള്ളുമെന്ന വിശ്വാസം എന്നെ സ്വസ്ഥനാക്കുന്നു.

24 comments:

 1. ഉപ്പ മുന്‍വശത്തിരുന്ന് പത്രം അരിച്ചുപെറുക്കുന്നുണ്ടാവും. അവിടെ അങ്ങിനെ ഒരാളിരിപ്പുണ്ട് എന്നുള്ളത് തന്നെയാണ്‌ ആശ്വാസം. ആ പ്രാര്‍ത്ഥനകളുടെ തണല്‍ എന്നെ കാത്തു കൊള്ളുമെന്ന വിശ്വാസം:

  മനസ്സില്‍ വല്ലാതെ തട്ടുന്നു.. സുഹൃത്തേ താങ്കളുടെ ചില ഓര്‍മ്മപ്പെടുത്തലുകള്‍..!! നന്ദി...

  ReplyDelete
 2. നല്ലൊരു സിനിമയെ പരിചയപ്പെടുത്തിയതിനു നന്ദി. ഉപ്പയെ താരതമ്യപ്പെടുത്തിയത് ഒരു വ്യത്യസ്തത നൽകി.

  ReplyDelete
 3. പകല്‍ കിനാവന്‍, സതീഷ് മാക്കോത്ത്, വന്നതിനും വായിച്ചതിനും നന്ദി.

  ReplyDelete
 4. മാതാപിതാക്കള്‍ പരസ്പരം ഒരുമിക്കുന്ന കാര്യങ്ങളില്‍ ഒരെന്നമാണ് മക്കള്‍ നന്നായി കാണണം എന്നത്. അവര്‍ വ്യതസ്ത രീതിയില്‍ അത് കൈകാര്യം ചെയ്യുന്നു കാരണം വ്യതസ്ത കുടുംബത്തില്‍ വളര്നവരാണ് നമ്മുടെയൊക്കെ ഉപ്പമാരും ഉമ്മമാരും.. എല്ലാ വിഷമങ്ങളും സഹനത്തോടെ തരണം ചെയ്ത ആ ഉപ്പയെ അള്ളാഹു അനുഗ്രഹം നല്‍കട്ടെ

  ReplyDelete
 5. മുംസി,താങ്കളെ പോലെ ഒട്ടേറെ അത്തരത്തിലുള്ള അനുഭവങ്ങളുടെ ഉടമസ്ഥനാണു ഞാനും. മോനേ..എന്ന് അരുമയോടെ വിളിച്ചത് ഈ അടുത്തിടെ ആണ്. നന്നേ ചെറുപ്പത്തില്‍ ഹിഡന്‍ അജണ്ടകള്‍ക്ക് മുന്നില്‍ ഹിജഡയെ പോലെ നട്ടം തിരിഞ്ഞവനാണ് ഞാനും.ഒരു വല്ലാത്ത അകല്‍ച്ച.ചില അബദ്ധധാരണകളും ജീവിച്ച ചുറ്റുപാടും ആണ് അദ്ദേഹത്തെ ഇങ്ങനെ ആക്കിയതെന്ന് മനസ്സിലായപ്പോഴാണ് എന്‍റെ ഉള്ളിലെ പിതാവിന് സ്നേഹം പുശി നല്‍കാന്‍ ആയത്.
  ഒരു പക്ഷെ, എനിയ്ക്ക് നല്‍കേണ്ടിയിരുന്ന ആ സ്നേഹത്തിന്‍റെ മുകുളങ്ങള്‍ എന്‍റെ അരുമകളില്‍ ചൊരിഞ്ഞ് പശ്ചാത്ത്പിക്കുകയാവാം.

  നല്ല സൃഷ്ടി.വായനയ്ക്കിടയില്‍ കണ്ണുകള്‍ സജലങ്ങളായി.

  ReplyDelete
 6. ചില മാതാപിതാക്കള്‍ അവരുടെ സ്നേഹം ഉള്ളില്‍ ഒതുക്കും.പുറത്ത് പരുഷമായി പെരുമാറുകയും ചെയ്യും. അവരുടെ ഭാഷയില്‍ മക്കള്‍ നന്നാകാണണെന്നാണ്. അക്ഷെ, മക്കള്‍ക്കതറിയില്ലല്ലോ?.പിതാവ് എന്തായിരുന്നെന്ന് നമുക്ക് തിരിയുമ്പോഴാണ് നാം പശ്ചാത്തപിക്കുകയും ചെയ്യുക.

  യൂസുഫ്പ എഴുതിയപോലെ കണ്ണുനീരിന്റെ നനവുണ്ടായിരുന്നു വായനക്കിടയില്‍.

  ReplyDelete
 7. Many a thank for introducing such a nice movie.While watching the movie you could discover the similarities between you and them.The story of mankind is same everywhere,irrespective of nation, language and so on...
  mumsi,well written,cheers
  When I read yusufpa's comment,tears welled up in my eyes.

  ReplyDelete
 8. സജലങ്ങളായ മിഴികളോടെ താങ്കളുടെ കുറിപ്പ്‌ വായിച്ചുതീര്‍ത്തു...
  താങ്കള്‍ പറഞ്ഞതും പറയാത്തതുമായ ഒരുപാട്‌ കാര്യങ്ങള്‍ അതെന്റെ മനസ്സിലേക്ക്‌ കൊണ്ടുവന്നു...

  വായനക്കാരന്‌ ആത്മസ്പര്‍ശിയായനുഭവപ്പെടുമ്പോള്‍ രചന സാര്‍ത്ഥകമാകുന്നു എന്നാണല്ലൊ.

  സിനിമയെ സംബന്ധിക്കുന്ന ഒരു കുറിപ്പ്‌ എന്നതിനപ്പുറമുള്ള ഒരു മാനം ഈ കുറിപ്പ്‌ കൈവരിച്ചിരിക്കുന്നു.

  വളരെ നന്ദി

  ReplyDelete
 9. കൊച്ചനൂരിയന്‍, യൂസഫ്പ,വെളിച്ചപ്പാട് സെലിക്ക, പള്ളികരയില്‍ എല്ലാവര്‍ക്കും നന്ദി, വന്നതിനും വായിച്ചതിനും

  ReplyDelete
 10. Really great review and thanks for the introduction of a good film. The outstanding substance of this review is the comparison to your experiences of real life and the realization especially during the lifetime of “the one who is sitting in front of the house”. Actually, I was supposed to watch this movie long before reading this review and this review accelerated my intention to watch the movie as soon as possible. I came to know about this movie from the news of Film Festival conducted by Student Islamic Organization (S.I.O) in Calicut. I also faced almost the same situations in my life. I also recommend all the readers of this blog to watch this movie if possible.

  ReplyDelete
 11. ഉള്ളം പിടിച്ചുലച്ചു.എവിടെയൊക്കെയോ കൊളുത്തിവലിക്കുന്ന വരികള്‍.
  എന്തൊക്കെയോ കാരണത്താല്‍ പിതാവില്‍ നിന്നും ഓടിയൊളിക്കാന്‍ ശ്രമിച്ചിരുന്ന ഒരു കാലത്തെ ഓര്‍മ്മിപ്പിച്ചു ഈ കുറിപ്പ്.എത്ര തന്നെ പശ്ചാത്തപിച്ചാലും തീരുന്നതല്ലല്ലോ, തിരിച്ചു കിട്ടുന്നതല്ലല്ലോ അതാഗ്രഹിക്കുന്ന സമയത്തെ
  പിതാവ്-പുത്ര ബന്ധം.

  ReplyDelete
 12. മുംസി,
  വളരെ തിരക്കിട്ട സമയത്തായിരുന്നു ഇതിന്റെ വായന.. പക്ഷേ, എല്ലാമുള്‍ക്കൊണ്ടു തന്നെ വായിച്ചു. അത്ര തീവ്രമാണാ വരികള്‍..
  ഇതിലൂടെ കടന്നു പോയപ്പോള്‍ ഓരോരുത്തരും ഓര്‍ത്തതു പോലെ തന്നെ ഞാനും എന്റെ ഉപ്പയെ ഓര്‍ത്തു. ലോകത്തെ ഞാന്‍ കാണാന്‍ തുടങ്ങുന്ന പ്രായം മുതല്‍ അധ്വാനിക്കുന്ന ഉപ്പയെ .. ഇന്നും..
  മതി ഈ പഠിത്തം എന്നു പറഞ്ഞ് പക്വതയെത്താത്ത പ്രായത്തില്‍ നിര്‍ബന്ധ പൂര്‍‌വ്വം നാടു വിട്ട് ജോലി നോക്കിയപ്പോള്‍ അവിടേക്ക് ഉപ്പയെഴുതിയ കത്തിലാണ്‌ എനിക്കാ ഹൃദയത്തില്‍ തുളുമ്പുന്ന സ്നേഹം വായിച്ചെടുക്കാനായത്. അന്നു മുതലിതു വരെ അനുസരിച്ചതല്ലാതെ, മറുത്തൊരക്ഷരം പറഞ്ഞിട്ടില്ല. ആവില്ലെനിക്ക്....
  മുംസീ.. എന്റെ കണ്ണുകള്‍ നനഞ്ഞു പോവുന്നു...

  ReplyDelete
 13. മുംസീ,
  മനസ്സിനെ തൊട്ടുണര്‍ത്തുന്ന പോസ്റ്റ്.വിവരണം ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്നു.പക്ഷെ,"ഇഹ്‌റാം" എന്ന വാക്കിനു പോസ്റ്റിന്റെ അവസാനം താങ്കള് നല്‍കിയ "ഹജ്ജിലെ സുപ്രധാനമായ ഒരു ചടങ്ങ്" എന്ന വ്യാഖ്യാനത്തെക്കാള്‍ നല്ലത് ഹജ്ജിലെക്ക് പ്രവേശിക്കുന്നതിനു മുമ്പായി തീര്ഥാടകന് /തീര്ഥാടക ദേഹത്തണിയേണ്ടുന്ന വസ്ത്രം എന്നായിരിക്കും നല്ലതെന്ന് തോന്നുന്നു.

  ലോകത്തിന്റെ വിവിധ ദേശങ്ങ്ങളില്‍ നിന്നെത്തിച്ചെരുന്ന തീര്ഥാടകര്‍‍,
  ദേശ-ഭാഷാ-വര്‍ഗ്ഗ-വര്‍ണ്ണ വ്യത്യാസങള്‍ മറന്നു എകതാബോധം പകരാന്‍ പര്യാപ്തമാക്കുന്ന ഈ പൊതുവ്സത്രം അണിയുന്നതോടു കൂടിയാണ് ഹജ്ജിലേക്ക് ഔദ്യോഗികമായി പ്രവേശിക്കുന്നതെന്ന് മുമ്പ് വായിചതോര്ക്കുന്നു.

  കമന്റ് അല്പം നീണ്ടുപോയതില്‍ ക്ഷമ ചോദിക്കുന്നു.

  ReplyDelete
 14. മുംസീ, നല്ലൊരു സിനിമയെ പരിചയപ്പെടുത്തിയല്ലോ. ഇനി ഇതൊന്നുകാണണം. നന്ദി.

  ReplyDelete
 15. അബൂനിഹാദ്, ടീപി, ഷിഹാബ്‌,അപ്പു, വായിച്ചതിനും കമന്റിയതിനും നന്ദി.അടയാളങ്ങള്‍ : തെറ്റ് ചൂണ്ടികാണിച്ചതിനും വായിച്ചതിനും നന്ദി. തിരുത്തിയിട്ടുണ്ട്.

  ReplyDelete
 16. ചിലര്‍ കുട്ടികളോട് സ്നേഹം പ്രകടിപ്പിക്കാതിരിക്കുന്നത്, അവര്‍ നാശമായിപ്പോകുമെന്ന് കരുതിയാണ്. നമ്മുടെ ജീവിതത്തില്‍ തന്നെ നമുക്ക് പരിചയമുള്ള ഒരുപാട് പേരെ അറിയാമായിരിക്കും. നല്ല അവതരണം. നല്ല താരതമ്യം.

  ReplyDelete
 17. നല്ല വിവരണം... സിനിമ കാണാന്‍ ശ്രമിക്കാം....

  ReplyDelete
 18. http://www.youtube.com/watch?v=mNK6h1dfy2o&feature=related

  ReplyDelete
 19. ellaarum paranjathu thanne enikkum parayaanullu... vaayichente kannum niranjozhuki.. cinema kandillengilum kanda phalam!! Aasamsakal!!

  ReplyDelete
 20. prasthutha cinimayum thangaludea
  jeevithanubhavavum ethra thanmayathamayi bhenthapeduthi...
  ashamsagal

  ReplyDelete
 21. mumsy ,,, thanks alote

  yusufpa yaanu enne ividevare ethichath


  manassu nananhu vaayichu,,,,

  ithaa ivide onningane nhan postiyittund
  http://riyaspc.blogspot.com/2009/10/blog-post.html

  ReplyDelete
 22. ഓരോ നിര്‍വാചകനും സ്വയം ​നിരൂപിക്കാന്‍ ഈ പോസ്റ്റ് സഹായകമാവുന്നു..

  നന്നായിട്ടുണ്ട്

  ReplyDelete
 23. Mujikka nannaayittundu. Keep rocking!

  ReplyDelete