Friday, 5 August, 2016

' ഈഥന്‍സ് ഗാര്‍ബേജ് ട്രക്ക് '

കഴിഞ്ഞ ദിവസം രാവിലെ ട്രെയിന്‍ യാത്രക്കിടയിലാണ്‌ ഈഥന്‍ ഡീനിനെ കുറിച്ചുള്ള പത്രവാര്‍ത്ത വായിക്കുന്നത്. കൌതുകമുണര്‍ത്തുന്ന ഒരു ആഗ്രഹസഫലീകരണത്തെ കുറിച്ചായിരുന്നു അത്. അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനത്തിന്റെ തലസ്ഥാനമായ സാക്രമന്റോയിലാണ്‌ ആറുവയസുകാരന്‍ ഈഥന്റെ വീട്. വലുതാവുന്പോള്‍ ഒരു ചവറുവണ്ടിയുടെ ഡ്രൈവറാവുക എന്ന തന്റെ ‘യുണീക്' ആയ ആഗ്രഹമാണ്‌ ആറുവയസ്സിലേ 'മെയ്‌ക്ക് എ വിഷ്' എന്ന സന്നദ്ധസംഘടനയുടെയും സാക്രമന്റോ നഗരാധികാരികളുടെയും സഹായത്തോടെ ഈഥന്‍ സാധിച്ചെടുത്തത്! രോഗങ്ങള്‍ മൂലം ഗുരുതരമായ ശാരീരികാവശതയുള്ളവരോ ആയുസ്സിന്‌ ഭീഷണിയുള്ളവരോ ആയ കുഞ്ഞുങ്ങളുടെ ആഗ്രഹങ്ങള്‍ സാധിപ്പിച്ച് കൊടുക്കാന്‍ പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ആണ്‌ മെയ്‌ക്ക് എ വിഷ്. രോഗികളായ കുട്ടികള്‍ക്ക് ഏത് ആഗ്രഹവും ഒരു വരം പോലെ ആവശ്യപ്പെടാം. മനുഷ്യസാധ്യമായതെല്ലാം അവര്‍ നടത്തി കൊടുക്കും. ജന്‍മനാ രോഗിയിട്ടാണ്‌ ഈഥന്‍ ജനിച്ചത്. ജനിതകവൈകല്യം കൊണ്ടുണ്ടാവുന്ന Cystic fibrosis എന്ന ശ്വാസകോശരോഗമുണ്ട് അവന്‌. ആഗ്നേയഗ്രന്‍ഥികളെ കൂടി ബാധിക്കുന്ന ഈ രോഗത്തിന്റെ അവശതകളെ നാല്‍പത് വയസ്സിനപ്പുറം അതിജീവിച്ചവരില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ മെയ്‌ക്ക് എ വിഷിന്റെ ഓഫീസിലെത്തിയ ഈഥനോട് അവര്‍ നാല്‌ ചോദ്യങ്ങളാണ്‌ ചോദിച്ചത്. what do you want to be ? , who do you want to meet ? , what you want to have ?, where do you want to go ? എന്നിവയായിരുന്നു അവ. ആറുവയസ്സുകാരനില്‍ നിന്ന് അപ്രതീക്ഷിതമായ തീര്‍ത്തും മറുപടികളായിരുന്നു അവര്‍ക്ക് കിട്ടിയത്. ഈഥന്റെ മറുപടികളെല്ലാം ചവറുലോറികളുമായും അതിലെ ഗാര്‍ബേജ്മാനുമായു ബന്ധപ്പെട്ടുള്ളവയായിരുന്നു. മകന്‌ വലുതാവുന്പോള്‍ 'ഒരു ഗാര്‍ബേജ് മാന്‍' ആവാനാണ്‌ ഇഷ്ടം എന്ന അറിവ്‌ ഈഥന്റെ അച്ഛന്‍ കെന്‍ ഡീനിനെ ഒട്ടും അത്ഭുതപ്പെടുത്തിയില്ല. കമഴ്‌ന്ന് കിടക്കാന്‍ പഠിച്ച  പ്രായം തൊട്ടേ ശ്രദ്ധിക്കുന്നതാണ്‌ ഈഥന്റെ ചവറുലോറികളോടുള്ള കന്പം. ഗാര്‍ബേജ് ട്രക്കുകള്‍ മാത്രമാണ്‌ കളിപ്പാട്ടങ്ങളുടെ ശേഖരത്തിലുള്ളത്. എന്തായാലും ഒരു ഗാര്‍ബേജ് മാന്‍ ആവുക എന്ന ഈഥന്റെ ആഗ്രഹം മെയ്‌ക്ക് എ വിഷിന്റെ 'ഫെയറി'കള്‍ സാധിപ്പിച്ചു കൊടുക്കുക തന്നെ ചെയ്തു. കഴിഞ്ഞ ദിവസം ഉറക്കമുണര്‍ന്ന ഈഥന്‍ കണ്ടത്  മുറ്റത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന തന്റെ സ്വപ്നവാഹനമായിരുന്നു. ഈഥന്റെ പേരു തന്നെയായിരുന്നു വണ്ടിക്ക്. പോലീസുകാരുടെ മോട്ടോര്‍സൈക്കിളുകളുടെയും പ്രാദേശിക ബാസ്കറ്റ്ബോള്‍ ടീം ചിയര്‍ഗേള്‍സിന്റെ  നൃത്തത്തിന്റെയും അകന്പടിയോടെ ഗാര്‍ബേജ് ട്രക്കുമായി ചവറുകൂനകളിലേക്ക്  ഈഥന്‍ വണ്ടിയോടിക്കുകയും ചവറുകോരുകയും ചെയ്തു. സാക്ഷികളായി നഗരവാസികളും. ഈഥന്റെ കുഞ്ഞ് മനസ്സ് നിറഞ്ഞു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? 


ഈഥന്റെ വാര്‍ത്ത വായിക്കുന്പോള്‍ ശ്രീരാഗിനേയും കൂട്ടുകാരേയും ഓര്‍മ വരുന്നു. ഏഴെട്ടു വര്‍ഷം മുന്പ് ശ്രീരാമേട്ടനാണ്‌ (വി.കെ.ശ്രീരാമന്‍) രെണുവിനോട് ഒരു ഫോട്ടോ എക്സിബിഷന്‍ ചെയ്യാന്‍ പറഞ്ഞത്. ചെറുവത്താനിയിലെ എല്ലാ കുട്ടികളെയും അവരുടെ വീടുകളിലും സ്കൂളിലും കളിസ്ഥലങ്ങളിലും പോയി കണ്ട് ഫോട്ടോയെടുത്ത് ശിശുദിനത്തിന്‌ വടുതല സ്കൂളില്‍ പ്രദര്‍ശിപ്പിക്കണം. ഷിജിയും ഞാനും രെണുവിനെ സഹായിക്കാന്‍ കൂടി. വലുതാവുന്പോള്‍ ആരാവാനാണ്‌ ആഗ്രഹമെന്ന് എല്ലാവരോടും ഫോട്ടോയെടുക്കുന്പോള്‍ രെണു ചോദിക്കുന്നുണ്ടായിരുന്നു. ചിരികളായിരുന്നു ഉത്തരങ്ങളിലധികവും. ശ്രീരാഗിനെ പോലെ തന്റെ ഭാവിയെ കുറിച്ച് തീരുമാനമുള്ളവരില്‍ നിന്നാണ്‌ ഭാരവാഹനങ്ങള്‍  ഓടിക്കുന്ന ഡ്രൈവര്‍മാരായിരിക്കും ലോകത്തെന്പാടുമുള്ള ആണ്‍കുട്ടികള്‍ പരിചയപ്പെടുന്ന ആദ്യത്തെ സൂപ്പര്‍ ഹീറോകള്‍ എന്ന് മനസ്സിലായത്. പെണ്‍കുട്ടികളുടെ ആരാധനാപാത്രങ്ങളാവാന്‍ സാധ്യതയേറെയും ടീച്ചര്‍മാര്‍ക്കാണ്‌. വലുതാവുന്പോള്‍ ആനക്കാരനാവണമെന്ന് പറഞ്ഞവരും കൂട്ടത്തിലുണ്ടായിരുന്നു. വടിയും കോലും പിച്ചാത്തിയും കൊണ്ട് ആന എന്ന വലിയ യന്ത്രത്തെ അനായാസമായി നിയന്ത്രിച്ച് നടത്തുന്ന ആനക്കാരന്‍ ആണ്‍കുട്ടികളെ  സ്വാധീനിക്കുന്നതില്‍ അതിശയമില്ല. ആനക്കാരായില്ലെങ്കിലും അവരില്‍ ചിലരൊക്കെ വലിയ ആനകന്പക്കാരാവാന്‍ സാധ്യത കൂടുതലാണ്‌. കലക്‌ടറാവണമെന്ന് പറഞ്ഞ് മറ്റ് കുട്ടികളില്‍ നിന്ന് വ്യത്യസ്ഥയായ മേഘ ഇത്തവണത്തെ പ്ലസ്‌ടു പരീക്ഷക്ക് മുഴുവന്‍ എ പ്ലസ്സും നേടാന്‍ പറ്റാത്തതില്‍ സങ്കടത്തിലാണെന്ന് രെണു പറയുന്നുണ്ടായിരുന്നു.
    
ചെറുവത്താനിയിലെ ഇരുനൂറോളം കുട്ടികളുടെ പോര്‍ട്രയറ്റുകളുണ്ടായിരുന്നു ആ പ്രദര്‍ശനത്തില്‍.  ആമയെ തപ്പി പൊന്തക്കാടുകള്‍ തിരയുന്നതിനിടെ എങ്ങനെയോ കേട്ടറിഞ്ഞ് വന്ന നായാടിത്തറയിലെ വിഷ്ണുമായയുടെ അച്ഛനടക്കം ഗ്രാമം മുഴുവന്‍ കുട്ടികളുടെ പടങ്ങള്‍ കാണാനെത്തി. ഇരുപത്തഞ്ച് വര്‍ഷം കഴിഞ്ഞ് അതേ എക്സിബിഷന്‍ ഒന്ന് കൂടി ആവര്‍ത്തിക്കണമെന്നുണ്ട്. അതേ കുട്ടികളെ തേടിപ്പിടിച്ച്, അപ്പോഴേക്കും ആ കുട്ടികള്‍ മുതിര്‍ന്നവരാവും. ഞങ്ങള്‍ വയസന്മാരും !

                                       

 ഈഥനിലേക്ക് തന്നെ തിരിച്ച് വരാം. തന്റെ കൂട്ടുകാര്‍ക്കും അനിയത്തിക്കുമൊന്നും തന്റെ പോലെ ചികിത്സയുടെ ആവശ്യമില്ലെന്ന് ഇതിനകം ഈഥന്‌ മനസ്സിലായിട്ടുണ്ട്. മാതാപിതാക്കള്‍ ഈഥനെ ഒരു രോഗിയായ കുട്ടിയായി കണക്കാക്കുന്നുമില്ല. അവന്റെ എല്ലാ ഇഷ്ടങ്ങള്‍ക്കും അവര്‍ കൂടെയുണ്ട്. ഈഥനെ കുറിച്ചുള്ള വാര്‍ത്ത അവസാനിക്കുന്നത് അച്ഛന്‍ ഇങ്ങനെ പറയുന്നിടത്താണ്‌. 

“ I want him to have fun and not have to worry about the day-to- day,” …… “ Its all about him.! " 


              


വാല്‍കഷ്ണം: രണ്ട് വയസ്സായിട്ടുണ്ട് അല്ലു എന്ന് ഞങ്ങള്‍ വിളിക്കുന്ന എന്റെ മകന്‍ അലന്‌. അധികസമയവും തനിയെ കളിക്കേണ്ടി വരുന്നത് കൊണ്ട് വീട്ടില്‍ ഞാനുള്ളപ്പോള്‍ അവന്‍ എന്നെയും കളിക്കാന്‍ വിളിക്കാറുണ്ട്. വണ്ടികളെ കുറിച്ചുള്ള ചിന്തകളാണ്‌ അവന്റെ കുഞ്ഞുമനസ്സില്‍ നിറയെ. രണ്ട് മുറികളിലും ഒരു ഹാളിലുമായി പരന്ന് കിടക്കുന്ന അവന്റെ കളിക്കളത്തിന്റെ മുക്കുമൂലകളിലേക്ക് സഞ്ചരിക്കാന്‍ രണ്ട് മുച്ചക്രസൈക്കിളുകളും ഒരു കുഞ്ഞുകാറുമുണ്ട്. ഇഷ്ടവാഹനങ്ങളായ ഓട്ടോറിക്ഷ, ജെ.സി.ബി, ബുള്ളറ്റ് എന്നിവ ഓടിക്കുന്ന മാമന്‍മാരും ചേട്ടന്മാരുമാണ്‌  അവന്റെ ഇതു വരെയുള്ള ജീവിതത്തിലെ സൂപ്പര്‍ഹീറോകള്‍. മുതിര്‍ന്നവരുടെ ലോകത്തെ എത്ര ശ്രദ്ധാപൂര്‍വമാണ്‌ കുഞ്ഞുങ്ങള്‍ നിരീക്ഷിക്കുന്നത് എന്ന് അവന്‍ ഏതോ ഓട്ടോക്കാരനെ അനുകരിക്കുന്നത് കാണുന്പോള്‍ മനസ്സിലാവുന്നുണ്ട്. ബൈക്കിന്റെ മുന്നിലിരുന്ന് യാത്ര ചെയ്യുന്നതാണ്‌ അവന്റെ  സന്തോഷങ്ങളിലൊന്ന്. കുറച്ച് ദിവസം മുന്പ് ബൈക്കില്‍ പോകുന്നത് സ്വപ്നം കാണുന്നതിനിടെയാവണം അവന്‍ ഉറക്കമുണര്‍ന്നത്. അപ്പോള്‍ തന്നെ ബൈക്കില്‍ പോകണമെന്ന് വാശി!  കുറേ സമാധാനിപ്പിച്ചിട്ടും അടങ്ങാതെ വന്നപ്പോള്‍ അവസാനം ഞാനും ഭാര്യയും അവനെയും കൊണ്ട് വെളുപ്പിന്‌ മൂന്ന് മണിക്ക്  ബൈക്കില്‍ കറങ്ങാനിറങ്ങി. ഹൈവേയിലെ നാഷണല്‍ പെര്‍മിറ്റ് ലോറികളും ട്രാന്‍സ്പോര്‍ട്ട് ബസുകളും അല്ലുവിന്‌ കാണിച്ച് കൊടുത്ത് ബസ്‌സ്റ്റാന്റിലേക്ക് വരികയായിരുന്ന ഞങ്ങളുടെ അടുത്തേക്ക് ഒരു പോലീസ് ജീപ്പ് അരിക് ചേര്‍ത്ത് വന്നു. 
" എങ്ങോട്ടാണ്‌ കുട്ടിയേയും കൊണ്ട്,  ആശുപത്രിയിലേക്കാണോ ? “ 
"അല്ല സര്‍, മോന്‍ ബൈക്കില്‍ കറങ്ങണമെന്ന് വാശി പിടിച്ചു കരച്ചിലായിരുന്നു, അത് കൊണ്ട് ഇറങ്ങിയതാണ്‌  “ 
എന്നെ തറപ്പിച്ചൊന്ന് നോക്കിയ ശേഷം എസ്സൈ വണ്ടിയെടുക്കാന്‍ ആംഗ്യം കാട്ടി. ജീപ്പ് മുന്നോട്ടെടുക്കുന്നതിനിടെ അയാള്‍ ഡ്രൈവറോട് പറയുന്നത് ഞാന്‍ വ്യക്തമായി കേട്ടു.

 "എന്തോന്നടേ, ഇവനൊന്നും തലക്ക് സുഖമില്ലേ ?”


2 comments:

  1. കുട്ടികളുടെ മനസ്സറിഞ്ഞ് അവരുമായി ഇഴുകിച്ചേരൂ...അവർ കാട്ടിത്തരും അത്ഭുതങ്ങൾ.
    നല്ല നിരീക്ഷണം മുജീബ്. ബ്ലോഗിലേക്ക് കാലങ്ങൾക്ക് ശേഷം.

    ReplyDelete
  2. This comment has been removed by a blog administrator.

    ReplyDelete